ദേവീ മാഹാത്മ്യം അഞ്ചാം അധ്യായത്തിലെ 32-ാം ശ്ലോകം നമുക്കിങ്ങനെ വായിക്കാം.
യാ സംസ്മൃതാ –
തത്ക്ഷണമേവഹന്തി
സര്‍വാപദോ ഭക്തി –
വിനമ്രമൂര്‍ത്തിഭിഃ
കരോതു സാ നഃ –
ശുഭഹേതുരീശ്വരീ
ശുഭാനി ഭദ്രാണ്യ-
ഭിഹന്തു ചാ പദഃ
അന്വയവും അര്‍ത്ഥവുമിങ്ങനെ:
1. യാ ഭക്തി വിനമ്രമൂര്‍ത്തിഭിഃ സംസ്മൃത്യാ തത്ക്ഷണ ഏവ സര്‍വാപദ ഹന്തി = സവിനയമോര്‍മിച്ചാലുടന്‍ തന്നെ സമസ്ത ആപത്തുകളെയും ഒഴിവാക്കും.
2. സാ നഃ ഭദ്രാണി ശുഭാനി കരോതു = ഭദ്രവും ശുഭവുമായതെന്തും ചെയ്യും.
3. ആപദഃ അഭിഹന്തു ച =ത്രിവിധ താപ(ആധി ദൈവികം, ആധി ഭൗതികം, ആധ്യാത്മികം)ങ്ങളെയും ഇല്ലാതാക്കും.
സ്മരണ ഒന്നുമാത്രം മതി, ദേവി എല്ലാ ആപത്തുകളെയും ഒഴിവാക്കിത്തരും. ”ആപദി കിം കരണീയം?” എന്ന ബ്രാഹ്മണന്റെ ചോദ്യത്തിന് സ്മരണീയം ചരണയുഗളമംബായാഃ എന്നാണ് കാക്കശ്ശേരി ഭട്ടതിരി ഉറപ്പായി പണ്ടുപറഞ്ഞത്. താപത്രയങ്ങളകലാനും ദേവീസ്മരണം മതിയാവും.
നമ്മുടെ പുരാണങ്ങളില്‍ പഞ്ചദേവിമാരെ വര്‍ണിക്കുന്നുണ്ട്. ദുര്‍ഗ, ലക്ഷ്മി, സരസ്വതി, സാവിത്രി, രാധ എന്നിവരാണ് അഞ്ചുപേര്‍. പരമാത്മാവിന്റെ സര്‍വശക്തി സ്വരൂപിണിയാണ് ദേവീഭാഗവതത്തില്‍ ദുര്‍ഗ. പരമാത്മാവിന്റെ ശുദ്ധസത്വസ്വരൂപിയാണ് പത്മാദേവിയായ ലക്ഷ്മി. സര്‍വസസ്യാത്മിക എന്ന് വിശേഷിപ്പിക്കുന്നത് ശ്രദ്ധേയം. വൈകുണ്ഠത്തില്‍ മഹാലക്ഷ്മി. സ്വര്‍ഗത്തില്‍ സ്വര്‍ഗശ്രീ, രാജധാനിയില്‍ രാജലക്ഷ്മി, ഗൃഹത്തില്‍ ഗൃഹലക്ഷ്മി. പുണ്യാത്മാക്കളില്‍ കീര്‍ത്തിരൂപയും രാജാക്കന്മാരില്‍ പ്രഭാരൂപയും കച്ചവടക്കാരില്‍ വ്യാപാരശ്രീയും പാപികളില്‍ കലഹബീജവുമാണ് ഭാരതീയാദ്ധ്യാത്മിക സാഹിത്യത്തില്‍ ഈ ദേവത. പരമാത്മസ്വരൂപിണിയും ശുദ്ധസത്വസ്വരൂപിണിയും തന്നെ സരസ്വതി. സരസ്വതീദേവിയുടെ അനുഗ്രഹം ഇല്ലാതെപോയാല്‍ മനുഷ്യരെല്ലാം സംസാരിക്കാന്‍ കഴിവില്ലാത്തവരായിത്തീരുമെന്നും പുരാണം പറയുന്നു.
ബ്രഹ്മതേജസ്സിന് അധിഷ്ഠാന ദേവതയായിരിക്കുന്ന സാവിത്രീദേവി അവര്‍ണനീയയാണ്. ദ്വിജാദിജാതിരൂപിണിയും ജപരൂപിണിയും തപസ്വരൂപിണിയുമാണ് ഈ സാവിത്രീദേവി. ഗായത്രീമന്ത്രം ജപിക്കുന്നവര്‍ക്ക് പ്രിയങ്കരിയും. ഈ ലോകം പരിശുദ്ധമായിത്തീര്‍ന്നിട്ടുള്ളത് ദേവിയുടെ പാദസ്പര്‍ശം ഒന്നുകൊണ്ടുമാത്രം.
പഞ്ചപ്രകൃതികളില്‍ അഞ്ചാമത്തെ രാധാദേവി പഞ്ചപ്രമാണങ്ങളുടെയും അധിദേവതയും പഞ്ചപ്രാണസ്വരൂപിണിയും ആകുന്നു. പണ്ട് ബ്രഹ്മാവ് ഈ ദേവിയുടെ പാദപദ്മം കാംക്ഷിച്ച് അറുപതിനായിരം വര്‍ഷം തപസ്സുചെയ്യുകയുണ്ടായത്രെ. അക്കാലത്ത് ദേവിയെ സ്വപ്‌നത്തില്‍പ്പോലും കാണുവാന്‍ കഴിഞ്ഞില്ല. പിന്നെകരുണാമയിയായ ആ ദേവിതന്നെ വൃന്ദാവനത്തില്‍ ലോകാനുഗ്രഹാര്‍ത്ഥം അവതരിച്ചപ്പോള്‍ അവിടെവച്ചുമാത്രമെ ആ ദേവിയെ എല്ലാവര്‍ക്കും പ്രത്യക്ഷയായിക്കാണാന്‍ കഴിഞ്ഞുള്ളു. രാധാദേവിയുടെ പാദസ്പര്‍ശം മൂലമാണ് ഭാരതം പുണ്യഭൂമിയായത്.
ദേവിമാരോടൊത്തല്ലാതെ ഒരു ദേവനും നമുക്ക് ആരാധ്യനാകുന്നില്ല. പ്രകൃതിയിലൂടെ മാത്രമേ പുരുഷനെ കാണാനാവൂ. പ്രകൃതി നാനാരൂപങ്ങളായി പരിണമിക്കുന്നത്. പുരുഷപ്രചോദനത്താല്‍മാത്രം. നമ്മളിലെല്ലാമുള്ള ചിദാനന്ദാത്മാവാണ് പുരുഷന്‍. ഇക്കണ്ട ജഡപ്രപഞ്ചമാകെ പ്രകൃതിയാണ്. പുരുഷസാന്നിധ്യത്തില്‍ പ്രകൃതി പരിണമിച്ച് പല ദേവതാരൂപങ്ങളാകുന്നു. ദേവീദേവഭേദം ഭാരതീയാധ്യാത്മികചിന്തയിലൊരിക്കലും ഉണ്ടായിട്ടില്ല. രണ്ടും ഒന്നെന്ന തിരിച്ചറിവാണ് ആത്മാനാത്മവിവേകം വേദാന്തഭാഷയില്‍. ഈ അറിവാണ് ആനന്ദം. അതുകൊണ്ടാണ് ശ്രീശങ്കരന്‍ നിത്യാനന്ദമയി എന്ന് ദേവിയെ വിളിച്ചതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക