വീരപരിവേഷത്താല്‍ നായകനായും പ്രതിനായകനായും അരങ്ങില്നിറഞ്ഞാടി ആസ്വാദകരെ തൃപ്തിപ്പെടുത്തി ഒരുജന്മം. ശ്രദ്ധേയമായ അരങ്ങുകളില്‍ പച്ചയും കത്തിയുമായി വന്നുചേര്‍ന്നു. കോട്ടയ്ക്കല്‍ പിഎസ്വി നാട്യസംഘത്തിലൂടെ വളര്‍ന്ന് ഒട്ടേറെ നാടുകളിലും മറുനാടുകളിലും കഥകളിയുമായി സഞ്ചരിച്ച കോട്ടയ്ക്കല്‍ ചന്ദ്രശേഖരന് ആസ്വാദകര്‍ക്ക് പ്രിയപ്പെട്ടവനാണ്. കെട്ടിക്കാഴ്ചയില്‍ കൃഷ്ണന്‍നായരാശാന്റെ പൊലിമ അവകാശപ്പെടുവാന്‍ ഒരാളേ ഉണ്ടായിരുന്നുള്ളൂ. അത് ചന്ദ്രശേഖരവാരിയരാണ്. രാവണനും കീചകനും ദുര്യോധനനും നരകാസുരനും ശിശുപാലനുമായി കത്തിവേഷത്തിന്റെ ഗാംഭീര്യത്തിലും, നളനും ബാഹുകനും ധര്മപുത്രരും അര്‍ജ്ജുനനും ഭീമനും ബലഭദ്രനും തുടങ്ങിയ പച്ചവേഷവും വാരിയരാശാന്റെ പ്രശസ്തങ്ങളായതുതന്നെ.
തിരക്കേറിയ നടന് എന്ന് പൊതുവെ പറയപ്പെടുന്ന ആശാന് വീട്ടില്‍ ഇരിക്കുന്ന ദിവസം ലോകത്ത് ഒരിടത്തും കളിക്ക് വിളക്കു വയ്ക്കില്ലത്രേ. കഥകളിയുമായി ഇദ്ദേഹം അത്രയ്ക്ക് വളര്‍ന്നുകഴിഞ്ഞു. വില്ലനും വീരനുമായി അണിഞ്ഞൊരുങ്ങി വരുമ്പോള്‍ അത്രയ്ക്ക് സൗന്ദര്യം ആരിലും കാണാന്‍ കഴിഞ്ഞെന്നുവരില്ല. ഓരോ അരങ്ങ് കഴിയുമ്പോഴും പൂര്‍ണ്ണതയിലെത്തി എന്നുപറയാന്‍ ആശാന് സമ്മതിക്കില്ല. സമയത്തിന്റെ വിലയെക്കുറിച്ച് നല്ല ധാരണയുള്ള നടനാണ് നമുക്കിടയില്‍നിന്ന് വേര്‍പെട്ടുപോയത്. ഇനിയുമേറെ ആടിത്തീര്‍ക്കാനുള്ള ഒരുക്കം വാരിയരില്‍ കിടപ്പുണ്ടായിരുന്നു.
ആസ്വാദകരെ തൃപ്തിപ്പെടുത്തുവാനുള്ള എന്തെങ്കിലും ഒരു പൊലിമ അരങ്ങിന് സമ്മാനിച്ചാവും യാത്രകള്‍ എന്നുപറയേണ്ടതില്ല. തികഞ്ഞ അഭ്യാസംപോലെതന്നെ പരിശീലിപ്പിക്കാനും ഇദ്ദേഹത്തിനറിയാം. തിരനോട്ടംമുതല് കഥാപാത്രമായിവരുന്ന തികഞ്ഞ നടനെ ആസ്വാദകര്‍ക്കും തൃപ്തിയാണ്. ശുദ്ധമനസ്സിനുടമയായിരുന്നു. അബദ്ധങ്ങളില്‍ പശ്ചാത്തപിക്കുവാനും, എല്ലാവരോടും നന്നായി പെരുമാറുവാനും ഇദ്ദേഹത്തിന് അറിയാം. കൊച്ചുകുട്ടികളേയും വലിയവരേയും തരംതിരിവില്ലാതെയാണ് സമീപിക്കുക. അണിയറയിലെ സഹായികള്‍ മുതല്‍ സംഘാടകര്വരെ എല്ലാവര്ക്കും ഇദ്ദേഹം പ്രിയങ്കരനായിരുന്നു. ഇത് മറ്റാര്‍ക്കും ഇല്ലാത്തതുതന്നെയാണ്.
കോട്ടയംകഥകള്‍ അടക്കമുള്ള ചിട്ടപ്രധാനമായ കഥകള്‍ അനായാസം ചെയ്തുതീര്‍ക്കുവാനുള്ള കഴിവ് ആശാനില്‍ നിറഞ്ഞുനിന്നു. കത്തി വേഷത്തിന്റ അലര്‍ച്ചകള്‍ ദിഗന്തങ്ങള്‍ കുലുങ്ങുന്നവ തന്നെ. സമയത്തിന്റെ വിലയെക്കുറിച്ച് തികഞ്ഞ ബോധമുള്ളവര്‍ ഈ രംഗത്ത് കുറവുതന്നെയാണ്. സഹപ്രവര്ത്തകര്ക്കുകൂടിയുള്ള അരങ്ങുകള്‍ അപഹരിക്കുവാന്‍ അദ്ദേഹം ശ്രമിക്കാറില്ല.
തിരക്കേറിയ ഒരു ട്രൂപ്പ് നയിക്കുവാന്‍ അനായാസം കഴിഞ്ഞ പ്രധാനാദ്ധ്യാപകനായിരുന്നു. കേരളത്തില്‍ തലങ്ങുംവിലങ്ങും യാത്ര ചെയ്ത് സ്വന്തംനിലയ്ക്കും നാട്യസംഘമായും എന്നും യാത്രതന്നെയായിരുന്നു. രാമന്‍കുട്ടി ആശാനെപ്പോലെയുള്ളവര്ക്ക് അണിയറസഹായി ആവാനും സമയം കണ്ടെത്തിയിരുന്നു. ശാരീരികമായി വയ്യാതെ ഒരുവര്‍ഷത്തിലേറെയായി വിശ്രമത്തിലായിരുന്നു. എല്ലാംമാറി പൂര്‍ണ്ണ സുഖപ്രാപ്തിയില്‍ അരങ്ങില്‍ പ്രത്യക്ഷപ്പെടുവാന്‍ ഏറെ കൊതിച്ചിരുന്നു ആശാന്. അപ്പോഴാണ് ഒരറിയിപ്പുമില്ലാതെ മരണം തിരനീക്കിവന്നത്. കഥകളി രംഗത്ത് വലിയ ബുദ്ധിജീവിയൊന്നുമായിരുന്നില്ല എങ്കിലും സ്വയം പാകപ്പെടുത്തിയെടുത്ത് കീര്‍ത്തിമാനായി. കത്തിവേഷത്തിന്റെ അമരംകാണേണ്ടതുതന്നെയാണ്. നാട്യസംഘത്തിന്റെ നെടുംതൂണായിനിന്ന് വലിയൊരു ശിഷ്യവൃന്ദത്തെ വളര്‍ത്തിയെടുത്ത് കേരളത്തിന്റെ അഭിമാനമായിത്തീര്‍ന്ന ശേഖരവാരിയര് വേറിട്ട വ്യക്തിത്വമാണ്. എല്ലാ കലാകാരന്മാരേയും അടുത്തറിയുകയും, അവര്‍ക്കെല്ലാം ഉപദേശങ്ങള്‍ കൊടുക്കുവാനും അവരോടൊപ്പം നില്ക്കുവാനും ഇതുപോലൊരാളെ കണ്ടെന്നുവരില്ല. പ്രശസ്തനായ ആചാര്യന്മാര്ക്കൊപ്പം അരങ്ങുപരിചയം സിദ്ധിച്ചതിന്റെ മുതല്‍ക്കൂട്ട് ആശാന്റെ സമ്പാദ്യത്തില്‍ നിറഞ്ഞുനിന്നിരുന്നു. ബഹുമതികളും അംഗീകാരങ്ങളും അദ്ദേഹത്തെത്തേടി എത്തിയിരുന്നത് ഗുരുത്വംകൊണ്ടും കലയോടുള്ള അര്പ്പണബുദ്ധിയാലുമാണ്.
സ്ത്രീവേഷം കെട്ടി അരങ്ങില്‍ വന്നാല്‍ മഹാരാജ്ഞി തന്നെയായിരുന്നു. രാജാവും വില്ലനും സുന്ദരബ്രാഹ്മണനും എല്ലാമായിത്തീര്ന്നിരുന്ന മഹാനായ നടനെ ജഗദീശ്വരന് കൊണ്ടുപോയി. സ്വര്‍ലോക സദസ്സിനെ തൃപ്തിയാക്കുവാന്‍ വേണ്ടിയാകും. പിഎസ്വി നാട്യസംഘത്തിന്റെ പര്യായമായി തിളങ്ങിനിന്നിരുന്ന വാരിയരാശാന്‍ ഏവര്‍ക്കും ശേഖരേട്ടനായിരുന്നു. ആ സമ്പൂര്‍ണ്ണ തേജസ്സിനു മുന്പില് തിലോദകമര്പ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: