ഗോ രക്ഷ ദേശ രക്ഷ
‘ഓം കൃഷ്ണ’ പാല് കവറിന്റെ പുറത്തെ വാചകമാണിത്. കുളമ്പു രോഗനിവാരണത്തിന് കേരള സര്‍ക്കാരിന്റെ മുദ്രാവാക്യമിതായിരുന്നു. ഈ വാചകത്തിന്റെ അര്‍ത്ഥവ്യാപ്തിയറിഞ്ഞാണ് അന്തിക്കാട്ട് പഴങ്ങാപ്പറമ്പില്‍ നാരായണേട്ടന് തന്റെ ഡയറിയുടെ പാല് കവറില്‍ ഈ വാചകം ഉള്‍പ്പെടുത്തിയത്.
ഭാരതീയന് ‘ഗോ’ മാതാവാണ്. അന്നവും ആശയും ഊട്ടി പരിപാലിക്കുന്നവള്‍. ഭൂമിയുടെ ഉപരിതല ജൈവാവസ്ഥയെ സംരക്ഷിക്കാന്‍ കഴിയുന്ന മൃഗം. പ്രകൃതി സംരക്ഷണത്തിനായി പ്രകൃതിയുടെ ദാനമാണ് പശു. നാടന്‍ പശുക്കള്‍ക്ക് മാത്രമാണ് സൂര്യപ്രകാശത്തിലെ ഊര്‍ജ്ജം സ്വീകരിക്കാന്‍ കഴിയുന്നത്. അയവെട്ടലിലൂടെ ഭക്ഷണത്തിലെ വിഷാംശം ഇല്ലാതാക്കി സൂര്യനില്‍ നിന്നുള്ള ഊര്‍ജ്ജം വിസര്‍ജ്ജ്യത്തില്‍ ലയിപ്പിക്കുന്നു. ചാണകം ഭൂമി തത്വവും ഗോമൂത്രം വായുതത്വവും പാല് ജലതത്വവും മോര് ആകാശ തത്വവും നെയ്യ് അഗ്നി തത്വവുമാണ്. പഞ്ചഭൂത തത്വത്തിലധിഷ്ഠിതമായ പ്രപഞ്ചത്തോട് ഇത്രയധികം ചേര്‍ച്ചയുള്ള മറ്റൊരു ജീവജാലം ഭൂമിയിലില്ല. ഇതുതന്നെയാണ് പശുക്കളുടെ മഹത്വം. പഞ്ചഭൂതങ്ങളുടെ സന്തുലനാവസ്ഥയിലുള്ള വ്യതിയാനമാണ് പ്രകൃതിക്കും മനുഷ്യനും നാശമുണ്ടാക്കുന്നത്. ഇത് പരിഹരിക്കാന്‍ പശുവിന് കഴിയും.
മികച്ച ആദായം ലഭിക്കുന്നതിനാല്‍ ക്ഷീരകര്‍ഷകരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നുണ്ടെങ്കിലും പശുവിന്റെയും പാലുല്‍പ്പന്നങ്ങളുടെയും മേന്മ അറിയുന്നവര്‍ ചുരുക്കം. ഗോ സംരക്ഷണം പ്രകൃതി സംരക്ഷണമാണെന്ന് അന്തിക്കാട് പഞ്ചായത്തിലെ മുക്കാട്ടുകര ദേശത്തെ നാരായണ്‍ നമ്പൂതിരിപ്പാടിനറിയാം. ഗോ രക്ഷ സേവനമാക്കി മികച്ച പാലുല്‍പ്പന്നങ്ങളുടെ വിപണനത്തിലൂടെ ദേശരക്ഷയും അദ്ദേഹം പ്രാവര്‍ത്തികമാക്കി. നിത്യച്ചെലവിനുപോലും കഷ്ടപ്പെട്ടിരുന്ന ഒരവസ്ഥയില്‍നിന്ന് 90 ലക്ഷം രൂപയുടെ പാല് സംസ്കരണ ശാലയാണിന്ന് ഓം കൃഷ്ണ.
പ്രത്യക്ഷമായും പരോക്ഷമായും കേരളത്തിലേയും അന്യസംസ്ഥാനങ്ങളിലേയും 400 കുടുംബങ്ങളുടെ അത്താണിയാണ് നാരായണേട്ടന്. കേരളത്തിലെ നാല്‍പ്പതോളം ക്ഷീരകര്‍ഷകരുടെ വഴികാട്ടി. ഭാര്യ ശ്രീലതയാണ് അദ്ദേഹത്തിന്റെ കരുത്ത്. ബിസിനസുകാരനായല്ല, ഗോ സേവകനായാണ് നാരായണേട്ടന് പറഞ്ഞു തുടങ്ങിയത്…. പശുവളര്‍ത്തല്‍ ഒരു സേവനമാണ്. അവര്‍ക്കു വേണ്ട സമയത്ത് തീറ്റ കൊടുക്കുക, കുളിപ്പിക്കുക, പാല് കറക്കുക തുടങ്ങിയവ ചെയ്യുമ്പോള്‍ പശുവിനെ നമ്മള് അനുസരിക്കുകയാണ്. ഇത് സേവന മനോഭാവം വളര്‍ത്തും. പരസ്പരം സ്നേഹിക്കാനും ചിരിക്കാനും മറക്കുന്ന ഈ കാലത്ത് പശു എന്ന സാധുജീവി തരുന്ന സന്ദേശം വളരെ വലുതാണ്. അതിനാല്‍ പരസ്പരം സ്നേഹിക്കുന്ന ജനങ്ങളുള്ള നാട്ടില്‍ അവര്‍ രാജ്യത്തിന്റെ രക്ഷക്കായി നിലകൊള്ളുന്നൂ. അങ്ങനെയും ദേശരക്ഷ സംഭവിക്കുന്നു. നമ്മുടെ നാടിന്റെ അടിസ്ഥാനം കൃഷിയാണ്. കൃഷിയില്ലാതെ നാടിന് നിലനില്‍പ്പില്ല. എന്നാല്‍ ആ കൃഷിയുടെ അടിസ്ഥാനം പശുവാണ്. ഏതൊരു വ്യക്തി പശുവളര്‍ത്തല്‍ ഉപജീവന മാര്‍ഗമായി കാണുന്നുവോ ആ വ്യക്തി രക്ഷപ്പെടുമ്പോള്‍ കുടുംബവും, ആ കുടുംബങ്ങള്‍ രക്ഷപ്പെടുമ്പോള്‍ രാജ്യവും രക്ഷപ്പെടും.
”പാരമ്പര്യമായി താന്ത്രിക കുടുംബമാണ് ഞങ്ങളുടേത്. എനിക്ക് ഇലക്ട്രിക്കല്‍ മേഖലയോടായിരുന്നു കമ്പം. കേരളത്തിനു പുറത്ത് ചുരുങ്ങിയ കാലം തൊഴില്‍ ചെയ്തു. വലിയ സമ്പാദ്യമൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ശേഷം നാട്ടില്‍ ഒരു അരി മില്ല് തുടങ്ങി. വന്‍ വിജയമായിരുന്നു അത്. പണ്ട് മുതലേ പശുക്കളോട് വലിയ ഇഷ്ടമായിരുന്നു. മില്ലില്‍ നിന്നു കിട്ടിയ ലാഭത്തിന്റെ ഒരു വിഹിതം പശുക്കളെ വാങ്ങാന്‍ ചെലവാക്കി. ആദ്യകാലത്ത് നഷ്ടമായിരുന്നു കൂടുതല്‍. കാലാവസ്ഥയും ഭക്ഷണവും ഉല്‍പ്പാദനത്തെ ബാധിച്ചു. പാലിന്റെ ഏറ്റക്കുറച്ചില്‍ വില്‍പ്പന നഷ്ടമാക്കി. പാല് തൈരാക്കാന്‍ തുടങ്ങി. അര ലിറ്ററിന്റെ പാക്കറ്റിലാക്കി സീല്‍ ചെയ്ത് കടകളില്‍ കൊടുത്തു. ഗുണമേന്മ മനസ്സിലാക്കിയതോടെ ആവശ്യക്കാര്‍ ഏറെയായി. അതോടുകൂടി പാല്‍വില്‍പ്പന പൂര്‍ണ്ണമായും നിര്‍ത്തി. പാല് മുഴുവന്‍ തൈരും നെയ്യും സംഭാരവുമായി 1997-ല്‍ ഓം കൃഷ്ണ എന്ന പേരില്‍ വിപണിയില്‍ എത്തിച്ചു. ക്ഷേത്രാവശ്യങ്ങള്‍ക്കും മരുന്നുകള്‍ക്കും വേണ്ടി ശുദ്ധമായാണ് നെയ്യ് നിര്‍മ്മിക്കുന്നത്. കേരളത്തിന്റെ പല ഭാഗങ്ങളിലും നെയ്യിന് ആവശ്യക്കാര്‍ ഏറെയാണ്. റംസാന്, പെരുന്നാള്‍ മാസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ നിന്ന് വളരെയധികം ഓര്‍ഡറുകള്‍ കിട്ടുന്നു.
ഇന്നത്തെ ക്ഷീരകര്‍ഷകര്‍ ക്ഷീണിതരാണ്. അവര്‍ മാത്രമല്ല, പശുക്കളും ക്ഷീണിതരാണ്. ഒരു കര്ഷകന് അതിരാവിലെ മൂന്നിന്് ഉണരണം. പ്രാഥമിക കാര്യങ്ങളും കറവയും കഴിയുമ്പോള്‍ സമയം 6.30. വേഗം പാല് കൊടുക്കാനായി പുറത്തുപോകും. തിരിച്ചെത്തി പശുവിന്റെ മറ്റു കാര്യങ്ങള്‍ കഴിയുമ്പോഴേക്കും രണ്ടാമത്തെ കറവയ്ക്ക് സമയമാകും. ഭക്ഷണം പോലും കഴിക്കാതെ അതിനിരിക്കുന്നു. അതുകഴിഞ്ഞുള്ള 2.30മുതലുള്ള കുറച്ച് സമയം ഉറങ്ങിയാലായി. ശേഷം പിന്നെയും പശു പരിചരണം കഴിയുമ്പോള്‍ രാത്രി 8. പിറ്റേ ദിവസം ഇതേ രീതി തന്നെ. ഇതിനുള്ള പ്രതിഫലം അവര്‍ക്ക് കിട്ടുന്നില്ല.
കര്‍ഷകര്‍ പ്രൊഫഷണല്‍ ആകണം. പശുവിന്റെ പാല് വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കാതെ പാലിന്റെ വില വര്‍ധിപ്പിക്കണം എന്നത് തെറ്റാണ.് പശുവിനും വിശ്രമം വേണം. വിദേശരാജ്യമായ സൗദി അറേബൃ പെട്രാളിയം കഴിത്താല്‍ ഏറ്റവും കുടുതല്‍ കയറ്റുമതി ചെയ്യുന്നത് പാലും പാലുല്‍പ്പന്നങ്ങളുമാണ്. നമ്മളും കാലത്തിന് അനുസരിച്ച് കൃഷിരീതികള്‍ മാറ്റണം. കേരളത്തില്‍ ക്ഷീര സൊസൈറ്റിയുടെ നയങ്ങളാണ് പശു വളര്‍ത്തല്‍ ഇല്ലാതാക്കിയത്. 1950-ലെ നയം തന്നെയാണ് ഇന്നും നടപ്പിലാക്കുന്നത്. ഇതില്‍ തമിഴ്നാട്, കര്‍ണാടക പോലുള്ള സംസ്ഥാനങ്ങള്‍ കാലോചിതമായ മാറ്റം വരുത്തി. സബ്സിഡി കര്ഷകന് നേരിട്ട് എത്തുന്ന രീതി ഉണ്ടാവണം.
യുവ തലമുറയില്‍പ്പെട്ട കൂടുതല്‍ ആളുകള്‍ ഈ മേഖലയിലേക്ക് കടന്നുവരണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. കഠിന പ്രയത്നവും ഇച്ഛാശക്തിയും ഉണ്ടെങ്കില്‍ ഏതൊരു മേഖലയും വിജയിക്കാമെന്ന് അനുഭവം സാക്ഷിയായി പറയുന്നു അന്തിക്കാട്ടുക്കാരുടെ സ്വന്തം നാരായണേട്ടന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: