ഏഴാമത്തെ മന്വന്തരത്തിലാണ് മഹാവിഷ്ണു വാമനനായി അവതരിച്ചത്. ഈ അവതാരകാലത്ത് മൂന്നടി മണ്ണിനായി മഹാബലിയോട് വാമനന് യാചിച്ചപ്പോള്‍ സന്തോഷപൂര്‍വം തനിക്കുള്ളതെല്ലാം മഹാബലി വാമനനായി സമര്‍പ്പിച്ചു. ആ മഹാനുഭാവന് തന്നെത്തന്നെയും വാമനമൂര്‍ത്തിയായ ത്രിവിക്രമനായി സമര്‍പ്പിച്ചു.
ഇങ്ങനെയുള്ള മഹാബലിക്ക് എന്തുകൊടുത്താലാണ് കൊടുത്തു മതിയാവുക എന്നതായിരുന്നു ഭക്തവല്സലനായ ഭഗവാന്റെ ചിന്ത. സര്‍വസ്വദാനം നടത്തിയ മഹാബലിക്ക് സര്‍വസ്വവും കൊടുത്താലും പകരമാകില്ല. അതിനാല്‍ പുരന്ദരന്‍ എന്ന ഇന്ദ്രനില് നിന്നും ഇന്ദ്രപ്പട്ടം തന്നെ പിടിച്ചു വാങ്ങി മഹാബലിക്ക് കൊടുക്കണമെന്ന് ഭഗവാന് നിശ്ചയിച്ചു.
അതിനായി മഹാബലിയെ സംരക്ഷിച്ചു നിര്‍ത്താനും ഭഗവാന് നിശ്ചയിച്ചു. അസുരന്മാരാകട്ടെ, മഹര്ഷിമാരാകട്ടെ, രാജാക്കന്മാരാകട്ടെ ആര് എന്ത് യാഗാദികള്‍ നടത്തിയാലും അവയെ സംശയദൃഷ്ടിയോടെ നോക്കി നശിപ്പിക്കാന്‍ ശ്രമിക്കുന്നത് പുരന്ദരന്‍ എന്ന ഇന്ദ്രന്റെ പ്രകൃതമാണ്. അതിനാല്‍ ഈ പുരന്ദരന്റെ ദുഷ്പ്രവൃത്തികളില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തണമെന്ന നിശ്ചയത്തോടെയാണ് അടുത്തമന്വന്തരത്തിലേക്കുള്ള ഇന്ദ്രനായി കണ്ട് ഭഗവാനായ വാമനമൂര്‍ത്തി, മഹാബലിക്ക് കാവലാളായി നിന്നത്.
യോളസൗ ഭഗവതാ ബദ്ധഃ
പ്രീതേന സുതലേ പുനഃ
നിവേശിതോളധികേ
സ്വര്ഗാദധുനാസ്തേ സ്വരാധിപഃ
അതിനായി സ്വര്‍ഗത്തേക്കാള്‍ അധികം മഹത്തരമായ സുതലത്തില്‍ സ്വര്‍ഗരാജാവായ ഇന്ദ്രനേക്കാള്‍ ഐശ്വര്യത്തില്‍ ഒരു സിംഹാസനത്തില്‍ ഇരുത്തിയാണ് ഭഗവാന് വാമനമൂര്‍ത്തി കവചമായി നിന്നത്.
എട്ടാം മന്വന്തരത്തില്‍ മഹാബലിയെ സഹായിക്കാനായി പരശുരാമാദികളെ സപ്തര്‍ഷികളായും ഭഗവാന് നിയോഗിച്ചു.
ഗാലവാന്‍, ദീപ്തിമാന്‍, പരശുരാമന്, ദ്രോണസുതനായ അശ്വത്ഥാമാവ്, ബഹുവിധ പണ്ഡിതനായ കൃപാചാര്യര്‍, മഹാതപസ്വിയായ ഋശ്യശൃംഗന്, ബാദരായണനായ ഭഗവാന് വേദവ്യാസന് എന്നിവരെയാണ് സപ്തര്‍ഷികളായി നിയോഗിച്ചത്. എത്രത്തോളം ശ്രദ്ധ ഭഗവാന് മഹാവിഷ്ണു മഹാബലിയുടെ കാര്യത്തില്‍ എടുത്തിരുന്നു എന്ന് ഇതില്‍ നിന്നും വ്യക്തമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: