ജയലില്‍ പോകേണ്ടിവരുമെന്നുറപ്പായാല് സബ്ജയിലിലോ ജില്ലാ ജയിലിലോ അടയ്ക്കരുതെന്ന് പ്രാര്‍ഥിക്കുന്നവരുണ്ട്. ഈ ജയിലുകള്‍ വിചാരണ തടവുകാരുടെ സങ്കേതമായിരിക്കും. നിലവാരമില്ലാത്ത കള്ളന്മാരുടെ പിടിച്ചുപറിക്കാരുടെ, പോക്കറ്റടിക്കാരുടെ, പീഡനവിരുതന്മാരുടെയെല്ലാം താവളം. കൊതുകുശല്യമാണെങ്കില്‍ രൂക്ഷം. ജയിലുകളിലെ ഉദ്യോഗസ്ഥരുടെ പെരുമാറ്റവും പലപ്പോഴും ഉന്നത രീതിയിലുള്ളതാവണമെന്നില്ല. അതുകൊണ്ട് ഭേദപ്പെട്ട കൊള്ളക്കാരും പ്രതികളുമെല്ലാം സെന്‍ട്രല്‍ ജയില്‍ കിട്ടണമെന്നാഗ്രഹിക്കും. പക്ഷേ, പി. ചിദംബരം ആദ്യം തന്നെ തീഹാര്‍ ജയിലിലേക്കയക്കരുതെന്നാണ് സുപ്രീംകോടതിയോട് അഭ്യര്‍ഥിച്ചത്.
സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ട ഒട്ടേറെ സംഭവങ്ങള്‍ക്ക് സാക്ഷിയാണ് തീഹാര്‍ ജയില്‍. സമരനായകരായ രാഷ്ട്രീയ നേതാക്കളുടെ സ്മരണകളും നിരവധി. പക്ഷേ അന്ന് പഞ്ചാബിലായിരുന്നു ഈ ജയില്‍. 1966ല്‍ ആണ് ഇത് ദല്‍ഹിയുടെ നിയന്ത്രണത്തിലെത്തിയത്. തെക്കനേഷ്യയിലെതന്നെ ഏറ്റവും വലിയ തിരുത്തല്‍ കേന്ദ്രമെന്നാണ് ഈ ജയില്‍ അറിയപ്പെടുന്നത്. ഇന്നത്തെ പോണ്ടിച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ബേദി ജയില്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ആയപ്പോള്‍ നിരവധി പരിഷ്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. ഇവിടെനിന്നൊരു തടവുകാരന് ഐഎഎസ് നേടിയ ചരിത്രവുമുണ്ട്. എന്നിട്ടും പി.ചിദംബരത്തിന് തീഹാര്‍ ജയിലിനോട് അതൃപ്തി തോന്നാന്‍ കാരണം തിരുത്തപ്പെടാന്‍ ഒരുക്കമല്ലാതായതിനാലാണോ?
തിഹാര്‍ പ്രിസണ്‍സ്, തിഹാര്‍ ആശ്രമം എന്നും ഇത് അറിയപ്പെടുന്നു. ജയില്‍ അന്തേവാസികളെ ഉപകാരപ്രദമായ നൈപുണിയും വിദ്യാഭ്യാസവും നിയമത്തോടുള്ള ആദരവും നല്‍കികൊണ്ട് സമൂഹത്തിലെ സാധാരണ പൗരന്മാരാക്കി മാറ്റിയെടുക്കുക എന്നതാണ് ജയിലിന്റെ പ്രധാന ലക്ഷ്യമായി കാണുന്നത്. ജയില്‍ വാസികളെ പരിഷ്കരിക്കുന്നതിനും സജീവരാക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി ഇവിടെ സംഗീത ചികിത്സ നടത്താറുണ്ട്. ഇതിന്റെ ഭാഗമായി സംഗീത പരിശീലനവും കച്ചേരിയും ഇവിടെ സംഘടിപ്പിക്കുന്നു. തിഹാര്‍ ജയിലില്‍ ഒരു വ്യവസായ യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ടിജെസ് എന്ന പേരിലാണ് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്. 5200 പേരെ ഉള്‍കൊള്ളാന്‍ മാത്രം ശേഷിയുള്ള തിഹാര്‍ ജയിലില്‍ ഇപ്പോള്‍ 12000 അന്തേവാസികളുണ്ട്. എന്ന ഒരു പോരായ്മയുണ്ട്.
തീഹാര്‍ ജയിലില്‍ കഴിഞ്ഞവരില്‍ മലയാളിയായ ഐപിഎല്‍ സ്പോട്ട് ഫിക്സിംഗില്‍ അറസ്റ്റു ചെയ്യപ്പെട്ട എസ്. ശ്രീശാന്തും പെടും. യുപിഎ മന്ത്രിസഭയില്‍നിന്നും അഴിമതികേസില്‍ പ്രതിയായി തമിഴ്നാട്ടുകാരന് എ. രാജയും കിടന്നു. ചിദംബരത്തിന്റെ മകന് കാര്‍ത്തിയും തീഹാര്‍ ജയിലിലെ സുഖവാസം അനുഭവിച്ചതാണ്. സത്വന്ത് സിംഗും കെഹാര്‍ സിംഗും (ഇന്ദിരാഗാന്ദി വധക്കേസില്‍ തൂക്കിലേറ്റപ്പെട്ടവര്‍) ചാര്സ് ശോഭരാജ് അന്തര്‍ദേശീയ കൊലയാളി 1986 ജയില്‍ ചാടിയെങ്കിലും പിടിക്കപ്പെടുകയും മറ്റൊരു പത്തുവര്‍ഷം കൂടി ജയില്‍ ശിക്ഷ നല്കി 1997 ഫെബ്രുവരിയില്‍ ശിക്ഷാകാലാവധി തീര്‍ന്നതിനാല്‍ വിട്ടയച്ചു. തീഹാറിലെ ഏഴാം നമ്പര്‍ ജയിലിലാണ് ചിദംബരത്തെ പാര്‍പ്പിച്ചിരിക്കുന്നത്. സാമ്പത്തിക കുറ്റവാളികള്‍ക്കുവേണ്ടി മാറ്റിവച്ച സെല്ലുകളാണ് ഏഴാം നമ്പര്‍ ജയില്‍. ഇസെഡ് കാറ്റഗറിയില്‍ സുരക്ഷ ലഭിച്ചിരുന്ന ഒരു വ്യക്തി എന്ന നിലയില്‍ പ്രത്യേക സെല്ലാണ് ചിദംബരത്തിന് ജയിലില്‍ ലഭിച്ചിരിക്കുന്നത്. ചിദംബരം കഴിക്കുന്ന മരുന്നുകള്‍ ജയിലില്‍ ഉപയോഗിക്കാന്‍ കോടതി അനുവദിച്ചിട്ടുണ്ട്.
ചിദംബരത്തെ ജയിലില്‍ എത്തിച്ചാല്‍ പാര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ തീഹാര്‍ ജയില്‍ അധികൃതര്‍ നടത്തിയിരുന്നു. എന്നാല്‍ അന്ന് സിബിഐയ്ക്ക് തന്നെയാണ് കോടതി ചിദംബരത്തെ കൈമാറിയത്. തീഹാറിലെ ഏഴാം നമ്പര്‍ ജയില്‍ എപ്പോഴും ഏറെ തിരക്കേറിയതാണ്. ജയില്‍ മാനുവല്‍ പ്രകാരം ജയില്‍വാസികള്‍ ഉറങ്ങാന്‍ കിടക്കേണ്ടത് തറയിലാണ്. എന്നാല്‍ മുതിര്‍ന്ന വ്യക്തികള്‍ക്ക് പ്രത്യേക മെത്തയൊന്നും ഇല്ലാത്ത മരപ്പലക കട്ടില് ലഭിക്കും. 73 കാരനായ ചിദംബരത്തിനും ഇത്തരം സംവിധാനം ലഭിക്കും. ഒപ്പം വെസ്റ്റേണ്‍ സ്റ്റൈല്‍ ടോയ്ലെറ്റ് സെല്ലില്‍ ഒരുക്കിയിട്ടുണ്ട്. ജയിലില്‍തന്നെ തയ്യാറാക്കുന്ന ഭക്ഷണമാണ് ചിദംബരത്തിന് നല്‍കുക. ചിദംബരത്തിനായി ദക്ഷിണേന്ത്യന്‍ ഭക്ഷണം ലഭ്യമാക്കിയിട്ടുണ്ട്. എന്നാല്‍ റിമാന്‍ഡ് പ്രതികള്‍ക്ക് അവര്‍ക്ക് ആവശ്യമുള്ള ഭക്ഷണം ജയില്‍ ക്യാന്റിനില്‍നിന്നും വരുത്തി കഴിക്കാന്‍ പറ്റും. പ്രത്യേക കോടതി നിര്‍ദേശം ഇതിന് വേണമെന്ന് മാത്രം.
ചിദംബരത്തിന് വേണ്ട വസ്ത്രങ്ങള്‍ വീട്ടുകാര്‍ എത്തിച്ചിട്ടുണ്ട്. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരവും ഇതേ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 23 ദിവസമാണ് കാര്‍ത്തി ഈ ജയിലില്‍ കിടന്നത്. ഇപ്പോള്‍ ചിദംബരം കുടുങ്ങിയ ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ തന്നെയാണ് കാര്‍ത്തിയും ജയില്‍വാസം അനുഭവിച്ചത്. കഴിഞ്ഞദിവസം ഈ വിഐപി സുപ്രീം കോടതിയില്‍ ഒരു അപേക്ഷകൂടി നല്കി. മുറിയില്‍ കസേരയില്ല. തലയണയുമില്ല. രണ്ടും നല്കാന് സുപ്രീം കോടതി നിര്‍ദേശിക്കുകയും ചെയ്ത്. ഇല്ലാത്തതുകൊണ്ട് ഉറക്കം ഇല്ലാതായല്ലോ.
പി. ചിദംബരത്തിനു പിന്നാലെ കര്‍ണാടകത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഡി.കെ. ശിവകുമാറും തിഹാര്‍ ജയിലില്‍ എത്തി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സമെന്റ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ തിഹാര്‍ ജയിലില്‍ അടച്ചത്.
സപ്തംബര്‍ 17ന് ശിവകുമാറിനെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തെങ്കിലും ന്യൂദല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതോടെയാണ് ജയിലിലേക്ക് മാറ്റിയത്. ശിവകുമാറിന്റെ ജാമ്യഹര്‍ജിയില്‍ രണ്ടുദിവസമായി പ്രത്യേക കോടതിയില്‍ വാദം തുടരും. നോട്ടുനിരോധനത്തിനു ശേഷം ശിവകുമാര്‍ 200 കോടിരൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് എന്‍ഫോഴ്സമെന്റ് കേസ്. ഇതുകൂടാതെ 800 കോടിയുടെ ബിനാമി സ്വത്തുക്കളും മുന്നൂറിലധികം ബാങ്ക് അക്കൗണ്ടുകളും ശിവകുമാറിനും ബന്ധുക്കള്‍ക്കുമായി ഉണ്ട്. ഇതുസംബന്ധിച്ച രേഖകളും കോടതിക്ക് കൈമാറി. നാലുദിവസത്തെ ചോദ്യം ചെയ്യലിനുശേഷം സപ്തംബര്‍ മൂന്നിനാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. തീഹാര്‍ ജയിലില്‍ ഇനി തലയണമന്ത്രമാണോ? അതോ കസേരകളിയോ? കണ്ടുതന്നെ അറിയാം. ചിദംബരം കിടക്കുന്ന തീഹാറിലെ ഏഴാം നമ്പര്‍ ജയിലിലെ രണ്ടാം വാര്‍ഡിലാണ് ശിവകുമാറിനെ പ്രവേശിപ്പിച്ചത്.
2017 ഓഗസ്റ്റില്‍ അന്ന് കര്‍ണാടക ജലസേചനവകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്റെ ദില്ലിയിലെ വസതിയില്‍നിന്ന് അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചുവെന്ന കേസുമുണ്ട്. എട്ട് കോടി രൂപയാണ് അന്ന് പിടിച്ചത്. തന്റെ സുഹൃത്തായ ഒരു വ്യവസായിയുടെ പണമാണിതെന്നും ഇതുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ശിവകുമാറിന്റെ വിശദീകരണം. ആദായനികുതി വകുപ്പാണ് അന്ന് ശിവകുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന് പിന്നാലെ എന്‍ഫോഴ്സ്മെന്റ് കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അദ്ദേഹത്തിന്റെ വസതികളിലും റെയ്ഡ് നടത്തി. ഇവിടെനിന്നെല്ലാം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കേന്ദ്ര അന്വേഷണസംഘം അഴിമതിക്കെതിരായി നടത്തിവരുന്ന ശക്തമായ നടപടി കേരളവും സ്വീകരിച്ചെങ്കില്‍ സംസ്ഥാന പൊതുമരാമത്ത് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞും ജയിലിലെ ഒരു മുറിക്ക് അര്‍ഹനായേനെ. പക്ഷേ, ഇവിടെ ഒന്നിനും ഒരുനിശ്ചയവുമില്ല. ഒത്തുകളിയോ ഒത്തുതീര്‍പ്പോ നടത്തി ലീഗിനെ സമീപഭാവിയില്‍ ഒപ്പം കൂട്ടാനുള്ള നീക്കവും നടത്തുമോ എന്നാണ് കാണാനിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: