കുവൈത്ത് സിറ്റി : കുവൈത്ത് നാഷണല്‍ സെക്യൂരിറ്റി ഗാർഡിന്റെ ആരോഗ്യ വിഭാഗത്തിലേക്ക് ഡോക്ടര്‍, നേഴ്സ്, പാരമെഡിക്കല്‍ എന്നിങ്ങനെയുള്ള വിഭാഗങ്ങളിലേക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് നടത്തുന്നു. നോര്‍ക്ക റൂട്സ് ചീഫ് എക്സിക്യൂടീവ് ഓഫീസര്‍ ഹരി കൃഷ്ണന് നമ്പൂതിരി, റിക്രൂട്ടിംഗ് മേനേജര്‍ അജിത് കൊളശേരി എന്നിവര്‍ കുവൈത്ത് നാഷനല്‍ ഗാര്‍ഡിലെ ലെഫ്റ്റനന്റ് ജനറല്‍ ഹാഷിം അല്‍ രിഫായ്, മാനവ വിഭവ ശേഷി ഡയറക്റ്റര്‍ ലഫ്റ്റനന്റ് കേണല്‍ അഹമദ് അബ്ദുല്‍ റഹ്മാന് അല്‍ ദുവയ് എന്നിവരുമായിട്ടാണ് അവസാന വട്ട ചര്‍ച്ച പൂര്‍ത്തിയാക്കിയത്.
നാഷണല്‍ ഗാര്‍ഡ് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായി നോര്‍ക്ക പ്രതിനിധികള്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ അംബാസഡറുമായും കൂടിയാലോചനകള്‍ നടത്തിയിരുന്നു. രണ്ടു ദിവസത്തെ കുവൈത്ത് സന്ദര്‍ശനതിനെത്തിയ നോര്‍ക്കാ അധികൃതര്‍ കുവൈത്തിലെ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന അല്‍ ദുര കമ്പനി പ്രതിനിധികളുമായും ചര്‍ച്ചകള്‍ നടത്തി. കഴിഞ്ഞ വർഷം നോര്‍ക്ക സ്വകാര്യ ആശുപത്രിയായ കുവൈത്തിലെ റോയല്‍ ഹയാതുമായി റിക്രൂട്ട്മെന്റ് കരാറില്‍ ഒപ്പു വെച്ചിരുന്നു.
അതേസമയം അടുത്ത വര്‍ഷം കുവൈത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ 2500 ഓളം നഴ്സുമാരുടെ ഒഴിവുകള്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. ആരോഗ്യമന്ത്രാലയത്തിലേക്കുള്ള നേഴ്സസ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് നോര്‍ക്ക പ്രതിനിധികള്‍ മന്ത്രാലയ അധികൃതരുമായി മുന്‍പ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇത് സംബന്ധിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ലെന്നാണു സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: