പതിനായിരം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുകയും, കേരളത്തിന്റെ വികസനത്തിന് മറ്റ് പലവിധത്തില്‍ സഹായമാവുകയും ചെയ്യുന്ന കോയമ്പത്തൂര്‍-കൊച്ചി വ്യവസായ ഇടനാഴി പദ്ധതി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത്, ഒരാഴ്ച വൈകിയാണെങ്കിലും മലയാളികള്‍ക്ക് ലഭിച്ച ഒന്നാന്തരം ഓണസമ്മാനം തന്നെയാണ്. ബെംഗളൂരു-ചെന്നൈ വ്യവസായ ഇടനാഴി കോയമ്പത്തൂരിലേക്കും, അവിടെനിന്ന് കൊച്ചിയിലേക്കും ദീര്‍ഘിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഈ ഇടനാഴിയുടെ ഭാഗമായി വികസിപ്പിക്കുന്ന ഉല്‍പ്പാദനമേഖലകളില്‍ ഒന്ന് പാലക്കാട്ടും മറ്റൊന്ന് സേലത്തുമാണ്. കൊച്ചി-സേലം ദേശീയപാതയുടെ ഇരുവശങ്ങളിലുമായി 100 കിലോമീറ്റര്‍ നീളത്തിലാകും വ്യവസായ ഇടനാഴിയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ഉല്‍പ്പാദനമേഖല. സംസ്ഥാന സര്‍ക്കാര്‍ ഇതിനുവേണ്ടി ലഭ്യമാക്കുന്ന 1800 ഏക്കര്‍ സ്ഥലം വ്യവസായങ്ങള്‍ക്ക് അനുയോജ്യമായവിധം കേന്ദ്രസര്‍ക്കാര്‍ വികസിപ്പിക്കും.
കേരളത്തില്‍ വികസനത്തിന്റെ ഒരു പുത്തന്‍ കുതിച്ചുചാട്ടത്തിന് അവസരമൊരുക്കുന്നതാണ് കോയമ്പത്തൂര്‍-കൊച്ചി ഇടനാഴി. എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളുടെ മുഖച്ഛായതന്നെ മാറുന്നതിനുപുറമെ പത്ത് വര്‍ഷത്തിനകം കുറഞ്ഞത് ഒരുലക്ഷം കോടി രൂപയുടെ വികസന നിക്ഷേപമാണ് സംസ്ഥാനത്ത് ഉണ്ടാവുകയെന്ന് കണക്കാക്കപ്പെടുന്നു. ഈ ജില്ലകളില്‍ നിരവധി സംരംഭങ്ങളും വരും. കോയമ്പത്തൂര്‍ മുതല്‍ കൊച്ചി തുറമുഖം, വിമാനത്താവളം എന്നിവ വരെയുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുമെന്നുള്ളത് വലിയ അനുഗ്രഹം തന്നെയാവും. വിവിധഘട്ടങ്ങളിലായി വ്യവസായ ഇടനാഴി വികസിച്ചുകൊണ്ടിരിക്കുമെന്നത് കൊച്ചി തുറമുഖത്തിനും നെടുമ്പാശ്ശേരി വിമാനത്താവളത്തിനും നേട്ടമാകുമെന്നാണ് പ്രതീക്ഷ. കാര്‍ഗോ ഇനത്തിലും യാത്രക്കാരുടെ എണ്ണം വര്ധിക്കുകവഴിയും നെടുമ്പാശ്ശേരിക്ക് വന്‍ വരുമാനവര്‍ധന ഉണ്ടാവും.
പദ്ധതിക്ക് 2000 കോടിയുടെ മൂലധനമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുക. ആദ്യഘട്ടമായി 870 കോടിരൂപ അനുവദിക്കും. ഭൂമി ഏറ്റെടുത്ത് കൊടുക്കുന്നതിന്റെ ചെലവുമാത്രമാണ് സംസ്ഥാന സര്‍ക്കാരിന് വരുന്നത്. ഉല്‍പ്പാദന മേഖലകള്‍ സ്ഥാപിക്കുന്നതിന് 2000 മുതല്‍ 5000 ഏക്കര്‍വരെ വേണമെന്നാണ് നിബന്ധന. എന്നാല്‍ കേരളത്തില്‍ ഭൂമി ലഭിക്കാനുള്ള പ്രയാസം കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ ഈ നിബന്ധനയില്‍ ഇളവുവരുത്തി 1800 ഏക്കറായി ചുരുക്കിയിട്ടുണ്ട്. നരേന്ദ്രമോദി സര്‍ക്കാര്‍ കേരളത്തോട് വളരെ ഉദാരമായാണ് പെരുമാറുന്നതെന്ന് വ്യക്തം. മോദിസര്‍ക്കാര്‍ കേരളത്തെ അവഗണിക്കുകയാണെന്ന അടിസ്ഥാനരഹിതമായ ആരോപണത്തിനുള്ള മറുപടി കൂടിയാണിത്. ജനക്ഷേമം ലക്ഷ്യമാക്കിയുള്ള കേന്ദ്രപദ്ധതികള്‍ പലതും നടപ്പാക്കാതിരിക്കുകയോ, പേര് മാറ്റി നടപ്പാക്കുകയോ ആണ് സംസ്ഥാനത്തെ ഇടതുമുന്നണി സര്‍ക്കാര്‍.
പദ്ധതികള്‍ നടപ്പാക്കുന്നതിലല്ല, കേന്ദ്രസര്‍ക്കാര്‍ നല്കുന്ന പണത്തിലാണ് പലപ്പോഴും സംസ്ഥാന സര്‍ക്കാരിന്റെ കണ്ണ്. റെയില്‍വേ വകുപ്പ് അനുവദിച്ച കഞ്ചിക്കോട്ടെ കോച്ചുഫാക്ടറി സ്ഥലമേറ്റെടുത്ത് കൊടുക്കാനുള്ള സംസ്ഥാന സര്‍ക്കാരുകളുടെ അനാസ്ഥ ഒന്നുകൊണ്ടുമാത്രം ഫലപ്രാപ്തിയില്‍ എത്താതെപോയ ഒന്നാണ്. കോയമ്പത്തൂര്‍-കൊച്ചി ഇടനാഴിക്കുവേണ്ടി സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും, ഏറ്റെടുക്കുന്നതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ മറ്റെന്തൊക്കെ അനുകൂല സാഹചര്യമുണ്ടായാലും പദ്ധതി യഥാസമയം പ്രാവര്‍ത്തികമാവൂ. ലക്ഷക്കണക്കിനാളുകള്‍ക്ക് പലവിധത്തില്‍ തൊഴില്‍ ലഭിക്കും എന്ന ഒറ്റക്കാരണത്താല്‍ത്തന്നെ പദ്ധതി നടപ്പാക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ടെന്ന് ഓര്‍മിപ്പിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: