വര്‍ഗസിദ്ധാന്തത്തില്‍ അധിഷ്ഠിതമായ കമ്മ്യൂണിസം ലോകം കീഴടക്കും. ചൈന, സോവ്യറ്റ് യൂണിയന് തുടങ്ങി ചില ചെങ്കൊടിക്കാരെ ചൂണ്ടിക്കാട്ടി കേരളത്തിലും ചിലര്‍ നീട്ടിപ്പാടി, ‘സോവ്യറ്റ് എന്നൊരു നാടുണ്ടത്രെ, പോകാന്‍ കഴിഞ്ഞെങ്കില്‍ എന്തുഭാഗ്യം.’ എന്നായിരുന്നു അത്. ഇന്ന് സോവ്യറ്റ് യൂണിയന് എന്നൊന്ന് ഇല്ലാതായി. പല രാജ്യങ്ങളായി പിരിഞ്ഞു. വര്‍ഗസിദ്ധാന്തത്തില്‍ ആവേശംകൊണ്ട പ്രാന്തങ്ങള്‍ വര്‍ഗീയ ഭ്രാന്തുപിടിച്ച സ്ഥിതിയായി. ഇത് വിദേശത്ത് മാത്രം സംഭവിച്ച മറിമായങ്ങളല്ല. ഇന്ത്യയുടെ സ്ഥിതിയും മറിച്ചല്ല.
ഇന്ത്യയില്‍ പതിനേഴോളം സംസ്ഥാനങ്ങളില്‍ ശക്തമായ കമ്മ്യൂണിസ്റ്റ് സാന്നിധ്യമുണ്ടായിരുന്നു. കേരളത്തില്‍ ആദ്യമായി കമ്മ്യൂണിസ്റ്റുകാരുടെ ഭരണമെത്തി. തുടര്‍ന്ന് പശ്ചിമബംഗാളിലും ത്രിപുരയിലും. ഇടയ്ക്ക് ആന്ധ്രയില്‍ കമ്മ്യൂണിസ്റ്റുകാര്‍ ഭരണത്തിലെത്തുമെന്ന സ്ഥിതിവന്നു. മുഖ്യമന്ത്രിയാകാന്‍ ദല്‍ഹി പാര്‍ട്ടി ആസ്ഥാനത്തിന്റെ ചുമതലയിലുണ്ടായിരുന്ന പി. സുന്ദരയ്യയെ ആന്ധ്രയിലേക്ക് തിരിച്ചെത്തിച്ചു. പക്ഷെ ഒന്നും സംഭവിച്ചില്ല. ആന്ധ്രയില്‍ ചെങ്കൊടി ഉയര്‍ത്തി വിപ്ലവം പ്രസംഗിച്ച് പടുത്തുയര്‍ത്തിയത് ഇന്ന് മാവോയിസ്റ്റ് സ്വാധീനത്തിലായി. വിനാശം വിതയ്ക്കുന്നവരായി അവര്‍ മാറി. ഇതിനിടയില്‍ 35 വര്‍ഷത്തെ ഭരണത്തില്‍ പശ്ചിമബംഗാളില്‍ ഒരു മാറ്റമുണ്ടാക്കാനും കമ്മ്യൂണിസ്റ്റുകാര്‍ക്കായില്ല. അതിനുമുമ്പ് സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസ് ജനങ്ങളെ മെച്ചപ്പെടുത്തിയതായി കണ്ടില്ല. പകരം പിച്ചക്കാരാക്കിമാറ്റി. തൊഴിലില്ല, പട്ടിണിയാണെങ്കില്‍ വേണ്ടുവോളം ഉണ്ടാക്കുകയും ചെയ്തു. പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങള്‍, ജീര്‍ണിച്ച തെരുവുകള്‍. ഇന്ത്യയില്‍ മുസ്ലീങ്ങള്‍ ഏറ്റവും കൂടുതല്‍ ക്ലേശകരമായ ജീവിതം നയിക്കുന്നത് കമ്മ്യൂണിസ്റ്റ് ഭരണത്തിലും തുടര്‍ന്നുമായിരുന്നു. അത് മാറ്റമില്ലാതെ ഇന്നും തുടരുകയാണ്. എന്നിട്ടും കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മനോഭാവത്തില്‍ മാറ്റമുണ്ടായില്ല. എന്നാല്‍ ജനങ്ങള്‍ നന്നായിമാറി. കമ്മ്യൂണിസ്റ്റുകാരായിരുന്നവര്‍ പശ്ചിമബംഗാള്‍ വിട്ടുമാറിക്കൊണ്ടിരിക്കുന്നു.
കേരളത്തിലെ കെട്ടിടനിര്‍മാണമേഖല അവിടെനിന്നോടിയെത്തിയവരുടെ പണിശാലകളാണ്. വിറകുവെട്ടാനും വെള്ളംകോരാനും മാത്രമല്ല ഹോട്ടലുകളില്‍ പൊറോട്ട അടിക്കാന്‍വരെ ബംഗാളില്‍നിന്ന് എത്തിയവരാണ്. അതില്‍ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിമാരും ലോക്കല്‍ സെക്രട്ടറിമാരുമൊക്കെയുണ്ട്. എന്നിട്ടും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രചരിപ്പിക്കുന്നത് ഇന്ത്യന്‍ മുസ്ലീങ്ങളെ ഇല്ലാതാക്കാന്‍ ബിജെപി ശ്രമിക്കുന്നു എന്നാണ്. അടുത്തിടെ പാര്‍ലമെന്റ് അംഗീകരിച്ച പൗരത്വബില്ലിനെപ്പോലും അംഗീകരിക്കാന്‍ സിപിഎം തയ്യാറാകുന്നില്ല. അതുസംബന്ധിച്ച് തെറ്റായ പ്രചാരണം കടുപ്പിച്ച് വര്‍ഗീയ ചിന്താഗതി വളര്‍ത്താനാണ് സിപിഎം ശ്രമിക്കുന്നത്. സീതാറാം യെച്ചൂരിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത് മറ്റൊന്നല്ല. വര്‍ഗസിദ്ധാന്തം ഉപേക്ഷിച്ചവര്‍ വര്‍ഗീയതയിലേക്ക് അതിവേഗം നീങ്ങുന്നു. യെച്ചൂരി പറയുന്നതിങ്ങനെ:-
”മുസ്ലിങ്ങളെ മാത്രം പുറത്താക്കുമെന്ന് പ്രഖ്യാപിച്ച പൗരത്വ പട്ടികയുടെ ലക്ഷ്യം ഹിന്ദുരാഷ്ട്രം സ്ഥാപിക്കലാണ്. അസമില്‍ 20 ലക്ഷം പേരാണ് പൗരത്വ പട്ടികയില്‍നിന്ന് പുറത്തായത്. ഇതില്‍ നല്ലൊരു പങ്ക് ഹിന്ദുക്കളാണ്. ആഭ്യന്തരമന്ത്രി പറയുന്നത് ഹിന്ദുക്കള്‍ പേടിക്കേണ്ട അവര്‍ക്ക് പൗരത്വം നല്‍കുമെന്നാണ്. മുസ്ലിങ്ങളെ മാത്രമായി പുറത്താക്കുമെന്നാണ്. ഇതിനെതിരായ ആശയപരമായ പോരാട്ടത്തിന് കമ്യൂണിസ്റ്റുകളാണ് നേതൃത്വം നല്‍കേണ്ടത്.” സുര്‍ജിത് ഭവന് ഉദ്ഘാടനം ചെയ്യവെ യെച്ചൂരി തുടര്‍ന്നു.
ഫാസിസം ശക്തിപ്രാപിച്ച വര്‍ത്തമാനകാലത്തില്‍ സുര്‍ജിത്തിന്റെ പേരില്‍ പാര്‍ട്ടി സ്കൂളെന്നത് അനിവാര്യമായ ഒന്നാണ്. സ്വാതന്ത്ര്യഘട്ടത്തില്‍ മൂന്നു ചിന്താധാരകള്‍ തമ്മില്‍ നിലനിന്നിരുന്ന പോരാട്ടം ഇന്നും തുടരുകയാണ്. സ്വതന്ത്ര ഇന്ത്യയുടെ ഘടന എങ്ങനെയാകണം എന്നതിലാണ് മൂന്നു ചിന്താധാരകളും വേറിട്ടുനിന്നത്. ഗാന്ധിജി വിഭാവനംചെയ്ത മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക് എന്നതായിരുന്നു ഒരു ചിന്താധാര. മതേതര ജനാധിപത്യഘടന നിലനിര്‍ത്തണമെങ്കില്‍ രാഷ്ട്രീയ സ്വാതന്ത്ര്യത്തോടൊപ്പം സാമ്പത്തിക സ്വാതന്ത്ര്യം കൂടി വേണമെന്നും സോഷ്യലിസത്തിലൂടെ മാത്രമാണ് ഇത് സാധ്യമെന്നുമായിരുന്നു കമ്യൂണിസ്റ്റ് ചിന്താധാര.
മതാടിസ്ഥാനത്തില്‍ രാഷ്ട്രരൂപീകരണം ലക്ഷ്യമിടുന്നതായിരുന്നു മൂന്നാമത്തെ ചിന്താധാര. ജിന്നയ്ക്കും രണ്ടുവര്‍ഷംമുമ്പ് സവര്‍ക്കര്‍ ദ്വിരാഷ്ട്രവാദമുയര്‍ത്തി. രാജ്യത്തിന്റെ വിഭജനത്തിന് ഇത് കാരണമായി. മതവാദികളാണ് ഗാന്ധിജിയെ വധിച്ചത്. ഇന്നിപ്പോള്‍ അവര്‍ അധികാരത്തിലെത്തും വിധം ശക്തരായി. കോര്‍പ്പറേറ്റ്–വര്‍ഗീയ കൂട്ടുകെട്ടാണ് ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്നത്. മോദി വന്നതുമുതല്‍ തൊഴിലാളികളും കര്‍ഷകരുമെല്ലാം പ്രതിസന്ധിയിലാണ്. അസഹിഷ്ണുതയും വിദ്വേഷവും വര്‍ധിക്കുകയാണ്. പൗരത്വ രജിസ്റ്ററും ജമ്മുകശ്മീരിനെ കീറിമുറിക്കലുമെല്ലാം ഉദാഹരണം. സുപ്രീംകോടതി ആറാഴ്ചത്തേക്ക് ഹര്‍ജികള്‍ മാറ്റിയതോടെ കശ്മീരിലെ ദുരിതസ്ഥിതി തുടരും. യെച്ചൂരി പറഞ്ഞു.
എത്ര വികലമായാണ് യെച്ചൂരി കാര്യങ്ങളെ കാണുന്നതെന്ന് കാണാതിരുന്നുകൂടാ. ഗാന്ധിജി വിഭാവനം ചെയ്തത് രാമരാജ്യമാണെന്ന സത്യം യെച്ചൂരി മറച്ചുവച്ചു. ഇന്ത്യാവിഭജനത്തിന് ഉത്തരവാദിയായ കോണ്‍ഗ്രസുകാരെ വെള്ളപൂശാന്‍ വിഭജനത്തിന് മുന്‍പ് സവര്‍ക്കര്‍ ഉയര്‍ത്തിയ മുദ്രാവാക്യമാണ് വിഭജനത്തിലെത്തിയതെന്ന് പറയുന്നു. ഏതായാലും തന്റെ കക്ഷി പച്ചപിടിക്കുമെന്ന് തറപ്പിച്ചുപറയാനൊന്നും യെച്ചൂരി തയ്യാറായിട്ടില്ല.
പശ്ചിമബംഗാളിനുശേഷം ബിജെപിയുടെ കയ്യിലെത്തിയ ത്രിപുരയില്‍ ഇനി ഒരു തിരിച്ചുവരവും സിപിഎം സ്വപ്നം കാണുന്നില്ല. പഞ്ചായത്തില്‍പ്പോലും മത്സരിക്കാന്‍ ആളെ കിട്ടുന്നില്ല. ഇപ്പോള്‍ കാണുന്ന പേടിസ്വപ്നമാണ് ഉപതെരഞ്ഞെടുപ്പില്‍ ബംഗാളില്‍ കോണ്‍ഗ്രസുമായി ചേരാനുള്ള തീരുമാനം. അവിടെ പരസ്യമായ സഖ്യം കേരളത്തില്‍ രഹസ്യമായ വോട്ടുമറിക്കല്‍. ഒരിക്കല്‍ മഞ്ചേശ്വരത്തും പിന്നീട് തിരുവനന്തപുരത്തും കണ്ടത് അതാണല്ലൊ. ഈ സാഹചര്യം മറികടക്കാന്‍ വര്‍ഗീയതയെ മറയാക്കുന്നത് അവരുടെ സര്‍വനാശം ഉറപ്പാക്കുമെന്ന് ആശ്വസിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: