ദല്‍ഹി : പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യ നിയമപരമായ എല്ലാ അവകാശങ്ങളും ലഭിക്കുന്ന ദിവസം വിദൂരമല്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കും വരെ പാക്കിസ്ഥാനുമായി ഒരു ചര്‍ച്ചയ്‌ക്കും അദ്ദേഹം ഉണ്ടാകില്ലെന്നും വിദേശകാര്യ മന്ത്രി ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു.
പാക് മണ്ണില്‍ ഭീകര പ്രവര്‍ത്തനങ്ങളെ പിന്തുണയ്‌ക്കുന്നത് അവസാനിപ്പിക്കും വരെ ഈ രാജ്യം ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ഭീകരപ്രവര്‍ത്തനം തടയുന്ന കാര്യത്തില്‍ പാക്കിസ്ഥാന്റെ ഭാഗത്തു നിന്ന് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഭീകരപ്രവര്‍ത്തനം നടത്തുന്നതിനൊപ്പം അയല്‍ക്കാരോടു സംസാരിക്കാന്‍ ഏതു രാജ്യത്തിനാണു സാധിക്കുക. അതിനാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും തമ്മില്‍ ഉടന്‍ ചര്‍ച്ച നടത്താന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കശ്മീരില്‍ കേന്ദ്ര ഭരണം സ്ഥാപിച്ചുകൊണ്ട് ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളയാനുള്ള കേന്ദ്ര തീരുമാനം ഒരിക്കലും ഉഭയകക്ഷി വിഷയമല്ല. തികച്ചും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. ജമ്മു കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനു മുമ്പില്‍ രണ്ട് കാര്യങ്ങളാണ് ഉണ്ടായിരുന്നത്. ഒന്ന് ഇതിനു മുമ്പ് 30 വര്‍ഷത്തോളമായി മുന്‍ സര്‍ക്കാരുകള്‍ പിന്തുടരുന്ന സമീപനം തന്നെ തുടര്‍ന്നും ആവര്‍ത്തിക്കുക അല്ലെങ്കില്‍ മെച്ചപ്പെട്ട ജനങ്ങള്‍ക്കും അവരുടെ സൈ്വര ജീവിതത്തിനും ഉപകരിക്കുന്ന പരിഹാരങ്ങള്‍ കണ്ടെത്തുകയാണ്. നമ്മള്‍ രണ്ടാമത്തേതാണ് തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇത് മറ്റ് ഇന്ത്യയ്‌ക്കുള്ളിലെ കാര്യമാണ്. മറ്റ് രാജ്യങ്ങള്‍ക്ക് ഇതില്‍ ഇടപെടേണ്ട ആവശ്യമില്ല. പാക്കിസ്ഥാനുമായി ഇന്ത്യയ്‌ക്കുള്ള വിഷയം ഭീകരവാദമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയില്‍ ആദ്യം പ്രതിപാദിക്കേണ്ട വിഷയവും ഇത് തന്നെയാണ്. എന്നാല്‍ പാക് സര്‍ക്കാര്‍ ഭീകരര്‍ക്ക് നല്‍കി വരുന്ന പിന്തുണ പിന്‍വലിച്ച് ഇവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചെങ്കില്‍ മാത്രമേ ഇനി ചര്‍ച്ചയ്‌ക്കുള്ളൂ എന്നതാണ് ഇന്ത്യയുടെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















