കൊച്ചി: പിറവം പള്ളിത്തര്‍ക്കത്തില്‍ റോഡില്‍ കുര്‍ബാന നടത്തിയ ശേഷം യാക്കോബായ വിഭാഗം പ്രതിഷേധത്തില്‍. യാക്കോബായ വിഭാഗത്തിന് നീതി ലഭിക്കണമെന്ന് വിശ്വാസികള്‍ പ്രതിഷേധ റാലി നടത്തി. ഓര്‍ത്ത്‌ഡോക്‌സ് വിഭാഗം പിറവം സെന്റ് മേരീസ് പള്ളിയില്‍ പ്രവേശിച്ച് പ്രാര്‍ത്ഥന നടത്തിയതില്‍ പ്രതിഷേധിച്ച് യാക്കോബായ വിഭാഗം റോഡില്‍ കുര്‍ബാന നടത്തിയത്.
യാക്കോബായ വിഭാഗം വൈദികന്റെ നേതൃത്വത്തിലാണ് റോഡില്‍ കുര്‍ബാന നടത്തിയ ശേഷം പ്രതിഷേധ റാലിയുമായി വിശ്വാസികള്‍ മുന്നോട്ട് പോകുന്നത്. ശക്തമായ പ്രതിഷേധം നടക്കുന്നുണ്ടെങ്കില്‍ അവരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ഹൈക്കോടതി ജില്ലാഭരണകൂടത്തോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പള്ളിയുടെ ഭാഗത്ത് നിന്നും മാറിയാണ് പ്രതിഷേധ റാലി നടത്തുന്നത്.
പള്ളിവിട്ടുകൊടുക്കാന്‍ തയ്യാറല്ല, നീതി ലഭിക്കണം, മനുഷ്യാവകാശ ലംഘനമാണ് ഇപ്പോള്‍ നടക്കുന്നത് മൃതദേഹം പോലും അടക്കാന്‍ അനുവദിക്കുന്നില്ലെന്നും ഇത് നീതി നിഷേധമാണെന്നുമാണ് യാക്കോബായ വിഭാഗം ആരോപിക്കുന്നത്. നിയമനടപടികളുമായ വീണ്ടും മുന്നോട്ട് പോകുമെന്നും യാക്കോബായ വിഭാഗം പറയുന്നു. തങ്ങള്‍ വര്‍ഷങ്ങളായി ആരാധന നടത്തുന്ന ദൈവാലയം വിട്ടു നല്‍കാന്‍ കഴിയില്ലെന്നാണ് വിശ്വാസികള്‍ പറയുന്നത്.
ഓര്‍ത്ത്‌ഡോക്‌സ് വൈദികന്റെ കാര്‍മികത്വത്തിലാണ് ഓര്‍ത്ത്‌ഡോക്‌സ് വിഭാഗം കുര്‍ബാന നടത്തിയത്. പള്ളിയില്‍ കുര്‍ബാന നടത്താന്‍ ഹൈക്കോടതി ഇന്നലെ ഓര്‍ത്ത്‌ഡോക്‌സ് വിഭാഗത്തിന് അനുമതി നല്‍കിയിരുന്നു. പള്ളി പരിസരത്ത് കര്‍ശ്ശന പോലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇനി ഒരു ഉത്തരവുണ്ടാകും വരെ കളക്ടര്‍ക്കായിരിക്കും പള്ളിയുടെ നിയന്ത്രണം. പള്ളി ഏറ്റെടുത്തു എന്ന് കാണിച്ച് കളക്ടര്‍ ഇന്നലെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം പ്രാര്‍ത്ഥനക്കെത്തിയ ഓര്‍ത്ത്‌ഡോക്‌സ് വിഭാഗത്തെ പള്ളിയില്‍ കയറാന്‍ യാക്കോബായ വിഭാഗം അനുവദിക്കാഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.
















