കൊച്ചി: ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ സിബിഐ പ്രത്യേക കോടതി വിധി ശരിവെച്ച ജസ്റ്റിസ് പി. ഉബൈദിനെ അരൂരില്‍ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം ആലോചന. കഴിഞ്ഞ ദിവസമാണ് ജസ്റ്റിസ് ഉബൈദ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ചത്. അരൂര്‍ എംഎല്‍എയായിരുന്ന ആരിഫ് ആലപ്പുഴയില്‍ നിന്ന് എംപി ആയതോടെ അവിടെ വരാനിരിക്കുന്ന ഉപതെരെഞ്ഞെടുപ്പില്‍ ഒരു മുസ്ലിം സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്നാണ് പാര്‍ട്ടിയുടെ തിരുമാനം. സിപിഎം സഹയാത്രികനെന്ന് അറിയപ്പെടുന്ന ഉബൈദ് വിരമിച്ചതോടെ അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ സജീവ ചര്‍ച്ചയായി. വിരമിക്കല്‍ വാര്‍ത്തയ്ക്കൊപ്പം സിപിഎം നേതാക്കള്‍ക്ക് ഗുണകരമായി ജസ്റ്റിസ് ഉബൈദ് പുറപ്പെടുവിച്ച വിധികളെക്കുറിച്ച് ദേശാഭിമാനി കഴിഞ്ഞദിവസം പ്രത്യേകം പരാമര്‍ശിച്ചിരുന്നു.
ബന്ധു നിയമനത്തില്‍ മന്ത്രി ഇ.പി. ജയരാജനെതിരായ കേസില്‍ മന്ത്രിസഭ തിരുമാനമനുസരിച്ചെന്ന് വിലയിരുത്തി കേസ് റദ്ദാക്കിയതും ഉബൈദാണ്. ഇതോടെയാണ് ജയരാജന് വീണ്ടും മന്ത്രിസഭയില്‍ എത്താനായത്. യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെട്ട പാമോലിന്‍ ഇറക്കുമതി കേസില്‍ പ്രതികള്‍ വിചാരണ നേരിടണമെന്ന് ഉബൈദ് വിധിച്ചിരുന്നു. പിണറായിയുടെ കണ്ണില്‍ കരടായ മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉബൈദ് കോടതിയില്‍ നടത്തിയത്.
മന്ത്രിസഭാ തിരുമാനങ്ങള്‍ അനുസരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും എടുക്കുന്ന നിലപാടുകളില്‍ വിജിലന്‍സ് കേസ് എടുക്കുന്നത് നിയമപരമല്ലെന്ന നിലപാട് സ്വീകരിച്ചയാളാണ് ഉബൈദ്. ന്യായാധിപ നിയമനത്തിലെ കൊളീജിയം സംവിധാനത്തെ അദ്ദേഹം വിമര്‍ശിച്ചിരുന്നു. പാലാരിവട്ടം പാലത്തെ പഞ്ചവടിപ്പാലം എന്ന് കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചതും ഇദ്ദേഹമാണ്. മലപ്പുറം കാടപ്പാടി സ്വദേശിയായ ജസ്റ്റിസ് ഉബൈദ് 2014ലാണ് ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: