പിറവം പള്ളിയില്‍ തമ്പടിച്ചിരിക്കുന്ന യാക്കോബായ വിഭാഗക്കാരെ ഇന്നുതന്നെ പൂര്‍ണമായി ഒഴിപ്പിച്ച് റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി നിര്‍ദേശം നല്കിയ വാര്‍ത്ത വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ഈ ഉത്തരവ് പുറപ്പെടുവിക്കുന്നതിനായി നടത്തിയ വാദങ്ങളുടെ സമയത്ത് ഹൈക്കോടതിയുടെ നിരീക്ഷണങ്ങളില്‍ ശബരിമലയിലും പിറവം പള്ളിയിലും സര്‍ക്കാര്‍ നടത്തുന്ന ഇരട്ട നിലപാടിനെ വിമര്‍ശിച്ചിരുന്നു. ശബരിമലയില്‍ എന്ത് വിപ്ലവം നടത്തിയും വിധി നടപ്പാക്കുന്നതിനായി സര്‍ക്കാര്‍ നടത്തിയ കോപ്രായങ്ങളെ ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതിന്റെ പത്തിലൊന്ന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഉച്ചയ്ക്ക് മുന്‍പ് പള്ളിയില്‍ തമ്പടിച്ചിരിക്കുന്നവരെ നീക്കം ചെയ്ത് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് എ.എന്‍. ഷഫീഖ്, ജസ്റ്റിസ് എന്‍. അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നുനല്‍കിയ രണ്ടാമത്തെ ഉത്തരവില്‍ തമ്പടിച്ചിരുന്നവരെ നീക്കം ചെയ്തതായുള്ള റിപ്പോര്‍ട്ട് പരിഗണിച്ചു. തുടര്‍ന്ന് ശവസംസ്കാരവും കുര്‍ബ്ബാനയും നടത്തുന്നതിനുള്ള അനുമതി പോലീസ് സംരക്ഷണത്തോടെ നല്‍കുകയും ചെയ്തു.
നിലപാടുകളില്‍ മതവും അനുയായികളുടെ സംഘടിത ബോധവും നോക്കി വെള്ളം ചേര്‍ത്തുവരുന്ന കേരള സര്‍ക്കാരിന് യഥാര്‍ത്ഥത്തില്‍ പിറവം പള്ളികേസിലെ ഹൈക്കോടതി നിരീക്ഷണം തിരിച്ചടിതന്നെയാണ്. തര്‍ക്കം നിലനില്‍ക്കുന്ന പിറവം പള്ളി ജില്ലാ കളക്ടര്‍ ഏറ്റെടുക്കണമെന്നും സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് സഭ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഹൈക്കോടതി ഇപ്പോള്‍ നിര്‍ണായക നിര്‍ദേശം നല്‍കിയിരിക്കുന്നത്. വൈദികരടക്കം അറുപത്തേഴ് പേര്‍ക്ക് പള്ളിയില്‍ പ്രവേശിക്കുന്നതിന് രണ്ടുമാസത്തേക്ക് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുര്‍ബ്ബാന സമയത്തോ ശവസംസ്കാര സമയത്തോ ബഹളമുണ്ടാക്കുന്നവരെ അറസ്റ്റ് ചെയ്ത് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ സിവില്‍ ജയിലില്‍ പാര്‍പ്പിക്കാനും ഹൈക്കോടതി ഉത്തരവുണ്ടായി.
ഇത്തരമൊരു നിര്‍ദ്ദേശം ഹൈക്കോടതിയില്‍നിന്നുണ്ടാകാന്‍ കേസിലെ വിജയിച്ച കക്ഷിക്ക് ഹൈക്കൊടതിയെ സമീപിക്കേണ്ടിവന്നു എന്നതാണ് ശ്രദ്ധേയം. ശബരിമല വിഷയത്തിലാവട്ടെ, സുപ്രീംകോടതിയുടെ ഒരു പ്രഖ്യാപന ഉത്തരവ് മാത്രമുപയോഗിച്ച് വിധി നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ എത്രമാത്രം വ്യഗ്രത കാട്ടിയെന്നു നാം കണ്ടതാണ്. ഇതേ ഹര്ജ്ജിയിലെ ഉത്തരവിലൂടെ പിറവം പള്ളി ജില്ലാ കളക്ടറെക്കൊണ്ട് ഏറ്റെടുപ്പിക്കുകയും അവിടെ ഓര്‍ത്തഡോക്സ് വിഭാഗത്തിന് കുര്‍ബ്ബാന നടത്താന്‍ അനുമതി നല്‍കുകയും ചെയ്തു. ഇത്ര നിര്‍ണ്ണായകമായ തീരുമാനത്തിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം നേരിടേണ്ടിവന്ന സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ നിയമവാഴ്ച നടപ്പാക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു. മരട് ഫ്ളാറ്റ് കേസിലും സുപ്രീംകോടതിയുടെ തുടര്‍ശാസനങ്ങള്‍ വേണ്ടിവന്നു സര്‍ക്കാരിന് ഒന്നിടപെടാന്‍.
എന്നാല്‍ ശബരിമലയില്‍ അങ്ങനെയായിരുന്നില്ല കാര്യങ്ങള്‍. ദര്‍ശനം നടത്തുന്നതിന് തടസ്സമില്ലെന്ന സുപ്രീംകോടതിയുടെ കണ്ടെത്തലിനുശേഷം ഭക്തരുടെ മൊത്തത്തിലുള്ള വികാരങ്ങളെയും ശബരിമലയുടെ വിശുദ്ധിയെയും കളങ്കപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമം നടത്തി. പോലീസിനെ ഉപയോഗിച്ച് നിരവധി ആള്‍ക്കാരെ ജയിലില്‍ അടച്ചു. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചത് സുപ്രീംകോടതിയാണെന്നും അതിനു വേറെ ഹര്‍ജികളുടെ ആവശ്യമില്ലെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. വിധ്വംസക പ്രവര്‍ത്തകരെയെന്നപോലെ ഭക്തരെ സര്‍ക്കാര്‍ വേട്ടയാടി. വിശ്വാസങ്ങള്‍ക്ക് അതിഹീനമായി മുറിവേല്‍പ്പിച്ചു. അറുപതിനായിരത്തില്‍ പരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. എത്രയോ നിരപരാധികള്‍ ശരണം വിളിച്ചതിനു മാത്രം ജയിലില്‍ പോയി. ഇപ്പോള്‍ അടുത്ത മണ്ഡലകാലം വരാറായപ്പോഴും സര്‍ക്കാര്‍ ഈ നിലപാടില്‍നിന്ന് കടുകിട മാറിയിട്ടില്ല. ഈ വര്‍ഷവും ഇതേ രീതിയിലുള്ള അക്രമങ്ങള്‍ നടത്താന്‍ തന്നെയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തം. അതിന്റെ ഭാഗമായിട്ടാണ് മണ്ഡലകാലത്തിനു മുന്‍പ് ഫ്ളാറ്റ് വിവാദവും പിറവം പള്ളി വിവാദവും പേരിനെങ്കിലും ഉയര്‍ത്തിക്കൊണ്ടു വരുന്നത് എന്നതു സ്പഷ്ടം.
പിറവം പള്ളിക്കേസിലെ ഹൈക്കോടതി നിരീക്ഷണങ്ങള്‍ ശബരിമലയുമായി ബന്ധപ്പെടുത്തുന്നതായത് കേരള സര്‍ക്കാരിനേറ്റ തിരിച്ചടിയാണ്. ശബരിമലയില്‍ സര്‍ക്കാര്‍ മദ്ധ്യസ്ഥശ്രമങ്ങളോ കൂടിയാലോചനകളോ നടത്താതെ തികച്ചും ഏകപക്ഷീയമായി വിധി നടത്തുന്നു എന്ന പേരില്‍ ഇടപെടുകയായിരുന്നു കോടതി. പിറവം പള്ളിയില്‍ ഇടപെടാന്‍ ഒടുവില്‍ ഹൈക്കോടതി ഉത്തരവുതന്നെ വേണ്ടി വരികയും ചെയ്തു. പ്രവേശന വിഷയത്തില്‍ കാണിച്ച അതി ചടുലതയെന്തേ ഇവിടെ കാണാത്തത്? ഇനിയെന്നാണ് പിറവം പള്ളിയില്‍ സുപ്രീംകോടതിയിലെ നിര്‍ദ്ദേശമനുസരിച്ചുള്ള കൈമാറ്റം നടത്തുക? ഇത്തരം ചോദ്യങ്ങള്‍ സര്‍ക്കാരിനോട് ഉന്നയിച്ചിരുന്നവര്‍ക്ക് കേരള ഹൈക്കോടതിയുടെ അതിശക്തമായ ഇടപെടല്‍ ആഹ്ളാദം നല്‍കുന്നതാണ്. ശബരിമലയിലെ സര്‍ക്കാര്‍ നടപടിയെക്കാള്‍ അത്യാവശ്യമായിരുന്ന വിധിയായിരുന്നു പിറവം പള്ളിക്കേസില്‍ ഉണ്ടായിരുന്നതെന്ന് വ്യക്തമാണ്.
മണ്ഡലകാലം സമാഗതമാവുകയാണ്. പാലാ തെരഞ്ഞെടുപ്പ് വേളയിലും മുഖ്യമന്ത്രി ശബരിമലയിലെ നിലപാടില്‍ മാറ്റമില്ലെന്നു പ്രഖ്യാപിക്കുകയുണ്ടായി. ഇത്തവണ സര്‍ക്കാര്‍ തലത്തില്‍ വലിയ പദ്ധതികളോടെയാവും യുവതികളെ എത്തിക്കുക എന്നു വ്യക്തമാണ്.
പിറവത്തും മരടിലും കാട്ടിയ നയതന്ത്ര സമീപനമായിരിക്കില്ല മണ്ഡലകാലത്ത് ശരിയായ ഭക്തരോടും വിശ്വാസികളോടും ഉണ്ടാവുകയെന്ന് ഉറപ്പാണ്. ഭക്തരായ നാം കരുതിയിരിക്കേണ്ടിയിരിക്കുന്നു എന്നും ഹൈക്കോടതിയുടെ വാക്കാല്‍ ഉണ്ടായ നിരീക്ഷണങ്ങളില്‍ നിന്ന് മനസ്സിലാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: