കാടിന്റെ മകനും കാടിന്റെ അച്ഛനും ഒരാള്‍ തന്നെ അതാരാണെന്നറിയണമെങ്കില്‍ ജാദ് മൊളായ് പായങ്ങിനെ അറിയണം. അതെങ്ങനെയെന്നറിയണമെങ്കില്‍ നാല്‍പതാണ്ട് പിന്നോട്ട് പോകണം. പോയിപ്പോയി ബ്രഹ്മപുത്രാ നദിയിലെ മഞ്ജുളി ദ്വീപിലെത്തണം. ബ്രഹ്മപുത്രയിലെ കൂറ്റന്‍ മണല്‍ ദ്വീപ്. ഏതാണ്ട് 1360 ഏക്കര്‍ (550 ഹെക്ടര്‍) വിസ്തീര്‍ണമുള്ള ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപാണ്. നാല് പതിറ്റാണ്ടു മുന്‍പ് അവിടെ പച്ചപ്പിന്റെ തരിപോലുമുണ്ടായിരുന്നില്ല. ഒരു പടര്‍പ്പന്‍ പുല്ലുപോലും കിളിര്‍ക്കാത്ത ഊഷര ഭൂമി. ഓരോ വെള്ളപ്പൊക്കത്തിലും എട്ടും പത്തും ഏക്കര്‍ ഭൂമി ബ്രഹ്മപുത്ര തന്നെ വിഴുങ്ങും.
നമ്മുടെ കഥ ആരംഭിക്കുന്നത് 1979 ലാണ്. ആ വര്‍ഷമാണ് കാടിന്റെ മകനായ ജാദവ് മൊളായ് പായങ്ങ് ഒരിക്കലും മറക്കാത്ത ഒരു കാഴ്ച കണ്ടത്. ബ്രഹ്മപുത്രയിലെ പ്രളയജലത്തില്‍ ഒഴുകിയെത്തിയ ആയിരക്കണക്കിന് പാമ്പുകള്‍ ഇലത്തണലില്ലാത്ത നദീദ്വീപില്‍ കൊടുംചൂടില്‍ പൊള്ളിപ്പിടഞ്ഞു മരിക്കുന്ന കാഴ്ച… വനവാസിയായ ആ യുവാവ് അന്നൊരു തീരുമാനമെടുത്തു. പച്ചപ്പിന്റെ കുടയില്ലാതെ ഒരൊറ്റ ജീവിപോലും ഇനി അവിടെ പിടഞ്ഞുമരിക്കാനനുവദിക്കരുത്. അന്ന് ഇരന്നുവാങ്ങിയ 20 മുളംതണ്ടുകളുമായി ജാദവ് മൊളായ് ദ്വീപിലെത്തി. ഓരോ ദിവസവും പത്തും നൂറും മരങ്ങള്‍ നട്ടു. അവയ്‌ക്ക് വെള്ളം നല്‍കി. കീടങ്ങളെ ആട്ടിയകറ്റി. കൂട്ടുകാരൊക്കെ ജോലി തേടി നഗരങ്ങളിലേക്ക് ചേക്കേറിയപ്പോള്‍ പോലും മൊളോയ് കുലുങ്ങിയില്ല. ദ്വീപിനെ പച്ചപ്പ് അണിയിക്കുക മാത്രമായിരുന്നു അയാളുടെ ലക്ഷ്യം.
അങ്ങനെ കാട് വളര്‍ന്നു. കാട്ടുമൃഗങ്ങള്‍ രാപാര്‍ക്കാനെത്തി. ഭാര്യ ബിനിതയും മക്കളും കാട്ടിലെ കുടിലില്‍ ദാരിദ്ര്യവുമായി ഒത്തുജീവിച്ചു.
മൊളായ് 1979-ല്‍ തുടങ്ങിയ ഈ ‘ഹരിതവിപ്ലവ’ ത്തിന്റെ കഥ നാട്ടുകാരറിയാന്‍ 30 വര്‍ഷമെടുത്തു. 2005-ല്‍ ഒരു പിടി വനപാലകര്‍ നദിയിലൂടെ വരുമ്പോഴാണ് മുന്നിലൊരു നിബിഡവനം കണ്ട് അമ്പരന്നത് ‘അരുണ ചപോരി’ ഗ്രാമത്തിലെ ആന ശല്യം അന്വേഷിക്കാനെത്തിയതായിരുന്നു അവര്‍. ബോട്ടു നിര്‍ത്തി അവര്‍ കാട്ടില്‍ കയറി. പഴയ ഊഷര ഭൂമിയില്‍ അവര്‍ കണ്ടത് കൊടുംകാട്. പല സ്ഥലത്തും സൂര്യപ്രകാശം കടക്കാനാവാത്ത അവസ്ഥ. മുളംകാടുകളായിരുന്നു 300 ഏക്കര്‍ മുഴുവനും. അതിനുള്ളില്‍ നൂറിലേറെ കാണ്ടാമൃഗങ്ങള്‍. നൂറ് കണക്കിന് മാനുകളും കുരങ്ങുകളും മുയല്‍ അടക്കമുള്ള ചെറു ജീവികളും. വൃക്ഷശിഖരങ്ങളില്‍ കഴുകന്റെ ചിറകടി മുഴങ്ങുന്നു. പടര്‍പ്പന്‍ പുല്ലുകള്‍ക്കിടയില്‍ വിഷപ്പാമ്പുകളുടെ ശീല്‍ക്കാരം. അതിനൊക്കെ മധ്യത്തില്‍ പാവം മൊളായ് കുടുംബത്തിന്റെ കൊച്ചുവീടും!
വനപാലകരുടെ അദ്ഭുതം ആദരവിന് വഴിമാറിയപ്പോള്‍ ആ നിബിഡവനത്തിന്റെ പേര് ‘മൊളായ് വനം’ എന്നായി മാറി. സ്വന്തമായി ഒരു വനം സൃഷ്ടിച്ചെടുത്ത ആ പാവം വനവാസിക്ക് സര്‍ക്കാര്‍ നല്‍കിയ ആദരം. ആ കാട്ടില്‍ വനപാലകരില്ല. പക്ഷേ അവിടെ വേട്ടക്കാര്‍ കയറില്ല. ആരെങ്കിലും കയറിയാല്‍ ജാദവ് മൊളായ് ആ വിവരം അറിയും. ആ നിമിഷം അധികാരികളെത്തുകയും ചെയ്യും. ഒരിക്കല്‍ കാണ്ടാമൃഗത്തെ കൊല്ലാന്‍ കാട്ടില്‍ കയറിയ കള്ളന്മാരെ കയ്യോടെ പിടിച്ചുകൊടുത്ത കഥ ‘കാട്ടി’ലെങ്ങും പാട്ടാണ്.
അസമിലെ വനപാലകരിലൂടെയാണ് മൊളായ് കാടിന്റെ അച്ഛനായ കഥ നാടറിഞ്ഞത്. അതോടെ അയാളെ ‘ഫോറസ്റ്റ് മാന്‍’ എന്നവര്‍ വിളിച്ചു. മൊളായ് വനത്തിന്റെ കഥ പറയുന്ന ഡോക്യുമെന്ററികള്‍ പിറന്നു. ജിതു കലിതയുടെ ‘ദ മൊളായ് ഫോറസ്റ്റ്’, ആരതി ശ്രീവാസ്തവയുടെ ‘ഫോറസ്റ്റിങ് ലൈഫ്’. വില്യം ഡഗ്‌ളസിന്റെ ‘ഫോറസ്റ്റ് മാന്‍’ 2014-ലെ കാനെ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നവാഗത ഡോക്യുമെന്ററി സംവിധായകനുള്ള പ്രത്യേക പുരസ്‌കാരവും നേടി. മൊളായ കേന്ദ്ര കഥാപാത്രമായ ചിത്രകഥകളും അതിനിടെ പുറത്തിറങ്ങി. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റും അടക്കമുള്ള സ്ഥാപനങ്ങള്‍ ജാദവ് മൊളായിയെ ക്ഷണിച്ച് ആദരിച്ചു. അസം കാര്‍ഷിക സര്‍വകലാശാലയും കാസിരംഗ സര്‍വകലാശാലയും ഓണററി ഡോക്ടറേറ്റ് നല്‍കി ബഹുമാനിച്ചു. ഒറ്റക്കൊരു നിബിഡവനം നിര്‍മിച്ച ആദിവാസിയെ ‘പദ്മശ്രീ’ നല്‍കിയാണ് ഭാരതസര്‍ക്കാര്‍ അംഗീകരിച്ചത്.
അതൊന്നും ജാദവിനെ മാറ്റിയില്ല. ഭാര്യ ബിനിതയും മക്കളായ മുമുനി, സഞ്ജയ്, സഞ്ജീവ് എന്നിവരും ചേര്‍ന്ന് കൊടുകാടിന്റെ ഓരത്തുതന്നെ അയാള്‍ താമസിക്കുന്നു. കൂട്ടുകാരൊക്കെ സ്ഥലം വിട്ടിട്ടും തന്റെ കൂട്ട് മാമരങ്ങളും മൃഗങ്ങളുമാണെന്ന് അയാള്‍ കരുതുന്നു. കന്നുകാലികളെ വളര്‍ത്തി കരയില്‍ പാല്‍ വിറ്റാണ് ജീവിതം. ഇതുവരെയായി മൊളായിയുടെ 100 കാലികളെയെങ്കിലും കാട്ടിലെ കടുവകള്‍ പിടിച്ചുതിന്നു കഴിഞ്ഞു. പക്ഷേ ജാദവിനതില്‍ ഖേദമില്ല. ”അതിന് കുറ്റപ്പെടുത്തേണ്ടത് കടുവകളെയല്ല. കുറ്റക്കാര്‍ കാട്ടിലെ കയ്യേറ്റക്കാര്‍ തന്നെയാണ്. അവര്‍ കാട് മുടിക്കുമ്പോള്‍ മൃഗങ്ങള്‍ക്ക് അന്നം മുട്ടുന്നു…”
തന്റെ ജീവിതത്തിലെ ഒരേ ഒരു നേട്ടം കാടാണെന്ന് ജാദവ് മൊളായ് അഭിമാനപൂര്‍വം പറയുന്നു. ഒപ്പം അക്കാദമിക് പണ്ഡിതന്മാരോട് അദ്ദേഹത്തിന് ഒരു അഭ്യര്‍ത്ഥനയുമുണ്ട്. കാട് കാടായ് കിടക്കണമെങ്കില്‍ ഒരു നിയമം കൊണ്ടുവരണമെന്ന അഭ്യര്‍ ത്ഥന. ”രണ്ട് മരങ്ങളെങ്കിലും നട്ട് പരിപാലിച്ച് വലുതാക്കുന്ന കുട്ടികളെ മാത്രമേ പരീക്ഷയില്‍ ജയിച്ചതായി കണക്കാക്കാവൂ. ഓരോരുത്തരും സ്വന്തം ആവശ്യത്തിനുള്ള ഓക്‌സിജനെങ്കിലും ഉണ്ടാക്കട്ടെ!”
പ്രതികരിക്കാൻ ഇവിടെ എഴുതുക: