ഒരുകാര്യം തീര്‍ച്ചയായി. പാലായിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഐക്യജനാധിപത്യ മുന്നണി-അനൈക്യമുന്നണിയായി ഒന്നില്ലെങ്കില്‍ ജീവിക്കും അല്ലെങ്കില്‍ മരിക്കുമെന്ന സൂചന. പാലാ ചുവന്നു എന്ന് കൊട്ടിഘോഷിക്കുന്നവര്‍ താല്‍ക്കാലിക വിജയത്തില്‍ അഹങ്കരിക്കുന്നതില്‍ അര്‍ഥമില്ല. ജയത്തിന് മധുരവും പരാജയത്തിന് കയ്പും ഉണ്ടെന്ന് സമ്മതിക്കുന്നു. ഒന്നാമതും രണ്ടാമതും എത്തിയവരുടെ വേവലാതി മൂന്നാം സ്ഥാനത്തെത്തിയ ബിജെപിയെ ചൊല്ലിയാണ്. വോട്ടുമറിച്ചു വിറ്റു എന്ന് ഇരുമുന്നണികളും ആവര്‍ത്തിക്കുകയാണ്. തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ അനിവാര്യഘടകമാണല്ലോ. അതില്‍ ജയിക്കുന്നവര്‍ തോറ്റെന്നുവരും. തോറ്റവര്‍ ജയിച്ചെന്നുംവരും. ചിലപ്പോള്‍ അപ്രതീക്ഷിതമായ അട്ടിമറി വിജയങ്ങളും ഉണ്ടാകും. അത് ജനഹിതമാണ്.
ഒരു പ്രതീക്ഷയും ഇല്ലാത്തിടത്ത് ബിജെപി വന്‍ വിജയം നേടിയ ചരിത്രം നമ്മുടെ മുന്നിലുണ്ടല്ലോ. ത്രിപുരയില്‍ ഒരു പഞ്ചായത്തില്‍പോലും ഭരണമില്ലാത്തപ്പോഴാണ് ബിജെപി സംസ്ഥാന ഭരണത്തിലെത്തിയത്, പശ്ചിമബംഗാളിലെ വിജയങ്ങളും അമ്പരപ്പിക്കുന്നതല്ലെ. എന്തിനധികം, അമേഠി എന്ന ഉത്തര്‍പ്രദേശിലെ പാര്‍ലമെന്റ് മണ്ഡലം തറവാട്ട് സ്വത്തുപോലെ കൈകാര്യം ചെയ്തിരുന്നല്ലോ. നെഹ്റു കുടുംബത്തിന് സ്വന്തമായിരുന്ന മണ്ഡലത്തില്‍ ഇപ്പോള്‍ സംഭവിച്ചതെന്താണ്. രാഹുല്‍ വോട്ട് ബിജെപിക്ക് വിറ്റതുകൊണ്ടാണോ തോറ്റത്. ലോക്സഭയില്‍ ഏറ്റവും വലിയ മുന്നേറ്റം ബിജെപിക്ക് നേടാനായത് കോണ്‍ഗ്രസ് ഉള്‍പ്പെടയുള്ള പാര്‍ട്ടികള്‍ വോട്ട് വിറ്റതുകൊണ്ടാണോ? പരമ്പരാഗതമായി ഇടതുപക്ഷം ജയിക്കുന്ന കേരളത്തിലെ സീറ്റുകള്‍പോലും അഞ്ചുമാസം മുന്‍പ് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നണി ജയിച്ചത് സിപിഎം വോട്ട് കച്ചവടം നടത്തിയതുകൊണ്ടാണോ!
പാലാ പരമ്പരാഗതമായി ബിജെപിയുടെ കോട്ടയൊന്നുമല്ല. എല്ലായിടത്തും സംഘടനാ സംവിധാനങ്ങള്‍ വ്യാപിച്ചതുമല്ല. ഇത്തവണ പതിനെണ്ണായിരത്തിലധികം വോട്ട് നേടാനായത് തന്നെ വലിയ നേട്ടമായി വിലയിരുത്തേണ്ടതുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും എന്‍ഡിഎയ്ക്ക് വോട്ട് നിലയില്‍ വര്‍ധനവുണ്ടായതിന് സാമൂഹ്യമായും സാമുദായികമായും ചില ഘടകങ്ങളുണ്ടായിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ അതില്‍ ചില പോരായ്മകളുണ്ടായി എന്നത് നേരാണ്. എസ്എന്‍ഡിപി യോഗം നന്നായി സഹായിച്ചുവെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും സിപിഎം നേതൃത്വവും വിലയിരുത്തിയിട്ടുണ്ടല്ലോ.
രാഷ്ട്രീയ വിജയം, ചരിത്ര വിജയം. വരാനിരിക്കുന്ന അഞ്ചിടങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ പാലാ എല്‍ഡിഎഫിന് നല്കുന്ന ആത്മവിശ്വാസം സ്വാഭാവികമാണ്. പക്ഷേ പാലാ പോലെ ഒരു പാര്‍ട്ടിയുടെ കുത്തകയല്ല ഒരു മണ്ഡലവും. നിലവിലെ അവസ്ഥയ്ക്ക് കോട്ടമൊന്നും വരുത്താതെ മുന്നോട്ടുപോയാല്‍ സിപിഎമ്മിനും എല്‍ഡിഎഫിനും അഹ്ലാദിക്കാനുള്ള വക നല്കാതിരിക്കില്ല. പ്രത്യേകിച്ചും 20ല്‍ 19ഉം തോറ്റ് പരിതാപകരമായ നില്ക്കുന്ന സാഹചര്യത്തില്‍. കരകയറ്റത്തിനുള്ള കരുത്തുള്ള പിടിവള്ളിയാണ് പാലാ ഇന്ന് എല്‍ഡിഎഫിനെന്ന് അവകാശപ്പെടാം പക്ഷേ നടക്കണമെന്നില്ല.
യുഡിഎഫ് തോല്‍വിയുടെ കയ്പ്പറിഞ്ഞിരിക്കുകയാണ്. മാണിയല്ലാതെ മറ്റൊരാള്‍ വിജയക്കൊടി നാട്ടാത്ത പാലായെ അവര്‍ കൈവിട്ടു. സ്വന്തം കൈവള്ളയിലിരുന്ന മണ്ഡലം കളഞ്ഞുകുളിച്ചു. എങ്കിലും കോണ്‍ഗ്രസിനും മറ്റ് ഘടകകക്ഷികള്‍ക്കും കേരളാ കോണ്‍ഗ്രസിനെ പഴിച്ച് കൈകഴുകാം. അവരുടെ പല്ലിനിടയില്‍ കുത്തിയുള്ള നാറ്റത്തില്‍ ഇല്ലാതായതാണ് പാലായെന്ന് പറഞ്ഞ് സമാധാനിക്കാം. അത് അവര്‍ ചെയ്തു തുടങ്ങിയിട്ടുമുണ്ട്. മുന്നണിയില്‍ ഘടകകക്ഷികളെ നിയന്ത്രിക്കുന്നതില്‍ പരിധിയുണ്ടെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.
അവരുടെ വിഴുപ്പലക്കല്‍ തോല്‍വിയിലേക്ക് നയിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. വി.എം. സുധീരനും മുരളിയും തുടങ്ങി മറ്റ് നേതാക്കളും സമാനമായി തന്നെ പ്രതികരിക്കുന്നു. മറിച്ച് യുഡിഎഫിനോട് ഇത്തിരി ശ്രദ്ധിച്ചില്ലെങ്കില്‍ ഒത്തിരി നഷ്ടപ്പെടുമെന്ന് ഓര്‍മിപ്പിച്ചത് എന്‍.കെ. പ്രേമചന്ദ്രന് മാത്രമാണ്. അത് ഉള്‍ക്കൊണ്ടോ അല്ലാതെയോ പാലാ തോല്‍വിയുടെ ആഘാതത്തില്‍നിന്ന് പതുക്കെ അഞ്ചിലങ്കത്തിലേക്ക് യുഡിഎഫിനും ചുവടുവയ്ക്കാം. പാലായെ മറന്ന് ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയം ഓര്‍ത്ത് കരുത്ത് തീരുംമുമ്പ് തെരഞ്ഞെടുപ്പിനെത്താം.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതല്‍ ബിജെപി നന്നായി പ്രവര്‍ത്തിച്ചു. സംസ്ഥാന നേതാക്കള്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ക്രോഡീകരിച്ചു. ഇത്രയും വോട്ടുലഭിക്കാനുള്ള കാരണം അതുതന്നെയാണല്ലോ. കതിരില്‍ വളംവയ്ക്കുന്ന ശൈലി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഗുണം ചെയ്യില്ല. ജനങ്ങളുമായി നിരന്തര സമ്പര്‍ക്കം അവര്‍ക്കുവേണ്ടിയുള്ള അക്ഷീണപരിശ്രമം അതൊക്കെയാണ് വോട്ടെടുപ്പിന് ജനങ്ങളെ പ്രേരിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്കും പാവപ്പെട്ട ജനങ്ങള്‍ക്കും നടപ്പാക്കിക്കൊണ്ടിരിക്കുന്ന ക്ഷേമപദ്ധതികളുടെ ഗുണഫലം പാല ഉള്‍പ്പെടെയുള്ള കേരളത്തിലെ മണ്ഡലങ്ങളിലും ജനങ്ങളിലും വേണ്ടത്ര സ്വാധീനം ചെലുത്തിയോ എന്ന് സംശയമാണ്.
ബിജെപിക്ക് നേരെ വിരല്‍ ചൂണ്ടുന്ന ഇരുമുന്നണി നേതാക്കള്‍ക്കും അവരുടെ സ്ഥാനാര്‍ഥികള്‍ക്കും കഴിഞ്ഞതവണ നേടിയ വോട്ട് നിലനിര്‍ത്തനായിട്ടില്ല. തോമസ് ചാഴിക്കാടന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ 33,000 വോട്ടിന്റെ മേല്‍ക്കൈ ഉണ്ടായെങ്കില്‍ എങ്ങനെ യുഡിഎഫ് സ്ഥാനാര്‍ഥി തോറ്റു.
കേരളാ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം ഇനി എത്ര തുണ്ടം എന്ന് കാണേണ്ടിയിരിക്കുന്നു. പി.ജെ. ജോസഫ് എന്ന മുതിര്‍ന്ന നേതാവ് തെരഞ്ഞെടുപ്പ് കണ്വന്ഷന് എത്തിയപ്പോള്‍ ലഭിച്ചത് കൂവിവിളിയാണ്. കേരളാ കോണ്‍ഗ്രസിന് ഇപ്പോള്‍ നഗ്നത മറയ്ക്കാന്‍ പോലും രണ്ടിലയില്ല. കോട്ടയം ജില്ലയില്‍ കേരള കോണ്‍ഗ്രസിന്റെ പ്രമാണിത്തം തകര്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമവും ഫലം കണ്ടു എന്നുതന്നെപറയാം.
ഇടതുഭരണത്തിനുള്ള ജനങ്ങളുടെ അംഗീകാരമെന്ന് മുഖ്യമന്ത്രി അവകാശപ്പെടുമ്പോള്‍ മാണി സി. കാപ്പന്റെ അക്ഷീണ പ്രയത്നത്തിന്റെ പ്രതിഫലമെന്നാണ് കോടിയേരി ബാലകൃഷ്ണന് പ്രസ്താവിച്ചത്. ഏതായാലും പാലയില്‍നിന്ന് കേള്‍ക്കുന്ന അലാറം സംസ്ഥാന മുന്നണികളെയെല്ലാം ഉണര്‍ത്താനുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: