സ്നേഹം, ഭൂതദയ, കാരുണ്യം, അനുതാപം എന്നിവയെക്കുറിച്ച് മണിക്കൂറുകളോളം സംസാരിക്കാനും അനേകം പേജുകളില്‍ എഴുതാനും ഒരു പക്ഷേ, കഴിഞ്ഞേക്കും. എന്നാല്‍ ഇവയൊക്കെ ഒരാളില്‍ നിറഞ്ഞു നില്ക്കുകയാണെങ്കിലോ? അത്തരമാളിനെ ദൈവം എന്നു വിശേഷിപ്പിക്കും. സ്വതേ ദൈവത്തെ ആരും കണ്ടിട്ടില്ലെങ്കിലും ഇത്തരം വൈശിഷ്ട്യങ്ങളടങ്ങിയ വ്യക്തിയെ സങ്കോചലേശമില്ലാതെയാണ് ദൈവമെന്ന് വിശേഷിപ്പിക്കുന്നത്. അത്തരം ദൈവതുല്യനായ ഒരു വ്യക്തിയുടെ നൂറാം ജന്മദിനമാണ് നാളെ. തികഞ്ഞ മനുഷ്യ സ്നേഹിയും സംഘാടകനും ജീവിതം സമാജ സേവയ്ക്കായി ഉഴിഞ്ഞുവെച്ചയാളുമായ ഭാസ്കര്‍ റാവു കളംബിയെന്ന സ്വര്‍ഗീയ കെ. ഭാസ്കര്‍ റാവുവിന്റെ നൂറാം പിറന്നാള്‍ കൊച്ചിയിലെ ഭാസ്കരീയം കണ്വെന്ഷന് സെന്ററില്‍ വിപുലമായി ആഘോഷിക്കുകയാണ്. സമാജസേവയുടെ ഉത്തമ ഉദാഹരണമായ ഭാസ്കര്‍ റാവുവിന്റെ ജീവിതം മഹാത്മാഗാന്ധിയുടെ ജീവിതം പോലെ തന്നെ ഒരു സന്ദേശമായാണ് പ്രവര്‍ത്തകര്‍ കരുതുന്നത്.
മ്യാന്മറില് ജനിച്ച് മുംബൈയില്‍ പഠിച്ച് പ്രകാശമാനമായ ജോലിയില്‍ പ്രവേശിച്ച് മറ്റുള്ളവരെപ്പോലെ ജീവിക്കാന്‍ കഴിയുമായിരുന്ന ആ പൊലിമയേറിയ വ്യക്തിത്വം സാമൂഹിക ജീവിതത്തിലെ പരുക്കന്‍ യാഥാര്‍ഥ്യങ്ങളിലേക്ക് സധൈര്യം നടന്നു കയറുകയായിരുന്നു. ഗാന്ധിജിയുടെയും ദീന്‍ദയാല്‍ ഉപാധ്യായയുടെയും പ്രതീക്ഷാഭരിതമായ പ്രവര്‍ത്തനപദ്ധതിയുടെ ചൂടും ചൂരും അറിഞ്ഞ ഭാസ്കര്‍ റാവു രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കര്‍മഭടനായി തീരാനാണ് ആഗ്രഹിച്ചത്. മുംബൈ സെന്റ് സേവ്യേഴ്സ് കലാലയത്തില്‍ നിന്ന് പ്രശസ്തമാം വണ്ണം നിയമബിരുദമെടുത്ത ഭാസ്കര്‍ റാവു തന്റെ കര്‍മ മണ്ഡലം തിരിച്ചറിയുകയും കേരളം അതിന്റെ തട്ടകമാക്കി സ്വയം ഏറ്റെടുക്കുകയുമായിരുന്നു.
ആര്‍എസ്എസ് പ്രചാരകനായി അദ്ദേഹം കേരളത്തിലെത്തുമ്പോള്‍ വിരലിലെണ്ണാന്‍ മാത്രമുള്ള ശാഖകളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. തികഞ്ഞ എതിര്‍പ്പും കടുത്ത ആക്രമണങ്ങളും ഉള്‍പ്പെടെ കഠിനകണ്ടകാകീര്‍ണമായ പാത യായിരുന്നു. തന്റെ നിശ്ചയദാര്‍ഢ്യവും സ്വതസ്സിദ്ധമായ പെരുമാറ്റവും വശീകരണാത്മകമായ പുഞ്ചിരിയുമായി അദ്ദേഹം വാസ്തവത്തില്‍ കേരളത്തിന്റെ ഹൃദയത്തിലേക്കു തന്നെയാണ് നടന്നു കയറിയത്. അവിടെ അദ്ദേഹത്തെ വാരിപ്പുണരുന്ന അനുഭവമുണ്ടായി. ഇന്നത്തെപ്പോലെ ഗതാഗത സംവിധാനങ്ങളും മറ്റ് വാര്‍ത്താവിനിമയ ഏര്‍പ്പാടുകളും ഇല്ലാത്ത കാലത്ത് ഇപ്പോഴത്തേതിനേക്കാള്‍ ജനങ്ങളുമായി അദ്ദേഹം ബന്ധപ്പെട്ടു. പ്രവര്‍ത്തകരെ ഉത്സാഹശാലികളും അഭിമാനികളുമാക്കി ജനഹൃദയങ്ങളില്‍ ഇടം പിടിക്കുന്ന തരത്തിലേക്ക് വളര്‍ത്തിയെടുത്തു.
ഭാസ്കര്‍ റാവു മികച്ച പ്രഭാഷകനായിരുന്നില്ല, പണ്ഡിതനായിരുന്നില്ല, ഗ്രന്ഥകാരനായിരുന്നില്ല, എഴുത്തുകാരനായിരുന്നില്ല. എന്നാല്‍, എത്രയെത്രയോ പ്രഭാഷകരെ അദ്ദേഹം വാര്‍ത്തെടുത്തു. ഗ്രന്ഥകാരന്മാരെ, എഴുത്തുകാരെ, അഭിഭാഷകരെ, പത്രപ്രവര്‍ത്തകരെ… അങ്ങനെയങ്ങനെ സമൂഹത്തിന്റെ ഏതു മേഖലയിലും കിടപിടിക്കത്തക്കവിധം പ്രവര്ത്തകന്മാരുടെ കൂട്ടത്തെത്തന്നെ ആ മനീഷി വളര്‍ത്തിയെടുത്തു. അനിതരസാധാരണമായ ഒരു ഇടപഴകലായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ വൈശിഷ്ട്യം. ആരെയും ഹഠാദാകര്‍ഷിക്കുന്ന തരത്തില്‍ പെരുമാറുകയും സംഘടനാതാല്പ്പര്യങ്ങളുടെ തെളിമയിലേക്ക് അവരെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്യുന്ന ഒരു മാന്ത്രികവിദ്യ ഭാസ്കര്‍ റാവുവിനെ വേറിട്ടു നിര്‍ത്തുന്ന സ്വഭാവ വിശേഷമാണ്.
ഗോകുലത്തിലെ ഓരോരുത്തര്‍ക്കും ഉണ്ണിക്കണ്ണന് അവരുടെ മാത്രമാണെന്ന വിശ്വാസമായിരുന്നത്രെ. കാരണം, ഓരോരുത്തരോടും കൃഷ്ണന്റെ ഇടപഴകല്‍ അങ്ങനെയായിരുന്നു. സാമൂഹിക പ്രവര്‍ത്തനത്തില്‍ ഭാസ്കര്‍ റാവുവും അതേ സവിശേഷത നിലനിര്‍ത്തി എന്നതാണ് അത്ഭുതകരം! ഓരോരുത്തര്‍ക്കും ഭാസ്കര്‍ റാവു അവരുടെ മാത്രം ഗുരുഭൂതനായി, വഴികാട്ടിയായി, പ്രവര്‍ത്തനോര്‍ജമായി, ജീവിത പ്രകാശമായി മാറി. അതിനാല്‍ത്തന്നെ കേരളത്തിലെ ഏതു കുഗ്രാമത്തിലുമുള്ളവര്ക്ക് ഭാസ്കര്‍ റാവുവിനെ അറിയാം. ഏതെങ്കിലുമൊരവസരത്തില്‍ അവര്‍ അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടുണ്ടാവും. ആ ഓര്‍മകള്‍ ഒരിക്കലും ഭാസ്കര്‍ റാവുവില്‍ നിന്ന് വിട്ടു പോയിട്ടുമുണ്ടാവില്ല. ഒരിക്കല്‍ കണ്ടവരെയും അവരുടെ ജീവിത പശ്ചാത്തലത്തെയും എന്നും വിശദമായി ഓര്‍ത്തുവെക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അതിന്റെ ഏറ്റവും മിഴിവാര്‍ന്ന തെളിവാണ് നാളെ കൊച്ചിയിലെ ഭാസ്കരീയത്തില്‍ നടക്കുന്ന സ്നേഹ സംഗമം. സമൂഹത്തിലെ ദുര്‍ബ്ബലരോടും അടിസ്ഥാന വര്‍ഗങ്ങളോടുമുള്ള അദ്ദേഹത്തിന്റെ കരുതല്‍ അപാരമായിരുന്നു. വനവാസി വികാസ കേന്ദ്രവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അതിന്റെ നിദര്‍ശനമാണ്.
ഒന്നുമില്ലാത്തിടത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനുള്ള കഴിവ് ഭാസ്കര്‍ റാവുവിന് ദൈവത്തിന്റെ വരദാനമായിരുന്നു എന്നു തന്നെ പറയേണ്ടി വരും. ഇന്ന് പടര്‍ന്നുപന്തലിച്ച് സമൂഹത്തിനു താങ്ങും തണലുമായി നില്ക്കാന് ആര്‍എസ്എസ്സിനു കഴിഞ്ഞതിന്റെ നേര്‍ചിത്രം പരിശോധിച്ചാല്‍ അവിടെ തേജോമയനായ ഭാസ്കര്‍ റാവുവിന്റെ ചിത്രം കാണാനാവും. അടിവേരു ശക്തിപ്പെടുത്തി ഈ മഹാവൃക്ഷത്തെ വളര്‍ത്തിയെടുത്ത ദൈവ സ്പര്‍ശമുള്ള ആ വത്സലവ്യക്തി തികഞ്ഞ ശുഭാപ്തിവിശ്വാസക്കാരനായിരുന്നു. ആരിലെ തിന്മയിലേക്കും നോക്കാതെ അവരിലെ ഇത്തിരിപ്പോന്ന നന്മയെ പ്രോജ്ജ്വലിപ്പിച്ച് തിന്മയില്ലാതാക്കുകയായിരുന്നു രീതി. അദ്ദേഹത്തിന്റെ സാന്ത്വന പരിചരണങ്ങള്‍ കിട്ടാത്ത മുന്‍ തലമുറയിലെ പ്രവര്ത്തകന്മാര് തുലോം കുറവായിരിക്കും. പ്രവര്‍ത്തകന്മാരോടും ഈ നാടിനോടും ഭാസ്കര്‍ റാവുവിന്റെ അങ്ങേയറ്റത്തെ സ്നേഹം കൊണ്ടാണ് അന്ത്യനിമിഷം പോലും ഈ മണ്ണില്‍ മതിയെന്ന് തീരുമാനിച്ചത്. ആദിശങ്കരനും ശ്രീനാരായണ ഗുരുദേവനും ഉള്‍പ്പെടെയുള്ള പരശ്ശതം പുണ്യാത്മാക്കളുടെ ഓര്‍മകള്‍ പച്ച പിടിച്ചു നില്ക്കുന്ന പരിപൂതമായ മണ്ണില്‍ അദ്ദേഹം വിലയം പ്രാപിച്ചത് ഈ നാടിനു വേണ്ടി തന്നെ, ഇവിടുത്തെ പ്രവര്‍ത്തകര്‍ ഒപ്പം വേണമെന്ന് കരുതിക്കൊണ്ടു തന്നെ. ആ സ്നേഹമൂര്‍ത്തിക്ക് ഹൃദയാഞ്ജലി നേരുമ്പോള്‍ ഭാസ്കര്‍ റാവു ഏല്‍പ്പിച്ചു പോയ ദൗത്യം നിറവേറ്റാന്‍ ആയിരക്കണക്കിനു പ്രവര്ത്തകരുണ്ടാവട്ടെ എന്നാശംസിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: