മഹത്തായ ബലം കൈമുതലായുള്ളവനാണ് മഹാബലി. എന്നാല്‍ കേരളത്തിലെ ഓണാഘോഷങ്ങളില്‍ മഹാബലിയെ വികൃതമായി ചിത്രീകരിക്കുന്നത് കാണാറുണ്ട്. കുടവയറും കൊമ്പന് മീശയുമെല്ലാമായി. ഇതൊന്നും ബലത്തിന്റെ ലക്ഷണമല്ല. മീശക്കൊമ്പ് ആസുരികതയുടെ സൂചനയായിട്ടാണെന്ന് സംശയിക്കാം. എന്നാല്‍ മഹാബലി സാത്വികഭാവം തികഞ്ഞ അസുരരാജാവായിരുന്നു. ഗുരുഭക്തിയും മൃത്യുഞ്ജയ മൂര്‍ത്തിയുടെ അനുഗ്രഹവുമായിരുന്നു ബലിയുടെ ബലം. മഹാവിഷ്ണുവിന്റെ മുന്നിലുള്ള ആത്മബലിയായിരുന്നു ജീവിതലക്ഷ്യം. ആ വിരാട്പുരുഷന്റെ, പരബ്രഹ്മ മൂര്‍ത്തിയുടെ പാദസ്പര്‍ശത്തിനായി പ്രാര്‍ത്ഥനയോടെ തലകുമ്പിട്ടുനില്ക്കാനാവണം എന്നതായിരുന്നു ജീവിതാഭിലാഷം. വിഷ്ണുപാദത്തില്‍ ചേരാനായിരുന്നു മോഹം. ‘രാമപാദം ചേരണേ മുകുന്ദരാമപാഹിമാം’ എന്നു ജപിക്കുംപോലെ.
ഭക്തവത്സലനും കരുണാസമുദ്രവുമായ ഭഗവാന് മഹാവിഷ്ണു മഹാബലിയുടെ അഭിലാഷപൂര്‍ത്തീകരണത്തിനുവേണ്ടി അവതാരംതന്നെ സ്വീകരിച്ചു. ബ്രാഹ്മണനായി അവതരിച്ച് ആ അഭിലാഷ പൂര്‍ത്തി വരുത്തി. താന്‍ ഏതു വിഷ്ണുവിന്റെ പാദത്തില്‍ ചെന്നുചേരാനാഗ്രഹിച്ചുവോ ആ വിഷ്ണുഭഗവാന് സ്വയം തന്റെ അരികിലേക്കുവന്ന് തന്റെ ആത്മബലി സ്വീകരിച്ച് വിഷ്ണുപാദം ശിരസില്‍വച്ച് അനുഗ്രഹിച്ചു. അതാണ് ഭാഗ്യം. ശ്രാവണമാസത്തിലെ തിരുവോണനാളിലാണ് വാമനമൂര്‍ത്തിയായി ഭഗവാന് അവതരിച്ചത്. ആ സ്മരണ നിലനിര്‍ത്താനാണ് കേരളീയര്‍ ഓണം ഉത്സവമായി ആഘോഷിക്കാന്‍ തുടങ്ങിയത്. ഈ ആഘോഷവേളയില്‍ വാമനമൂര്‍ത്തിയോടൊപ്പം മഹാബലിയെയും സ്വീകരിക്കുന്നു. ഏറ്റവും നല്ല സ്ഥലമായ സുതലത്തില്‍ വാമനമൂര്‍ത്തിയുടെ രക്ഷണത്തിലാണ് മഹാബലി അന്നത്തെ യജ്ഞത്തിനുശേഷം കഴിയുന്നത്. ആ യജ്ഞം ഏത് പുരുഷോത്തമനെ സങ്കല്‍പ്പിച്ചാണ് ചെയ്തത് ആ യജ്ഞപുരുഷന്‍ സ്വയംവന്ന് തന്റെ യജ്ഞം സ്വീകരിക്കുകയായിരുന്നു. യജ്ഞ പൂര്‍ത്തീകരണത്തിന് മുന്‍പുതന്നെ ഭഗവാന് ആ യജ്ഞം മുഴുവന്‍ സ്വീകരിച്ചു. അന്ന് ആ അശ്വമേധയജ്ഞത്തിന്റെ പൂര്‍ത്തീകരണത്തിന് വാമനമൂര്‍ത്തി ശുക്രാചാര്യരോടു നിര്‍ദ്ദേശിച്ചു. അതിന് ശുക്രാചാര്യര്‍ നല്കിയ മറുപടി പ്രത്യേകം സ്മരണീയം.
‘കുതസ്തത് കര്‍മ വൈഷമ്യം
യസ്യ കര്മേശ്വരോ ഭവാന്
യജ്ഞേശോ യജ്ഞപുരുഷഃ
സര്വഭാവേന പൂജിതഃ’
കര്മേശ്വരനായ, കര്‍മത്തെ വിധിക്കുന്നവനും ചെയ്യിക്കുന്നവനുമായ ആ യജ്ഞേശ്വരന്‍ തന്നെ, യജ്ഞം ആര്‍ക്കുവേണ്ടി സമര്‍പ്പിക്കുന്നുവോ ആ യജ്ഞപുരുഷന്‍ തന്നെ വന്ന് പൂജ സ്വീകരിച്ചപ്പോള്‍ ആ യജ്ഞത്തിന് എവിടെയാണ് കര്മവൈഷമ്യം, ആ കര്‍മം പൂര്‍ത്തീകരിക്കപ്പെട്ടുകഴിഞ്ഞു.നാരായണേതി സമര്‍പ്പയാമി എന്ന് പ്രാര്‍ത്ഥിച്ചാണ് യജ്ഞം അവസാനിപ്പിക്കുന്നത്. ആ നാരായണന് തന്നെ വന്ന് യജ്ഞം സ്വീകരിച്ചസ്ഥിതിക്ക് ഇനി എവിടെയാണ് പോരായ്മ.
‘തഥാപി വദതോഭൂമന്
കരിഷ്യാമ്യശാസനം
ഏതത് ശ്രേയംപരം പുംസാം
യത് തവാജ്ഞാനുപാലനം’
കര്മവൈഷമ്യമൊന്നും നേരിട്ടിട്ടില്ലെങ്കിലും ഭഗവാന്റെ ആജ്ഞ പാലിക്കാന്‍ വേണ്ടിമാത്രമായ എല്ലാവര്ക്കും ശ്രേയസ്കരമായ ആ കര്‍മം ഞാന്‍ ആജ്ഞപോലെ അനുഷ്ഠിക്കാം. ഇങ്ങനെ വ്യക്തമാക്കിക്കൊണ്ടാണ് ശുക്രാചാര്യര്‍ കര്‍മപൂര്‍ത്തീകരണം വരുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: