ന്യൂദല്‍ഹി: അയോധ്യക്കേസില്‍ വാദം ഒക്ടോബര്‍ 18ന് അവസാനിപ്പിക്കുമെന്ന് താക്കീത് നല്‍കി സുപ്രീംകോടതി. വാദം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് എല്ലാ കക്ഷികള്‍ക്കും അന്ത്യശാസനം നല്‍കിക്കഴിഞ്ഞു.
ഒക്ടോബര്‍ 18ന് ശേഷം ഒരു ദിവസം പോലും കേസിന്റെ വാദത്തിനായി അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായി ഡിവിഷന്‍ ബെഞ്ച് അറിയിച്ചു. ചീഫ് ജസ്റ്റിസ് നവംബര്‍ 17ന് വിരമിക്കും. വിധി അന്നായിരിക്കുമെന്ന് ധാരണയായിട്ടുണ്ട്.
വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി ഒരുമാസത്തിന് ശേഷം വിധി പ്രസ്താവിക്കുന്നത് വാദങ്ങള്‍ പഠിക്കാനും പരിശോധിക്കാനും മതിയായ സമയം ബെഞ്ചിന് ലഭിക്കുമെന്ന് സുപ്രീം കോടതി അഭിഭാഷകന്‍ അതുല്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. വാദം അവസാനിച്ച് കൃത്യം ഒരുമാസത്തിന് ശേഷമായിരിക്കും വിധി.
പുതിയ ഭൂമിയേറ്റെടുക്കല്‍ നിയമം കൂടി പരിഗണിച്ചായിരിക്കും വിധി. വിധി പുറപ്പെടുവിക്കുന്നതിന് കൂടുതല്‍ സമയം വേണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. 70 വര്‍ഷം നീണ്ട കേസിനാണ് വിധിയോടെ അന്ത്യമാകുക. ഓഗസ്റ്റ് ആറുമുതലാണ് സുപ്രീം കോടതി തുടര്‍ച്ചയായി അയോധ്യകേസില്‍ വാദം കേള്‍ക്കുകയാണ്.
അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ വിവിധ കക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് തുടര്‍ച്ചയായി അഞ്ചംഗ ബെഞ്ച് വാദം കേള്‍ക്കുന്നത്. 2017ല്‍ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തലവനായ മൂന്നംഗ ബെഞ്ചാണ് വാദം കേള്‍ക്കല്‍ ആരംഭിച്ചത്. ദീപക് മിശ്ര വിരമിച്ചതിന് ശേഷം 2018 ഒക്ടോബര്‍ 29 മുതല്‍ പുതിയ ബെഞ്ചിന് മുന്നിലാണ് കേസ്.
















