കൊച്ചി: ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ച കേസില്‍ പ്രതി മുഹമ്മദ് ജാസിം അറസ്റ്റില്‍. പരാതി നല്‍കി രണ്ട് മാസത്തിനു ശേഷമാണ് അറസ്റ്റ്. കോഴിക്കോട് നഗരത്തിലെ പരിശീലന കേന്ദ്രത്തില്‍ പഠിച്ചിരുന്ന പെണ്‍കുട്ടിയെ ചെറുവണ്ണൂര്‍ സ്വദേശി മുഹമ്മദ് ജാസിമാണ് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചത്. തുടര്‍ന്ന് മതപരിവര്‍ത്തനം നടത്തിയില്ലെങ്കില്‍ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
സംഭവം വിവാദമായതോടെ നടക്കാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് മെഡിക്കല്‍ കോളജ് പോലീസിനു കൈമാറി. നടക്കാവ് പോലീസില്‍ ആദ്യം താന്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പോലീസ് നടപടിയെടുത്തില്ലെന്നും പിന്നീട് മകള്‍ നേരിട്ടെത്തിയാണ് പരാതി നല്‍കിയതെന്നും പിതാവ് വ്യക്തമാക്കി.
ജാസിം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി 45,000 രൂപയും നാലു പവന്‍ സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തിട്ടുണ്ടെന്ന് പിതാവ് ആരോപിച്ചു. സംഭവത്തിനുശേഷം മാനസികമായി തകര്‍ന്ന പെണ്‍കുട്ടി ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ്. പോലീസ് പ്രതിക്കെതിരേ നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചു. പ്രത്യേക സംഘം സ്ഥലത്തെത്തി പെണ്‍കുട്ടിയില്‍ നിന്നും പോലീസില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.
















