വര്‍ഷം 1946. കര്‍ദാര്‍ സ്റ്റുഡിയോവില്‍ എന്റെ പതിവ് പ്രവൃത്തി ദിവസങ്ങളിലൊന്ന്. മ്യൂസിക് റൂമിനടുത്തുള്ള ബൂത്തില്‍നിന്ന് ഞാന്‍ ഫോണ്‍ ചെയ്യുകയായിരുന്നു. ‘കോള്‍’ കണക്ടാവാന്‍ വേണ്ടി കാത്തു നില്ക്കുമ്പോള്, ഒരു യുവതി എനിക്കരികിലൂടെ കടന്നുപോയി. അവളുടെ ശബ്ദത്തില്‍ എന്തോ ചില സവിശേഷതകള്‍ ഉണ്ടെന്നു തോന്നിയത് പെട്ടെന്നായിരുന്നു. ജനഹൃദയങ്ങളെ ഒന്നാകെ കുളിരണിയിക്കാനുള്ള ശേഷി ആ ശബ്ദത്തിലൊളിഞ്ഞിരിപ്പുണ്ടായിരുന്നു.
മുറിയില്‍ തിരിച്ചെത്തിയ ഞാന്‍ അവരെപ്പറ്റി അന്വേഷിച്ചു. മറാത്തി സിനിമയില്‍ പാടുന്ന സംഘഗായകരിലെ ഒരംഗം ആയിരിക്കാം അവര്‍ എന്നറിഞ്ഞു. പക്ഷേ ആ യുവതിക്ക് അസാമാന്യമായ സ്വരമാധുരിയും സ്വരഭേദവുമുണ്ടെന്ന് ഞാന്‍ സുഹൃത്തുക്കളോട് പറഞ്ഞു. അതൊരു വിഷയമല്ലാത്തപോലെ അവര്‍ തലകുലുക്കുക മാത്രം ചെയ്തു. ഞാന്‍ ആ യുവതിയെക്കൊണ്ട് എന്റെ ഒരു ഗാനം പാടിക്കാന്‍ ആലോചനയുണ്ടെന്ന് പറഞ്ഞപ്പോള്‍ അവര്‍ അമ്പരന്നു. ഗസല്‍ രാജ്ഞിമാരായ ജൊഹരഭായ്, രാജ്കുമാരി, നൂര്ജഹാന്, സുരയ്യ തുടങ്ങിയവരുടെ സ്ഥാനത്തുനിന്ന് പാടാന്മാത്രം ഒരു മഹാരാഷ്ട്രക്കാരി പെണ്ണിനാവുമോ എന്ന നിസ്സാരമട്ടിലുള്ള പ്രതികരണം.
തുടക്കം ചാന്ദ്നി രാത്തില്‍
എന്തായാലും ഞാന്‍ പിന്തിരിയാന് ഉദ്ദേശിച്ചില്ല. ആ യുവതിയുടെ ശബ്ദസവിശേഷത എനിക്കൊരിക്കലും മറക്കാനാവാത്തതായിരുന്നു. മറ്റുള്ളവരും അത് ആസ്വദിക്കണമെന്ന് ഞാനാഗ്രഹിച്ചു. എന്റെ ചങ്ങാതിയായ പുണ്യവാനോട് ഞാന്‍ അവരുടെ മേല്‍വിലാസം സംഘടിപ്പിക്കാന്‍ പറഞ്ഞു. എന്റെ അടുത്ത പടത്തില്‍ത്തന്നെ അവര്‍ക്ക് ഒരവസരം നല്‍കാനായിരുന്നു എന്റെ ശ്രമം. ചാന്ദ്നി രാത്തില്‍ ഒരു യുഗ്മ ഗാനം ഉണ്ടായിരുന്നു. അങ്ങനെ, ആ യുവതിയെ ശബ്ദപരിശോധനയ്ക്ക് വിളിച്ചു.
അന്ന് നല്ല മഴയായിരുന്നു. എന്നിട്ടും നിശ്ചയിച്ച സമയത്ത് തന്നെ യുവതി മുറിയിലേക്ക് കടന്നുവന്നു. കൈയില്‍ ഒരു നനഞ്ഞ കുടയുമുണ്ടായിരുന്നു. ഞാന്‍ അവരെ അഭിവാദ്യം ചെയ്തു; അവര്‍ എന്നെയും. ഇരിക്കാന്‍ പറഞ്ഞപ്പോള്‍ അനുസരണയോടെ ഇരുന്നു. അപ്പോഴാണ് ഞാനവരെ ശരിക്കും കാണുന്നത്.
ഞൊറിയുള്ള മുടിയോടുകൂടിയ ഒരു മെലിഞ്ഞ പെണ്ണ്. സാധാരണ കോട്ടണ്‍ സാരിയാണ് വേഷം. കാലില്‍ കീറിയ ഒരു ജോഡി ചെരിപ്പുകള്‍. വസൂരിക്കലയുണ്ടെങ്കിലും തേജസ്സുള്ള മുഖം. കുട്ടിത്തത്തിന്റെ നിഷ്കളങ്കത കളിയാടുന്ന ആ കണ്ണുകള്‍ ഏതോ അജ്ഞാതഭാവിയിലേക്ക് ഉറ്റുനോക്കുകയായിരുന്നു. തലകുനിച്ച് മൗനത്തിലിരിക്കുന്ന അവര്‍ ഭാവിയില്‍ ലോകബഹുമാനം നേടിയെടുക്കാന്‍ പോവുന്ന ചെത്തിമിനുക്കപ്പെടാത്ത രത്നംപോലെ തോന്നിച്ചു.
ആദ്യ ഗുരു അച്ഛന്
അപരിചിതത്വത്തിന്റെ ആ നിശ്ശബ്ദതയെ ഞാന്‍ ഭേദിച്ചു. ”മിസ്സ്, നിങ്ങള്‍ ആകെ നനഞ്ഞിരിക്കുന്നു.” അല്പം നാണത്തോടെ അവര്‍ മറുപടി പറഞ്ഞു: ”നൗഷാദ് സാഹിബ് ഞാന്‍ വണ്ടിയില്‍നിന്ന് ഇറങ്ങിയപ്പോഴേക്കും മഴ പെയ്യാന്‍ തുടങ്ങി. അവിടം തൊട്ട് ഇങ്ങോട്ട് ഈ കുടയും പിടിച്ചു നടന്നു.” ഇങ്ങനെ പറഞ്ഞുകൊണ്ട് ആ കുട എന്നെ കാണിച്ചു. അതിലേക്ക് ഒരു സഹതാപദൃഷ്ടി പായിച്ചുകൊണ്ട് ഞാന്‍ ജോലി തുടങ്ങി. ”മിസ്സ്, നിങ്ങളുടെ പേര്?”
”ഞാന്‍ ലതാമങ്കേഷ്കര്‍.”
”അടുത്തകാലത്ത് ഏതെങ്കിലും സിനിമയില്‍ സോളോ പാടിയിട്ടുണ്ടോ?”
”ഉണ്ട്. ഒരു തവണ. ബോംബെ ടാക്കീസിന്റെ മജ്ബൂറില്‍ ഗുലാം ഹൈദര്‍ എനിക്കൊരു അവസരംതന്നു.”
”അച്ഛന്റെ പേരെന്താണ്?”
”ദീനാനാഥ് മങ്കേഷ്ക്കര്‍. മറാത്തി സ്റ്റേജ്-ഗായകനാണ് അദ്ദേഹം.” അതുപറയവെ ആ കണ്ണുകള്‍ അഭിമാനത്തോടെ തിളങ്ങി.
”നിങ്ങളുടെ ആലാപനത്തില്‍ നിന്ന്, സംഗീതത്തില്‍ നിങ്ങള്‍ക്ക് നല്ല പരിശീലനം കിട്ടിയിട്ടുണ്ടെന്ന് മനസ്സിലായി. ആരാണ് ക്ലാസിക്കല്‍ സംഗീതം പഠിപ്പിച്ചത്?”
”അച്ഛനാണ് ആദ്യപാഠങ്ങള്‍ പഠിപ്പിച്ചത്. പിന്നീട് അമാനത് ഖാന് സാഹിബില്‍നിന്ന് ഔപചാരിക പരിശീലനം നേടി.”
പളുങ്കുപോലുള്ള ശബ്ദം
ആ സംസാരത്തിനിടയില്‍ അവരുടെ പേടിയെല്ലാം മാറിക്കഴിഞ്ഞിരുന്നു. എന്തെങ്കിലും ചെറുതായി പാടി കേള്‍പ്പിക്കാന്‍ പറഞ്ഞു. അവര്‍ അനുസരിച്ചു. വാസ്തവം! ദൈവം അവര്‍ക്കു നല്കിയ സിദ്ധി അപൂര്‍വമായിരുന്നു. പളുങ്കുപോലുള്ള ശബ്ദം, മനോഹരമായ ശബ്ദക്രമീകരണം. ഇനി ഒന്നുകൂടിയേ അറിയാന്‍ ബാക്കിയുള്ളൂ. പുതിയ മെലഡികളെ അവര്‍ എത്ര വേഗത്തില്‍ കൈകാര്യം ചെയ്യും?
ഞാന്‍ ഹാര്‍മോണിയത്തില്‍ ഒരു ഈണം വായിച്ചു. അവരത് അതിശയകരമായ വേഗത്തില്‍ മനസ്സിലാക്കി. അതിന്റെ ‘അന്ദ്ര’ അവരിലേക്ക് സ്വാഭാവികതയോടെ ഒഴുകി വന്നു. ആലാപനം കുറ്റമറ്റതായിരുന്നു. അവരെക്കുറിച്ചുള്ള എന്റെ പ്രതീക്ഷകള്‍ സത്യമാവുകയായിരുന്നു.
റെക്കോഡിങ് ദിവസം അവര്‍ അസ്വസ്ഥയായിരുന്നു. മുറിയില്‍ ചെന്ന് ഞാന്‍ അവരെ പ്രോത്സാഹിപ്പിച്ചു. റെക്കോഡിങ് റൂമിലുള്ളവരെല്ലാം മണ്ടന്മാരാണെന്നും ലത മാത്രമാണ് ബുദ്ധിമതിയെന്നും സങ്കല്പ്പിച്ചോളാന് പറഞ്ഞു. തന്നെ കീഴടക്കാന്‍ ഗാനത്തെ അവര്‍ അനുവദിക്കില്ലായിരുന്നു. എല്ലാം മനസ്സിലായെന്ന മട്ടില്‍ അവര്‍ തലയാട്ടി. എന്റെ സംഗീത ദണ്ഡവുമെടുത്ത് ഞാന്‍ എന്റെ സ്ഥാനത്തു ചെന്നുനിന്നു.
അറുപത് രൂപ പ്രതിഫലം
ആദ്യ റെക്കോഡിങ് സുഖമായി നടന്നു. ഞങ്ങള്‍ അത് ശ്രദ്ധിച്ചു കേട്ടു. ലത ഒറ്റയ്ക്ക് പാടിയ നാടന്‍പാട്ടായിരുന്നു അത്. പക്ഷേ, ഒരു അപ്രധാന നടിക്ക് ചേര്‍ന്നപോലെ നേര്‍ത്തതായിരുന്നു അവരുടെ ശബ്ദം. റെക്കോഡിസ്റ്റ് ഇഷാന് ഘോഷുമായി ചര്‍ച്ച ചെയ്ത ശേഷം മറ്റൊരു ടേക്കു കൂടി എടുത്തു. എന്നാല്‍ ഇത്തവണ ലതയുടെ ശബ്ദത്തിന്റെ പൂര്‍ണത എല്ലാവരേയും അമ്പരപ്പിച്ചു. ‘ചാന്ദിനി രാത്തി’ന്റെ നിര്‍മാതാവ് ഇഷാന് ഘോഷ് അന്നുതന്നെ ലതയ്ക്ക് അറുപത് രൂപ പ്രതിഫലമായി നല്കി. അത് വാങ്ങി നന്ദി പറഞ്ഞ് അവര്‍ തിരിച്ചുപോയി.
ചാന്ദിനി രാത്ത് ലതയ്ക്ക് ഒരു തുടക്കം നല്‍കിയെങ്കിലും പിന്നണി ഗായിക എന്ന നിലയില്‍ അവര്‍ക്ക് പേര് നേടിക്കൊടുത്തത് ദുലാരയായിരുന്നു. അതില്‍ പാടാന്‍ അവര്‍ക്ക് ഉറുദു ഉച്ചാരണം പരിശീലിക്കേണ്ടിവന്നു. ഗാനത്തിന്റെ റിഹേഴ്സലിനു മുന്‍പ് സ്വരോച്ചാരണത്തെക്കുറിച്ച് ഒരുപാട് ക്ലാസ്സുകള്‍ കൊടുത്തു. താന്‍ ശ്രദ്ധയുള്ള വിദ്യാര്‍ത്ഥിയാണ് എന്ന് അവര്‍ തെളിയിച്ചു. (ഇന്നും ട്യൂണ്‍ കേള്‍ക്കുന്നതിനു മുന്‍പ് ഗസലിന്റെ വരികള്‍ വായിച്ചു നോക്കുന്ന പതിവ് ലതയ്ക്കുണ്ട്.) ആദ്യം സംശയാലുവായിരുന്നെങ്കിലും കോന്‍ സുനേ ഫരിയാദ് എന്ന ഗാനം ആദ്യമായി കേട്ട കര്ദാറിന് സന്തോഷമായി. ദുലാരയിലെ നായികയുടെ മറ്റു പാട്ടുകളും ലതതന്നെ പാടുമെന്ന് തീരുമാനിച്ചു.
മുടങ്ങാത്ത പ്രഭാത പൂജ
ഒരൊറ്റ രാത്രികൊണ്ട് ലത സുഖകരമായ ഒരു ജീവിതത്തിലേക്ക് പറിച്ചുനടപ്പെട്ടുവെന്ന് ഇതിന് അര്‍ത്ഥമില്ല. അവര്‍ക്ക് തന്റേതായ കുടുംബപ്രശ്നങ്ങളുണ്ടായിരുന്നു. അച്ഛന് മരിച്ചതോടെ കുടുംബം പുലര്‍ത്തേണ്ട ചുമതല അവര്‍ക്കായി. നിത്യജീവിതം ഒറ്റയ്ക്ക് കൈകാര്യം ചെയ്യാന്‍ പാടുപെടുന്ന ലതയ്ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനുള്ള നിയോഗവും എനിക്കുണ്ടായി. സകല വിഷമതകളും അവര്‍ എന്നോടു പറയും. തീവണ്ടിക്കൂലി കൊടുക്കാന്‍ പണമില്ലാതെ കൊളാബാ മുതല്‍ ദാദര്‍ വരെ നടക്കേണ്ടി വന്ന എന്റെ ദുരിത ദിനങ്ങളുടെ കഥ പറഞ്ഞ് ഞാനവരെ ആശ്വസിപ്പിക്കും. കഠിനശ്രമം, ഏകയായുള്ള കഠിനശ്രമം മാത്രമേ ശിരസ്സില്‍ വിജയകിരീടമണിയിക്കാന് സഹായിക്കൂ എന്ന് ഞാന്‍ ഇടക്കിടെ അവരെ ഓര്‍മിപ്പിക്കുമായിരുന്നു. ഈശ്വരവിശ്വാസവും കലയോടുള്ള ആത്മാര്‍ത്ഥതയുമാണ് മഹാനായ ഒരു കലാകാരന് വേണ്ട ഗുണങ്ങള്‍. അക്കാലത്ത് തുടങ്ങിയ പ്രഭാത പൂജ ലത ഇന്നും മുടങ്ങാതെ ആചരിക്കുന്നു. സംഗീതത്തെ ഉപാസിക്കുന്ന അവര്‍ അച്ചടക്കത്തോടെ നിത്യവും സാധകം ചെയ്യുമായിരുന്നു. താന്‍ ആഗ്രഹിക്കുന്നപോലെ സംവേദനശാലിയായ ഒരു നല്ല കലാകാരിയായി മാറാന്‍ തയ്യാറെടുക്കുകയായിരുന്നു അവര്‍.
സംവേദനക്ഷമതയെപ്പറ്റി പറയുമ്പോള്‍ ലതയുടേത് അതിയായ സംവേദനമായിരുന്നുവെന്ന് പറയേണ്ടിയിരിക്കുന്നു. കഥാപാത്രങ്ങളുടെ സ്വഭാവവും മനസ്സും പിടിച്ചെടുക്കാന്‍ അതവരെ സഹായിക്കുന്നു. അവരുടെ വേദനകളെയും ഭാവനകളെയും ലത സ്വന്തം ഹൃദയത്തിലേക്ക് ആവാഹിക്കുന്നു. ശോക-ഗാന സന്ദര്‍ഭങ്ങള്‍ വിവരിച്ചുകൊടുക്കുമ്പോള്‍ ലതയുടെ കണ്ണുകള്‍ ഈറനണിയുന്നതും അത് കവിള്‍ത്തടത്തിലേക്ക് ഒഴുകുന്നതും ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്.
നര്‍ഗീസിന്റെ പിന്നണി ഗായിക
അക്കാലത്ത് ഒരിക്കല്‍, കര്‍ദാര്‍ സ്റ്റുഡിയോയില്‍ എന്നെ കാണാതായപ്പോള്‍ ലത, എന്റെ വീട് തേടി ബാന്ദ്രയിലെത്തി. ഞാനെവിടെയാണ് താമസിക്കുന്നതെന്ന് അവര്‍ക്ക് ഒരു പിടിയുമില്ല. ഒരു മണിക്കൂറോളം വീടുകള്‍ ഓരോന്നായി കയറിയിറങ്ങി അവര്‍ എന്റേതിന് മുന്നിലെത്തി. ഞാന്‍ സുഖമില്ലാതെ കിടപ്പിലായിരുന്നു. ലതയുടെ സംശയം ശരിയായിരുന്നു. അന്ന് വൈകുന്നേരം വരെ അവര്‍ എനിക്കൊപ്പമായിരുന്നു. പുതിയ പിന്നണി പാടാനുള്ള അവസരത്തെപ്പറ്റി ഒരു വാക്കുപോലും അവര്‍ മിണ്ടിയില്ല. അവര്‍ വന്നത് ക്ഷേമമന്വേഷിക്കാന്‍ മാത്രമായിരുന്നു. ”നൗഷാദ് സാഹിബ്, ഇപ്പോള്‍ എങ്ങനെയുണ്ട്?” അവരുടെ വിവേകത്തിന്റെ മറ്റൊരു മുഖമായിരുന്നു അത്. പീഡിതരോട് അനുകമ്പ പുലര്‍ത്തുന്ന സംവേദനക്ഷമതയുള്ള ഒരു കലാകാരിയുടെ ലക്ഷണമാണത്.
പിന്നീടാണ് മെഹബൂബ് ഖാന്റെ ‘അന്താസ്’ വരുന്നത്. നര്‍ഗീസിന് പിന്നണി പാടാന്‍ ലതയെ നിര്‍ദ്ദേശിച്ചപ്പോള്‍ പതിവുപോലെ അദ്ദേഹം പറഞ്ഞു. ”സംഗീത കാര്യങ്ങളില്‍ താങ്കള്‍ തന്നെയാണ് കേമന്‍. താങ്കളുടെ ഇഷ്ടപ്രകാരം ചെയ്യൂ.”
ഒരു തെളിഞ്ഞ പകല്‍ സമയത്ത് ലത ”തോഡ് ദിയാ മേരാ” എന്ന ഗാനം പാടുകയായിരുന്നു. സുമുഖനായ ഒരു യുവാവ് റെക്കോഡിങ് റൂമിലിരുന്ന് നിഗൂഢഭാവത്തോടെ ലതയുടെ പാട്ട് കേള്‍ക്കുന്നുണ്ടായിരുന്നു. ബഹുമുഖ പ്രതിഭ രാജ്കപൂറായിരുന്നു അത്. അദ്ദേഹത്തിന്റെ മനസ്സില്‍ ‘ബര്‍സാത്തി’ന്റെ കഥ ഇളകിമറിയുകയായിരുന്നു. അപ്പോള്‍ ലതയുടെ ശബ്ദം കേട്ടമാത്രയില്‍ രാജ്കപൂര്‍ തന്റെ പടത്തിലെ മുഖ്യനടികളായ നര്‍ഗീസ്, നിമ്മി എന്നിവര്‍ക്ക് പിന്നണി പാടാന്‍ അവരെ തിരഞ്ഞെടുത്തു.
ഭക്തമീരയുടെ ആരാധിക
ലതയുടെ അതിസംവേദനത്വം ചിലപ്പോള്‍ വിചിത്രമായ സംഭവങ്ങള്‍ക്കും ഇടയാക്കി. അമറിലെ ഒരു ഗാനം ലത ആലപിക്കുമ്പോള്‍ ഞാന്‍ ഉദ്ദേശിച്ച ശബ്ദക്രമീകരണം അവര്‍ക്ക് കിട്ടുന്നില്ലായിരുന്നു. അന്ന് അവര്‍ അസ്വസ്ഥയാണെന്ന് തോന്നി. എന്തോ ചില കുടുംബപ്രശ്നങ്ങളായിരുന്നു കാരണം. അതുകൊണ്ട് ശബ്ദക്രമീകരണത്തെക്കുറിച്ചൊരു പരാമര്‍ശം ഞാന്‍ ഒഴിവാക്കി. എച്ച്എംവിയിലായിരുന്നു റെക്കോഡിങ്. മധ്ഗോക്കര് റെക്കോഡിങ്ങുമായി മുന്നോട്ടുപോയി. അവരുടെ പിന്നണി കേള്‍ക്കാനായി ഞാന്‍ കാതുകള്‍ കൂര്‍പ്പിച്ച് ഇരുന്നു. വിഷമകരമായ വരികള്‍ വന്നപ്പോള്‍ ഗാനത്തിന്റെ ഒഴുക്കും മോശമായി. എന്റെ ഇടതുഭാഗത്തായി എന്തോ വലിയ ശബ്ദവും കേട്ടു. നിലത്ത് അബോധാവസ്ഥയില്‍ കിടക്കുന്ന ലതയെ കണ്ട് ഞാന്‍ ഭയന്നുപോയി. പെട്ടെന്നു തന്നെ വെള്ളം കൊണ്ടുവന്ന് അവരുടെ മുഖത്ത് തളിച്ചു. ബോധം വന്നപ്പോള്‍ അവര്‍ പതുക്കെ പറഞ്ഞു: ”നൗഷാദ് സാഹിബ്, താങ്കള്‍ ഉദ്ദേശിച്ചപോലെ പാടാന്‍ എനിക്കായില്ല. പിറ്റേന്നുതന്നെ ലത തന്റെ പോരായ്മകള്‍ പരിഹരിച്ച് മികച്ച രീതിയില്‍ ഗാനം ആലപിച്ചു.
തുടക്കം തൊട്ടേ ലതയോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. അവര്‍ കലയുടെയും പ്രശസ്തിയുടെയും പാരമ്യത്തിലേക്ക് ഉയരുന്നത് സന്തോഷത്തോടെയാണ് ഞാന്‍ നോക്കിക്കണ്ടത്. ഒന്നോ രണ്ടോ തവണ മാത്രം അവരുടെ തെറ്റായ ആലാപനശൈലിയെ ഞാന്‍ തിരുത്തിക്കാണണം, അതിലധികമില്ല. അതുകൊണ്ട് ലതയെ ഇന്ന് ലോകമറിയുന്ന ലതയാക്കി മാറ്റിയത് ഞാനാണ് എന്നുപറയുന്നത് വെറും പൊങ്ങച്ചം പറച്ചിലായിപ്പോവും. ലതയുടെ അസംഖ്യം ആരാധകരെ സംബന്ധിച്ച്, അവര്‍ അംബരചുംബിയായ ദന്തഗോപുരത്തില്‍ കഴിയുന്നവരായിരിക്കാം. പക്ഷേ അവരെ അടുത്തറിയാവുന്ന എന്നെപ്പോലെ ചുരുക്കം ചിലര്‍ക്ക് അവര്‍ തികച്ചും വ്യത്യസ്തയായ ഒരു സ്ത്രീയാണ്. ലളിതമായ വെള്ള സാരി ചുറ്റി കഴുത്തില്‍ രുദ്രാക്ഷമാല മാത്രം ധരിച്ചു നടക്കുന്ന ഒരു സാധാരണക്കാരി. പണ്ട് റിക്ഷാവണ്ടിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ അവരുടെ മുഖത്തുണ്ടായിരുന്ന പുഞ്ചിരിക്ക് ഇന്ന് സ്വന്തം കാറില്‍നിന്ന് ഇറങ്ങിവരുമ്പോഴും യാതൊരു മാറ്റവുമില്ലാതെ തുടരുന്നു. ഇക്കാലമത്രയും അവര്‍ ഒരു സാധാരണക്കാരിയായിത്തന്നെ നിലനില്ക്കുന്നു. ഞൊറിയുള്ള മുടിചീകുന്ന ശൈലിയില്പ്പോലും ഒരു മാറ്റവും വന്നിട്ടില്ല. മെയ്ക്കപ്പോ ലിപ്സ്റ്റിക്കോ ഉപയോഗിക്കാറില്ല. മീരയുടെ ഭജനുകളെ സ്നേഹിക്കുന്ന ലതയുടെ ഇഷ്ടനിറം വെള്ളയാണ്. മഹാമനസ്കത അവരുടെ സദ്ഗുണവും.
ഒരേയൊരു ലതാ മങ്കേഷ്ക്കര്‍
ലതയുടേത് പോലൊരു വ്യക്തിത്വത്തിന് മഹാമനസ്കത സ്വാഭാവികമാണ്. ഒരുപാട് സംഗീതജ്ഞരേയും സംഗീത സംവിധായകരെയും അവര്‍ മനസ്സറിഞ്ഞ് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ദേശീയമായ ആവശ്യങ്ങള്‍ക്കും പരോപകാരത്തിനുമായി യാതൊരു മടിയുമില്ലാതെ അവര്‍ സേവനസന്നദ്ധയായിട്ടുണ്ട്.
ഇനിയൊന്നും നേടാനില്ലാത്തവിധം പിന്നിട്ട വര്‍ഷങ്ങളില്‍ ലത ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കി. പേരും പ്രശസ്തിയുമെല്ലാം സ്വന്തം കാല്‍ക്കീഴിലാക്കിയ അവര്‍ ഇന്ന് ഒരു പ്രസ്ഥാനം തന്നെയാണ്.
ഓരോ തലമുറയും അതിന്റേതായ കലാകാരന്മാരെ ജനഹൃദയങ്ങളില്‍ പ്രതിഷ്ഠിക്കുന്നു. സൈഗളും ലതയുമൊക്കെ അത്തരം കലാകാരന്മാരാണ്. ഫിലിം ഇന്ഡസ്ട്രിയിലെ പിന്നണി ഗായികമാരില്‍ സമാനതകളില്ലാത്തവിധം വിജയം കൈവരിച്ച മഹതിയായിട്ടാണ് ഞാനവരെ കാണുന്നത്. ഇനിയും ഒരുപാട് പ്രതിഭകള്‍ വന്നേക്കാം. ചിലര്‍ ലതയെക്കാള്‍ വലിയ പ്രതിഭയുള്ളവരായിരിക്കാം. പക്ഷേ ഇനിയൊരു ലതാ മങ്കേഷ്കര്‍! അത് ഒരിക്കലുമുണ്ടാവില്ല.
പുതുമുഖങ്ങളായ ഗായികമാരെ സിനിമാ രംഗത്തേക്ക് വരാന്‍ ലതാ മങ്കേഷ്ക്കര്‍ അനുവദിക്കാറില്ലെന്ന അപവാദ പ്രചാരണത്തോട് ഞാനൊരിക്കലും യോജിക്കില്ല. കാരണം ഇന്ന് ലോകമറിയുന്ന ലതയെ അതിനു മുന്‍പേ എനിക്കറിയാം.
ഇന്നും വലിയ നേട്ടങ്ങള്‍ കൊയ്തിട്ടും, അവര്‍ പതിവായി രണ്ട് മണിക്കൂര്‍ സാധകം ചെയ്യാറുണ്ട്. ഗാനാലാപനം അവരെ സംബന്ധിച്ച് ദൈവാരാധനയും ധ്യാനവുമാണ്. ഈണങ്ങളെ അതിവേഗം മനസ്സിലാക്കാനുള്ള ശേഷിയും അസാമാന്യമായ ഓര്‍മശക്തിയും ദൈവത്തില്‍നിന്ന് അവര്‍ക്ക് ലഭിച്ച വരദാനങ്ങളാണ്. ഏതെങ്കിലും ‘ഈണം’ വ്യക്തിപരമായി അവര്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ പോലും അവര്‍ അത് പ്രകടിപ്പിക്കാറില്ല. പ്രശ്നങ്ങള്‍ വല്ലതും ഉണ്ടെങ്കില്‍ മറ്റാരെങ്കിലും അത് പറയാന്‍ കാത്തുനില്‍ക്കാതെ നേരിട്ട് പറയുകയും ചെയ്യും. തന്റെ ജോലിയോട് അതിയായ വൈകാരിക ബന്ധമുള്ള ലത മികച്ച ഒരു ‘പെര്‍ഫക്ഷനിസ്റ്റ്’ കൂടിയായിരുന്നു.
അമര്‍ എന്ന പടത്തിലെ ‘തേരെ സത് കെ ബാലം’ എന്ന ഗാനത്തിന്റെ റെക്കോഡിങ് ഓര്‍മവരുന്നു. അതിലെ ഒരു പ്രത്യേക ഭാഗത്തെത്തുമ്പോള്‍ ലതയുടെ ശബ്ദം പതറിക്കൊണ്ടിരുന്നു. മെഹബൂബ് സ്റ്റുഡിയോവിലായിരുന്നു റെക്കോഡിങ്. ഒരു ‘ഡസന്‍’ റീട്ടേക്കുകളെങ്കിലും എടുത്തുകാണും! അതിനൊടുവില്‍ അവര്‍ ബോധരഹിതയുമായി. പിന്നീട് സ്വാഭാവിക സ്ഥിതി വീണ്ടെടുത്തപ്പോള്‍ അവര്‍ ആദ്യം ചോദിച്ചത്, പാട്ട് ശരിയാംവണ്ണം കിട്ടിയോ എന്നായിരുന്നു. തന്റെ പാട്ടിനോട് അവര്‍ നീതി പുലര്‍ത്തിയെന്ന് എനിക്ക് തോന്നി. ഉവ്വെന്ന് ഞാന്‍ തലയാട്ടി. പക്ഷേ അതുകൊണ്ട് തൃപ്തിയാവാതെ അവര്‍ ഒരുടേക്കുകൂടി എടുക്കാമെന്ന് പറഞ്ഞു. ഒരല്‍പ്പം സന്ദേഹത്തോടെ ഞാനതിന് സമ്മതിച്ചു. എന്നാല്‍ അടുത്ത ടേക്കില്‍ അവര്‍ അതീവ ശ്രദ്ധയോടെയും വൈകാരികതയോടെയും പാടുകയും, കേട്ടിരുന്ന സകലരുടെയും കവിളുകളിലൂടെ കണ്ണുനീര് പൊഴിയുകയും ചെയ്തു.
പതിഞ്ഞ സ്വരത്തിലുള്ള ആലാപനമായിരുന്നു ലതയെ അല്പം വിഷമിപ്പിച്ചിരുന്നത്. റഫിയെ പോലെ ലതയും അത്തരം സന്ദര്‍ഭങ്ങളില്‍ ഒന്ന് ഇടറുമായിരുന്നു. ഭാരതീയ ക്ലാസിക്കല്‍ സംഗീതത്തില്‍ അധിഷ്ഠിതമായ ഗാനങ്ങളായിരുന്നു അവര്‍ക്ക് പ്രിയങ്കരം. സ്വാഭാവികമായും മറുനാടന്‍ ഈണങ്ങളോട് ലത വലിയ താല്‍പ്പര്യം കാണിക്കാറില്ലായിരുന്നു. അതിനോട് നീതി പുലര്‍ത്താന്‍ തനിക്കാവില്ലെന്ന് അവര്‍ക്ക് ബോധ്യമുള്ളതുകൊണ്ടാവാം പലപ്പോഴും അത്തരം ഗാനങ്ങള്‍ ആലപിക്കാനും അവര്‍ ഒരുക്കമല്ലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: