സാംസ്കാരിക രംഗത്തിന്റെ വിശുദ്ധിയും ഭാഷയുടെ സൗഭാഗ്യവുമായിരുന്നു എസ്. ഗുപ്തന് നായര്‍. അധ്യാപകന്, നിരൂപകന്, ഗ്രന്ഥകാരന്, പ്രഭാഷകന്‍ എന്നീ നിലകളിലൊക്കെ നല്കിയ സംഭാവനകള്‍ ഒരു കാലഘട്ടത്തിന്റെ സര്‍ഗാത്മക സ്പന്ദനങ്ങളും, കാലാതീതമായ ഉള്‍ക്കാഴ്ചകള്‍ നിറഞ്ഞവയുമാണ്. വാട്സാപ്പിന്റെയും ഫെയ്സ്ബുക്കിന്റെയും കാലത്തായിരുന്നില്ല എസ്. ഗുപ്തന് നായര്‍ എഴുതിയിരുന്നത്. ലേഖനങ്ങള്‍ തയ്യാറാക്കാന്‍ കുറിപ്പുകള്‍ പതിവായി എഴുതിയിരുന്നു. ഡയറികളിലും നോട്ടുബുക്കുകളിലും. ഗുപ്തന് നായരുടെ ജന്മശതാബ്ദി വര്‍ഷത്തില്‍ പ്രശസ്തനായ അച്ഛന്റെ പ്രശസ്തനായ മകന് ഡോ. എം.ജി. ശശിഭൂഷണ്‍ കണ്ടെടുത്ത അത്തരം ചില കുറിപ്പുകള്‍ വായിക്കുക. ആരെയും ശത്രുക്കളായി പ്രഖ്യാപിക്കാതെ തനിക്ക് പറയാനുള്ളത് തികഞ്ഞ ആര്‍ജവത്തോടെ പറയുന്ന ഒരു എഴുത്തുകാരന്റെയും വ്യക്തിയുടെയും നേര്‍ചിത്രമുണ്ട് ഈ കുറിപ്പുകളില്‍.
1975 ജൂണ്‍ 7
യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന് (മാര്‍ക്സിസ്റ്റ്) മീറ്റിങ്ങിനോടു അനുബന്ധിച്ചുള്ള ചിത്ര പ്രദര്‍ശനം, ചിത്രകാരന് മാധവ മേനോന് ഉദ്ഘാടനം ചെയ്തു. സാഹിത്യ സമ്മേളനത്തില്‍.
പി. ഗോവിന്ദപ്പിള്ള, എംആര്‍സി, എ.പി.പി.
വളരെക്കാലം കഴിഞ്ഞിട്ടാണ് മാധവമേനോനെ (കൊടുങ്ങല്ലൂര്‍) കാണുന്നത്. തിരുവനന്തപുരത്തു നിസ്സാര കാര്യത്തിന് സര്‍ക്കാരിന്റെ അപ്രീതിയോടെ ചിത്രാലയത്തില്നിന്ന് പിരിഞ്ഞുപോയതാണ്. അണ്ണാമലയില്‍ നല്ല സ്ഥാനം കിട്ടിയതിനാല്‍ രക്ഷപ്പെട്ടു.
മാധവ മേനോന്റെ ഒരു ചിത്രവും പ്രദര്‍ശനത്തിനു വച്ചിരുന്നു. ആ ചിത്രം സാമാന്യം മോശം തന്നെയായിരുന്നു. എങ്കിലും മാധവ മേനോന്റെ പ്രശസ്ത ചിത്രങ്ങളുടെ (താമരപ്പൊയ്ക, മുളങ്കൂട്ടം) സവിശേഷത മനസ്സില്‍നിന്നു മായുന്നില്ല. ഒരുകാലത്ത് എന്നെ വളരെ ആകര്‍ഷിച്ച ഒരു ആര്‍ട്ടിസ്റ്റാണ് മാധവ മേനോന്.
1982 ജനുവരി ഒന്ന്
രണ്ടു ദിവസമായി കുമാരിയുടെ (മകള്‍) കൂടെ എഫ്എസിടി ക്വാര്‍ട്ടേഴ്സില്‍ താമസിക്കുകയാണ്. ഡിസംബര്‍ 29 ന് ഫാക്ടിലെ ഒരു നാടകകൃത്തായ ടി.എം. എബ്രഹാമിനെ അനുമോദിച്ചു സംസാരിച്ചു. എന്‍.എന്‍.പിള്ളയുടെ ‘ക്ലൈമാക്സ്’ എന്ന നാടകം കാണുകയും ചെയ്തു. പിള്ളയ്ക്കു നാടകമെഴുതാനും അഭിനയിക്കാനുമുള്ള ശക്തി 63-ാം വയസ്സിലും കുറഞ്ഞിട്ടില്ല. തോപ്പില്‍ ഭാസിയാണെങ്കില്‍ എല്ലാം കെട്ടടങ്ങിയ മട്ടാണ്. പിള്ള സ്റ്റേജില്‍ വച്ചുതന്നെ വേണ്ടത്ര കുടിക്കുന്നുണ്ട്. എന്നിട്ടും തകര്‍ത്ത് അഭിനയിക്കുന്നു. മകനും ഓമനയും ഒപ്പം നില്ക്കും.
1982 ജനുവരി 2
പ്രതിപക്ഷത്തായിരുന്ന ഇന്ദിരാഗാന്ധി സംബന്ധിക്കുമെന്ന് ഏറ്റ എഴുത്തുകാരുടെ മീറ്റിങ് നടന്നില്ല. പകരം ഒരഭിമുഖം നിശ്ചയിച്ചതനുസരിച്ച് എറണാകുളം ഗസ്റ്റ്ഹൗസിലും പരിസരത്തിലുമായി ചുറ്റി സഞ്ചരിക്കുകയും സംസാരിക്കുകയും ചെയ്തു. വെട്ടൂര്‍, ലീലാ ദാമോദര മേനോന് എന്നിവര്‍ കൂടി ഉണ്ടായിരുന്നു. മുഖ്യമന്ത്രി കരുണാകരനും കെ.എം. ചാണ്ടിയുമാണ് ഈ കൂടിക്കാഴ്ചയ്ക്കു ഒത്താശകള്‍ ചെയ്തത്. ഫെബ്രുവരിയില്‍ എഴുത്തുകാരുടെ സംഘടന എറണാകുളത്തു ചേരണം.
1982 ജനുവരി 6
രാവിലെ പ്രൊഫസര്‍ കെ.എം. ചാണ്ടിയെ (കെപിസിസി പ്രസിഡന്റ്) കണ്ടു. കുറേ നേരം സംസാരിച്ചു. കോണ്‍ഗ്രസ്സിന് സാംസ്കാരിക പ്രവര്‍ത്തകരെ സംഘടിപ്പിക്കാന്‍ അറിഞ്ഞുകൂടെന്നു പറഞ്ഞു. അങ്ങനെ പറയുന്നത് രസിക്കില്ലെന്നറിയാമെങ്കിലും.
1982 ജനുവരി 17
നെട്ടയം ശ്രീരാമകൃഷ്ണാശ്രമത്തില്‍ വച്ച് സ്വാമി വിവേകാനന്ദനെപ്പറ്റി പ്രസംഗിച്ചു. പുത്തനായി നാട്ടുകാര്‍ ആരംഭിച്ച ശ്രീരാമകൃഷ്ണ സംഘത്തിന്റെ വകയായിരുന്നു ആഘോഷം. വിമലാനന്ദ സ്വാമിയെ കുടീരത്തില്‍ ചെന്നു കണ്ടു. കുറേ നേരം സംസാരിച്ചു. യഥാര്‍ത്ഥ തപസ്വിയായ ഒരു മലയാളി.
1982 ജനുവരി 30
അക്കാദമിയില്‍ സല്ലാപത്തിന് തകഴി ഉണ്ടായിരുന്നു. ആ നാടന്‍മട്ട് ഒരു രസമാണ്. ഇപ്പോള്‍ മദ്യപാനമില്ല. കുടുംബത്തിന്റെ ഭാവി ഭദ്രമാക്കിയിരിക്കുന്നു. സന്തുഷ്ടന്‍. എഴുപതാം വയസ്സിലും നല്ല ആരോഗ്യം പണ്ട് കുടിച്ച കള്ളിന്റെ ആരോഗ്യമാണത്രേ.
1982 ഫെബ്രുവരി 5
ഇന്ത്യന്‍ റൈറ്റേഴ്സ് യൂണിയന്റെ യോഗം രാവിലെ 11 ന് ആരംഭിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി രാജീവ് ഗാന്ധിയാണ് ഉദ്ഘാടകന്‍. ഞാന്‍ അധ്യക്ഷനും.
മുഖ്യമന്ത്രി കെ. കരുണാകരന്, സ്റ്റീഫന്‍, റഹിം എന്നിവരെല്ലാമുണ്ട്. വെട്ടൂര്‍, അഭയദേവ്, സി. രാധാകൃഷ്ണന്, എം. അച്യുതന് എന്നിവരാണ് എഴുത്തുകാരുടെ കൂട്ടത്തില്‍. ശ്രീകാന്ത് വര്‍മ്മ എന്ന വൈതാളിക കവിയ്ക്കു അധ്യക്ഷനാവാന്‍ കഴിയാത്തതില്‍ നിരാശ.
‘ശരിയാണ്, ഈ സദസ്സില്‍ രാഷ്ട്രീയക്കാരുടെ എണ്ണം കുറവല്ല. സാമൂഹിക ജീവിതത്തിന്റെ അവിഭാജ്യഘടകമായ രാഷ്ട്രീയത്തെ മുഴുവന്‍ സമയ രാഷ്ട്രീയക്കാര്‍ക്കു മാത്രമായി വിട്ടുകൊടുക്കേണ്ട ഒന്നല്ലെന്നു ഞങ്ങള്‍ കരുതുന്നു. ഞങ്ങള്‍ക്കു പറയാനുള്ളത് അവര്‍ കേള്‍ക്കണം. അതുകൊണ്ടാണവരെ ക്ഷണിച്ചത്.’ സദസ്സിലെ രാഷ്ട്രീയക്കാരുടെ സാന്നിധ്യത്തെ ന്യായീകരിച്ചുകൊണ്ടു ഞാന്‍ പറഞ്ഞു.
യോഗത്തിനു മുന്‍പും യോഗാനന്തരവും രാജീവ് ഗാന്ധിയുമായി സംസാരിക്കാന്‍ കഴിഞ്ഞു. മാന്യന്, നേര്‍ബുദ്ധി എന്നൊക്കെ വിശേഷിപ്പിക്കാം. നെഹ്റുവിന്റെ പേരക്കുട്ടി എന്നോര്‍ത്താല്‍ നിരാശപ്പെടാം.
‘കുട്ടികള്‍ രാഷ്ട്രീയം പഠിക്കേïേ എന്ന് രാഷ്ട്രീയക്കാര്‍ ചോദിക്കുന്നു. (മറ്റൊന്നും പഠിക്കുന്ന കാര്യത്തില്‍ അവര്‍ക്ക് നിര്‍ബന്ധമില്ലെന്ന് സ്പഷ്ടം. കുട്ടികള്‍ രാഷ്ട്രീയം പഠിക്കണം. പക്ഷേ രാഷ്ട്രീയം പയറ്റണോ? അതാണ് എന്റെ ചോദ്യം. കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന അഭിപ്രായം പ്രചരിച്ചുവരുന്നുണ്ട്. അതിന്റെ പ്രയുക്തവശം കൂടി വേണമെന്ന് ഇതുവരെ ആരും പറഞ്ഞുകേട്ടിട്ടില്ല. ഇതുതന്നെ രാഷ്ട്രീയത്തിന്റെ കഥയും. സിദ്ധാന്തമേ പഠിക്കേണ്ടൂ. പ്രയോഗം വിശേഷിച്ചും, അതിന്റെ വികൃത പ്രയോഗം തീര്‍ച്ചയായും പഠിക്കേണ്ട.
യോഗത്തിനു മുന്‍പും യോഗാനന്തരവും രാജീവ് ഗാന്ധിയുമായി സംസാരിക്കാന്‍ കഴിഞ്ഞു. മാന്യന്, നേര്‍ബുദ്ധി എന്നൊക്കെ വിശേഷിപ്പിക്കാം. നെഹ്റുവിന്റെ പേരക്കുട്ടി എന്നോര്‍ത്താല്‍ നിരാശപ്പെടാം’.
1982 ഫെബ്രുവരി 28
ഇന്ത്യന്‍ റൈറ്റേഴ്സ് യൂണിയനെ കോണ്‍ഗ്രസ്സിന്റെ ഒരു വൈതാളിക സംഘടനയാക്കുകയാണ് ലക്ഷ്യമെങ്കില്‍ എന്നെയെന്നല്ല, അധികം എഴുത്തുകാരെ കിട്ടുകയില്ലെന്നു ഞാന്‍ തുറന്നു പറഞ്ഞു. അതല്ല, ദേശീയ വീക്ഷണത്തിനു പ്രാധാന്യം നല്കുന്ന എല്ലാത്തരം വിഭാഗീയതകളെയും എതിര്‍ക്കുന്ന ഒരു സാംസ്കാരിക മഞ്ചം ഉണ്ടാക്കാനാണെങ്കില്‍ ഞങ്ങള്‍ കൂടെയുണ്ടാകും. കോണ്‍ഗ്രസ്സിന്റെ സാമ്പത്തിക പിന്തുണയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. സംഘാടന സഹായവും വേണം. പാര്‍ട്ടി ഘടകങ്ങളിലൊന്നായി ഇന്ത്യന്‍ റൈറ്റേഴ്സ് യൂണിയനെ മാറ്റാനുള്ള ശ്രമങ്ങളോടു യോജിക്കാനാവില്ല.
രാഷ്ട്രീയ പാര്‍ട്ടിയുടെ ചൂട് ഞങ്ങള്‍ക്കുവേണം. കൈ പൊള്ളിക്കാന്‍ പക്ഷേ തയ്യാറില്ല.
1991 ആഗസ്റ്റ് 19
ഞാന്‍ എന്തിനു വിമര്‍ശനം എഴുതുന്നു എന്നു ചോദിച്ചാല്‍ സത്യസന്ധമായി പറയാവുന്നത് ഇത്രമാത്രം. ഞാന്‍ ആസ്വദിച്ച കൃതി എന്തുകൊണ്ട് ആസ്വദിച്ചു എന്നു യുക്തിപൂര്‍വം സൗന്ദര്യ ദിദൃക്ഷയോടെ വിവരിക്കാന്‍. ആസ്വാദനം ഉറപ്പിക്കാന്‍. പരിചിന്തനങ്ങള്‍, മനോവ്യാകരണ വിധികള്‍, സാമൂഹ്യത എല്ലാം കടന്നു വരും. A good critic is a better equipped sensitive and more intelligent reader.
ഏതു കൃതിക്കും രണ്ടുതരം പ്രസക്തിയുണ്ട്. സമകാലിക പ്രസക്തിയും കാലാതീത പ്രസക്തിയും. കാലിക പ്രസക്തിയേക്കാള്‍ പ്രധാനമാണ് കാലാതീത പ്രസക്തി.
1993 ജൂലൈ 21
നിയമസഭയിലെ സീറോ അവറിന് ശൂന്യവേള എന്നൊരു പരിഭാഷ ഈയിടെയായി പത്രങ്ങളില്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. വേള എന്ന വാക്ക് സംസ്കൃതത്തതില് ‘വേല’യാണ്. വേലയ്ക്ക് (വേലാ) അമരം പാരമേശ്വരിയില് ഗമിക്കുന്നത്. കാലത്തെ ഉപദേശിക്കുന്നത് എന്നൊക്കെ അര്‍ത്ഥം. സമുദ്രജലത്തിന്റെ വികാരംകൊണ്ട് വേലിയേറ്റവും വേലിയിറക്കവും ഉണ്ടാകും. അപ്പോള്‍ നമ്മുടെ ശൂന്യവേള എന്ന ശൂന്യവേല നിരുപദ്രവമായ വാക്ക്. ശൂന്യവേളയില്‍ ഒന്നുമില്ലെന്ന് തോന്നും. പക്ഷേ സുന്ദരമായി വേലയിറക്കുന്നുണ്ട്. ശൂന്യവേലയ്ക്ക് ശമ്പളവുമുണ്ട്. അല്ലെങ്കില്‍ തന്നെ നിയമസഭയില്‍ രണ്ടുതരം വേലയേ ഉള്ളൂ. അതിനും ശമ്പളമുണ്ട്. ഒന്ന് മൗനവ്രതം. രണ്ട് ഇറങ്ങിപ്പോക്ക്. കാര്യം പറയുന്നവര്‍ ഒന്നോ രണ്ടോ കാണും. അവരെ ശൂന്യത്തില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു.
സീറോ അവര്‍ ആദ്യം സൈന്യത്തിന്റെ പ്രയോഗമായിരുന്നു. നേരത്തെ പ്ലാന്‍ ചെയ്ത പട്ടാള നടപടി ആരംഭിക്കുന്ന സമയം. പിന്നീടത് ശാസ്ത്രത്തിലും പാര്‍ലമെന്റിലും കയറി. ഷേഡ്യൂള്ഡ് ടൈം ഫോര്‍ ആക്ഷന്‍ ആണ് ‘സീറോ അവര്‍’. തീര്‍ച്ചയായും അത് ശൂന്യമല്ല. സുപ്രധാനമായ ക്രിയാ മുഹൂര്‍ത്തമാണ്. നിയമസഭയില്‍ അതു ചിലപ്പോള്‍ സ്വതന്ത്ര വേളയാകാം.
ഇപ്പോള്‍ ‘ശൂന്യവേതനാവധി’ എന്നൊരു പ്രയോഗവും കണ്ടു തുടങ്ങി. ശമ്പളമില്ലാത്ത അവധിയെടുക്കല്‍ വേതനാശൂന്യ അവധി എന്നായാല്‍ കൂടുതല്‍ നന്ന്. പക്ഷേ ലോകര്‍ക്കറിയാം വേതനാശൂന്യത്തിന്റെ അര്‍ത്ഥം. ഗള്‍ഫിലോ അമേരിക്കയിലോ പോയി പത്തിരട്ടി വേതനം വാങ്ങല്‍ എന്നാണ് മനസ്സിലാക്കേണ്ടതെന്ന്. വാക്കുകളുടെ പോക്ക് വിചിത്രം തന്നെ.
കുട്ടികള്‍ രാഷ്ട്രീയം പഠിക്കേണ്ടേ എന്ന് രാഷ്ട്രീയക്കാര്‍ ചോദിക്കുന്നു. (മറ്റൊന്നും പഠിക്കുന്ന കാര്യത്തില്‍ അവര്‍ക്ക് നിര്‍ബന്ധമില്ലെന്ന് സ്പഷ്ടം. കുട്ടികള്‍ രാഷ്ട്രീയം പഠിക്കണം. പക്ഷേ രാഷ്ട്രീയം പയറ്റണോ? അതാണ് എന്റെ ചോദ്യം. കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന അഭിപ്രായം പ്രചരിച്ചുവരുന്നുണ്ട്. അതിന്റെ പ്രയുക്തവശം കൂടി വേണമെന്ന് ഇതുവരെ ആരും പറഞ്ഞുകേട്ടിട്ടില്ല. ഇതുതന്നെ രാഷ്ട്രീയത്തിന്റെ കഥയും. സിദ്ധാന്തമേ പഠിക്കേണ്ടൂ. പ്രയോഗം വിശേഷിച്ചും, അതിന്റെ വികൃത പ്രയോഗം തീര്‍ച്ചയായും പഠിക്കേണ്ട.
1993 സെപ്തംബര്‍ 29
ഇന്ന് പ്രൊഫ. എന്‍. കൃഷ്ണപിള്ള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള സ്മാരക വാരത്തിന്റെ സമാപനമായിരുന്നു. അധ്യാപനം എന്റെ കാഴ്ചപ്പാടില്‍ എന്ന വിഷയത്തെപ്പറ്റിയുള്ള സിംപോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു എന്റെ കര്‍ത്തവ്യം. പ്രശസ്തനായ അധ്യാപകനായിരുന്നു എന്‍. കൃഷ്ണപിള്ള. ചിലരൊക്കെ ഞങ്ങള്‍ രണ്ടുപേരുടെയും പേരുകള്‍ ഒന്നിച്ചു പറഞ്ഞുകേട്ടിട്ടുണ്ട്. ഞങ്ങള്‍ക്കു ചില സാമ്യങ്ങളുണ്ടായിരുന്നതുപോലെ വൈജാത്യങ്ങളുമുണ്ടായിരുന്നു. ജോലിയില്‍ പ്രവേശിക്കുമ്പോള്‍ തന്നെ ഞങ്ങള്‍ക്കിരുവര്‍ക്കും ഒട്ടൊരു സാഹിത്യ പ്രശസ്തി ഉണ്ടായിരുന്നു. പ്രസംഗങ്ങളിലൂടെയും അല്പം പേരുണ്ടായി. പാശ്ചാത്യ സാഹിത്യത്തെപ്പറ്റി കാര്യമായ ധാരണയില്ലാത്തവരായിരുന്നു. ഞങ്ങളുടെ ഗുരുനാഥന്മാര് കൂടിയായിരുന്ന സഹാധ്യാപകര്‍. എന്റെ ആദ്യ വര്‍ഷത്തെ ബിഎ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ (1945-46) ഇതാ എന്റെ മുന്പിലുണ്ട്. റിട്ട. ജില്ലാ ജഡ്ജി, കരിങ്കുളം വാസുദേവന്‍. ഞാനദ്ദേഹത്തോട് ഇന്നലെ ചോദിച്ചു; ‘എന്താണ് നിങ്ങള്‍ ഞങ്ങളില്‍ കണ്ടത്?’ എന്ന്. വാസുദേവന്‍ പറഞ്ഞു, മറ്റ് അധ്യാപകര്‍ക്ക് പഠിപ്പിക്കാനല്ലതെ ഞങ്ങളുടെ ഹൃദയത്തിലേക്ക് ഇറങ്ങി വരാന്‍ കഴിഞ്ഞിരുന്നില്ല. Those who do not want to remain in the class may go എന്ന് കീഴ്കുളം സാര്‍ പറയും. ക്ലാസ്സ് തുടങ്ങും മുന്‍പ് പകുതിയോളം കുട്ടികള്‍ കൂള്‍ ആയി ഇറങ്ങിപ്പോകും. ഇന്ദുലേഖയോ ധര്‍മരാജയോ പഠിപ്പിക്കുമ്പോഴും അലങ്കാര ചര്‍ച്ചകള്‍ അദ്ദേഹത്തിന് ഒഴിവാക്കുവാന്‍ വയ്യ. നിങ്ങള്‍ അങ്ങനെ ഒരിക്കലും പറഞ്ഞിരുന്നില്ല. പറഞ്ഞാലും ഞങ്ങള്‍ പോകുകയുമില്ല. നേരെ മറിച്ച് മറ്റു ക്ലാസുകളിലെ കുട്ടികള്‍ കൂടി വന്നിരിക്കുകയായിരുന്നു പതിവ്. ഈ വസ്തുത ഒരു തത്ത്വത്തിലേക്ക് എത്തിയിരിക്കുന്നു. ഇന്റിമസി, അതുണ്ടാവണം. നാം അടുത്തവരാണ്; ഉപനിഷത്ത് എന്നാണല്ലോ പഴയ ഗുരുശിഷ്യബന്ധ സ്വരൂപം. പക്ഷേ ഇന്റിമസി മാത്രം മതിയോ? വിദ്യാര്‍ത്ഥികളുടെ തോളില്‍ കൈയിട്ടു കൊണ്ട് Hallo my boy! എന്നു വിളിക്കുന്നത് പ്രകടനാത്മകത ആകുന്നു. അല്പം കൂടി ഉയര്‍ന്ന തരം ബന്ധമാണ് വേണ്ടത്. അദൃശ്യമായ മാനസിക ബന്ധം. They should feel it. Inspiration, Involvement and intimacy ഈ മൂന്നും വേണം. ‘I’വേണം. അതിനുവേണ്ടി നന്നായി തയ്യാറാകണം. അധ്യാപനം നല്ല അധ്യയനം കൂടിയാണ്. You are always learning and for that you should have a burning passion to learn more to read more to digest, to remember Dr. S. Radhakrishna, My search for truth എന്ന ആത്മകഥാപരമായ ഉപന്യാസത്തില്‍ The heart that aches in the heart which loves. The more tender it is the more doesn’t suffer. എന്നു പറഞ്ഞുകൊണ്ട് ഒരു കഥ പറയുന്നുണ്ട്. ഒരു പുണ്യാളന്റെ കഥ. പുണ്യാളന് സ്വര്‍ഗത്തില്‍ ചെന്നപ്പോള്‍ ഒരു സ്വര്‍ണക്കിരീടം നഷ്ടപ്പെട്ടു. ചുറ്റും നോക്കിയപ്പോള്‍ മറ്റു പുണ്യാളന്മാരുടെ കിരീടത്തില്‍ രത്നങ്ങള്‍ മിന്നിത്തിളങ്ങുന്നു. ‘തന്റെ കിരീടത്തില്‍ രത്നങ്ങളില്ലാത്തതെന്ത്’ എന്ന് മാലാഖയോട് ചോദിച്ചു. മാലാഖ പറഞ്ഞു. ആ രത്നങ്ങള്‍ അവര്‍ ഭൂമിയില്‍ വച്ച് ദീനര്‍ക്കുവേണ്ടി ചൊരിഞ്ഞ കണ്ണീര്ക്കണങ്ങളാണ്. നിങ്ങള്‍ അപ്രകാരം കണ്ണീര് ചൊരിഞ്ഞതായി കാണുന്നില്ല. ഓ, ഞാന്‍ ഈശ്വരപ്രേമത്താല്‍ ആഹ്ലാദചിത്തനായിരുന്നു. എനിക്കു മറ്റൊന്നിനും നേരമില്ലായിരുന്നല്ലോ. ‘അതിനിതാ സ്വര്‍ണക്കിരീടം. രത്നങ്ങള്‍ കണ്ണീര് ചൊരിഞ്ഞവര്ക്കുവേണ്ടിയാണ്’.
1995 ജൂണ്‍ 14
കലാകാരന്റെ മുഖ്യലക്ഷ്യമല്ല. ആവുന്നത്ര ആസ്വാദകരെ നേടാന്‍ ഉപബോധമനസ്സില്‍ ഒരുവേള ആഗ്രഹമുണ്ടാകാം. പക്ഷേ അതനുസരിച്ച് സൃഷ്ടി സാധ്യമല്ല. സൃഷ്ടിയില്‍ ഒരു ലഹരിയുണ്ട്. ആ അമൃതലഹരിയില് അപരിമേയതയിലേക്കുള്ള പറക്കലുണ്ട്. അതിനു ചിറകു വേണം. ആ ചിറകു മുറിച്ചുകളഞ്ഞാല് മാത്രമേ സര്വജനത്തേയും വശീകരിക്കാന്‍ വേണ്ടി വല്ലതുമൊക്കെ എഴുതാന്‍ പറ്റൂ. ബിഥോവന്റെ സംഗീതം നമുക്ക് അത്ര വലിയ ലഹരിയാണോ? ത്യാഗരാജന്റെ നാദബ്രഹ്മം പാശ്ചാത്യന്‍ ഒന്നുമല്ല. പിന്നെ എവിടെയാണ് സാര്‍വജനീയത?
പ്രതികരിക്കാൻ ഇവിടെ എഴുതുക: