മലയാളിയുടെ മനസ്സില്‍ നൃത്തത്തിന്റെ മാസ്മരികത വിടര്‍ത്തിയ നര്‍ത്തകി ലേഖാ തങ്കച്ചിക്ക് കേരള നടനത്തില്‍ അഞ്ചു പതിറ്റാണ്ടിന്റെ നിറവ്. തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളേജ് നൃത്തവിഭാഗം മേധാവിയായി 2008-ല്‍ വിരമിച്ച ലേഖാ തങ്കച്ചിയുടെ ജീവിതം നൃത്തത്തിനായി സമര്‍പ്പിച്ചിരിക്കുന്നു.
കഥകളിയുടെ ആത്മാവിനെ നെഞ്ചേറ്റിയ ശാസ്ത്രീയവും സര്‍ഗ്ഗാത്മകവുമായ ഒരു കലാരൂപമാണ് കേരള നടനം. കഥകളിയിലെ ആഹാര്യാഭിനയത്തെ മാറ്റിനിര്‍ത്തി ആംഗിക വാചിക സാത്വികാഭിനയ രീതി സ്വീകരിച്ച്, ചുവടുകള്‍, കലാശങ്ങള്‍, ഭാവപ്രകടനങ്ങള്‍ എന്നിവയെ ലഘൂകരിച്ച് പ്രേക്ഷക ഹൃദയങ്ങളില്‍ വളരെ പെട്ടെന്ന് കടന്നുചെല്ലാനാവുംവിധം ഡോ. ഗുരുഗോപിനാഥ് രൂപപ്പെടുത്തിയ നൃത്തശൈലിയാണ് കേരള നടനം.
കേരള നടനത്തിന് ഇന്നു കാണുന്ന മനോഹരമായ വേഷം ആവിഷ്ക്കരിക്കുന്നതിന് ഗുരുഗോപിനാഥ് ട്രസ്റ്റുമായി സഹകരിച്ച് വിജയത്തിലെത്തിച്ചതാണ് ലേഖാ തങ്കച്ചിയുടെ നേട്ടം. 1998 മുതല്‍ കേരള നടനം യുവജനോത്സവ വേദിയില്‍ മത്സരയിനമായി കൊണ്ടുവരാന്‍ ലേഖാ തങ്കച്ചിയുടെ പരിശ്രമങ്ങള്‍ക്ക് കഴിഞ്ഞു. കേരള നടനത്തിന്റെ ശരിയായ പ്രചാരണത്തിനായി ജില്ലകളില്‍ 18 ശില്‍പ്പശാലകള്‍ നടത്തി.
കേരളത്തിനകത്തും പുറത്തുമായി 1500 വേദികളില്‍ നൃത്തപരിപാടിയുടെ സോദാഹരണ പ്രഭാഷണവും നടത്തി. 40 നൃത്തനാടകങ്ങള്‍ക്ക് നൃത്തസംവിധാനമൊരുക്കി. കേരളത്തിലെ മൂന്ന് സംഗീതകോളേജുകളിലും നൃത്തത്തെ ബിരുദ ബിരുദാനന്തര കോഴ്സ് ആക്കുന്നതിനാവശ്യമായ സിലബസ് തയ്യാറാക്കി അനുമതി നേടുന്നതിലും, കേരള യൂണിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്യുന്നതിലും ലേഖാ തങ്കച്ചിയുടെ തീവ്രമായ ശ്രമം വിജയം കണ്ടെത്തി.
2003-ലെ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ മൂവ്മെന്റ് ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ നാട്യജ്യോതി അവാര്‍ഡ് ലേഖാ തങ്കച്ചിക്കായിരുന്നു. 2008-ല്‍ കേരള സംഗീത നാടക അക്കാദമി ലേഖാതങ്കച്ചിയെ കേരള നടനം അവാര്‍ഡ് നല്കി ആദരിച്ചു. 2009-ല്‍ ഗുരുഗോപിനാഥ് ട്രസ്റ്റ് ഏര്‍പ്പെടുത്തിയ കേരള നടനം അവാര്‍ഡും 2017-ലെ കേരള നടന പ്രതിഭാ പുരസ്ക്കാരവും നേടി.
കേരള നടനത്തിന് പാടുമ്പോള്‍ മദ്ദളം ആവശ്യമില്ലെന്നാണ് ലേഖാ തങ്കച്ചിയുടെ പക്ഷം. പാട്ടിന് മൃദംഗം അല്ലെങ്കില്‍ ഇടയ്ക്ക മാത്രം മതി. വിന്യാസം അഭിനയിക്കുമ്പോള്‍ മദ്ദളം ആവാം. കഥകളി പദങ്ങള്‍ക്കോ അതുപോലെയുള്ള സന്ദര്‍ഭത്തിലോ മാത്രം കലാശം ഉള്‍പ്പെടുത്തുന്നതാണ് നല്ലത്. സ്വാതിതിരുനാള്‍ പദങ്ങള്‍ അല്ലെങ്കില്‍ കീര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് കലാശം വേണമെന്നില്ല. പല്ലവി ആവര്‍ത്തിച്ചു വരുന്ന സന്ദര്‍ഭത്തില്‍ അറുതിക്ക് അതതു താളത്തിലുള്ള തീരുമാനങ്ങളാണ് ഭംഗി. കീര്‍ത്തനമാണെങ്കില്‍ മേളക്കൊഴുപ്പിനായി ചിട്ടസ്വരം ഉള്‍പ്പെടുത്താം.
ചേര്‍ത്തല കരുവ കോരിയംപള്ളില്‍ വീട്ടില്‍ വി.കെ. പുരുഷോത്തമന്റെയും ശാരദയുടെയും മൂന്നാമത്തെ മകളായി പിറന്ന ലേഖാ തങ്കച്ചി ഏഴാം വയസ്സില്‍ നൃത്തം അഭ്യസിക്കാന്‍ തുടങ്ങി. അമ്പലപ്പുഴ കൃഷ്ണന്‍കുട്ടി ആശാനായിരുന്നു ആദ്യ ഗുരു. എട്ടാം ക്ലാസ് പാസായശേഷം 1966ല്‍ സ്വാതി തിരുനാള്‍ സംഗീതകോളേജില്‍ നടനഭൂഷണം ഡിപ്ലോമ കോഴ്സിനു ചേര്‍ന്നു. തുടര്‍ന്ന് എസ്എസ്എല്‍സിയും കേരള യൂണിവേഴ്സിറ്റിയില്‍ നിന്ന് ബാച്ചിലര്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സും പാസ്സായി.
1968-ല്‍ തൃപ്പൂണിത്തുറ വിജയഭാനു സംവിധാനം ചെയ്ത ഉഷാനിരുദ്ധന്‍ നൃത്തനാടകത്തില്‍ ഉഷയുടെ വേഷം ചെയ്തത് ലേഖാ തങ്കച്ചിയുടെ നൃത്തപരിപാടിയുടെ വഴിത്തിരിവായി. സംഗീത കോളേജ് ദിനാഘോഷത്തില്‍ ലേഖാ തങ്കച്ചിയുടെ നൃത്തം കയ്യടി നേടി. ഉദ്ഘാടനത്തിനെത്തിയ വയലാര്‍ രാമവര്‍മ്മ ലേഖാതങ്കച്ചിയുടെ നൃത്താഭിനയത്തെക്കുറിച്ച് നാലുവരി കവിതയും ചൊല്ലി.
1970-ല്‍ സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ നടനഭൂഷണം കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കി ഒന്നാം റാങ്ക് കരസ്ഥമാക്കി. 1971ല്‍ കേരളത്തിലെ ആദ്യത്തെ ബാലെ ട്രൂപ്പായ ഹരിപ്പാട് സുദര്‍ശന നൃത്തകലാനിലയത്തില്‍ പ്രധാന നര്‍ത്തകിയായെത്തിയ ലേഖാ തങ്കച്ചിയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു സുബ്രഹ്മണ്യ നര്‍ത്തകിയായി വേഷമിട്ട് കലാസ്വാദകരുടെ മനസ്സില്‍ ഇടംനേടിയത്.
ഏഴ് വര്‍ഷത്തോളം ബാലെ ട്രൂപ്പില്‍ നിറഞ്ഞാടി. ട്രൂപ്പിന്റെ സ്ഥാപകനായ കുമാരപുരം എരിയ്ക്കാവ് സ്വദേശി ജി.പി. പണിക്കര്‍ എന്നറിയപ്പെടുന്ന പ്രബുദ്ധപ്പണിക്കരുടെ നൃത്തനാടകങ്ങള്‍ക്ക് മലയാളിയുടെ മനസ്സില്‍ ഇടം നേടിക്കൊടുത്തത് ലേഖ തങ്കച്ചിയുടെ നൃത്തത്തിന്റെയും നൃത്തസംവിധാനത്തിന്റെയും മികവായിരുന്നു. ഉത്സവകാലങ്ങളില്‍ മാസത്തില്‍ 30 ദിവസവും ചിലങ്കയണിഞ്ഞ് വേദിയിലെത്തിയ കാലഘട്ടവും ആസ്വാദകരുടെ മനസ്സിലുണ്ട്.
1978-ല്‍ സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ നൃത്തഅദ്ധ്യാപികയായി നിയമനം നേടിയതോടെയാണ് ബാലെ ട്രൂപ്പില്‍ നിന്ന് മാറിനില്‍ക്കേണ്ടിവന്നത്. 1998ല്‍ കോളേജില്‍ നൃത്തവിഭാഗത്തിന്റെ മേധാവിയായി. 2008-ല്‍ വിരമിച്ചു. ഇപ്പോള്‍ നങ്ങ്യാര്‍കുളങ്ങരയിലെ വീട്ടില്‍ കുട്ടികളെ നൃത്തം പഠിപ്പിച്ച് നടനത്തിന്റെ ഉന്നതങ്ങളിലെത്തിക്കാനുള്ള അശ്രാന്തശ്രമത്തിലാണ് ലേഖാ തങ്കച്ചി. വിദേശ വ്യവസായിയായ രാജ്മോഹനനാണ് ഭര്‍ത്താവ്. മകന് സജീര്‍ മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: