തൊടുപുഴയിലെ പ്രദേശിക ചാനല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായിരുന്ന ഛായാഗ്രാഹകന്‍ പി.ഡി. സന്തോഷ് കുമാറിന്റെ ആകസ്മിക ദേഹവിയോഗം ഒരു വലിയ ജനസഞ്ചയത്തിന് ഹൃദയവ്യഥ സൃഷ്ടിച്ചതായി. വി.വണ്‍ ന്യൂസിന് വേണ്ടിയായിരുന്നു ഒടുവില്‍ ക്യാമറയേന്തിയത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് അദ്ദേഹം പകര്‍ത്തിയ എം.എം. മണിയുടെ വണ്‍ ടു ത്രി പ്രസംഗം കേരളത്തില്‍ മാത്രമല്ല, ദേശീയതലത്തിലും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതു ചന്തുവെന്നു വിളിക്കപ്പെട്ടിരുന്ന സന്തോഷ് കുമാറിനെ പ്രശസ്തനാക്കി. അത്രയേറെ സര്‍വത്ര ആവര്‍ത്തിക്കപ്പെട്ട ഒരു പ്രസംഗദൃശ്യം വേറെ ഉണ്ടായോയെന്ന് സംശയമാണ്. വിചാരണ മരവിച്ചുകിടന്ന നാലുകൊലക്കേസുകളുടെ പുനര്‍വിചാരണയ്ക്കും, എം.എം.മണിയടക്കമുള്ള നേതാക്കള്‍ക്ക് നടപടി നേരിടലുകളുമൊക്കെ അതിന്റെ ഫലമായി സംഭവിച്ചുവല്ലോ. മണക്കാട്ടെ പിലാപ്പിള്ളില്‍ കുടുംബത്തിലെ അംഗമായിരുന്ന സന്തോഷ് വീട്ടില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. വിദഗ്ദ്ധ ചികിത്സയും പരിചരണവും ലഭ്യമായെങ്കിലും പിറ്റേന്ന് മസ്തിഷ്കാഘാതം കൂടിയായപ്പോള്‍ ആ ജീവിതം അവസാനിക്കുകയായിരുന്നു. ഊര്‍ജസ്വലനായ ആ യുവാവിന്റെ സുസ്മേരവദനം ഇനി തൊടുപുഴക്കാര്‍ക്ക് കാണാനാവില്ല.
സന്തോഷിന്റെ അച്ഛന് ദേവീദാസ് പ്രസിദ്ധമായ ധന്ന്വന്തരി വൈദ്യശാലയിലെ തിരുമ്മു ചികിത്സകനായിരുന്നു. അദ്ദേഹത്തിന്റെയും അച്ഛന് യോഗിയും ദേവ്യുപാസകനും പ്രസിദ്ധ ബാല ചികിത്സകനുമായിരുന്നു. പുത്തന്‍ കുരിശ് ആശ്രമത്തിലെ ഭക്താനന്ദ സ്വാമിയുടെ ശിഷ്യനായിരുന്നു അദ്ദേഹം. എന്റെ കുടുംബവുമായി ബന്ധപ്പെട്ട കുടുംബത്തിലെ അംഗമായിരുന്നു ഈ യോഗിവര്യന്. പ്ലാപ്പള്ളില്‍ സ്വാമി എന്നറിയപ്പെട്ടിരുന്ന അദ്ദേഹം ഗാര്‍ഹസ്ഥ്യം സ്വീകരിച്ചശേഷമാണ് യോഗചര്യയിലേക്കു വന്നത്. കുടുംബജീവിതം തുടര്‍ന്നുകൊണ്ടുതന്നെ ലോകഹിതാര്‍ത്ഥം ജീവിക്കാനുള്ള ഗുരുവിന്റെ നിര്‍ദ്ദേശം സ്വീകരിച്ചുകൊണ്ട് ആ സംന്യാസി അമ്മാവന് ജീവിതം തുടര്‍ന്നു.
തന്റെ ഉപാസനകളെല്ലാം കൃത്യനിഷ്ഠയോടെ പാലിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. തലമുടി വടക്ഷീരമുപയോഗിച്ച് പിരിച്ചുമെടഞ്ഞ് കെട്ടിയത് തലയില്‍ ഉയരത്തില്‍ ജടയായി സൂക്ഷിച്ചു. അതഴിച്ചിട്ടാല്‍ നിലത്തുമുട്ടത്തക്ക നീളമുണ്ടായിരുന്നു. അക്കാലത്ത് 1960 നു മുന്‍പ് പല ഫോട്ടോ സ്റ്റുഡിയോകളിലും ജടാഭാരം അഴിച്ച് പിന്നിലേക്കിട്ട് സ്റ്റൂളില്‍ ഇരിക്കുന്ന ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. 1960-കളില്‍ ഞാന്‍ തലശ്ശേരിയില്‍ ആര്‍എസ്എസ് പ്രചാരകനായിരുന്നപ്പോള്‍ അവിടെയും, പില്ക്കാലത്തു മാനന്തവാടിയിലും സ്റ്റുഡിയോകളിലും ആ ഫോട്ടോ കണ്ടിട്ടുണ്ട്. രണ്ടു സ്റ്റുഡിയോകളും ക്രിസ്ത്യന്‍ ഉടമസ്ഥതയിലുള്ളവയായിരുന്നു. അവരോട് വിവരമന്വേഷിച്ചപ്പോള്‍ തങ്ങള്‍ തൊടുപുഴക്കാരാണെന്നും, അവരുടെ വീടുകളില്‍ ബാലചികിത്സയ്ക്കായി അദ്ദേഹം ചെന്നിരുന്നുവെന്നും മനസ്സിലായി.
ആ സംന്യാസി അമ്മാവന് എല്ലാ വര്‍ഷവും നിശ്ചിതകാലയളവില്‍ മൗനവ്രതം ആചരിക്കുമായിരുന്നു. അപ്പോള്‍ ഒരു ശബ്ദവും പുറപ്പെടുവിക്കില്ല. അന്വേഷിക്കുന്ന വിവരങ്ങള്‍ക്ക് മറുപടി കൈവെള്ളയില്‍ എഴുതിയോ നിലത്തെഴുതിയോ ധരിപ്പിക്കുകയായിരുന്നു ചെയ്യുക. വീട്ടില്‍ ഒരു കുരങ്ങിനെ വളര്‍ത്തിയത് ഓര്‍ക്കുന്നു. കുരങ്ങനെക്കൊണ്ട് ജടാഭാരത്തിലെ പേനിനെപ്പെറുക്കിക്കുമായിരുന്നു. സംന്യാസി അമ്മാവനുസുഖം കിട്ടും. കുരങ്ങന് തിരക്കിട്ട പണിയുമായി.
ഇടക്കിടെ അദ്ദേഹം ദേശസഞ്ചാരം ചെയ്തിരുന്നു. അതും ഇതേ വേഷത്തില്‍ തന്നെ. മാറാനായി ഇണവസ്ത്രം കരുതിയിരുന്നുവെന്നുമാത്രം. ഭക്താനന്ദ ശിഷ്യന്മാരുള്ള സ്ഥലങ്ങളില്‍ അവരൊരുമിച്ചുള്ള കൂട്ടായ്മയായിരുന്നു ഉദ്ദേശ്യം. പുന്നപ്ര വയലാര്‍ സംഭവങ്ങള്‍ കഴിഞ്ഞ് ആ വഴി സഞ്ചരിച്ചതിന്റെ വിവരങ്ങള്‍ അദ്ദേഹം പിന്നീട് പറഞ്ഞുകേട്ടിട്ടുണ്ട്. മുതിര്‍ന്ന ആളുകളുമായി അദ്ദേഹം സംസാരിക്കുന്നത് യാദൃച്ഛികമായി കേട്ടതായിരുന്നു. ആ വര്‍ഷത്തില്‍ സാധാരണയായി സ്കൂളിലും മറ്റും നടത്താറുണ്ടായിരുന്ന മഹാരാജാവിന്റെ തിരുനാള്‍ (ജന്മദിന)ഘോഷയാത്ര ഉണ്ടായിരുന്നില്ല. അതിന്റെ കാരണം വിശദീകരിക്കാന്‍ അധ്യാപകര്‍ വിമുഖരായിരുന്നു. തിരുവിതാംകൂര്‍ സംസ്ഥാനമാകെ പട്ടാളനിയമം നിലനിന്നതായിരുന്നു കാരണമെന്ന് പിന്നീട് മനസ്സിലായി. വെടിവെപ്പും മറ്റും കഴിഞ്ഞ് സമരത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും കിടിലം മാറുന്നതിനു മുന്‍പായിരുന്നു സംന്യാസി അമ്മാവന് ആ വഴി സഞ്ചരിച്ചത്. വെടിയുണ്ടകള്‍ തുളഞ്ഞുകയറിയ തെങ്ങുകളുടെയും, ചോരയുടെ മണം മാറാത്ത മണ്ണിന്റെയും മറ്റും വിവരണങ്ങള്‍ അദ്ദേഹം നല്‍കിയത് അന്ന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.
സംന്യാസി അമ്മാവന് വിദഗ്ദ്ധനായ ബാലചികിത്സകനായിരുന്നെന്ന് സൂചിപ്പിച്ചല്ലോ. അതിന്റെ ഒരനുഭവം എന്റെ വീട്ടില്‍ നേരിട്ടുണ്ടായത് ഇവിടെ പറയുകയാണ്. എന്റെ ഒരനുജത്തിക്ക് ജനിച്ച് ഒരു മാസമെത്തിയപ്പോള്‍ അപൂര്വമായൊരസുഖം ബാധിച്ചു. എക്കിള്‍ വരുന്നതുപോലത്തെ ഞെട്ടലായിട്ടായിരുന്നു തുടക്കം. പതിവായി കാണിക്കാറുള്ള ഡോക്ടറെ വിവരമറിയിച്ചപ്പോള്‍ അദ്ദേഹം നേരിട്ടു കാണാന്‍ താല്‍പ്പര്യപ്പെട്ടു. വാഹന ഗതാഗതം അസാധ്യമായിരുന്ന അക്കാലത്ത് 1948-ല്‍ മൂന്നു കിലോമീറ്റര്‍ നടന്നാണ് അദ്ദേഹം വന്നത്. അദ്ദേഹം പരിശോധിച്ചതില്‍ രോഗ കാരണം കണ്ടെത്താനായില്ല എന്നു വ്യക്തമായിരുന്നു. രണ്ടു മൂന്നു ദിവസം മരുന്നുകൊടുത്തപ്പോള്‍ കാലില്‍നിന്നും തലയില്‍നിന്നും ഓരോ ചുവപ്പു നിഴല്‍പോലെ തൊലിപ്പുറത്തുകൂടി മുകളിലേക്കും താഴേക്കും വ്യാപിച്ചു തുടങ്ങി. കുഞ്ഞിനു കരച്ചിലില്ലാതെയായി. ഞെട്ടലും ഇക്കിളും തുടര്‍ന്നു.
വീടിനടുത്തു റോഡിലൂടെ സംന്യാസി അമ്മാവന് പോകുന്ന പതിവു സമയത്ത് അമ്മ അദ്ദേഹത്തെ ചെന്നു കണ്ടു വിവരം ധരിപ്പിച്ചു. അദ്ദേഹം ഒരു വര്‍ഷത്തെ മൗനവ്രതത്തിലായിരുന്നു. വീട്ടില്‍ വന്നു, കുഞ്ഞിനെ സൂക്ഷിച്ചുനോക്കി. പടര്ന്നുവന്ന ചുവപ്പുരാശിയിലായിരുന്നു ശ്രദ്ധ. അല്‍പ്പസമയം ധ്യാനനിഷ്ഠനായിരുന്നു. കടലാസില്‍ മരുന്ന് കുറിച്ചു. മാവില ഞെട്ട്, പ്ലാവില ഞെട്ട്, വെറ്റില ഞെട്ട്, തെങ്ങിന്റെ ഇളംകൂമ്പിനെ പൊതിഞ്ഞ് കാണപ്പെടുന്ന ആവരണത്തെ ചുരണ്ടിയ പൊടി, മുളക്കൂമ്പിന്റെ പൊടി തുടങ്ങിയ ചില സാധനങ്ങള്‍ ചെന്തെങ്ങിന്റെ കരിക്കിനകത്തിട്ട് കലത്തിന് മുഖത്തുവെച്ച് പുഴുങ്ങിയശേഷം തണുക്കുമ്പോള്‍, അതിലെ വെള്ളം തുള്ളികളായി കുഞ്ഞിന്റെ വായില്‍ ഇറ്റിച്ചുകൊടുക്കാനായിരുന്നു വിധി. അതിന്റെ മാത്രയും കാലവും മറ്റും കുറിപ്പടിയില്‍ കാണിച്ചിരുന്നു. ഇത്രയും മരുന്ന്. അതിനു പിന്താങ്ങായി ജപവും. ദിവസേന ഏതാണ്ട് ഒരു നാഴിക നേരം അദ്ദേഹം കുഞ്ഞിനടുത്തിരുന്ന് ജപിച്ച് ഊതിക്കൊണ്ടിരുന്നു. ആദ്യത്തെ ദിവസം കഴിഞ്ഞപ്പോള്‍ ഇക്കിളിന്റെ ശക്തി കുറയുകയും, ചുവപ്പു പടരുന്നതു നിലയ്ക്കുകയും ചെയ്തു. നാലഞ്ചു ദിവസംകൊണ്ട് അസുഖം മാറി. തുടര്‍ന്ന് മറ്റൊരു മരുന്നിനു കുറിച്ചുതന്നു. അതും തയ്യാറാക്കി സേവിച്ചപ്പോള്‍ തികച്ചും രോഗവിമുക്തയായി. മൗനവ്രതകാലം കഴിഞ്ഞ് വീണ്ടും വീട്ടില്‍ വന്നപ്പോള്‍ പ്രസ്തുത അസുഖത്തിന്റെ ആപത്സാദ്ധ്യതയെക്കുറിച്ച് സംന്യാസി അമ്മാവന് പറഞ്ഞുതന്നു. മരുന്നും മന്ത്രവും എത്രഫലപ്രദമാണെന്നും, അതില്‍ അന്ധവിശ്വാസം ഇല്ലെന്നും നേരിട്ടു ബോധ്യമായ അനുഭവമായിരുന്നു അന്നുണ്ടായത്.
ആ സംഭവങ്ങള്‍ കഴിഞ്ഞ് വര്‍ഷങ്ങളും തലമുറകളും ദശകങ്ങളും കടന്നുപോയി. സംന്യാസി അമ്മാവന്റെ വിശിഷ്ടമായ സിദ്ധികള്‍ നേടാന്‍ പില്ക്കാല തലമുറ തയ്യാറായില്ല. അതിനാവശ്യമായ വിശിഷ്ട സാധനകള്‍ അനുഷ്ഠിക്കാനുള്ള സാഹസവും ക്ഷമയും പുതിയ തലമുറയ്ക്കുണ്ടായില്ല. അതുകൊണ്ട് ആ സിദ്ധികള്‍ അന്യംനിന്നുപോയി. ആ വഴിക്കല്ലെങ്കിലും കാലാനുസൃതമായ മാര്‍ഗത്തില്‍ സിദ്ധി കൈവരിക്കാന്‍ അദ്ദേഹത്തിന്റെ പൗത്രന് സന്തോഷ് കുമാറിന് സാധിച്ചു. അതു പ്രബുദ്ധമായ ലോകം അറിഞ്ഞംഗീകരിക്കുകയും ചെയ്തു. പൂര്‍വിക പുണ്യ തപസ്സ് അദ്ദേഹത്തിന്റെ ബ്രഹ്മസായുജ്യത്തിന് തീര്‍ച്ചയായും സഹായമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: