ജമ്മു കശ്മീരില്‍ സൗഹൃദത്തിന്റെ മണിമുഴക്കത്തിന് സമയമെത്തി. ഭീകരതയുടെ തേര്‍വാഴ്ചയില്‍ അടച്ചുപൂട്ടപ്പെട്ട ക്ഷേത്രങ്ങള്‍ തുറക്കാനുള്ള നടപടികളിലേയ്ക്ക് നീങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ചെറുതും വലുതുമായ ഒട്ടേറെ ക്ഷേത്രങ്ങള്‍ തകര്‍ക്കപെട്ടിരുന്നു. ലക്ഷക്കണക്കിന് ഹൈന്ദവര്‍, എല്ലാം ഇട്ടെറിഞ്ഞു പലായനം ചെയ്യുകയും ചെയ്തു. അവരെ തിരികെ എത്തിച്ച് പുനരധിവസിപ്പിക്കാനുള്ള നീക്കവും നടന്നുവരുന്നു. ഹിന്ദു, മുസ്ലിം, ബുദ്ധമതസമൂഹങ്ങള്‍ കൈകോര്‍ത്തു ജീവിച്ച നല്ല നാളുകളാണ് കേന്ദ്രം വിഭാവനം ചെയ്യുന്നത്.
രാജ്യസ്നേഹികള്‍ക്കും യഥാര്‍ത്ഥ മതേതരവാദികള്‍ക്കും മനസ്സിന് സുഖംപകരുന്ന വാര്‍ത്തകളാണ് ഈയിടെ ജമ്മുകശ്മീരില്‍നിന്ന് പുറത്തുവരുന്നത്. കഴിഞ്ഞദിവസം ഹൂസ്റ്റണില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതുപോലെ കശ്മീര്‍ നല്ലനാളുകളിലേയ്ക്ക് നീങ്ങുകയാണ്. അഥവാ അത്തരം പഴയകാലത്തേയ്ക്കു മടങ്ങുകയാണ്. സാമുദായിക സൗഹാര്‍ദത്തിന്റെ പൂക്കള്‍ അവിടെ വീണ്ടും വിരിയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ്, പലായനം ചെയ്യേണ്ടിവന്നവരെ തിരിച്ചെത്തിച്ചു കുടിയിരുത്താനുള്ള കേന്ദ്രശ്രമങ്ങള്‍ക്ക് കിട്ടുന്ന സഹകരണം ഇതാണ് സൂചിപ്പിക്കുന്നത്. പ്രത്യേക പദവിയും അവകാശങ്ങളും ഇല്ലാതായത് ഫലത്തില്‍ കശ്മീരിന് ദോഷമല്ല അനുഗ്രഹമാണ് എന്ന് തന്നെ വേണം കരുതാന്‍. ഭീകരവാദികളുടെയും അവര്‍ക്കുപിന്‍ബലം നല്കുന്ന പാക്കിസ്ഥാന്റെയും ഇടപെടലില്‍നിന്ന് മോചിതരായ, ദേശീയവാദികളായ മുസ്ലിം ജനത, പ്രാണവായു തിരിച്ചുകിട്ടിയ അവസ്ഥയിലാണിപ്പോള്‍.
തീവ്രവാദത്തിന്റെയും ഭീകരതയുടെയും പേരില്‍ രാജ്യാന്തര രംഗത്ത് ഒറ്റപ്പെട്ട പാക്കിസ്ഥാന്, കരിംപട്ടികയിലേക്ക് നീങ്ങുന്നു എന്നത് ഇതുമായി കൂട്ടിവായിക്കണം. ഭീകരതയെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമത്തിന്റെ കാര്യത്തില്‍, ഇസ്ലാമിക രാഷ്ട്രങ്ങളടക്കം ലോകരാഷ്ട്രങ്ങള്‍ ഒന്നടങ്കം ഇന്ത്യന്‍ നിലപാടിനൊപ്പം നിന്നിട്ടും ഭീകരതയോട് അകലംപാലിക്കാന്‍ പാക്കിസ്ഥാന് തയ്യാറായില്ല. അത്തരക്കാരെ സഹായിക്കുന്നതിനെതിരായ അന്താരാഷ്ട്ര സമൂഹത്തിന്റെ മുന്നറിയിപ്പും അവഗണിച്ചതോടെയാണ് കരിമ്പട്ടിക പാക്കിസ്ഥാനെ തുറിച്ചുനോക്കുന്നത്. നാനാത്വത്തിലെ ഏകത്വത്തില്‍ ഊന്നി ഇന്ത്യ, വികസനത്തിലും ജനക്ഷേമത്തിലും ശ്രദ്ധ ഊന്നുമ്പോള്‍ പാക്കിസ്ഥാന് വംശഹത്യയിലും ഭീകരവാദത്തിലും മുഴുകുന്നു. ഇന്ത്യ വികസനപാതയില്‍ മുന്നേറുമ്പോള്‍ പാക്കിസ്ഥാന്‍ജനത ദാരിദ്ര്യത്തിലും അവികസിത സാഹചര്യത്തിലും അരക്ഷിതാവസ്ഥയിലും ഉഴലുന്നു. ഭീകരതയുടെ സഹായത്തോടെ കശ്മീരിലും നുഴഞ്ഞുകയറി ഇതേ അരക്ഷിതാവസ്ഥ വിതറുകയായിരുന്നു പാക്കിസ്ഥാന്. വര്‍ഷങ്ങള്‍നീണ്ട ആ നീക്കമാണ്, കടുത്ത നടപടികളും കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയുകയുംവഴി എന്‍ഡിഎ സര്‍ക്കാര്‍ തകര്‍ത്തത്. ഇന്ന് ഭീകരരുടെ ഇഷ്ടമല്ല കശ്മീര്‍ജനതയുടെ ഇഷ്ടമാണവിടെ നടപ്പാകുന്നത്. വികസനവും സൈ്വരജീവിതവും എന്തെന്ന് അവര്‍ ഇന്ന് അനുഭവിച്ചറിയുന്നു. അതിന്റെ ഫലമാണ് ഭീകരതയ്ക്കെതിരെ പൊരുതാന്‍ കശ്മീരിമുസ്ലിം യുവാക്കള്‍ കൂട്ടത്തോടെ സൈന്യത്തില്‍ ചേരുന്നത്. കല്ലേറില്ല, ബോംബ് സ്ഫോടനമില്ല. താഴ്വരയടക്കം കശ്മീര്‍ ശാന്തം.
കശ്മീര്‍ മാറുകയാണ്. അതിന്റെ മണിമുഴക്കമായിരിക്കും ഇനി അവിടുത്തെ ക്ഷേത്രങ്ങളില്‍നിന്ന് മുഴങ്ങുക. ഹിന്ദുക്കള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടപ്പോഴും ആട്ടിയോടിക്കപ്പെട്ടപ്പോഴും ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടപ്പോഴും കരയാത്ത കപടരാഷ്ട്രീയക്കാര്‍ ഇന്ന് കരയുന്നത് മനുഷ്യസ്നേഹം കൊണ്ടല്ല. സ്വന്തം കാപട്യം തിരിച്ചറിയപ്പെട്ടതുകൊണ്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: