ഇന്ത്യയുടെ അവിഭാജ്യഘടകമാണ് ജമ്മുകശ്മീരെന്നത് ലോകം അംഗീകരിച്ച സത്യമാണ്. അവിടെ അലോസരങ്ങളും അസ്വസ്ഥതകളും സൃഷ്ടിക്കാന്‍ മറ്റൊരു രാജ്യം നിരന്തരം ശ്രമിക്കുമ്പോള്‍ അന്തസ്സും ഉത്തരവാദിത്തവുമുള്ള ഒരുഭരണകൂടത്തിനും കണ്ടില്ലെന്ന് നടിക്കാനാവില്ല. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തങ്ങളില്‍ അര്‍പ്പിതമായ ദൗത്യം നിര്‍വഹിക്കുക മാത്രമാണ് ചെയ്തത്. ജമ്മുകാശ്മീരിന്റെ ഭരണരീതി എങ്ങിനെയാവണം എന്നുതീരുമാനിച്ചത് ഒരു വ്യക്തിയല്ല. രാജ്യത്തിന്റെ പരമോന്നത സ്ഥാപനമായ പാര്‍ലമെന്റാണ്. പാര്‍ലമെന്റ് ജമ്മുകശ്മീര്‍ വിഷയത്തില്‍ എടുത്ത തീരുമാനം പാക്കിസ്ഥാനെ വല്ലാതെ അമ്പരപ്പിച്ചിരിക്കുകയാണ്. അതിന്റെ പേരില്‍ ലോകരാജ്യങ്ങളെയും അന്താരാഷ്ട്ര വേദികളെയും തെറ്റിദ്ധരിപ്പിക്കാന്‍ കിണഞ്ഞുശ്രമിക്കുകയാണ്. പക്ഷേ ഐക്യരാഷ്ട്രസഭ പോലുള്ള സ്ഥാപനങ്ങളെ സ്വാധീനിക്കാനുള്ള നീക്കവും അലസിപ്പോയി. മുസ്ലീംപ്രശ്നം ഉയര്‍ത്തിക്കാട്ടിയുള്ള അവരുടെ പരിശ്രമങ്ങളും ഫലം കണ്ടില്ല. ഇസ്ലാമിക രാജ്യങ്ങളും പാക്കിസ്ഥാന് ഒപ്പമില്ല. എന്നിരുന്നാലും പാക്കിസ്ഥാന് പ്രധാനമന്ത്രിയും മന്ത്രിമാരുമെല്ലാം യുദ്ധക്കൊതി പ്രകടിപ്പിക്കുകയാണ്. ആണവായുധം ഉണ്ടെന്ന ഭീഷണിയാണ് ഒടുവില്‍ നടത്തിയത്. ഈ സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ പ്രസ്താവന ഗൗരവമുള്ളതാകുന്നത്.
അതിര്‍ത്തികടന്നുള്ള ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കുംവരെ പാക്കിസ്ഥാന് ഇന്ത്യയ്ക്കു വെല്ലുവിളിയായി തുടരുമെന്നാണ് വിദേശകാര്യമന്ത്രി പറഞ്ഞത്. പാക്ക് അധിനിവേശ കശ്മീരിനുമേല്‍ ഇന്ത്യയ്ക്കു നിയമപരമായ അവകാശം ലഭിക്കുന്ന ദിവസമെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരപ്രവര്‍ത്തനം തടയുന്ന കാര്യത്തില്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു നടപടികളില്ല. ഭീകരപ്രവര്‍ത്തനം നടത്തുന്നതിനൊപ്പം അയല്ക്കാരോടു സംസാരിക്കാന്‍ ഏതുരാജ്യത്തിനാണു സാധിക്കുക എന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യയുടേതു യുക്തിസഹമായ നിലപാടാണ്. 370-ാം വകുപ്പ് ഉഭയകക്ഷി വിഷയമല്ല, ഇന്ത്യയുടെ ആഭ്യന്തരവിഷയമാണ്. പാക്കിസ്ഥാനുമായുള്ള വിഷയം ഭീകരവാദമാണ്. ഭീകരരെ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തുകൊണ്ടിരിക്കെ നമ്മുടെ പ്രധാനമന്ത്രിക്ക് അവരുമായി ചര്‍ച്ചചെയ്യാന്‍ എങ്ങനെ സാധിക്കും? ചര്‍ച്ച നടക്കുകയാണെങ്കില്‍ ആദ്യത്തെ അജണ്ട ഭീകരപ്രവര്‍ത്തനം തന്നെയാകണമല്ലോ. അതാണ് ഉഭയകക്ഷി ബന്ധത്തിലെ മൂലപ്രശ്നം.
എന്തുകൊണ്ടാണു 370-ാം വകുപ്പു മാറ്റേണ്ടിവന്നത് എന്നതിനെക്കുറിച്ച് ഇന്ത്യപറയുന്ന കാര്യങ്ങള്‍ രാജ്യാന്തരസമൂഹത്തിനു മനസ്സിലാകുമെന്നു വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സര്‍ക്കാരിന് രണ്ടു വഴികളാണ് ഉണ്ടായിരുന്നത്. 30 വര്‍ഷമായി പിന്തുടര്‍ന്ന സമീപനം തുടരുക, അതിന്റെ ദുരിതങ്ങള്‍ അനുഭവിക്കുക. അല്ലെങ്കില്‍, തികച്ചും വ്യത്യസ്തമായ നടപടിയിലൂടെ സ്ഥിതിമാറ്റുക. അങ്ങനെ, മെച്ചപ്പെട്ട പരിഹാരങ്ങള്‍ കണ്ടെത്തുക. ജമ്മുകശ്മീര്‍ സംബന്ധിച്ച തീരുമാനം ഇതിന്റെ ഭാഗമാണ്. അത് അംഗീകരിക്കാന്‍ പാക്കിസ്ഥാന് കഴിയില്ലെങ്കില്‍ പാക്ക്അധീന കശ്മീരിനെക്കുറിച്ച് ഗൗരവമായിതന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു. വിദേശകാര്യമന്ത്രിക്ക് മുമ്പ് പ്രതിരോധമന്ത്രി രാജ്നാഥ്സിംഗും ഇക്കാര്യത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയതാണ്. നാട്ടുരാജ്യമായിരുന്ന ജമ്മുകശ്മീര്‍ പൂര്‍ണ്ണമായി ഇന്ത്യയില്‍ ലയിച്ചതിനുശേഷം, ഇന്ത്യയുടെ ഈ പ്രദേശം പാക്കിസ്ഥാന് നിയന്ത്രണത്തിലാക്കുകയായിരുന്നു. ശൈത്യകാലത്തും വേനല്‍ക്കാലത്തും ഒരുപോലെ ഈ പ്രദേശത്ത് മഴ ലഭിക്കും. മുസാഫറാബാദും പട്ടാനും ഈ കശ്മീര്‍മേഖലയിലെ ഏറ്റവും ഈര്‍പ്പമുള്ള പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നു. ഭൂമിക്കൊതിയും യുദ്ധക്കൊതിയുമായി വീമ്പടിക്കുന്ന പാക്കിസ്ഥാന് നിരാശപ്പെടേണ്ടിവരുമെന്ന മുന്നറിയിപ്പ് അവസരോചിതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: