ദിവാ ന പൂജയേല്ലിംഗം
രാത്രൗ നൈവ ച പൂജയേത്
സര്‍വദാ പൂജയേല്ലിംഗം
ദിവാ രാത്രി നിരോധതഃ 4 42
ലിംഗത്തെ (ആത്മാവിനെ) പകല്‍ പൂജിക്കരുത്. രാത്രിയും പൂജിക്കരുത്. രാപകലുകളെ നിരോധിച്ച് എല്ലായ്പ്പോഴും ആത്മാവിനെ പൂജിക്കണം.
ഉന്മനി അവസ്ഥയ്ക്ക് കാലനിയമങ്ങളില്ല എന്നാണ് ഇവിടെ താല്പര്യം. രാവില്‍ പാടില്ല, പകലും പാടില്ല. എല്ലാ സമയത്തുമാകാം. ഇതു കേള്‍ക്കുമ്പോള്‍ പെട്ടെന്ന് ഒരു വൈരുധ്യം തോന്നാം. വലതു മൂക്കിലൂടെ ശ്വാസം ഒഴുകുമ്പോള്‍ അതിനെ ദിവാ (പകല്‍) എന്നും സൂര്യനെന്നും പിംഗളയെന്നും വിളിക്കും. ഇടതിനെ രാത്രിയെന്നും ചന്ദ്രനെന്നും ഇഡയെന്നും വിളിക്കും. അവ രണ്ടും ഒരു പോലെയായാല്‍ സുഷുമ്നയാകും. ചന്ദ്ര സൂര്യ സഞ്ചാരത്തില്‍ ചിത്തസ്ഥൈര്യമുണ്ടാവില്ല. മധ്യത്തിലാകുമ്പോള്‍ ചിത്തം സ്ഥിരമാവും. പകല്‍ എന്നാല്‍ ഇവിടെ അര്‍ഥം വലത്തെ മൂക്കില്‍ ശ്വാസം ഒഴുകുമ്പോള്‍ എന്നാണ്. രാത്രി എന്നാല്‍ ഇടതു മൂക്കിലെ പ്രവാഹവും. ആ സമയങ്ങളില്‍ പാടില്ല. രണ്ടിലും ഒഴുകുമ്പോള്‍ സുഷുമ്നയിലാണ്. അതാണ് വേണ്ടത്. അതുള്ളപ്പോഴെല്ലാമാകാം. ‘ സുഷുമ്നാന്തര്ഗതേ വായൗ മന സ്ഥൈര്യം പ്രജായതേ’, ശ്വാസം സുഷുമ്ന യിലായാല്‍ മനസ്സ് ഉറച്ചു നില്ക്കും.
ലിംഗം എന്നാല്‍ സര്‍വകാരണം, ആത്മാവ്. തൈത്തിരീയ ഉപനിഷത്തില്‍ ‘ഏതസ്മാദാ ത്മന ആകാശഃ സംഭൂതഃ’ എന്നു പറയുന്നു. ഈ ആത്മാവില്‍ നിന്നാണ് ആകാശമുണ്ടായത്. ആത്മാവ് സര്വകാരണമാണെന്നര്ഥം. മനുഷ്യന് മൂന്നു ശരീരങ്ങളുണ്ട് സ്ഥൂല ശരീരം, സൂക്ഷ്മ ശരീരം, കാരണ ശരീരം.
കാരണശരീരത്തെ ലിംഗശരീരമെന്നും വിളിക്കും. ആശയം മേല്പ്പറഞ്ഞതു തന്നെ. പൂജ എന്നാല്‍ ധ്യാനമെന്നര്ഥമുണ്ട്. ‘ധ്യാനോപഹാര ഏവാത്മാ’ (ആത്മാവ് ധ്യാനം കൊണ്ട് സന്തോഷിക്കും)’ ധ്യാനം അസ്യ മഹാര്ച്ചനം’ ( ധ്യാനം തന്നെ അതിന്റെ പൂജ)’ വിനാ തേന, ഇതരേണ അയം ആത്മാ ലഭ്യത ഏവ നോ’ ധ്യാനം ഒഴിച്ചൊന്നു കൊണ്ടും ആത്മലാഭ മുണ്ടാവില്ല. ധ്യാനം പൂജ തന്നെ എന്നു താല്പര്യം.
സവ്യ ദക്ഷിണ നാഡീസ്ഥോ
മധ്യേ ചരതി മാരുതഃ
തിഷ്ഠതേ ഖേചരീ മുദ്രാ
തസ്മിന് സ്ഥാനേ നസംശയഃ 4 43
വലതും ഇടതും മൂക്കിലൂടെ ഒഴുകുന്ന പ്രാണന് മധ്യത്തിലൂടെ ഒഴുകുമ്പോള്‍ ആ സ്ഥാനത്ത് ഖേചരീ മുദ്ര ഇരിക്കുന്നു. സംശയം വേണ്ട.
ഇഡാ പിംഗളയോര്‍ മധ്യേ
ശൂന്യം ചൈവാനിലം ഗ്രസേത്
തിഷ്ഠതേ ഖേചരീ മുദ്രാ
തത്ര സത്യം പുനഃപുനഃ 4 44
ഇഡാ പിംഗളകളുടെ മധ്യത്തില്‍ ഉള്ള ശൂന്യത, ആകാശം പ്രാണനെ വിഴുങ്ങുന്നു. ആ ശൂന്യതയിലാണ് ഖേചരി മുദ്ര ഇരിക്കുന്നത്. ഇതു സത്യം, സത്യം.
സൂര്യചന്ദ്രമസോര് മധ്യേ
നിരാലംബാന്തരേ പുനഃ
സംസ്ഥിതാ വ്യോമ ചക്രേ യാ
സാ മുദ്രാ നാമ ഖേചരീ 4 45
സൂര്യ ചന്ദ്രന്മാരുടെ (പിംഗളാ, ഇഡാ) മധ്യത്തില്‍ നിരാലംബമായ ഇടത്തില്‍ ആകാശങ്ങളുടെ കേന്ദ്രത്തില്‍( ഭ്രൂമധ്യത്തില്‍) ഇരിക്കുന്ന മുദ്രയാണ് ഖേചരി. ഖേചരിക്ക് നഭോ മുദ്ര എന്നും പേരുണ്ട്.
ആജ്ഞാ ചക്രമാണ് വ്യോമ ചക്രം. ഇവിടെ അഞ്ചു നാഡികള്‍ കൂടിച്ചേരുന്നു (പഞ്ച സ്രോതഃ സമന്വിതം ) ഇഡ, പിംഗള, സുഷുമ്ന, ഗാന്ധാരി, ഹസ്തി ജിഹ്വാ. ഖം, നഭസ്, വ്യോമം എല്ലാത്തിനും ആകാശം എന്നു തന്നെയാണര്‍ഥം.
സോമാദ് യത്രോദിതാ ധാരാ
സാക്ഷാത് സാ ശിവ വല്ലഭാ
പൂരയേദതുലാം ദിവ്യാം
സുഷുമ്നാം പശ്ചിമേ മുഖേ 4 46
സോമനില്‍ നിന്ന് അമൃതധാര സ്രവിപ്പിക്കുന്ന ഖേചരീ മുദ്ര സാക്ഷാല്‍ ശിവന് പ്രിയയാണ്. നിര്‍മലവും ദിവ്യവുമായ സുഷുമ്നയെ നാക്കു കൊണ്ട് പിന്നിലൂടെ നിറക്കണം.
ദിവ്യമെന്നാല് എല്ലാ നാഡികളിലും ശ്രേഷ്ഠമെന്നര്ഥം. ഖേചരിയില്‍ നാക്കു മേലോട്ട് വളച്ച് അണ്ണാക്കില്‍ ചേര്‍ക്കും. ഹഠയോഗികള്‍ ഖേചരിയില്‍ സിദ്ധി കിട്ടാനായി നാക്കിന്റെ അടിയിലെ പേശീ തന്തുക്കള്‍ അറുത്ത് നാക്കിന് നീളം കൂട്ടി അതു കൊണ്ട് അണ്ണാക്കിനു പിറകിലുള്ള കുഴി ഒരു കോര്‍ക്കു കൊണ്ടെന്നപോലെ അടക്കും.
പുരസ്താച്ചൈവ പൂര്യേത
നിശ്ചിതാ ഖേചരീ ഭവേത്
അഭ്യസ്താ ഖേചരി മുദ്രാ
പ്യുന്മനീ സംപ്രജായതേ 4 47
സുഷുമ്നയെ പ്രാണന് കൊണ്ട് മുന്നിലൂടെയും നിറക്കണം. അപ്പോള്‍ അത് നിശ്ചയമായും ഖേചരിയാവും.ഉന്മനീ അവസ്ഥയും അനുഭവത്തില്‍ വരും. ധ്യാനം ഒരു ആത്മീയ സാധനയാണ്.
എന്നാല്‍ അത് ഭൗതിക ശരീരത്തില്‍ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ശ്വാസം താളത്തിലും സാവധാനത്തിലുമാവുന്നതും രക്തസമ്മര്‍ദവും ശരീരതാപവും കുറയുന്നതും അനുഭവത്തിലറിയാം. ഇതിനെ സഹായിക്കാനാണ് മുദ്രകളും ബന്ധങ്ങളും ഉപയോഗിക്കുന്നത്. ധ്യാനം ആഴത്തിലാവുകയും മനസ്സ് അത്യന്തം ഏകാഗ്രമാവുകയും ചെയ്യുമ്പോള്‍ ഉന്മനി അവസ്ഥയില്‍ എത്തും. സമാധിയില്‍ പ്രവേശിക്കും.
(കൊച്ചി പതഞ്ജലിയോഗ ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍ അധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: