ദത്താത്രേയ ഭക്തനും സംന്യാസിയുമായിരുന്നു വസുദേവാനന്ദ സരസ്വതിയെന്ന തെംബെ സ്വാമി. ആന്ധ്രയിലെ രാജമഹേന്ദ്രിയില്‍ ഗോദാവരി നദിക്കരയിലായിരുന്നു അദ്ദേഹത്തിന്റെ ആശ്രമം. ബാബയുടെ ഭക്തനായ പുണ്ഡലികറാവുവും സുഹൃത്തുക്കളും ഒരിക്കല്‍ തെംബെ സ്വാമിയെ കാണാനായി രാജമഹേന്ദ്രിയിലെത്തി.
സ്വാമിയെ വന്ദിച്ച് അനുഗ്രഹം വാങ്ങി. സംഭാഷണങ്ങള്‍ക്കിടെ പുണ്ഡലിക റാവു ഷിര്‍ദി ബാബയെക്കുറിച്ച് പരാമര്‍ശിച്ചു. ബാബയുടെ പേരു കേട്ടതും സ്വാമിയുടെ മുഖം ഭക്ത്യാദരങ്ങളാല്‍ തിളങ്ങി. അദ്ദേഹം ബാബയെ ധ്യാനിച്ച ശേഷം ഇരുകൈകളും നീട്ടി ദണ്ഡ നമസ്ക്കാരം നടത്തി. പിന്നീട് ഒരു നാളികേരമെടുത്ത് പ്രാര്‍ഥനാപൂര്‍വം റാവുവിനെ ഏല്‍പ്പിച്ച് ഇങ്ങനെ പറഞ്ഞു. ‘ഇതെന്റെ സഹോദരന് സായിക്ക് നല്‍കുക. എന്റെ പ്രണാമമറിയിക്കുക. എന്നെ മറക്കരുതെന്നും ഓര്മിപ്പിക്കണം. അദ്ദേഹത്തിന്റെ കാരുണ്യം എന്നുമെന്നില്് ഉണ്ടാവണമെന്നും പറയുക’ . ബാബയെ കൂടപ്പിറപ്പിനെയെന്ന പോലെയാണ് തെംബെ സ്വാമി കണ്ടിരുന്നത്.
തെംബെ സ്വാമിക്കൊപ്പം കുറച്ചു നാളുകള്‍ ചെലവഴിച്ച ശേഷമായിരുന്നു റാവുവിന്റെയും കൂട്ടരുടെയും മടക്കയാത്ര. ബാബയ്ക്ക് നല്‍കാനുള്ള നാളികേരം അവര്‍ ഭദ്രമായി സൂക്ഷിച്ചു. യാത്രാമധ്യേ, വിശപ്പകറ്റാനായി അവര്‍ ഒരിടത്ത് ഇരുന്നു. ഒഴിഞ്ഞ വയറാണ്. ദാഹമുണ്ടെങ്കിലും, വെള്ളം കുടിച്ചാല്‍ ഒന്നുമില്ലാത്ത വയറിന് അത് പ്രശ്നമാകും. എങ്കില്‍ വേണ്ട, വല്ലതും കഴിച്ചിട്ടാവാമെന്ന് അവര്‍ കരുതി. യാത്രയ്ക്കിടെ കഴിക്കാനായി അവര്‍ കുറച്ച് ചീഡ കരുതിയിരുന്നു. അരിപ്പൊടിയും സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്തുണ്ടാക്കുന്ന പലഹാരമാണ് ചീഡ. അതിനല്‍പ്പം കട്ടികൂടുതലായിരിക്കും. ചീഡ അല്പം കൂടി മൃദുവും സ്വാദിഷ്ഠവുമാക്കാന് എന്താണ് വഴിയെന്ന് ആലോചിച്ചു. അല്പം തേങ്ങാപ്പൂളുകള്‍ പൊട്ടിച്ചിട്ടാല്‍ സ്വാദും മൃദുത്വവും കൂടുമെന്നു തോന്നി. നാളികേരം എവിടെ നിന്ന് ലഭിക്കും? അപ്പോഴാണ് ബാബയ്ക്കു നല്‍കാനായി തെംബെ സ്വാമി നല്കിയ നാളികേരത്തെക്കുറിച്ച് ഓര്‍ത്തത്. അതെടുത്തു പൊട്ടിച്ചു. ചീഡയില് ചേര്‍ത്ത് ആസ്വദിച്ചു കഴിച്ചു.
ചെയ്തതിലെ തെറ്റും ശരിയുമൊന്നും അപ്പോഴോര്‍ത്തില്ല. പക്ഷേ ഇത്തിരി കഴിഞ്ഞപ്പോള്‍ അവര്‍ക്ക് ഭയമായി. ഈശ്വരാ! ഇത് ബാബയ്ക്ക് നല്‍കാനായി തന്നു വിട്ടതാണല്ലോ. ബാബയ്ക്ക് എന്തു നല്‍കും? കുറ്റബോധത്താല്‍ റാവുവിന്റെ മനസ്സു നീറി. നേരെ ഷിര്‍ദിയിലെത്തി. ബാബയെ വണങ്ങി തലകുനിച്ചു നിന്നു. ത്രികാലജ്ഞാനിയായ ബാബ അവരോട് ചോദിച്ചു’എനിക്ക് തരാനായി എന്റെ സഹോദരന് നിങ്ങളെയേല്‍പ്പിച്ച നാളികേരമെവിടെ?’ റാവു പ്രതീക്ഷിച്ചതായിരുന്നു ആ ചോദ്യം. അദ്ദേഹം കണ്ണീരോടെ സംഭവിച്ചതെല്ലാം വിവരിച്ചു. അതിനു ശേഷം മറ്റൊരു നാളികേരമെടുത്ത് ബാബയുടെ കാല്ക്കല് വെച്ചു. ബാബയത് സ്വീകരിച്ചില്ല. ‘ഇതല്ല എനിക്കു വേണ്ടത് . എനിക്കു തരാനായി നിങ്ങളെ ഏല്‍പ്പിച്ച നാളികേരം തന്നെ വേണം. നിങ്ങളീ തന്നതിന്റെ എത്രയോ മടങ്ങ് മൂല്യമുണ്ട് സ്വാമി എനിക്ക് തന്നയച്ച നാളികേരത്തിന് ‘ ബാബ പറഞ്ഞു.
ഒന്നും മിണ്ടാനാവാവാതെ നിന്ന റാവുവിനേയും സുഹൃത്തുക്കളേയും ബാബ ചേര്‍ത്തു പിടിച്ചു. ചിരിച്ചുകൊണ്ട് അവരെ ആശ്വസിപ്പിച്ചു. ‘അക്കാര്യമെല്ലാം മറന്നേക്കൂ. ചെയ്ത തെറ്റില്‍ നിങ്ങള്‍ പശ്ചാത്തപിച്ചില്ലേ? അതുമതി. ഞാന്‍ ആഗ്രഹിച്ചതു കൊണ്ടാണ് ആ നാളികേരം അദ്ദേഹം നിങ്ങളുടെ കൈയില്‍ തന്നു വിട്ടത്. നിങ്ങള്‍ വിശന്നപ്പോള്‍ അതെടുത്ത് കഴിച്ചു. അത്രയേയുള്ളൂ. അത് വലിയ പാപമൊന്നുമല്ല. അതിനായി ഏറ്റു പറച്ചിലും വേണ്ട. പാപചിന്തകളും ഞാനെന്ന ഭാവവും ഒന്നും മനസ്സില്‍ കരുതാതെ ശാന്തരായി ഇരിക്കുക. എങ്കിലേ ആത്മീയതയുടെ ഗുണഫലങ്ങള്‍ അറിയാനാകൂ.’ ബാബയുടെ വാക്കുകള്‍ പുണ്ഡലിക റാവുവിന്റെ കാതുകളില്‍ അമൃതമായി നിറഞ്ഞു. മനസ്സ് ശാന്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: