വടക്കേ ഇന്ത്യയില്‍ ആളില്ലാ ലവല്‍ക്രോസില്‍ വണ്ടിയിടിച്ച് കാട്ടുപന്നി ചത്താലും വലിയവായില്‍ വര്‍ത്തമാനം പറയുന്നവരുണ്ട്. കേരളത്തിലെ ബുദ്ധിജീവികള്‍ അതിന് മുന്നിലുണ്ടാകും. ബുദ്ധിജീവികളില്‍ ഒട്ടും മോശമല്ലാത്ത വ്യക്തിയാണ് പ്രൊഫ. എം.എന്‍. കാരശേരി. വാക്കിലും പ്രവൃത്തിയിലും മാന്യന്.
നല്ലൊരു എഴുത്തുകാരനും ഭാഷാപണ്ഡിതനും സാമൂഹിക നിരീക്ഷകനുമാണ് എം.എന്‍. കാരശ്ശേരി. മുഴുവന്‍ പേര്: മുഹ്യുദ്ദീന്‍ നടുക്കണ്ടിയില്‍ എന്ന കാരശ്ശേരിക്കാരന്‍ ഏതെങ്കിലുമൊരു കക്ഷിയുടെ വെറും വാലോ ചൂലോ ആയിട്ട് ഇപ്പോള്‍ നടക്കുന്നതായി തോന്നുന്നില്ല. കോഴിക്കോട് സര്‍വ്വകലാശാലയില്‍ മലയാളം അദ്ധ്യാപകനായിരുന്ന കാരശ്ശേരി അലീഗഡ് സര്‍വകലാശാലയിലെ പേര്‍ഷ്യന്‍ സ്റ്റഡീസ് വിഭാഗത്തില്‍ വിസിറ്റിങ് പ്രഫസറാണ്.
ചേന്ദമംഗലൂര്‍ ഹൈസ്കൂള്‍, സാമൂതിരി ഗുരുവായൂരപ്പന് കോളേജ്, കാലിക്കറ്റ് സര്‍വ്വകലാശാല മലയാള വിഭാഗം എന്നിവിടങ്ങളില്‍ പഠനം. മലയാളഭാഷാ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും എം.ഫിലും പാസ്സായി. കോഴിക്കോട് മാതൃഭൂമിയില്‍ സഹപത്രാധിപരായി ജോലി ചെയ്തിട്ടുണ്ട്. 1978ല്‍ ഗവണ്മെന്റ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, കോഴിക്കോട് മലയാള വിഭാഗത്തില്‍ അധ്യാപകനായി. തുടര്‍ന്ന് കോടഞ്ചേരി ഗവണ്മെന്റ് കോളേജ്, കോഴിക്കോട് ഗവണ്മെന്റ് ഈവനിങ് കോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപകവൃത്തി നോക്കി. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍നിന്ന് ഡോക്റ്ററേറ്റ് ലഭിച്ചു.
മാപ്പിള സാഹിത്യം, മാപ്പിള ഫലിതം, മതം, വര്‍ഗീയത, മതേതരത്വം, സാഹിത്യം തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് ആനുകാലികങ്ങളിലും പത്രങ്ങളിലും ലേഖനങ്ങള്‍ എഴുതാറുണ്ട്. ഇസ്ലാമിലെ രാഷ്ട്രീയം, ശരീഅത്ത് തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം സ്വീകരിക്കുന്ന നിലപാടുകള്‍ മുസ്ലിം സംഘടനകളുടെ എതിര്‍പ്പിനു കാരണമായിട്ടുണ്ട്. മുസ്ലിമായി വളര്‍ന്നെങ്കിലും മതത്തിലോ അതിന്റെ അനുഷ്ഠാനങ്ങളിലോ യാതൊരു താത്പര്യവുമില്ല എന്ന് കാരശ്ശേരി വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിംഗളുടെ മതനിയമസംഹിതയായ ശരീഅത്തിലെ സ്ത്രീവിരുദ്ധമാനങ്ങളെയും ജനാധിപത്യവിരുദ്ധതയെയും ജീര്‍ണതകളെയും തുറന്നെതിര്‍ക്കുന്ന എം.എന്‍. കാരശ്ശേരി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്നതില്‍ പിശുക്കൊന്നും കാട്ടാറില്ല. എന്നാലും നരേന്ദ്രമോദിയുടെ പാര്‍ട്ടിക്കാരാരും അദ്ദേഹത്തെ വാക്കുകൊണ്ടുപോലും വേദനിപ്പിച്ചിട്ടില്ല. പക്ഷേ, പലപ്പോഴും എഴുത്തുകൊണ്ടും വാക്കുകൊണ്ടും സിപിഎമ്മുകാര്‍ക്ക് സന്തോഷം പകരുന്ന കാരശ്ശേരിയെ വേദനിപ്പിച്ചത് സിപിഎമ്മുകാര്‍ തന്നെയാണ്. കാരശ്ശേരി മാത്രമല്ല, അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകരും അവഹേളിക്കപ്പെട്ടു.
പി.വി. അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ പേരിലുള്ള കക്കാടംപൊയിലിലെ അനധികൃത തടയണ സന്ദര്‍ശിക്കാനെത്തിയ എം.എന്‍. കാരശ്ശേരിക്കും ഒപ്പമുണ്ടായിരുന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും നേരെയാണ് അക്രമം. സി.ആര്. നീലകണ്ഠന്, ഡോ. ആസാദ്, കെ. അജിത, പ്രൊഫ. കുസുമം ജോസഫ്, ടി.വി. രാജന് എന്നിവരടക്കമുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ പി.വി. അന്‍വറിന്റെ കൂലിക്കാരാണെന്ന് എം.എന്‍. കാരശ്ശേരി ആരോപിക്കുകയും ചെയ്തു.
ആക്രമണത്തില്‍ പ്രതിഷേധിച്ച് സാംസ്കാരിക പ്രവര്‍ത്തകര്‍ കോഴിക്കോട് പ്രകടനം നടത്തി. ആള്‍ക്കൂട്ടം ആക്രമിക്കുകയും കുസുമം ജോസഫിനെ അസഭ്യം പറയുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തു. തങ്ങള്‍ സമരത്തിന് പോയതല്ല, തടയണ സംബന്ധിച്ച നിജസ്ഥിതി അന്വേഷിക്കുന്നതിന് പോയതാണെന്നും അദ്ദേഹം പറഞ്ഞു. പി.വി. അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള തടയണയും ക്വാറിയുമടക്കമുള്ള അനധികൃത നിര്‍മ്മാണങ്ങളെക്കുറിച്ച് നേരിട്ട് മനസിലാക്കാനാണ് കാരശ്ശേരിയും മറ്റും പോയത്.
എം.എന്‍. കാരശ്ശേരി ഉള്‍പ്പെടെയുള്ള സാംസ്കാരിക പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് സിപിഎമ്മില്‍ കൂട്ടരാജി എന്ന വാര്‍ത്ത, പ്രതിക്കൂട്ടില്‍ ആരെന്ന് വ്യക്തമാക്കുന്നു. വെണ്ടേക്കുംപൊയിലില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ 50 പേര് രാജിവച്ച് സിപിഐയില്‍ ചേര്‍ന്നു എന്നതാണ് വാര്‍ത്ത. ഡിവൈഎഫ്ഐ വെണ്ടേക്കുംപൊയില്‍ യൂണിറ്റ് സെക്രട്ടറി കെ.സി. അനീഷ് അടക്കമുള്ളവരാണ് പാര്‍ട്ടി വിട്ടത്.
മേഖലയിലെ സിപിഎം നേതാക്കള്‍ പി.വി. അന്‍വര്‍ എംഎല്‍എയുടെ ക്വട്ടേഷന്‍ സംഘമായി പ്രവര്‍ത്തിക്കുകയാണെന്ന് പാര്‍ട്ടി വിട്ട പ്രവര്‍ത്തകര്‍ ആരോപിച്ചു. മേഖലയിലെ ആദിവാസികളുടെ ശുദ്ധജലലഭ്യത ഇല്ലാതാക്കിയാണ് ചീങ്കണ്ണിപ്പാലിയില്‍ തടയണ നിര്‍മിച്ചത്. വാട്ടര്‍ തീം പാര്‍ക്ക്, റിസോര്‍ട്ടുകള്‍, പന്നി ഫാം, കുടിവെള്ള ഫാക്ടറി തുടങ്ങിയ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് പാര്‍ട്ടിക്ക് പലതവണ പരാതി നല്‍കിയിട്ടും ഇടപെട്ടില്ല.
പ്രദേശത്തെ അനധികൃത നിര്‍മാണങ്ങള്‍ നേരില്‍ കാണാന്‍ സാംസ്കാരിക പ്രവര്‍ത്തകരെ ഇനിയും ഇവിടേക്ക് ക്ഷണിക്കുമെന്നും അവര്‍ക്കു സംരക്ഷണമൊരുക്കുമെന്നും രാജിവച്ചവര്‍ വ്യക്തമാക്കിയിട്ടുണ്ട്. കാരശ്ശേരിയേയും മറ്റും ആക്രമിച്ചതിനെതിരെ ആരും ആര്‍ക്കും കത്തയയ്ക്കുകയോ അമര്‍ഷം പ്രകടിപ്പിക്കുകയോ ചെയ്തതായി കണ്ടില്ല. ബുദ്ധിജീവികളുടെ നാവുതന്നെ ഇറങ്ങിപ്പോയോ എന്നതാണ് ചോദിക്കാന്‍ തോന്നുന്നത്.
കേരളത്തിലെ അറിയപ്പെടുന്ന എത്രയോ സാഹിത്യകാരന്മാര് സിപിഎമ്മുകാരാല്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. എം.വി. ദേവന്, ഉമേശ്ബാബു, നടന് ശ്രീനിവാസന് എന്നിവരെയെല്ലാം വേട്ടയാടിയിട്ടുണ്ട്. നിരവധി ആള്‍ക്കൂട്ടക്കൊലയും സിപിഎമ്മുകാര്‍ നടത്തിയിട്ടുണ്ട്. ആള്‍ക്കൂട്ട കൊലയുടെ പേരില്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതിന് കേസെടുക്കുന്നതിലേക്ക് എത്തിയതില്‍ ബിജെപിക്കോ കേന്ദ്ര സര്‍ക്കാരിനോ പങ്കൊന്നുമില്ലെങ്കിലും പ്രധാനമന്ത്രിക്കെതിരെ പിന്നെയും ആരോപണം ഉന്നയിക്കുന്നവരുണ്ട്. ഏതായാലും ആ കേസില്‍ രാജ്യദ്രോഹവകുപ്പില്ലെന്നാണ് ഒടുവില്‍ അറിയുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്റെ വീട്ടിലെത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച കോടിയേരി ബാലകൃഷ്ണന്, ആക്രമിക്കപ്പെട്ട സാഹിത്യകാരന്മാരെ ആശ്വസിപ്പിക്കാനൊന്നും മുതിര്‍ന്നതായി കണ്ടില്ല. അക്രമികള്‍ സ്വന്തം പാര്‍ട്ടിക്കാരാകുമ്പോള്‍ എങ്ങനെ പ്രതികരിക്കും! സാഹിത്യകാരന്മാരെങ്ങനെ മുഷ്ടിചുരുട്ടും. കണ്ടാല്‍ പഠിക്കാത്തവര്‍ കൊണ്ടാല്‍ പഠിക്കും എന്നുകേട്ടിട്ടുണ്ട്. കണ്ടാലും കൊണ്ടാലും പഠിക്കാത്ത കേരളത്തിലെ സഖാക്കള്‍ ബംഗാളിന്റെയും ത്രിപുരയുടെയും പാതയിലേക്കാകും യാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: