ന്യൂദല്‍ഹി : കോണ്‍ഗ്രസിന് പാര്‍ട്ടിക്കുള്ളില്‍ ആത്മപരിശോധന ആവശ്യമാണെന്ന് ജ്യോതിരാദിത്യ സിന്ധ്യ. പാര്‍ട്ടിക്ക് നേതാവിന്റെ അഭാവം ഉണ്ടെന്ന സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രസ്താവനയോട് പ്രതികരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പിലെ പരാജയങ്ങള്‍ അടിയന്തിരമായി വിലയിരുത്തി നടപടി സ്വീകരിക്കേണ്ടതാണ്.
അതേസമയം മറ്റുള്ളവരുടെ പ്രസ്താവനയില്‍ പ്രതികരിക്കാന്‍ ഇല്ലെന്നും കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആത്മപരിശോധന അത്യാവശ്യമാണെന്ന പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായും സിന്ധ്യ വെളിപ്പെടുത്തി. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായ സിന്ധ്യ മധ്യപ്രദേശ് കോണ്‍ഗ്രസ്സിന്റെ അധ്യക്ഷ പദവിക്കായി ചരടുവലികള്‍ നടത്തിവരികയാണ്.
ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കമല്‍നാഥുമായുള്ള പടലപ്പിണക്കങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു. അതിനിടെ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നരേന്ദ്രമോദി സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ചുകൊണ്ടുള്ള സിന്ധ്യയുടെ പ്രസ്താവന കോണ്‍ഗ്രസ് നേതൃത്വത്തിനിടയില്‍ തന്നെ എതിര്‍പ്പുളവാക്കിയിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 542 സീറ്റുകളില്‍ 52 എണ്ണത്തില്‍ വിജയിക്കാനേ കോണ്‍ഗ്രസിനു കഴിഞ്ഞിരുന്നുള്ളു. ഇതിനെ തുടര്‍ന്ന് അധ്യക്ഷസ്ഥാനത്തു നിന്നുള്ള രാഹുലിന്റെ ഇറങ്ങിപ്പോക്ക് പാര്‍ട്ടിയെ ശൂന്യതയിലേക്ക് തള്ളിവിട്ടെന്നാണ് ഖുര്‍ഷിദ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. ഭാവി തന്നെ അനിശ്ചിതത്വത്തിലായ അവസ്ഥയിലാണ് കോണ്‍ഗ്രസ്.
ഹരിയാനയിലും മഹാരാഷ്‌ട്രയിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയിക്കാനുള്ള സാധ്യതയില്ലെന്നാണ് സല്‍മാന്‍ ഖുര്‍ഷിദിന്റെ വിലയിരുത്തല്‍. ഭാവി സുസ്ഥിരമാക്കാന്‍ പാര്‍ട്ടി പൊരുതിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















