നാട്ടറിവുകളും നാടോടി വിജ്ഞാനവുമെല്ലാം ദേശചരിത്രത്തിന്റെ അതിരുകള്‍ക്കുള്ളില്‍ ആത്മാവിനെ കുടിയിരുത്തി. സമൃദ്ധമായ നാട്ടറിവ് വിജ്ഞാനമാണ് തൃശ്ശൂരിനുള്ളത്. ഇവിടുത്തെ കൃഷിരീതികളും അവയുമായി ബന്ധപ്പെട്ട നിരവധി തൊഴിലിടങ്ങളും കുല രീതികളുമൊക്കെയായി അതങ്ങനെ വിതാനിച്ചു കിടക്കുന്നു.
കുന്ന് പൊലിക, പുഴ പൊലിക
കുളം പൊലിക, കന്ന് പൊലിക
മണ്ണ് പൊലിക, നാട് പൊലിക
എന്നിങ്ങനെ വാമൊഴി പൊലിപ്പാട്ടുകള്‍ കുന്നിനേയും കന്നിനേയും മണ്ണിനേയും പുഴയേയും കുളത്തേയും ദേശത്തേയും വിശുദ്ധമായി കണ്ടു. അവയെല്ലാം ആരാധനയുടെ അടയാളങ്ങളും വിശ്വാസവുമായി. അതില്‍ നിന്നും ഉയിര്‍ക്കൊണ്ട പുരാവൃത്തങ്ങള്‍ തലമുറകള്‍ കൈമാറി.
മഴ ആയിരുന്നു എല്ലാം. മാനത്തുനിന്ന് പൊട്ടിപ്പുറപ്പെട്ട് മണ്ണിലെത്തി, മണ്ണിനെ ഉര്‍വ്വരമാക്കിയ മഴ! പഴയ ദ്രാവിഡ മണ്ണിലേക്ക് മഴവന്നതിനെപ്പറ്റി ഒരു വാമൊഴിക്കഥയുണ്ട്.
മഴയില്ലാതെ വലഞ്ഞ ചേര-ചോള -പാണ്ഡ്യ രാജാക്കന്മാര് വരുണനെ തപസ്സു ചെയ്ത് വരം വാങ്ങി. വരുണന് മൂവര്‍ക്കും നാലു മാസം വീതം മഴ നല്കി. പക്ഷേ ആ സന്തോഷം അധികം നീണ്ടില്ല. ചോളനും പാണ്ഡ്യനും മഴ പലപ്പോഴും അധികമായി മാറി. ചേരനാകട്ടെ തികയാതെയും വന്നു.
അവര്‍ വീണ്ടും വരുണനെ തപസ്സു ചെയ്തു വരം വാങ്ങി. ചോള പാണ്ഡ്യന്മാര് രണ്ടു മാസം വീതം മഴ ചേരന് നല്കി പ്രശ്നം പരിഹരിച്ചു. അതോടെ ചേരന് എട്ടു മാസത്തെ മഴ ലഭിച്ചു. ഇടവം, മിഥുനം, കര്‍ക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു വരെ നീണ്ടുനിന്ന കേരളത്തിന്റെ മഴക്കാലം….
കേരളമങ്ങനെ മഴ കൊണ്ട് നിറഞ്ഞു. വാര്‍ന്നു വീണ മഴയെ അക്കാലം അളന്നത് പറക്കണക്കില്‍ ആയിരുന്നു. അറുപത് യോജന നീളവും നൂറ് യോജന വീതിയുമുള്ള ഒരു സങ്കല്പ്പ പറയിലെ പെയ്ത്തായിരുന്നു മഴയളവ്.
അങ്ങനെ നിറഞ്ഞൊഴുകിയ മഴയെ വരള്‍ച്ചയുടെ നാളുകളിലേക്ക് ശേഖരിക്കുന്നതിന് ‘മണ്ണൊരുക്കിവെയ്ക്കാന്’ ഗ്രാമങ്ങള്‍ ജാഗ്രത കാണിച്ചു.
അങ്ങനെയൊരു ജാഗ്രതയുടെ മറ്റൊരു പേരാണ് തൃശ്ശൂര്‍ ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയിലെ ശ്രീരാമന് ചിറ. കൃഷി, ആചാരം, വിശ്വാസം, ഐതിഹ്യം, നാട്ടുചരിത്രം, കുലം അങ്ങിനെ വിവിധങ്ങളായ നാട്ടുരീതികളെ ഒരുമിച്ചൊരുക്കുന്ന ഒരിടമാണ് ഈ ചിറ.
രാമായണവും രാവണനിഗ്രഹവുമെല്ലാം ഇതിന്റെ പുരാവൃത്തങ്ങളാണ്. ശ്രീരാമന് ലങ്കയിലേക്ക് കടക്കുന്നതിനായി തീര്‍ത്ത സേതുവാണ് ഈ ചിറയുടെ സങ്കല്പ്പ സൂചകം. ഒരുപക്ഷേ, സേതുബന്ധനം എന്ന ഐതിഹ്യഭാഗത്തെ അടിസ്ഥാനമാക്കി ആചരിക്കുന്ന ഒരേയൊരാഘോഷം കൂടിയാണ് ഈ ചിറകെട്ടല്‍.
രാമായണവുമായുള്ള ബന്ധം തന്നെയാണ് ഈ ചിറയ്ക്ക് ശ്രീരാമന് ചിറ എന്ന പേരിന് കാരണമായി കാരണവക്കൂട്ടം കരുതുന്നത്. ഈ ചിറയ്ക്ക് അനുബന്ധമായി കിടക്കുന്ന കണ്ണന്‍ചിറ, പെരിങ്ങോട്ടുകര പാടം എന്നിവ ഉള്‍പ്പെട്ട മൂന്ന് തൊള്ളായിരം പറ പാടശേഖരത്തിന്റെ ജലസംഭരണിയായിരുന്നു ശ്രീരാമന് ചിറ.
തുലാമഴ ശേഖരിച്ച് വരും മാസങ്ങളില്‍ മണ്ണിനെ കരുതലോടെ നനയിച്ച ചിറ, വേനല്‍ക്കാല വിളവിറക്കുന്നതിനും സഹായകമായിരുന്നു. പഴമയുടെ മൂല്യവത്തായ ‘റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിംഗ്’! സമീപ ജലസ്രോതസ്സുകളില്‍ നിന്നുള്ള ഓരുവെള്ള ഭീഷണിയെ ചിറയിലെ വെള്ളം തടഞ്ഞിരുന്നു. ചിറകെട്ടി കൊളുത്തുന്ന ദീപം ഇടവപ്പാതി വരെ നിത്യവും തെളിഞ്ഞിരുന്ന ഒരു കാലം പഴയ ഓര്‍മ്മകളില്‍ തെളിയുന്നു. പിന്നീടിപ്പോള്‍ തൃപ്രയാര്‍ ക്ഷേത്രത്തിലെ പ്രധാന ദിവസങ്ങളിലും മലയാളമാസം ഒന്നാം തീയതിയും ഈ ദീപം തെളിയിക്കല്‍ ഒതുങ്ങി തുടരുന്നു.
ശ്രീരാമന് ചിറയിലെ ചിറകെട്ട് ചിറകെട്ടോണം എന്നാണ് അറിയപ്പെട്ടത്. തൃപ്രയാര്‍ തേവരുടെ ഓണം എന്നും അറിയപ്പെടുന്നു. തൃപ്രയാര്‍ ക്ഷേത്രവുമായി ചിറകെട്ടോണം വലിയ ബന്ധം പുലര്‍ത്തുന്നു. ചിങ്ങത്തിലെ തിരുവോണം കഴിഞ്ഞ് കന്നിയിലെ തിരുവോണമാണ് ഇവിടെ ചിറകെട്ടുവാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. അന്നേ ദിവസം രാവിലെ തൃപ്രയാര്‍ ക്ഷേത്രത്തില്‍ നട തുറക്കുന്നതോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമാകും.
ചിറയോരത്ത് തൃക്കാക്കരയപ്പനെ ദേശക്കാര്‍ അണിയിച്ചുവെയ്ക്കുന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാകുന്നത്. മേളവാദ്യത്തോടെ നടക്കുന്ന ഈ ചടങ്ങ് ഒരു വിളംബരം കൂടിയാണ്. മേളധ്വനി കേട്ടാല്‍ സമീപ വീടുകളിലും തൃക്കാക്കരയപ്പനെ അണിയിച്ചു സ്ഥാപിക്കുന്നു. വൈകുന്നേരംവരെ മേളം തുടരും. രാത്രി വൈകിയാണ് ചിറകെട്ട് ആരംഭിക്കുന്നത്. തൃപ്രയാര്‍ ക്ഷേത്രത്തിലെ ദീപാരാധനയും അത്താഴപ്പൂജയും നേരത്തെ നടത്തി ദേവസ്വം കാര്യക്കാര്‍ ഇവിടെയെത്തി അനുമതി നല്കുന്നു.
ആറാട്ടുപുഴ ദേവസംഗമത്തിനും പിന്നെ ശ്രീരാമന് ചിറകെട്ടോണത്തിനുമാണ് തൃപ്രയാര്‍ ക്ഷേത്രം നേരത്തെ അടയ്ക്കുന്നത്. ഈ നേരം ഭഗവാന് ശ്രീരാമന് മുതലപ്പുറത്ത് കയറി പുഴകടന്ന് ചിറയില്‍ എത്തുന്നു എന്നൊരു വിശ്വാസവുമുണ്ട്.
മുമ്പ് ചിറയൊരുക്കാന് ആവശ്യമായ മണ്ണ്, മുള, ഓല ഇവയെല്ലാം ക്ഷേത്രത്തില്‍ നിന്നുതന്നെയായിരുന്നു എത്തിച്ചിരുന്നത്. ഇങ്ങനെ മുളയും ഓലയും മണ്ണും മറ്റും ചേര്‍ത്ത് കഴ കുത്തി പാടശേഖരത്തിന്റെ ഇരുകരകളെയും ബന്ധിപ്പിച്ചുകൊണ്ട് ഒരു നീളന്‍ ചിറയും അതിനു കുറച്ച് മാറി ഒരു വട്ടക്കെട്ട് ചിറയും ഒരുക്കുന്നു. ആദ്യത്തെ ചിറയ്ക്ക് കേടുപാടുകള്‍ സംഭവിച്ചാലും വെള്ളം സംഭരിക്കപ്പെടാനാണ് രണ്ടാമത്തെ വട്ടക്കെട്ട്.
വിവിധങ്ങളായ കുലങ്ങള്ക്കുള്ള പ്രത്യേകമായ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ചിറകെട്ടോണത്തെ വ്യത്യസ്തമാക്കുന്നു. വേട്ടുവ സമുദായാംഗങ്ങള്‍ ആണ് ചിറ ഒരുക്കുന്നത്. തുടര്‍ന്നുള്ള പൂജ നമ്പൂതിരിമാര്‍ നടത്തുന്നു. ഐങ്കുടി കമ്മാളര്‍ എന്ന വിശ്വകര്‍മജര്‍ക്കും അവരുടേതായ അവകാശങ്ങളുണ്ട്. ഇടങ്ങഴി വെയ്ക്കുന്നത് ആശാരിയും കത്തി സമര്‍പ്പിക്കുന്നത് കരുവാനും മോതിരം നല്‍കുന്നത് തട്ടാനുമാണ്. മാറ്റും വെള്ളയും കരിമ്പടവും താമ്പൂലവും വെളുത്തേടത്ത് നായര്‍ നല്കുന്നു. നെല്ലും കാഴ്ചക്കുലയും നായരുടെ വക. പൂജാദ്രവ്യം, അലങ്കാരം എന്നിവ ഈഴവരുടെ ഉത്തരവാദിത്തമാണ്. സാംബവ സമുദായമാകട്ടെ ഓലക്കുട സമര്‍പ്പിക്കുന്നു. (ഏറെക്കുറെ സമാനമായ ഒരു നാട്ടുത്സവമാണ് കേരളത്തിന്റെ തെക്കന്‍ ജില്ലകളിലെ പടയണി സമ്പ്രദായം. വിവിധജാതികളെ അളന്നകറ്റുന്നതിലുപരി ചേര്‍ത്തുനിര്‍ത്തുന്ന രീതിയാണ് പടയണിയിലും കാണുന്നത്).
തപ്പിന് ആവശ്യമായ കന്നിന് തോല് പറയനും, ചൂട്ടും പാളയും കുരുത്തോലയും തണ്ടാനും, കോലം, പൂപ്പട, മാരന് പാട്ട് എന്നിവ ഗണകനും, ചട്ടം ഒരുക്കാന്‍ തച്ചനും, ചൂട്ട് പിടിക്കാന്‍ കുറവനും, ഉടയാട, തീവെട്ടി (പന്തം) ഇവയൊരുക്കാന്‍ പതിയനും, എണ്ണ കോരാന്‍ മാരനും എന്നിങ്ങനെ എല്ലാവര്ക്കും ഇവിടെ കൃത്യമായ അവകാശങ്ങള്‍ കാണാം.)
ഇങ്ങനെ ജാത്യതീതമായ സംസ്കാരമേളനം കൂടിയാണ് ശ്രീരാമന് ചിറകെട്ടുത്സവം. സേതുബന്ധന സമയത്തെ അണ്ണാന് കുഞ്ഞിനെ സ്മരിച്ച് കാഴ്ചക്കാരായെത്തുന്ന ഓരോരുത്തരും ചിറയിലേക്ക് ഒരുകൈ മണ്ണ് സമര്‍പ്പിക്കുന്നു. വിശ്വാസത്തില്‍ അധിഷ്ഠിതമായി കരുതലിന്റെ ഒരുകൈ മണ്ണ്!
ശ്രീരാമന്‍ചിറ കാര്‍ഷിക കേരളത്തിന്റെ അവശിഷ്ട അടയാളമാണെന്ന് പറയാം. ഇന്ന് ചിറകെട്ട് ഒരു ആഘോഷം എന്നതിലുപരി സമൃദ്ധമായ ജലശേഖരണത്തിന്റെ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. അരനൂറ്റാണ്ടു മുമ്പ് നിലച്ചുപോയ ഈ കാര്‍ഷിക വേല, ഇന്ന് പ്രതീകാത്മക ആഘോഷം മാത്രമായി തുടരുന്നു. നിലവില്‍ നാമമാത്രമായ വെള്ളമാണ് ഈ തോട്ടില്‍ സംഭരിക്കപ്പെടുന്നത്.
അറുപത് യോജന സങ്കല്പ്പപറയില് നിന്നും മഴപ്പെയ്ത്ത് സെന്റീമീറ്ററിലേക്ക് ഒതുങ്ങിയ കാലം – പുഴയൊഴുകിയ വഴികളെ അടയാളപ്പെടുത്താന്‍ ‘ചിറ’ സ്മാരകങ്ങള്‍ അവശേഷിക്കുന്നു.
റഫറന്‍സ്
1. കൃഷിഗീത: ചൊല്ലും വായനയും, നാട്ടറിവ് പഠന കേന്ദ്രം
2. ഐങ്കുടി കമ്മാള ചരിത്രമുറങ്ങുന്ന നെടുവന്‍ കാട് ( നാട്ടു ചരിത്രം), എന്‍.കെ.കണ്ണന്, ഡി.സി.ബുക്സ്
3. പുഴയുടെ നാട്ടറിവ്, വിജയകുമാര്‍ മേനോന് , ഡി.സി.ബുക്സ്
4. പടയണി എന്ന ഹൃദയതാളം, കടമ്മനിട്ട വാസുദേവന്‍ പിള്ള, 29/3/2015 മാതൃഭൂമി
പ്രതികരിക്കാൻ ഇവിടെ എഴുതുക: