തിരുവനന്തപുരം: റോഡ് നവീകരണത്തിന്റെ ഭാഗമായി നടന്ന പണികളുടേയും ടാറിങ്ങിന്റേയും ഫലമായി മണ്ണിനടിയില്‍ അകപ്പെട്ട ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിലെ കല്ലാനയ്‌ക്ക് ഒടുവില്‍ ശാപമോക്ഷം. കാര്‍ത്തിക തിരുനാള്‍ രാമവര്‍മയുടെ കാലത്താണ് പത്മതീര്‍ഥത്തിന് മുന്‍വശത്തായി കല്ലാന സ്ഥാപിച്ചത്. പ്രദേശത്തിന്റെ കാവല്‍ക്കാരനനെന്ന സങ്കല്‍പത്താല്‍ ശ്രീ പത്മനാഭ പ്രതിഷ്ഠക്ക് അഭിമുഖമായാണ് കല്ലാനയുടെ സ്ഥാനം. പലപ്പോഴായി നടത്തിയ റോഡ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കല്ലാനയുടെ മൂന്നില്‍ രണ്ടു ഭാഗവും മണ്ണിനടിയിലായിരുന്നു. മണ്ണിനടിയില്‍ താഴ്ന്നുപോയ കല്ലാനയെ പൂര്‍വ സ്ഥിതിയിലാക്കാന്‍ നടപടി ഇന്നലയോടെ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പുരാവസ്തു വിദഗ്ധര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.
കല്ലാനയുടെ പാദം വരെ കാണത്തക്ക രീതിയില്‍ നവീകരണം നടത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി നാലു വശത്തു നിന്നും മണ്ണു നീക്കം ചെയ്യുന്ന ജോലിയാണ് ആരംഭിച്ചത്. ശേഷം പ്രതലം ടൈല്‍ പാകും. വശങ്ങളില്‍ കൈവരി പിടിപ്പിക്കും. പുറത്തു നിന്നുള്ള വെള്ളം അകത്തേക്ക് കടക്കാതിരിക്കാനും അകത്തെ വെള്ളം പുറത്തു പോകുന്നതിനും സൗകര്യമൊരുക്കും. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫിസര്‍ വി.രതീശന്റെ നിര്‍ദേശ പ്രകാരം മാനേജര്‍ ബി.ശ്രീകുമാറിന്റെ മേല്‍നോട്ടത്തിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.പൈതൃക സ്മാരകമെന്ന നിലയില്‍ കല്ലാനയെ സംരക്ഷിക്കണമെന്നാണു ആവശ്യം ശക്തമായിരുന്നു. നേരത്തേ ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോള്‍ കല്ലാനയെ നിലവിലുള്ള സ്ഥലത്തു നിന്നു ഇളക്കി മാറ്റാന്‍ ശ്രമമുണ്ടായിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ശ്രമം ഉപേക്ഷിച്ചു.
















