പാലാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഇന്നാണ്. സ്ഥാനാര്‍ത്ഥികള്‍ പലതുണ്ടെങ്കിലും കേരളത്തിലെ ഭരണ മുന്നണിയുടെയും പ്രതിപക്ഷ മുന്നണിയുടെയും കേന്ദ്ര ഭരണ കക്ഷിയുടെയും സ്ഥാനാര്‍ത്ഥികള്‍ തമ്മിലാണ് മുഖ്യപോര്. അരനൂറ്റാണ്ടിലേറെക്കാലം കെ.എം. മാണിയെ മാത്രം ജയിപ്പിച്ച പാലായില്‍ ഉപതെരഞ്ഞെടുപ്പ് മത്സരം ശക്തമായിരിക്കുന്നു. വികസന മുരടിപ്പും അഴിമതി ആരോപണങ്ങളുമെല്ലാം ഇരുമുന്നണികള്‍ക്കുമെതിരെ വന്നു. സുരക്ഷിതവും സൂക്ഷ്മവുമായ പ്രചാരണ മുന്നേറ്റമാണ് ബിജെപി സ്ഥാനാര്‍ത്ഥി നടത്തിയത്. മൂന്നു സ്ഥാനാര്‍ത്ഥികളില്‍ ഇരുമുന്നണി സ്ഥാനാര്‍ത്ഥികളും അറുപതു പിന്നിട്ടവരാണ്. 41 കാരനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍. ഹരി. സ്വത്തിന്റെ കാര്യത്തിലും ഈ സ്ഥാനാര്‍ത്ഥി ഏറെ പിന്നിലാണ്. 17 ലക്ഷമാണ് ഇദ്ദേഹത്തിനെങ്കില് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 4.5 കോടിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അരക്കോടിയുമുണ്ട്. ഉപ തെരഞ്ഞെടുപ്പിന്റെ പ്രചാരണ തുടക്കത്തില്‍ കേരള കോണ്‍ഗ്രസിലെ തമ്മിലടിയായിരുന്നു പ്രധാന ചര്‍ച്ചാവിഷയം. അവസാനമായപ്പോള്‍ യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് ചെയ്ത് കൂട്ടിയ അഴിമതികളായി. അഴിമതിയിലൂടെ കേരളത്തെ കൊള്ളയടിക്കുന്നവര്‍ക്കെതിരെയുള്ള വിധിയെഴുത്താകും പാലായിലെ വോട്ടര്മാരുടേതെന്നാണ് വിലയിരുത്തല്‍. ഇരുമുന്നണി സര്‍ക്കാരുകളുടെ കാലത്തും അഴിമതി പുത്തരിയല്ലായിരുന്നു. ഏതായാലും പാലാ കൊണ്ട് തീരുന്നില്ല കേരളത്തിന്റെയും രാജ്യത്തിന്റെയും തുടരുന്ന പോര്. കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടെ 64 സീറ്റുകളില്‍ ഒക്ടോബര്‍ 21ന് ഉപതെരഞ്ഞെടുപ്പും മഹാരാഷ്ട്ര ഹരിയാനാ സംസ്ഥാന തെരഞ്ഞെടുപ്പും പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്. എംഎല്‍എമാരായിരുന്ന നാലുപേര്‍ ലോക്സഭാംഗങ്ങളായതിനാലും ഒരാള്‍ മരണപ്പെട്ടതിനെ തുടര്‍ന്നുമാണ് അഞ്ച് ഉപതെരഞ്ഞെടുപ്പുകള്‍ കേരളത്തില്‍ നടക്കുന്നത്. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നിവയാണ് കേരളത്തിലെ മണ്ഡലങ്ങള്‍. കര്‍ണാടകയിലെ 15, ഉത്തര്‍പ്രദേശിലെ 11 അടക്കം കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും 17 സംസ്ഥാനങ്ങളിലുമായാണ് ഉപതെരഞ്ഞെടുപ്പ്. ബിഹാറിലെ സമസ്തിപുര്‍ ലോക്സഭാ മണ്ഡലത്തിലും ഉപതെരെഞ്ഞടുപ്പ് നടക്കും. 24നാണ് വോട്ടെണ്ണല്‍.
ഒക്ടോബര്‍ നാലാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഈ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ജില്ലകളില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വന്നു. മുസ്ലിംലീഗ് എംഎല്‍എയായിരുന്ന പി.ബി. അബ്ദുള്‍ റസാക്് മരിച്ചതിനെത്തുടര്‍ന്നാണ് മഞ്ചേശ്വരത്ത് ഒഴിവ് വന്നത്. എറണാകുളം, കോന്നി, വട്ടിയൂര്‍ക്കാവ് എന്നിവ കോണ്‍ഗ്രസ്സിന്റെയും അരൂര്‍ സിപിഎമ്മിന്റെയും സിറ്റിങ് സീറ്റുകളാണ്. കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് അയോഗ്യരാക്കപ്പെട്ട 15 എംഎല്‍എമാരുടെ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. ഇവിടെ ഭരണത്തിലുള്ള ബിജെപിക്ക് ആറ് സീറ്റുകളിലെങ്കിലും ജയിക്കേണ്ടതുണ്ട്. കോണ്‍ഗ്രസ്സുമായുള്ള സഖ്യം അവസാനിപ്പിച്ച് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജെഡിഎസ് പ്രസ്താവിച്ചെങ്കിലും ഏത് നിമിഷവും അവര്‍ നിലപാട് മാറ്റിയേക്കും. എന്നാലും ഉപതെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നുതന്നെയാണ് ബിജെപി നേതൃത്വം വിലയിരുത്തുന്നത്. ഉപതെരഞ്ഞെടുപ്പുകളെക്കാള് പ്രധാനമാണ് മഹാരാഷ്ട്ര ഹരിയാന പൊതു തെരഞ്ഞെടുപ്പ്. ബിജെപിക്കനുകൂലമായുണ്ടായ ലോക്സഭാ തെരഞ്ഞെടുപ്പെന്ന അതിവര്‍ഷം പലരേയും അമ്പരപ്പിച്ചതാണ്. മഴ തീര്‍ന്ന് മരം പെയ്യുന്ന സ്ഥിതിയാകും ഇരു സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് എന്ന് സ്പഷ്ടമാണ്.
രണ്ടിടത്തും ഭരണം നയിക്കുന്നത് ബിജെപിയാണ്. ഭരണത്തിന്റെ നേട്ടവും കേന്ദ്ര ഭരണത്തിന്റെ മികവും പ്രധാനമന്ത്രിയുടെ തിളക്കമാര്‍ന്ന വ്യക്തി പ്രഭാവവും ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മഹാരാഷ്ട്രയില്‍ 2014ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യമില്ലാതെയാണ് പ്രധാന പാര്‍ട്ടികളായ ബിജെപിയും ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും മത്സരിച്ചത്. ചരിത്രത്തിലാദ്യമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ശിവസേനയുടെ പിന്തുണയോടെ ദേവേന്ദ്ര ഫഡ്നവിസ് മുഖ്യമന്ത്രിയായി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിച്ച ബിജെപിയും ശിവസേനയും 48ല്‍ 41 സീറ്റ് നേടി. കോണ്‍ഗ്രസ്-എന്‍സിപി സഖ്യം അഞ്ചിലൊതുങ്ങി. ഹരിയാനയില്‍ 90ല്‍ 47 സീറ്റുമായാണ് 2014ല്‍ മനോഹര്‍ലാല്‍ ഖട്ടാറിന്റെ നേതൃത്വത്തില്‍ ബിജെപി അധികാരമേറ്റത്. ‘മിഷന് 75 പ്ലസ്’ ആണ് ഇത്തവണ ലക്ഷ്യം. കോണ്‍ഗ്രസ്സിന് പുറമെ ചൗട്ടാല കുടുംബത്തിന്റെ നേതൃത്വത്തിലുള്ള പ്രാദേശിക പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ ലോക്ദളും (ഐഎന്‍എല്‍ഡി) പ്രതിപക്ഷത്തുണ്ട്. അടുത്തിടെയുണ്ടായ പിളര്‍പ്പ് ഐഎന്‍എല്‍ഡിയെ ദുര്‍ബലമാക്കി. ഇവരുടെ നിരവധി നേതാക്കളും എംഎല്‍എമാരും ബിജെപിയിലെത്തി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്ത് സീറ്റും തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി. കോണ്‍ഗ്രസ് ഇവിടെ പലതട്ടിലാണ്. ഉപതെരഞ്ഞെടുപ്പിലും ഇരു സംസ്ഥാന തെരഞ്ഞെടുപ്പിലും എന്‍ഡിഎ വിജയപതാക ഉറപ്പിക്കുന്നതിലൂടെ ബിജെപി വിരുദ്ധര്‍ക്ക് പല്ലും നഖവും ഇല്ലാത്ത അവസ്ഥയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: