പ്രകൃതി തന്നെ ഒരു മഹത്തായ പുസ്തകമാണ്. എല്ലാ സിദ്ധാന്തങ്ങളും അതില്‍ പ്രതിപാദിച്ചിരിക്കുന്നു. കാണുന്ന കാഴ്ചകളും അനുഭവങ്ങളും സ്വായത്തമാക്കാന്‍ ഗുരുസാമീപ്യം അനിവാര്യമാണ്. അത് നിറഞ്ഞു തുളുമ്പിയ സന്ദര്‍ഭമായിരുന്നു അത്. എല്ലാവരും തുന്ദിലരായി സന്തോഷം അടക്കിപ്പിടിച്ച് ദീര്ഘനിശ്വാസമിടുന്നു. പൂര്വ്വാനുഭവമുള്ളവരും പുതുപ്രവേശകരും ഉണ്ട്. ഞങ്ങളെയെല്ലാം നയിച്ചുകൊണ്ട് മാര്ഗ്ഗനിര്ദ്ദേശമരുളി ആചാര്യനും കൂടെയുണ്ട്. ആചാര്യന്റെ നിര്‍ദ്ദേശാനുസരണം ആ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കാന്‍ സാധിച്ചാല്‍ ജീവിതം ധന്യമായി.
നടന്ന് നടന്ന് ഏറ്റവും മുകളില്‍ സര്‍വ്വജ്ഞപീഠത്തില്‍. ഗിരിശൃംഗമാണെങ്കിലും സര്‍വ്വജ്ഞപീഠം നിലനില്‍ക്കുന്ന പ്രദേശം വിശാലമായ മൈതാനംപോലെയാണ്. പ്രകൃതി മിനുസമുള്ള പുല്ലിനാല്‍ പരവതാനി വിരിച്ചിരിക്കുന്നു. ഇടയ്ക്കിടയ്ക്ക് മൂര്‍ച്ചയുള്ള കല്ലുകളുമുണ്ട്. ഇത്രയും ദൂരം ഞങ്ങള്‍ നഗ്നപാദരായിട്ടായിരുന്നു യാത്ര. കാലിനടിയില്‍, വിരലിനിടയില്‍ ചെറിയ മുറിവുകള്‍ ഉണ്ട്. അതില്‍ പുല്ലിന്റെ സൂചിപോലുള്ള അറ്റം തട്ടുമ്പോള്‍ നീറുന്നു. എന്നാലും മനസ്സ് സന്തോഷത്തില്‍ത്തന്നെ. എല്ലാവരും സര്വ്വജ്ഞപീഠത്തിനുള്ളിലേയ്ക്ക്. അതിനകത്ത് കുറച്ചുനേരം പ്രാര്‍ത്ഥിച്ച് കണ്ണടച്ചിരുന്നു. ഒരു നവോന്മേഷം കൈവന്നു.
ചുറ്റും തളിര്‍ത്തു പൂത്തു നില്ക്കുന്ന വര്‍ണചിത്രങ്ങള്‍ കോറിയിട്ട കാട്ടുചെടികള്‍. ചെറുകിളികളും ഷഡ്പദങ്ങളും പുഷ്പസാമീപ്യത്താല് ആനന്ദമഗ്നരാവുന്നു. ചെന്നിറത്തിലുള്ള മിനുമിനുത്ത നീളന്‍ പുല്ലുകള്‍ ഉണങ്ങി സ്വര്‍ണ്ണനിറത്തെ പ്രാപിച്ച് തല ചായ്ച്ച് ഭൂമിയില്‍ മെത്തയെന്ന പോലെ വിതാനിച്ചിരിക്കുന്നു.
പണ്ടെങ്ങോ തീര്‍ത്തും കരിങ്കല്ലില്‍ പണിതീര്‍ത്തതാണ് ഈ ഒറ്റ മുറി മാത്രമുള്ള കെട്ടിടം. തീര്‍ത്തും കരിങ്കല്ലില്‍ പണിതിരിക്കുന്നു.
ഇവിടെയെത്തുമ്പോള്‍ ശ്രീമദാദി ശങ്കരാചാര്യ ഭഗവദ്പാദരുടെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെയും ജീവിതത്തെയും ചിന്തിക്കാന്‍ ഇടവരുന്നത് സ്വാഭാവികം മാത്രം. അല്ലാതെന്തു ചിന്തിക്കാന്‍? വാഹനമെത്താത്ത സ്ഥലം. ക്ഷേത്രം പണിതിരിക്കുന്നത് കൊത്തിമിനുക്കിയ വലിയ കരിങ്കല്ലില്‍. മുറ്റവും ഉമ്മറക്കോലായിയും പടികളും എല്ലാം കരിങ്കല്ലില്‍ത്തന്നെ. ആചാര്യസ്മരണ മനസ്സിന്റെ കോലായിലൂടെ ഗീതാഭാഷ്യമായും മറ്റും തത്തിക്കളിക്കുകയാണ്.
ആദി ശങ്കരാചാര്യ ഭഗവദ്പാദര്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെയും ശൃംഗങ്ങളില്‍ മറ്റു സ്ഥലങ്ങളിലും ഇരുന്നു തപസ്സനുഷ്ഠിച്ചിട്ടുണ്ടായിരുന്നെന്നു പറയപ്പെടുന്നു. അക്കാലത്ത് ഇടതൂര്‍ന്ന വനപ്രദേശത്തുകൂടി കാല്‍നടയായി സഞ്ചരിച്ച് ഇവിടെയെത്തി തപസ്സനുഷ്ഠിച്ച ആ മഹാത്മാവിന്റെ മനോദൃഢതയും നിശ്ചയദാര്‍ഢ്യവും വിവരിക്കാന്‍ വാക്കുകള്‍ അശക്യമാണ്. ഇത്രയും കഠിന തപസ്സിന്റെ ഫലമായിട്ടാണ് ആ മഹാത്മാവില്‍നിന്നും നമുക്ക് ശാസ്ത്രഗ്രന്ഥങ്ങള്‍ ലഭിച്ചത്.
വൈകുന്നേരം നേരത്തെ തന്നെ കോടയാല്‍ മൂടപ്പെടും ആ പ്രദേശം മുഴുവനും. ആകാശം താഴെയിറങ്ങിയതായി അനുഭവപ്പെടും. കട്ടിയായ കടുത്ത മേഘക്കൂട്ടങ്ങള്‍ നമ്മളെ തഴുകി വട്ടമിട്ടു കറങ്ങും. പരസ്പരം കാണാന്‍ പറ്റാത്ത സ്ഥിതി വരും. പ്രകൃതിയുടെ ഒരു പഠനരീതിയാണിത്. അജ്ഞാനാവരണങ്ങള് മൂടിയാല്‍ സമീപത്തിരിക്കുന്ന വസ്തുപോലും നമുക്ക് കാണാന്‍ പറ്റാത്ത സ്ഥിതിയിലായിരിക്കും. താന്‍ ഒറ്റയ്ക്കായെന്ന പ്രതീതിയുമുണ്ടാവും. 8943813300
പ്രതികരിക്കാൻ ഇവിടെ എഴുതുക: