ഇന്ത്യാ വിരോധം പ്രകടിപ്പിക്കാന്‍ ഭാഷ മറയാക്കുകയാണോ ചിലര്‍? ഹിന്ദി ദിനാചരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത്ഷാ നടത്തിയ പരാമര്‍ശങ്ങളോടുള്ള ചിലരുടെ പ്രതികരണങ്ങള്‍ കാണുമ്പോള്‍ ഇങ്ങനെ സംശയിക്കേണ്ടിവരുന്നു. ഇന്ത്യയിലെ പൗരന്മാര്ക്ക് അസ്വീകാര്യമായ യാതൊന്നും അമിത്ഷാ പറഞ്ഞിട്ടില്ല. ”ഇന്ത്യയ്ക്ക് നിരവധി ഭാഷകളുണ്ട്. ഓരോന്നിനും അതിന്റേതായ പ്രാധാന്യവുമുണ്ട്. രാജ്യത്തിനുമുഴുവനും ഒരു ഭാഷയുണ്ടാകേണ്ടതും, ആഗോളതലത്തില്‍ അത് ഇന്ത്യയുടെ സ്വത്വമായി മാറേണ്ടതും ആവശ്യമാണ്. ഏതെങ്കിലും ഭാഷയ്ക്ക് രാജ്യത്തെ ഒരുമിപ്പിക്കാന്‍ കഴിയുമെങ്കില്‍ അത് ഭൂരിപക്ഷംപേരും സംസാരിക്കുന്ന ഹിന്ദിക്കാണ്. നാട്ടുഭാഷകള്‍ പ്രോത്സാഹിപ്പിക്കണമെന്ന് ജനങ്ങളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ബാപ്പുവിന്റെയും സര്‍ദാര്‍ പട്ടേലിന്റെയും സ്വപ്നം സാക്ഷാത്കരിക്കാന്‍ ഹിന്ദി ഉപയോഗിക്കണം.” ട്വിറ്ററിലാണ് ഷാ ഇങ്ങനെ കുറിച്ചത്.
ഇതേ ദിവസംതന്നെ ഹിന്ദിദിനാചരണ പരിപാടിയില്‍ പങ്കെടുത്ത്, ഹിന്ദി ഔദ്യോഗികഭാഷയായി സ്വീകരിക്കാന്‍ മഹാത്മാഗാന്ധിയും സര്‍ദാര്‍ പട്ടേലും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നതായും ഷാ പറഞ്ഞു. ഭാഷാവൈവിധ്യം ഇന്ത്യയുടെ കരുത്താണെന്നും, വൈദേശിക ഭാഷകളും സംസ്കാരങ്ങളും നമ്മുടെ ഭാഷകളെയും സംസ്കാരത്തെയും കീഴടക്കാതിരിക്കാന്‍ ഒരു ദേശീയ ഭാഷയുണ്ടാകേണ്ടത് ആവശ്യമാണെന്നും ഷാ അഭിപ്രായപ്പെട്ടു. ദേശീയ ഭാഷയില്ലെങ്കില്‍ രാഷ്ട്രം മൂകമാകുമെന്ന് ഗാന്ധിജി പറഞ്ഞിട്ടുള്ളതും, ആചാര്യ വിനോബ ഭാവെയ്ക്ക് ഹിന്ദിയോടുണ്ടായിരുന്ന സ്നേഹവും ഷാ അനുസ്മരിച്ചു. ദേശീയഭാഷയുടെ അഭാവത്തില്‍ സ്വന്തം സംസ്കാരം ആവിഷ്കരിക്കാനുള്ള നമ്മുടെ ശക്തി മരിക്കുമെന്നും ഷാ മുന്നറിയിപ്പ് നല്കി.
ഈ പറഞ്ഞതില്‍ ഇന്ത്യക്കാരനെന്ന് അഭിമാനിക്കുന്നവര്‍ക്ക് ആക്ഷേപകരമായി ഒന്നുമില്ല. അഭിമാനിക്കാവുന്ന കാര്യങ്ങളുണ്ടുതാനും. പക്ഷേ അമിത് ഷാ എന്തോ രാജ്യദ്രോഹം ചെയ്തിരിക്കുന്നു എന്ന മട്ടിലാണ് അധികാരം നഷ്ടമായതോടെ അസ്തിത്വ ദുഃഖം അനുഭവിക്കുന്ന ചില രാഷ്ട്രീയ നേതാക്കളും, കേരളത്തിന്റെ സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തില്‍ അധികാരദാസ്യം പുലര്‍ത്തുന്ന ചില എഴുത്തുകാരും പ്രതികരിച്ചത്. പ്രാദേശിക ഭാഷകളെ നിരോധിക്കാന്‍ മോദി സര്‍ക്കാര്‍ നിയമനിര്‍മാണത്തിനൊരുങ്ങുന്നു എന്ന പ്രതീതിയാണ് ഇവര്‍ സൃഷ്ടിച്ചത്. ഭാഷ എന്നത് അധിക്ഷേപിക്കാനുള്ളതാണെന്ന് വിശ്വസിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും എതിര്‍പ്പുമായി രംഗത്തെത്തി. ‘അമിത് ഷാ പറയുന്നത് ശുദ്ധഭോഷ്ക്’ എന്നായിരുന്നു പിണറായിയുടെ പ്രതികരണം.
മലയാള ഭാഷയ്ക്ക് നിരവധി അധിക്ഷേപ വാക്കുകള്‍ സമ്മാനിച്ചിട്ടുള്ള പിണറായി വിജയന് സഹജമായ രീതിയില്‍ പ്രതികരിച്ചത് മനസ്സിലാക്കാം. പക്ഷേ എം.ടി. വാസുദേവന്‍ നായരെപ്പോലെ, മറ്റാരെക്കാളും ഭാഷയുടെ മൂല്യം അറിയാവുന്ന ഒരാള്‍ സമാനമായ രീതിയില്‍ പ്രതികരിച്ചത് ദൗര്‍ഭാഗ്യകരമായിപ്പോയി. ‘ഇത് ഏകാധിപത്യത്തിന്റെ ഭാഷ’ എന്ന് ഒരു പ്രമുഖ പത്രത്തില്‍ അധിക്ഷേപിക്കുന്ന എംടി ഒന്നുകില്‍ അമിത് ഷാ എന്താണ് പറഞ്ഞതെന്ന് വായിച്ചിട്ടില്ല. അല്ലെങ്കില്‍ പദവിക്കുചേരാത്തവിധം മനഃപൂര്‍വം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഒരു ഭാഷ ഒരു രാജ്യം എന്ന നിര്‍ദ്ദേശം തികച്ചും ഏകാധിപത്യപരമാണെന്നും ഇതിനോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ലെന്നുമാണ് എംടി പറയുന്നത്. ”ഹിന്ദിയടക്കം ഒട്ടേറെ ഭാഷകള്‍ നമ്മുടെ രാജ്യത്തുണ്ട്. എല്ലാഭാഷകളും നിലനില്‍ക്കണം. ഒരു ഭാഷമാത്രം മതി, ഒരു ദേശംമാത്രം മതി, ഒരുഭാഗം മാത്രം മതി എന്നൊക്കെയുള്ള വാദങ്ങള്‍ എതിര്‍ക്കപ്പെടണം”എംടി തുടരുന്നു.
എംടി പറയുന്ന തരത്തില്‍ ഷാ വാദിച്ചിട്ടില്ല. നേരെ മറിച്ചാണ് പറഞ്ഞത്. ഹിന്ദിയുടെ വളര്‍ച്ച മറ്റ് ഭാഷകളുടെ ചെലവിലാകരുതെന്നും, സഹവര്‍ത്തിത്വത്തിന്റെ ഭാഷയാണ് ഹിന്ദിയെന്നും എടുത്തുപറയുന്നുണ്ട്. ഹിന്ദി മഹത്തായ ഭാഷയാണെന്ന് സമ്മതിക്കുന്ന എംടി ആ ഭാഷ കൂടുതല്‍ ഇന്ത്യക്കാര്‍ പഠിക്കുന്നതില്‍ എന്തിന് ഇത്ര അസഹിഷ്ണുത പ്രകടിപ്പിക്കണം? റഷ്യന്‍ഭാഷ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതിന്റെ ഫലമായാണ് കസാഖിസ്ഥാന്‍ സോവിയറ്റ് യൂണിയനില്‍നിന്ന് വേര്‍പെട്ടുപോയതത്രേ. ഇങ്ങനെ പറഞ്ഞ് ഹിന്ദിയെ വില്ലനാക്കാന്‍ ശ്രമിക്കുകയാണ് എംടി. ദുരുപദിഷ്ടമാണ് ഈ താരതമ്യം. വിഘടനവാദത്തിന് ചൂട്ടുപിടിക്കുകയാണ്. കസാഖ് ഭാഷയോടുള്ള സ്നേഹംപോലും ഇന്ത്യക്കാരനാണെന്ന് പറയുന്ന ഒരാള്‍ക്ക് ഹിന്ദിയോടില്ലെന്നു വരുന്നത് കഷ്ടമാണ്.
പ്രാദേശിക ഭാഷകളെക്കാള്‍ പ്രാധാന്യം ഹിന്ദിക്കുണ്ട്. ചരിത്രപരമായി അത് അങ്ങനെയാണ്. ഭരണഘടനാനിര്‍മാണസഭ ഏകകണ്ഠമായാണ് ഹിന്ദിയെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചത്. 1963-ലെ ഔദ്യോഗികഭാഷാ നിയമപ്രകാരം ഇംഗ്ലീഷിനൊപ്പം ഹിന്ദിയും കേന്ദ്രസര്‍ക്കാരിന്റെയും പാര്‍ലമെന്റിന്റെയും ഭരണഭാഷയാണ്. ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ പേര് സംസാരിക്കുന്ന ഭാഷകളിലൊന്നാണ് ഹിന്ദി. 2011-ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 44 ശതമാനം വരുന്ന 530 ദശലക്ഷംപേര്‍ ഹിന്ദി മാതൃഭാഷയായിട്ടുള്ളവരാണ്. 12-ലേറെ സംസ്ഥാനങ്ങളില്‍ ഹിന്ദി മാതൃഭാഷയാണ്. 16 സംസ്ഥാനങ്ങളില്‍ രണ്ടാം ഭാഷയോ മൂന്നാം ഭാഷയോ ആണ്. ഹിന്ദി മാതൃഭാഷയല്ലാത്ത സംസ്ഥാനങ്ങളില്‍ അത് അടിച്ചേല്പ്പിക്കുകയോ ഒളിച്ചുകടത്തുകയോ ആയിരുന്നില്ല. ഇംഗ്ലീഷിനും പ്രാദേശിക ഭാഷയ്ക്കുമൊപ്പം ഹിന്ദിയും ഉള്‍പ്പെടുത്തി ത്രിഭാഷാപദ്ധതി ആവിഷ്കരിക്കുകയായിരുന്നു.
ഇപ്പോള്‍ ഹിന്ദിയെ അന്ധമായി എതിര്‍ക്കുന്നവര്‍ പലരും യൂറോപ്യന്‍ ഭാഷയായ ഇംഗ്ലീഷിനെ ആരാധിക്കുന്നവരാണ്. ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇന്ത്യയിലെ ബന്ധഭാഷയായി ഹിന്ദി വളര്‍ന്നുകഴിഞ്ഞു. ഹിന്ദിസിനിമകള്‍ ഇതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. 2050 ആകുമ്പോഴേക്കും സ്വാഭാവിക നിലയ്ക്കുതന്നെ ഹിന്ദി ദേശീയഭാഷയായിമാറും. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഹിന്ദിപ്രചരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്ന കാലം മാറിപ്പോയെന്ന് പറയുന്നവര്‍ ഈ സത്യം കാണാതെ പോകരുത്.
”ഇംഗ്ലീഷ് അന്താരാഷ്ട്ര ഭാഷയാണ്. സംശയമില്ല. പക്ഷേ അതിനെന്നെങ്കിലും നമ്മുടെ രാഷ്ട്രഭാഷയാകാന്‍ കഴിയുമോ? രാഷ്ട്രഭാഷ ഇന്ത്യയിലെ ജനലക്ഷങ്ങളുടെ പൊതുസ്വത്താകണം. ഹിന്ദുസ്ഥാനിയാണ് സ്വാഭാവികമായും രാഷ്ട്രഭാഷ. സംസ്ഥാന ഭാഷയ്ക്ക് അഥവാ ഭാഷകള്‍ക്ക് പുറമേ-അവയ്ക്കുപകരമല്ല-സംസ്ഥാനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കത്തിന് ഇന്ത്യയ്ക്ക് മുഴുവനുമായി ഒരു പൊതുഭാഷ വേണം. അത് ഹിന്ദി-ഹിന്ദുസ്ഥാനി ആവാനേ സാധിക്കൂ.
”ഞാന്‍ മാതൃഭാഷയോട്-അതിനെന്തെല്ലാം കുറവുണ്ടായിരുന്നാലും-മാതാവിന്റെ മാറിനോടെന്നപോലെ പറ്റിനില്ക്കുന്നു. അതിനുമാത്രമേ എനിക്ക് ജീവദായകമായ മുലപ്പാല്‍ തരാനാകൂ. ഞാന്‍ ഇംഗ്ലീഷിനെ സ്നേഹിക്കുന്നു. പക്ഷേ അതിനവകാശമില്ലാത്ത സ്ഥാനം അത് കൈയേറുകയാണെങ്കില്‍ ഞാനതിന്റെ ഏറ്റവും വലിയ ശത്രുവായിത്തീരും. ഇംഗ്ലീഷ് ഇന്ന് ലോകഭാഷ ആണെന്നത് സര്‍വസമ്മതമാണ്. ഞാന്‍ അതിന് രണ്ടാംസ്ഥാനം നല്‍കും. അതും സ്കൂളിലല്ല, സര്‍വകലാശാലയില്‍ മാത്രം. കാരണം ഇംഗ്ലീഷ് കുറച്ചാളുകള്‍ക്കേവേണ്ടൂ. ഇംഗ്ലീഷില്ലാതെ കഴിയില്ല എന്ന് നമുക്ക് തോന്നുന്നത് മാനസികമായ അടിമത്തം നിമിത്തമാണ്” എന്നതാണ് മഹാത്മജിയുടെ സുചിന്തിതമായ നിലപാട്.
ഹിന്ദി ദേശീയഭാഷയാകണമെന്നും ഇന്ത്യന്‍ ജനതയെ ഒരുമിപ്പിക്കുന്ന ഘടകമാകണമെന്നും പറയുന്നവരെ വധശിക്ഷയ്ക്ക് വിധിക്കുന്നവര്‍ ഇതരസംസ്ഥാനങ്ങളില്‍ ആ ഭാഷയില്ലാതെ സാമൂഹ്യജീവിതം സാധ്യമാകാത്ത അവസ്ഥയുണ്ടെന്ന വസ്തുത വിസ്മരിക്കരുത്. തമിഴ്നാട്ടില്‍ ഹിന്ദി സംസാരിക്കുന്നവരുടെ വോട്ടിനുവേണ്ടി ആ ഭാഷയില്‍ അഭ്യര്‍ത്ഥന നടത്തുന്നവരാണ് ജാതിരാഷ്ട്രീയത്തിനൊപ്പം ഹിന്ദിവിരോധവും വിറ്റഴിക്കുന്നത്. കേരളത്തിന്റെ കാര്യമെടുത്താല്‍ ഒരുവിധം ഹിന്ദി അറിയാത്തവര്‍ക്ക് സാമൂഹ്യജീവിതം സാധ്യമല്ലാത്ത സ്ഥിതിയാണ്. ശവസംസ്കാരം നടത്തുന്നതിനുപോലും ഭായിമാരുടെ സഹായം തേടുന്നവര്‍ക്ക് എങ്ങനെയാണ് ഹിന്ദിയെ അകറ്റിനിര്‍ത്താനാവുക? മലയാളി വീട്ടമ്മമാര്‍പോലും ഇപ്പോള്‍ തരക്കേടില്ലാതെ ഹിന്ദി സംസാരിക്കുന്നവരാണ്. അപ്പോള്‍പ്പിന്നെ ഹിന്ദി ദേശീയഭാഷയാകണമെന്ന് അമിത്ഷാ ആഗ്രഹിക്കുന്നത് ശുദ്ധഭോഷ്ക്കായി തോന്നുന്നവര്‍ ഈ നാട്ടില്‍ത്തന്നെയാണോ ജീവിക്കുന്നത്!
മുന്‍ഷി പ്രേംചന്ദ് മുതല്‍ ‘മധുശാല’ എഴുതിയ ഹരിവംശറായ് ബച്ചനും ‘പരിന്തേ’ എന്ന അതിമനോഹരമായ കഥ എഴുതിയ നിര്‍മല്‍ വര്‍മയുമൊക്കെ ആശ്രയിച്ച, സര്‍ഗാത്മകസൗന്ദര്യം തുടിക്കുന്ന ഹിന്ദി ചിലര്‍ക്ക് ചില മാനസിക പ്രശ്നങ്ങളുണ്ടാക്കിയേക്കാം. പക്ഷേ അത് ഭാഷാപ്രേമികളുടെ ചെലവിലാകരുതെന്ന് മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: