”ഗാന്ധിജി തെക്കേ ആഫ്രിക്കയിലെ കറുത്തവര്‍ക്ക് രണ്ട് പല്ലുദാനംചെയ്തു. ശേഷിച്ച പല്ലുകള്‍ ഇന്ത്യക്കും. സ്വന്തം ജീവന് രാജ്യത്തിന് ബലികഴിച്ചു. അഹിംസയാണ് ഗാന്ധി,” തൊണ്ണൂറ്റി മൂന്നു പിന്നിട്ട മഹാകവി അക്കിത്തത്തിന്റെ ഓര്‍മകള്‍ക്ക് ഗാന്ധിജിയുടെ മുത്തച്ഛന് ചിരിയും കണ്‍തെളിവും. കട്ടിക്കണ്ണടയിലൂടെ അകലേയ്ക്ക് നോക്കി, ഓര്‍മയില്‍നിന്ന് ആ കാലം അദ്ദേഹം പുതുക്കിയെടുത്തു.
”1942ല്‍, ഗാന്ധിജിയും നെഹ്റുവും ജയപ്രകാശും മറ്റും ബോംബെയില്‍ അറസ്റ്റിലായെന്ന വിവരം അറിഞ്ഞു. ഞാനന്ന് ഹൈസ്കൂള്‍ വിദ്യാര്‍ഥി, കുമരനല്ലൂര്‍ (പാലക്കാട്) സ്കൂളില്‍. ക്ലാസിലേക്ക് മാഷ് വന്നപ്പോള്‍ ഞാന്‍ മാത്രം നില്‍ക്കുകയാണ്. മാഷ് കാരണം ചോദിച്ചു. ഗാന്ധിജിയെ അറസ്റ്റുചെയ്തുവെന്ന് ഞാന്‍. അതിനു നമുക്കെന്താ? എന്ന് മാഷ്. ഗാന്ധിജി ഇന്ത്യയുടെ ആത്മാവാണ്. ഞങ്ങള്‍ പ്രതിഷേധ പ്രകടനം നടത്താന്‍ പോവുകയാണ്. എങ്കില്‍ ക്ലാസ് വിട്ടുപോകണമെന്നായി മാഷ്. ഞാന്‍ ക്ലാസ് മുറി വിട്ടു. പിന്നാലേ കുട്ടികളെല്ലാം. ക്ലാസ്സില്‍ ആരുമില്ലാതായി. ഞങ്ങള്‍ ദേശീയപതാകയേന്തി പുതിയങ്ങാടിയില്‍ നിന്ന് നടന്നു. പൊന്നാനി വരെയോ അതോ വട്ടംകുളംവരെയോ എന്ന് നിശ്ചയമില്ല. രണ്ടുനാലു നാഴികയെങ്കിലും നടന്നു. രാഷ്ട്രീയം അറിയാതെ ചെയ്ത അന്നത്തെ പ്രവൃത്തിയോര്‍ത്താവണം കവി കുലുങ്ങിച്ചിരിച്ചു.
കുറച്ചു നേരത്തെ മൗനത്തിനുശേഷം പറഞ്ഞു, അഹിംസയാണ് ഗാന്ധിയുടെ തത്ത്വം. ഒരു ജീവനെയും നശിപ്പിക്കാന്‍ പാടില്ല എന്നാണ്. അതിനുള്ള അവകാശം മനുഷ്യനില്ല. നമ്മള് ഒരു കൊതുകിനെ കൊല്ലുന്നു. അതുപോലെ കൊതുകിന് നമ്മെ കൊല്ലാനുള്ള അധികാരം ഉണ്ട്. പക്ഷേ, ആ അധികാരം ഉപയോഗിക്കാന്‍ ആവുന്നില്ല എന്നേയുള്ളു. സാര്‍വത്രികമായ ആ ജീവകാരുണ്യമാണ് ഇന്ത്യയുടെ ആത്മാവായും ലോകത്തിന്റെ ആത്മാവാക്കിയും ഗാന്ധിജി വളര്‍ത്തിക്കൊണ്ടുവന്നത്.
കരംചന്ദ്
കര്‍മ ചന്ദ്രന് തന്നെ
അക്കിത്തം തുടരുന്നു, ഗാന്ധിജി ജനിച്ചത് കര്‍മ ചന്ദ്രനായാണ്. കരംചന്ദ് എന്നായിരുന്നു പേര്. കര്‍മ ചന്ദ്രന്‍തന്നെ. കര്‍മം ചെയ്ത് കര്‍മം ചെയ്ത് ധര്‍മസൂര്യനായി, ലോകം മുഴുവന്‍ വ്യാപിച്ചു. കര്‍മം ധര്‍മമായി വികസിച്ചു. ഗാന്ധിജി സ്വജീവിതംകൊണ്ട് നേടിയത് ഈ ധര്‍മ സൂര്യത്വമാണ്.
ഗാന്ധിജി അക്കിത്തത്തില്‍ കുട്ടിക്കാലത്തേ പ്രവേശിച്ചിരുന്നു. അതിന്റെ നിയോഗമിങ്ങനെ, അക്കിത്തത്തിന് അഞ്ചോ ആറോ വയസുള്ളപ്പോഴാണ് ഗാന്ധിജി ഒരിക്കല്‍ കേരളത്തില്‍ വന്നത്. ”പട്ടാമ്പിയില്‍ വന്ന് അവിടെനിന്ന് ഗുരുവായൂരിലേക്ക് പോയി. ചേട്ടനും മറ്റും കാണാന്‍ പോയി. അവര്‍ വിവരിച്ചതിലൂടെ കേട്ടും കണ്ടുമേ പരിചയമുള്ളൂ പക്ഷേ, ആകാശവാണിയില്‍ ഗാന്ധി ദര്‍ശനം എന്ന പരിപാടി മുപ്പതു വര്‍ഷം ഞാനാണ് തയാറാക്കിയത്. അതിനുമുമ്പ് പി.സി. കുട്ടികൃഷ്ണന് (ഉറൂബ്). അങ്ങനെ ഗാന്ധിജിയെ മുഴുവന്‍ പഠിച്ചു. ഫെലോഷിപ്പ് പഠനത്തിന്റെ ഭാഗമായാണ് ധര്‍മസൂര്യന്‍ ഖണ്ഡകാവ്യം എഴുതിയത്.(ഗാന്ധിതത്ത്വം ഇങ്ങനെ ഏതാനും വാക്യത്തില്‍ സമഗ്രമായി എന്നാല്‍, അതിസൂക്ഷ്മമായി അവതരിപ്പിക്കുന്ന കവിയുടെ സര്‍ഗവൈഭവം ധര്‍മസൂര്യന്‍ എന്ന ഖണ്ഡകാവ്യത്തില്‍ കാണാം. കേന്ദ്ര സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിലെ സീനിയര്‍ ഫെലോഷിപ്പ് അക്കിത്തത്തിന് ഒരുതവണ കിട്ടി. ഗാന്ധിജിയെക്കുറിച്ച് പഠിച്ചും നിരീക്ഷിച്ചും കാവ്യം എഴുതുകയായിരുന്നു വ്യവസ്ഥ. കുറുക്കിക്കുറുക്കി അനുഷ്ടുപ്പ് വൃത്തത്തില്‍ എഴുതിയ നാനൂറോളം ശ്ലോകങ്ങള്‍. അത് ഗാന്ധിജിയുടെ വിശാല ജീവിതത്തിന്റെ സത്തയാണ്. എന്റെ സത്യാന്വേഷണ പരീക്ഷണ കഥയും ഗാന്ധിജിയുടെ ഡയറിയും തുടങ്ങി വിശാലമായ ഗാന്ധി ജീവിതം ആറ്റിക്കുറുക്കിയ കാവ്യം. )
ഗാന്ധിജിയുടെ ജീവിതവും ഓര്‍മയുമായി ബന്ധപ്പെട്ട ഏറെക്കുറേ എല്ലാ സ്ഥലങ്ങളിലും പോയിട്ടുണ്ട് അക്കിത്തം. ജന്മദേശമായ പോര്‍ബന്തറില്‍ പോയി. സന്ദര്‍ശകര്‍ക്ക് കാണാനും തൊട്ടുനിറുകില്‍ വയ്ക്കാനുമായി അവിടെ അവിടെ പില്ക്കാലത്ത് രണ്ട് ശിലകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഞാനും അതു തൊട്ട്തലയില്‍ വച്ചു. അടുത്തായിരുന്നു കസ്തൂര്‍ബയുടെ വീടും. എട്ടാം വയസില്‍ വിവാഹിതരായി. എത്രയോ വര്‍ഷം കഴിഞ്ഞാണ് വിവാഹം എന്താണെന്നും എന്തിനാണെന്നും പോലും അവര്‍ മനസിലാക്കിയത്.
ഗാന്ധിജി തെളിഞ്ഞു
തന്നെ നില്ക്കും
ഇന്ത്യ എങ്ങനെയാവണം എന്തുകൊണ്ട് ആകുന്നില്ല എന്നകാര്യത്തില്‍ 1985-ലെ ഗാന്ധി പീസ് ഫൗണ്ടേഷന് യോഗത്തില്‍ അക്കിത്തം വായിച്ച ലേഖനമുണ്ട്. സ്വര്‍ണപാത്രംകൊണ്ട് സത്യം മൂടിവെക്കാന്‍ ആവില്ല, അതുപോലെ ഗാന്ധിജി തെളിഞ്ഞുതന്നെനില്‍ക്കും. രാജ്യത്ത് മതത്തിന്റെ പേരില്‍ നടക്കുന്ന അസഹിഷ്ണുതയും അസ്വസ്ഥതയും ഇല്ലാതാകാന്‍ മതപരിവര്‍ത്തനങ്ങള്‍ ഇല്ലാതാകണമെന്ന് ഗാന്ധിജി പറഞ്ഞു. പക്ഷേ, അത് അധികാരികള്‍ കേട്ടില്ല നടപ്പാക്കിയില്ല. നിങ്ങള്‍ ഏതു മതത്തില്‍ ആയാലും അത് വിട്ട് മറ്റൊന്നിലേക്ക് പോകാന്‍ ആവില്ല. അത് മതങ്ങളുടെ സ്വാതന്ത്ര്യമോ അസ്വാതന്ത്ര്യമോ എന്താണെന്നുവെച്ചാല്‍ അതാണ്. അങ്ങനെയാണ് ഗാന്ധിജി പറഞ്ഞത്. അത് ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിയണം പക്ഷേ, അത് സര്‍ക്കാരുകള്‍ കേട്ടില്ല.
ശാന്തിനികേതനില്‍ കണ്ട ഒരു കാഴ്ച എന്നെ അത്ഭുതപ്പെടുത്തിയെന്ന് പറയുന്നു അക്കിത്തം. എന്റെ ഉള്ളില്‍ത്തട്ടി. അവിടെ പ്രസിദ്ധ ശില്പി രാംകിങ്കര്‍ ബൈജ് സ്ഥാപിച്ച പ്രതിമയുണ്ട്, ഗാന്ധിജി ഒരു മനുഷ്യ തലയോട്ടിയില്‍ കാല് ചവിട്ടി നില്ക്കുന്നു. ഞാന്‍ അതിശയപ്പെട്ടു നിന്നു. അഹിംസാവാദിയായ ഗാന്ധിജി മനുഷ്യ തലയോട്ടിയില്‍ കാല്‍വച്ച് നില്ക്കുന്നു! അത് ഒരു പ്രതീകമാണ്. ആര്‍ക്കും എങ്ങനെയും വ്യാഖ്യാനിക്കാവുന്ന കല. ധര്‍മസൂര്യനില്‍ ആ കാഴ്ചയും പ്രതിമയും വിഷയമായിട്ടുണ്ട്.
കല്‍പ്പാന്തകാലത്തോളം
മഹാത്മാവ്
പലവഴിക്ക് ഗാന്ധിജി അക്കിത്തത്തിലുണ്ട്. അതിലൊന്ന് ഇടശേരി വഴിയാണ്. കവിതയെഴുത്തില് ഗുരുവായ കവി ഇടശ്ശേരി തികഞ്ഞ ഗാന്ധിയനായിരുന്നു. അടിമുടി ഗാന്ധിയന്‍. ”ജീവിതത്തെക്കുറിച്ച് സാരമായി ചിന്തിച്ചവരില്‍ എനിക്ക് പരിചിതന്‍ ഗാന്ധിജി മാത്രമാണ്. അതുകൊണ്ട് എന്റെ ജീവിതത്തില്‍ വളര്‍ച്ചയെന്ന് വിശേഷിപ്പിക്കാവുന്ന വല്ല പരിവര്‍ത്തനവും ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനുള്ള പ്രേരണ മറ്റൊരാളില്‍ നിന്ന് ആവാന്‍ വഴിയില്ല,” എന്നാണല്ലോ കവി ഇടശ്ശേരി ഗോവിന്ദന് നായര്‍ പറഞ്ഞത്. ഗാന്ധിതത്ത്വങ്ങള്‍ അക്കിത്തത്തിന്റെ ജീവിതത്തിലും കവിതയിലും ആത്മപ്രഭമായി. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം മുന്നോട്ടുവയ്ക്കുന്ന ദര്‍ശനവും ഗാന്ധി തത്ത്വം ആണല്ലോ.
സാമൂഹ്യ ജീവിതത്തില്‍ തന്നെ സ്വാധീനിച്ച കേളപ്പജി എന്ന കെ. കേളപ്പനില്‍ നിന്ന് ഗാന്ധിയെ ഉള്‍ക്കൊണ്ടതും അക്കിത്തം പറയുന്നു. ഞാന്‍ കേളപ്പജിയുമായി ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്, ഉണ്ടുറങ്ങിയിട്ടുണ്ട്. പാകം ചെയ്ത് കൊടുത്തിട്ടുണ്ട്. അങ്ങനെയാണ് അദ്ദേഹത്തോടൊപ്പം സര്‍വോദയ പ്രവര്‍ത്തനത്തില്‍ എത്തുന്നത്. വടക്കേ മലബാറില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ താമസിച്ചിട്ടുണ്ട്. നേരില്‍ കാണാന്‍ ചെന്ന ദിവസം, അദ്ദേഹം വീട്ടുമുറ്റത്ത് സ്വയം കിണര്‍ കുഴിക്കുകയായിരുന്നു. ആദ്യം അതിശയിച്ചു, ഇതാണോ കേളപ്പനെന്ന്. കര്‍മം ഗാന്ധിജിയില്‍ നിന്ന് പഠിച്ച ആളായിരുന്നുവല്ലോ അദ്ദേഹം.
ഇപ്പോള്‍ അക്കിത്തം ധരിച്ചിരിക്കന്ന ഒറ്റമുണ്ടും തോളിലെ കുറിമുണ്ടും ഖാദിയാണെന്ന് മക്കള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ഒരു ഗാന്ധിച്ചിരികൂടി.
സംഭാഷണത്തിന് തുടക്കത്തില്‍ അക്കിത്തം ചോദിച്ചു, ‘ഗാന്ധിജയന്തിക്ക് എന്താണ് പ്രത്യേകത? എല്ലാവര്‍ഷവും ഇല്ലേ?’
ഈവര്‍ഷം നൂറ്റമ്പതാമത്തേതാണ്’
‘അതിനെന്താ? അടുത്തത് 151 ആകും. അതിങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കും ‘
മഹാത്മാവും ആ ജീവിതവും ദര്‍ശനങ്ങളും കല്‍പ്പാന്തകാലത്തോളം എന്ന വലിയ ചിന്ത പറയാതെ പറയുകയായിരുന്നു മഹാകവി.
നമസ്കാരം, നമസ്കാരം
ആനന്ദമയകോശമേ
ധര്‍മസൂര്യനില്‍ ഗാന്ധിജിയെ ശ്രീകൃഷ്ണനായാണ് അക്കിത്തം കാണുന്നത്. ധര്‍മ സംസ്ഥാപനമായിരുന്നു ഇരുവരുടെയും ലക്ഷ്യം. കര്‍മത്തിനായിരുന്നു ആഹ്വാനം. ശങ്കയില്‍ നിന്ന് ജനസമൂഹത്തെ നയിക്കുകയായിരുന്നു ഇരവരും. ഒടുവില്‍ വേടന്റെ ഒളിയമ്പേറ്റായിരുന്നു ശ്രീകൃഷ്ണമോക്ഷം. ഗാന്ധിജിക്ക് വെടിയുണ്ട ആയിരുന്നു എന്ന് വ്യത്യാസം. അത്യുജ്വലമായ ഗാന്ധിദര്‍ശനം കാവ്യത്തില്‍ അക്കിത്തം ഇങ്ങനെ ഈരടിയാക്കുന്നു:
”അമ്പുകളെയ്യുന്നതേ പാപമാണെന്നാലൊളി-
യമ്പുപോലൊടുങ്ങാത്ത പാപമില്ലൊന്നും വേറേ,”
കാവ്യം ഇങ്ങനെ അവസാനിക്കുന്നു; അതില്‍ ഗാന്ധിസാര രസം മുഴുവനുണ്ട്.
”ധര്‍മസൂര്യ, ഭവാന് മാത്രം
സത്യസൗന്ദര്യ ശക്തികള്‍
ഞാനില്ലാദ്യന്തങ്ങളില്ലീ സ്നേഹ മോക്ഷപ്രദീപ്തിയില്‍
വടപത്രത്തിലെക്കാല്‍പ്പൂന്തേനീമ്പും ബ്രഹ്മസാരമേ
നമസ്കാരം, നമസ്കാരം ആനന്ദമയകോശമേ” എന്ന്. മഹാപ്രളയജലത്തില്‍ ആലിലയില്‍ കാല്‍വിരലുണ്ട് കിടക്കുന്ന ശ്രീകൃഷ്ണനെ, എക്കാലത്തും ഏതു പ്രതിസന്ധിയിലും ശേഷിക്കുന്ന പ്രതീക്ഷയായി ഗാന്ധിയെ സമന്വയിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: