ഹിന്ദു സമൂഹത്തില്‍ വിശിഷ്യാ കേരളത്തില്‍, നിലനിന്നിരുന്ന ജാത്യാചാരങ്ങള്‍ അര്‍ത്ഥശൂന്യവും അനുചിതവുമാണെന്ന സാരോപദേശം നല്കാന് സൃഷ്ടിക്കപ്പെട്ടതാണ് പറയിപെറ്റ പന്തിരുകുലത്തെക്കുറിച്ചുള്ള ഉദാത്തമായ ഐതിഹ്യം. ഈ ഐതിഹ്യത്തേയും വികലമായി പുനഃസൃഷ്ടിച്ച് മതേതരവല്‍ക്കരിക്കാനുള്ള ഉദ്യമത്തിലെ ഒരദ്ധ്യായമായി വേണം 15-09-2019 ലെ ‘മാതൃഭൂമി’ വാരാന്തപ്പതിപ്പില്‍ ‘ഇവര്‍ പുഴപോലെ ഒഴുകി മറഞ്ഞവര്‍’ എന്ന ആലങ്കോടു ലീലാകൃഷ്ണനെഴുതിയ ലേഖനത്തെ വിലയിരുത്താന്‍.
ബ്രാഹ്മണന് വരരുചിയുടെയും പറയി പഞ്ചമിയുടെയും കുട്ടികളെ ”ബ്രാഹ്മണന് മുതലുള്ള ജാതിക്കാര്‍ക്കായി കിട്ടുകയും അവര്‍ കൊണ്ടുപോയി വളര്‍ത്തുകയും ചെയ്തു”വെന്ന് കൊട്ടാരത്തില്‍ ശങ്കുണ്ണി ‘ഐതിഹ്യമാല’യില്‍ പറയുമ്പോള്‍ ലീലാകൃഷ്ണന് എഴുതിയിരിക്കുന്നത് ”മക്കളൊക്കെ പലവിധ മത-ഗോത്രങ്ങളില്‍ വളര്‍ന്നവര്‍” എന്നാണ്. ജാതികളില്‍നിന്ന് മത-ഗോത്ര വിഭാഗങ്ങളിലേക്കുള്ള ‘ദൂരം’ കണക്കുകൂട്ടിക്കൊണ്ടുള്ള ബോധപൂര്‍വമായ ഒരഭ്യാസം ലേഖകന്‍ നടത്തിയിരിക്കുന്നു.
‘ചരിത്രത്തിന്റെ അടിവേരുകള്‍’ എന്ന ഗ്രന്ഥത്തില്‍, ഈ പന്ത്രണ്ടുപേരില്‍ മേഴത്തൂര്‍ അഗ്നിഹോത്രിയും രജകനും വായില്ലാ കുന്നിലപ്പനും വടുതല നായരും തിരുവരങ്ങത്തു പാണനാരും നാറാണത്തു ഭ്രാന്തനും എന്നിങ്ങനെ ആറുപേര്‍ ഹിന്ദുക്കളും, അകവൂര്‍ ചാത്തനും പാക്കനാരും ശാക്തേയ മതക്കാരും, ഉളിയന്നൂര്‍ തച്ചനും ഉപ്പുകൊറ്റനും ക്രിസ്ത്യാനികളും, വള്ളോന്‍ ബുദ്ധമതക്കാരനും കാരക്കല്‍ മാതാ ജൈനമതക്കാരിയുമാകുന്നുവെന്ന് കേസരി ബാലകൃഷ്ണപിള്ള പ്രസ്താവിച്ചത് ഉദ്ധരിച്ചശേഷം നിളാ തീരത്തെ വിശ്വാസങ്ങളില്‍ പക്ഷേ, പെരുന്തച്ചന് ആശാരിയും ഉപ്പുകൊറ്റന് ഇസ്ലാമും രജകന്‍ അലക്കുകാരന്റെ കുലവും കാരക്കല്‍ മാതാ നായര്‍ ഇടപ്രഭു വംശങ്ങളുടെ മാതൃസ്ഥാനവുമാണ്. വടക്കാഞ്ചേരിക്കടുത്തുള്ള അകമല ശാസ്ത്രാ ക്ഷേത്രത്തോടനുബന്ധിച്ച് വൈശ്യവൃത്തിയായിരുന്നു അകവൂര്‍ ചാത്തനെന്നുമുണ്ട് വിശ്വാസം എന്നും പറയുന്നു, ലീലാകൃഷ്ണന്.
കേസരിയെ സാമ്പത്തികമായി സഹായിക്കണമെന്നുള്ള വിദ്യാഭ്യാസമന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരിയുടെ ആഗ്രഹമാണ് ‘ചരിത്രത്തിന്റെ അടിവേരുകള്‍’ എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിനു ഹേതുവായതെന്നും, അദ്ദേഹത്തിന്റെ ചരിത്രഗവേഷണ പദ്ധതിയിലെ ദൗര്‍ബല്യങ്ങള്‍ ആര്‍ക്കും കണ്ടുപിടിക്കാവുന്നതേയുള്ളൂവെന്നും പുസ്തകത്തിന്റെ അവതാരികയില്‍ വ്യക്തമാക്കപ്പെട്ടിട്ടുള്ളതുമായ സ്ഥിതിക്ക് അതിന്റെ ‘പ്രശസ്തി’യെക്ക്റിച്ച് കൂടുതലൊന്നും കുറിക്കുന്നില്ല. ശാക്തേയ മതം ഹിന്ദുധര്‍മത്തിന്റെ ഭാഗമല്ലെന്ന് കേസരി സിദ്ധാന്തിച്ചാല്‍ അതു ശാസ്ത്രമാകുമോ? വൈദികവും അവൈദികവുമായ സമ്പ്രദായങ്ങളുടെ(മതങ്ങളുടെ) ആകെത്തുകയാണ് ഹിന്ദുമതം എന്നു വ്യവഹരിക്കപ്പെടുന്ന ഹിന്ദുധര്‍മം. തങ്ങള്‍ ഹിന്ദുക്കളല്ലെന്ന് ശാക്തേയ സമ്പ്രദായക്കാര്‍ അവകാശപ്പെടുന്നില്ല. ഒരേ കുടുംബത്തില്‍തന്നെ ശൈവനേയും ശാക്തേയനേയും വൈഷ്ണവനേയും വേദാന്തിയേയും കണ്ടെത്താനും കഴിഞ്ഞേക്കാം. ഈ യാഥാര്‍ത്ഥ്യം നിഷേധിക്കാന്‍ കെല്‍പ്പുള്ളവര്‍ ഹിന്ദുഗണത്തില്പ്പെടുന്നവര് ആരെല്ലാമാണെന്നും, അവരെങ്ങനെയാണ് ഭൂരിപക്ഷമതമായിത്തീരുന്നതെന്നും വിശദീകരിക്കേണ്ടതുണ്ട്.
പന്തിരുകുല സന്തതികള്‍ മുഴുവന്‍ വിഷ്ണുവിന്റെ അവതാരങ്ങളാണെന്ന് കൊട്ടാരത്തില്‍ ശങ്കുണ്ണി പറയുമ്പോള്‍ ചില്ലറ വ്യത്യാസത്തോടെ അവരെല്ലാം വിഷ്ണുവിന്റെ അംശമായ അനന്തന്റെ അവതാരങ്ങളായി കേസരിയും അംഗീകരിക്കുന്നു. അപ്പോള്‍ വൈഷ്ണവാതാരങ്ങളോ അംശങ്ങളോ ആയവരില്‍ ചിലര്‍ മുസ്ലിമും ക്രിസ്ത്യാനികളും മറ്റുമായി മതം മാറുകയാണോ ചെയ്തത്? മാത്രമല്ല, ഈ അഹിന്ദുക്കളും അഗ്നിഹോത്രിയുടെ ഇല്ലത്ത് ആണ്ടുതോറും ശ്രാദ്ധത്തിനായി ഒത്തുകൂടിയിരുന്നുവെന്നും വിശ്വസിക്കണമോ? ഉപ്പുകൊറ്റന് ക്രിസ്ത്യാനിയാണെന്ന വാദം വാതംപിടിച്ചതാണെന്ന് ഭംഗ്യന്തരേണ സൂചിപ്പിക്കുന്ന ലീലാ കൃഷ്ണന് ഉളിയന്നൂര്‍ തച്ചന് (പെരുന്തന്‍) ക്രിസ്ത്യാനിയല്ലെന്ന് അറിയാമെങ്കിലും അക്കാര്യം തമസ്കരിക്കുകയാണ്.
പ്രൊഫസര്‍ എസ്. ഗുപ്തന് നായര്‍ നിരീക്ഷിക്കുന്നു. ”കേസരി പറയിപെറ്റ പന്തിരുകുലത്തെ അന്വേഷിച്ചു പോയിപ്പോയി പലരെ ഒന്നാക്കിയും ഒന്നിനെ പലതാക്കിയും പ്രദര്‍ശിപ്പിക്കുന്ന ബുദ്ധിവ്യായാമങ്ങള്‍ നമ്മില്‍ അമ്പരപ്പുളവാക്കും. വരരുചിയും കുമാരില ഭട്ടനും സുകുമാര കവിയും ഒരാളാണെന്നും, ഉളിയന്നൂര്‍ പെരുന്തച്ചനാണ് കാനായി തൊമ്മനെന്നും മറ്റും കേസരി ഗൗരവമായി പറയുമ്പോള്‍ ചരിത്രം കാടുകയറുകയാണെന്ന് പറയാതെ തരമില്ല. കേരളത്തിലെ മഹാക്ഷേത്രങ്ങള്‍ പണിയാന്‍ തച്ചുശാസ്ത്രത്തിന്റെ കൊടുമുടി കയറിയ മഹാശില്പ്പികളുടെ നാട്ടിലെങ്ങും മൂത്താശാരിമാര്‍ ഇല്ലായിരുന്നുവെന്നും, എങ്ങാണ്ടുനിന്ന് ഒരു കാനായി തൊമ്മന് വരേണ്ടിവന്നുവെന്നും സര്‍വ സമുദായ മൈത്രിക്കുവേണ്ടി പറയുന്നതില്‍ വലിയ വൈരുദ്ധ്യമുണ്ട്.” (ചരിത്രത്തിന്റെ അടിവേരുകള്‍-അവതാരിക പുറം. 12)
ഇതേ പുസ്തകത്തില്‍ നിന്ന് ചില ഭാഗങ്ങള്‍ ലേഖനത്തില്‍ ചേര്‍ത്ത വിദ്വാന് ഈ നിരീക്ഷണം കാണാതെ പോയെന്ന് അനുമാനിക്കാനാകുമോ? ”അകവൂര്‍ ചാത്തന് വൈശ്യനും ഉപ്പുകൊറ്റന് ഇസ്ലാമുമാണെന്ന വിശ്വാസത്തിന് യാതൊരടിസ്ഥാനവുമില്ലെ”ന്ന് ഐതിഹ്യമാല ചൂണ്ടിക്കാട്ടുന്നതും (പുറം 82)ആലങ്കോടന്റെ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ നിര്‍വാഹമില്ല. രജകന്‍ എന്ന വാക്കില്‍ തന്നെ തൊഴിലിന്റെ പ്രകൃതം കുടികൊള്ളുമ്പോള്‍ അത് അലക്കുകാരന്റെ കുലമാണെന്ന് ഇദ്ദേഹം എടുത്തുകാണിച്ചിട്ടുള്ളതിന്റെ സാംഗത്യം നിഗൂഢമാകുന്നു.
കാരക്കല്‍ മാതാവിന്റെ വിഷയത്തിലെ പാഠഭേദം തുടക്കത്തിലേ നല്കിയിട്ടുള്ളതുകൊണ്ട് ഇനി അവശേഷിക്കുന്നത് ‘ബുദ്ധമത’ക്കാരനാണ്. വള്ളുവനെന്ന പദത്തിന് ശാക്യന്‍ എന്നും, രാജാവിന്റെ കര്‍മ്മത്തലവന്‍ എന്നും രണ്ട് അര്‍ത്ഥങ്ങള്‍ ‘തിവാകര നികണ്ടു’ എന്ന ചെന്തമിഴ് നിഘണ്ടുവില്‍ കൊടുത്തിട്ടുണ്ട് എന്നുപറഞ്ഞ് ശാക്യന്‍ ബുദ്ധമതക്കാരനാണെന്നും ബൗദ്ധ-ന്യായ ശാസ്ത്രജ്ഞന് ധര്മകീര്ത്തിയാണ് പന്തിരുകുലത്തിലെ വള്ളോന്‍ എന്നുമാണ് കേസരിയുടെ സിദ്ധാന്തം. (പരാമൃഷ്ട ഗ്രന്ഥം, പുറം 114). ശാക്യനെന്നാല് ബുദ്ധന് എന്ന് മാത്രമല്ല, ശാക്യ വംശത്തില്‍ പിറന്നവനെന്ന അര്‍ത്ഥവും ശബ്ദതാരാവലിയിലുണ്ട്. അതായത് ശാക്യവംശ ജാതനായതിനാല്‍ ബുദ്ധന് ശാക്യനാകുന്നു എന്നു സാരം. പക്ഷേ ഇ.എം.എസ്, നമ്പൂതിരി ജാതിയില്‍ പിറന്നതുകൊണ്ട് നമ്പൂതിരിമാരെല്ലാം മാര്‍ക്സിസ്റ്റുകളാണ് എന്നു വാദിക്കുന്നതിനു തുല്യമാണ് ശ്രീബുദ്ധന് ശാക്യവംശത്തില്‍ പിറന്നതിനാല്‍ ശാക്യന്മാരെല്ലാം ബുദ്ധമതക്കാരാണെന്നു ശാഠ്യം പിടിക്കുന്നത്. മുകളില്‍ സൂചിപ്പിച്ച ധര്‍മ്മകീര്‍ത്തിയാണ് തിരുവള്ളുവരെന്നും, അതുകൊണ്ട് വള്ളുവരും ബുദ്ധമതക്കാരനാണെന്നു നിരൂപിക്കുന്ന കേസരി, തിരുവള്ളുവര്‍ സംസ്കൃത കവിയുമായിരുന്നുവെന്ന് അംഗീകരിക്കുന്നുവെങ്കിലും ”തിവാകര നികണ്ടു നല്കുന്ന വെളിച്ചത്തില്‍ ഇദ്ദേഹത്തെ വൈദിക ഹിന്ദുവും വൈഷ്ണവനും ജയിനനുമാക്കുന്ന ആധുനിക പണ്ഡിതരുടെ അഭിപ്രായങ്ങള്‍ ശരിയല്ലെ”ന്ന് ഖണ്ഡിച്ചു പറയുന്നതും (പുറം 114) വിചിത്രമാണ്. ഒരേ നിഘണ്ടുവില്‍ തനിക്കു യോജിക്കുന്നതു ശരിയും യോജിക്കാത്തതു തെറ്റും!
പ്രതികരിക്കാൻ ഇവിടെ എഴുതുക: