തിരുവനന്തപുരം: കാരക്കോണം എസ്എം സിഎസ്ഐ കോളേജില്‍ കോടികളുടെ തിരിമറിയുമായി ബന്ധപ്പെട്ട് വെള്ളറട പോലീസില്‍ പരാതി. പരാതിയിന്മേല് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ദക്ഷിണ കേരള മഹായിടവക ട്രഷററും എസ്എംസിഎസ്ഐ കംപ്ട്രോളറുമായ കാല്വിന് ക്രിസ്റ്റോ ആണ് വെള്ളറട പോലീസില്‍ പരാതി നല്‍കിയത്. ഇക്കഴിഞ്ഞ ജൂണ്‍ മാസം നല്കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നതായി വെള്ളറട പോലീസ് പറഞ്ഞു. കാരക്കോണം മെഡിക്കല്‍ കോളേജ് മുന്‍ ഡയറക്ടറും 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയുമായിരുന്ന ഡോ. ബന്നറ്റ് എബ്രഹാമിനെ ഒന്നാം പ്രതിയാക്കിയാണ് കേസ് നല്‍കിയിരിക്കുന്നത്.
മെഡിക്കല്‍ കോളേജ് മുന്‍ കംപ്ട്രോളര്‍ പി. തങ്കരാജ്, മുന്‍ പ്രിന്‍സിപ്പല്‍ പി. മധുസൂദനന്, മുന്‍ ട്രഷറര്‍ റസലയ്യന്, ഇവരുമായി ബന്ധമുള്ള കോയമ്പത്തൂര്‍ സ്വദേശിനി പി. റോസ്മേരി എന്നിവരാണ് മറ്റു പ്രതികള്‍.
2017-18 കാലഘട്ടത്തിലാണ് തട്ടിപ്പ് നടന്നതായി പരാതിയില്‍ പറയുന്നത്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെയും സിന്‍ഡിക്കേറ്റ് ബാങ്കിന്റേയും കാരക്കോണം മെഡിക്കല്‍ കോളേജ് ശാഖകളില്‍ നിന്നായി മെഡിക്കല്‍ കോളേജിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളില്‍ നിന്നായി വന്‍ തുകയുടെ 42 ചെക്കുകള്‍ 32 പേരുകളിലേക്കായി കാരണം കാണിക്കാതെ വിതരണം ചെയ്തതായി പരാതിയില്‍ പറയുന്നു. ഇത്തരം കൈമാറ്റത്തിലൂടെ ഒരു കോടി എഴുപത്തിയേഴ് ലക്ഷത്തി അന്‍പതിനായിരം രൂപ സ്ഥാപനത്തിന് നഷ്ടമായി.
2018 ആഗസ്റ്റ് 3നും 11 നും ഇടയില്‍ അഞ്ചു പ്രതികളും ഒന്നാം പ്രതിയും മുന്‍ പിഎസ്സി മെമ്പറുമായിരുന്ന മുന്‍ ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാമിന്റെ ഓഫീസില്‍ ഒത്തുകൂടി മറ്റു പലരുമായി ഗൂഢാലോചന നടത്തി ആസൂത്രിതമായി പണാപഹരണം നടത്തിയെന്നാണ് മാനേജ്മെന്റ് ആരോപണം. മുന്‍ ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാം മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തി വിവിധ ബാങ്കുകളിലായി നിലവിലുണ്ടായിരുന്ന അക്കൗണ്ടുകളിലെ ഇരുപതോളം ചെക്കുകള്‍ കടത്തിക്കൊണ്ടു പോയതായും ആരോപണമുണ്ട്.
കടത്തിക്കൊണ്ടു പോയ ചെക്കുകള്‍ രണ്ടും മൂന്നും പ്രതികള്‍ ചേര്‍ന്ന് വിവിധ അക്കൗണ്ടുകളിലൂടെ മാറിയെടുക്കുകയായിരുന്നുവത്രെ. കേസിലെ അഞ്ചാം പ്രതിയായ കോയമ്പത്തൂര്‍ സ്വദേശിനിയായ പി. റോസ് മേരിയുടെ പേര്‍ക്ക് അനധികൃതമായി കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ മെസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഏഴു ലക്ഷം രൂപയും വിമെന്‍സ് ഹോസ്റ്റല്‍ മെസ്സ് നടത്തിപ്പുമായി ബന്ധപ്പെട്ട് മൂന്നു ലക്ഷം രൂപയും കൈമാറിയതായും പരാതിയില്‍ പറയുന്നു.
അഞ്ച് മാസത്തോളം ശമ്പളം ലഭിക്കാതെ വന്നതിനെത്തുടര്‍ന്ന് പലതവണ ജീവനക്കാര്‍ കാരക്കോണം മെഡിക്കല്‍ കോളേജില്‍ സമരം നടത്തിയിരുന്നു. ശമ്പളകുടിശ്ശിക ജീവനക്കാര്‍ക്ക് ഇനിയും തീര്ത്തുനല്കിയിട്ടില്ലാത്ത സ്ഥാപനത്തിലാണ് കോടികളുടെ തിരിമറിയുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
ഭരണപക്ഷവുമായി ഒന്നാം പ്രതിക്കുള്ള ബന്ധമാണ് നടപടികള്‍ വൈകിപ്പിക്കുന്നതെന്ന പരാതിയും ഭരണസമിതിക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: