ദേവീപൂജയ്ക്ക് നാലായിരം വര്‍ഷത്തെ പഴക്കമുണ്ട്. ആധുനിക കാലത്ത് ദേവിയെ ആരാധിച്ചവര്‍ ശ്രീരാമകൃഷ്ണ പരമഹംസനും മഹാകവി സുബ്രഹ്മണ്യ ഭാരതിയും. ഐശ്വര്യവും പരാക്രമവും സ്വരൂപവും സ്വഭാവവുമുള്ളള് ദേവി. ശക്തി, ജ്ഞാനം, സമ്പത്ത്, സമൃദ്ധി, ബലം, ഭഗം, യശസ്സ് ഇവ ചേര്‍ന്നാല്‍ ഭഗവതി. ദേവിയെ നോക്കി ഒരിക്കല്‍ ദേവന്മാരിങ്ങനെ പ്രാര്‍ത്ഥിച്ചു, ”ലക്ഷ്മിയായതും പാര്വതിയായതും ഉമയായതും സരസ്വതിയായതും ഭദ്രയായതും ഭഗവതിയായതും ശക്തിയായതും മുക്തിയായതും എല്ലാം ദേവീ നീ തന്നെയാണ്. അങ്ങനെയുള്ള മഹാദേവീ, ചരാചരീ, പരാശക്തീ, പരമേശ്വരീ ഞങ്ങളെ അനുഗ്രഹിച്ചാലും.” ദേവന്മാര്ക്ക് പിന്നില്‍നിന്ന് നമുക്കും പ്രാര്‍ത്ഥിക്കാം.
പ്രശസ്തങ്ങളായ ദേവീ ക്ഷേത്രങ്ങളിവയാണ്, കല്‍ക്കത്ത – കാളിക്ഷേത്രം, കാശി – വിശാലാക്ഷി ക്ഷേത്രം, മധുര – മീനാക്ഷി ക്ഷേത്രം, കൊല്ലൂര്‍ – ശ്രീ മൂകാംബിക ക്ഷേത്രം, കന്യാകുമാരി – കുമാരീ ക്ഷേത്രം, കൊടുങ്ങല്ലൂര്‍ – ഭദ്രകാളി ക്ഷേത്രം, ചോറ്റാനിക്കര – ദേവീക്ഷേത്രം, ഗന്ധമാദനം – ലളിതാംഗീ ക്ഷേത്രം. നാദരൂപിയായ സൗന്ദര്യത്തിന്റെ അധിദേവതയാണ് ദേവി. ഇച്ഛാജ്ഞാന ക്രിയാശക്തികളുടെ സഞ്ചലനത്താല്‍ നാദം വാചകവും ദ്യോതകവുമായി സ്വരൂപം തേടുന്നു. ബോധത്തിന്റെ ലാവണ്യ ദീപ്തിയാല്‍ സംഗീത സാഹിത്യങ്ങളായി സുപരിണാമം ആര്‍ജിക്കുന്നു. കാലമാകട്ടെ, താളംചേര്ത്ത് നാദപരിമാണങ്ങളൊരുക്കുകയായി.
അനിച്ഛാപൂര്‍വമായി ആകാശത്തിലുണ്ടാവുന്ന നാദം അനാഹതം. സര്‍വസാധാരണമായ പ്രപഞ്ചനാദം ആഹതം. നാദമില്ലാതെ ഗീതമില്ല. ശബ്ദമില്ലാതെ സ്വരങ്ങളില്ല. നാദസഹായമില്ലാതെ നര്ത്തനമില്ല. ത്രിമൂര്‍ത്തികളും പരാശക്തിയും നാദാത്മകരാവുന്നു. രാഗതാളലയസ്വരശ്രുതികളാല് നാദം പ്രപഞ്ചത്തെ വസന്തംപോലെ സേവിക്കുകയായി. വാഗര്‍ത്ഥ സംപൃക്തയായി കാളിദാസനും ചിത്തരഞ്ജിനിയായി നാദതനുമനിശം എന്ന് ത്യാഗരാജനും നാദമാഹാത്മ്യത്തെ അനുഗാനം ചെയ്തിരിക്കുന്നു. ആപാദമധുരവും ആലോചനാമൃതവുമായി സംഗീതമപിസാഹിത്യം എന്ന ചേല്ച്ചൊല്ലും നമ്മുടെ സംസ്കൃതിയുടെ തനിമയിലുണ്ടല്ലൊ.
മനുഷ്യന്റെ അത്ഭുതകരമായ കണ്ടുപിടിത്തം അവന്റെ ആകമാന വ്യവസ്ഥയെ നിയന്ത്രിക്കുകയും സംവിധാനം ചെയ്യുകയും ചെയ്യുന്ന ഭാഷയാണ്. അറിയാനും അറിയിക്കാനും അദ്ധ്യാത്മസാഹിത്യത്തിന്റെ വിജ്ഞാനസാഹിത്യം ജനങ്ങളുടെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടണം. സാധാരണ ഭക്തകോടികള്‍ക്ക് വൈദികസാഹിത്യം അപ്രാപ്യമായത് ഈ വിവര്‍ത്തന പ്രക്രിയയ്ക്ക് കാലമേല്പ്പിച്ച തമസ്കരണം കൊണ്ടാണ്. സര്വയന്ത്രാത്മികയ്ക്കും സര്വമന്ത്രാത്മികയ്ക്കും മധ്യയുഗങ്ങളില്‍ ആദരം
ലഭിക്കാതെപോയെങ്കില് അതിനുകാരണം എഴുതപ്പെട്ട ഭാഷയുടെ മേല്‍ കെട്ടിവച്ച യുക്തിരഹിതമായ വിധിനിഷേധങ്ങളാണ്.
ഉച്ചനീചത്വമില്ലാത്ത ഒരു ഭാഷ. അമ്മയുടെ വാത്സല്യദുഗ്ധത്തിന്റെ ചൂടും ചൂരുമുള്ള ഒരു ഭാഷ. ഈ ഭാഷയുടെ ആദ്യാക്ഷരങ്ങളാവണം മണ്ണിലും മനസ്സിലും വിജയദശമിയില്‍ കുറിക്കേണ്ടത്. സരസ്വതീദേവിയുടെ തുഷാരഹാരധാവള്യം ഈ ഭാഷയുടെ വെണ്മയും ഉണ്മയുമാവണം. കൊല്ലുന്ന ഭാഷയും കൊള്ളുന്ന ഭാഷയും പൊള്ളുന്ന ഭാഷയുമുണ്ടെന്ന തിരിച്ചറിവോടെയാവണമിത്. ഈ ഭാഷ സംഘര്ഷത്തിനാവരുത്. സമന്വയത്തിനാവണം. അങ്ങനെ ഒരു പുത്തന്‍ വചന സംസ്കാരം. അപ്പോള്‍ നാം മന്ത്രിക്കുക: അചിന്ത്യരൂപചരിതേ.. സര്‍വനാദാത്മികേ!
9446442081
പ്രതികരിക്കാൻ ഇവിടെ എഴുതുക: