”ഇനിയും നാം ഈ അലസത തുടര്‍ന്നാല്‍ സര്‍വ്വനാശമായിരിക്കും.”
പ്രകൃതിയുടെ രക്ഷയെക്കുറിച്ച് നേതാവ് പ്രസംഗിച്ചുതീര്‍ന്നപ്പോള്‍ നിര്‍ത്താതെയുള്ള കയ്യടി. അണികള്‍ സന്തോഷം അണപൊട്ടി.
മുഖത്തെ വിയര്‍പ്പു തുടച്ചുകൊണ്ട് നേതാവ് അനുയായികളോട് പറഞ്ഞു.
”ഇന്ന് മൂന്നാമത്തെ യോഗമാണ്. മരങ്ങള്‍ വെട്ടിനശിപ്പിച്ചും മലയിടിച്ചും നാം കാട്ടിക്കൂട്ടുന്ന പ്രവൃത്തികള്‍ കണ്ട് മിണ്ടാതിരിക്കുന്നതെങ്ങനെ?”
അനുയായികള്‍ക്ക് നേതാവിനോട് ആരാധന കൂടി.
ഡ്രൈവര്‍ കാര്‍ പോര്‍ച്ചിലൊതുക്കി നേതാവിനോട് പറഞ്ഞു:
”സാര്‍, വീടെത്തി.”
വീട്ടിലേക്കു കയറി ഉടനെ നേതാവ് ഭാര്യയോടു ചോദിച്ചു. ”മേസ്തിരി വിളിച്ചിരുന്നോ?”
ഇല്ലെന്ന മറുപടി കേട്ടപ്പോള്‍ നേതാവിനരിശം വന്നു.
ഫോണില്‍ നമ്പര്‍ കുത്തി മേസ്തിരിയെ വിളിച്ചു: ”ഹലോ… അപ്പോള്‍ നാളെ വരുമെന്നോ… ഞാനുണ്ടാവില്ല. എനിക്ക് രണ്ടുമൂന്നു യോഗങ്ങളില്‍ പങ്കെടുക്കണം. മേസ്തിരി ഗെറ്റു തൊട്ട് വീടുവരെ ടൈല്‍ ഇട്ടോളൂ. എന്താ. മരങ്ങളോ? തടസ്സമായിട്ടു നില്ക്കുന്ന എല്ലാ മരങ്ങളും വെട്ടിക്കോളൂ. അതു കുഴപ്പവുമില്ല. കോംപൗണ്ടിലെ ചെറിയ കുളമോ, അതു നികത്തിക്കോളൂ. പ്രശ്നമില്ല. അപ്പോഴെല്ലാം പറഞ്ഞപോലെ…”
ഫോണ്‍ വച്ചുകഴിഞ്ഞ് ആരോടെന്നില്ലാതെ നേതാവ് പറഞ്ഞു:
”മുറ്റം മുഴുവന്‍ ടൈലിട്ടു കഴിയുമ്പോള്‍ എന്തായിരിക്കും ഭംഗി. ഹോ! ഓര്‍ക്കാന്‍ കൂടി വയ്യ.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: