ബിജാപൂര്‍: ഛത്തീസ്ഗഡില്‍ നടന്ന ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് ഭീകരനെ സുരക്ഷാ സേന വധിച്ചു. ബിജാപൂര്‍ ജില്ലയില്‍ ഉസൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ടെക്‌മെറ്റ്ല ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. കഴിഞ്ഞ ദിവസം കേന്ദ്ര റിസര്‍വ് പോലീസ് സേനയുടെ 229-ാമത്തെ ബറ്റാലിയനും ലോക്കല്‍ പോലീസും പെട്രോളിംഗ് നടത്തുന്നതിനിടെ ഒരു സംഘം മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തില്‍ പിടിച്ചു നില്‍ക്കാനാകാതെ ഭീകര സംഘം കൊടുംകാട്ടിലേക്ക് ഓടിരക്ഷപെടുകയായിരുന്നുവെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
വെടിവയ്‌പിന് ശേഷം സുരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് ഒരു മാവോയിസ്റ്റ് ഭീകരന്റെ മൃതദേഹവും അയുധങ്ങളും കണ്ടെത്തിയതെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംസ്ഥാന തലസ്ഥാനമായ റായ്‌പൂരില്‍ നിന്ന് 450 കിലോമീറ്റര്‍ അകലെയുള്ള ഉസൂരില്‍ കേന്ദ്ര സുരക്ഷാ സേനയുടെ സഹായത്തോടെ ലോക്കല്‍ പോലീസ് മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനം ആരംഭിച്ചതായും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇത്തരത്തിലുള്ള ഏറ്റുമുട്ടലുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രദേശത്തെ സുരക്ഷ ശക്തമാക്കാന്‍ കേന്ദ്ര സുരക്ഷാ സേന തീരുമാനിച്ചിരിക്കുകയാണ്.
















