ന്യൂദല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് ചികിത്സ നിഷേധിച്ച ആശുപത്രികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നു. രാജ്യത്തെവിടെയും സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത്. എന്നാല്‍ ഇതില്‍ ഉള്‍പ്പെടില്ലെന്ന് അറിയിച്ച് രോഗികളില്‍ നിന്നും പണം ഈടാക്കിതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇത്തരത്തില്‍ ചികിത്സ നിഷേധിച്ചതടക്കം കൃത്യ നിര്‍വഹണത്തില്‍ പിഴവ് വരുത്തിയിട്ടുള്ള രാജ്യത്തെ 376 ആശുപത്രികള്‍ക്കെതിരെ അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. പണം ഈടാക്കിയതടക്കം 1200 കേസുകള്‍ സ്ഥീരികരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതില്‍ 338 ആശുപത്രികള്‍ക്കെതിരെ നടപടിയെടുത്തു. തട്ടിപ്പു കാട്ടുന്ന ആശുപത്രികളുടെ പേര് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ വ്യക്തമാക്കി.
ഇതുവരെ വിവിധ വകുപ്പുകളില്‍ രാജ്യത്തെ ആശുപത്രികളില്‍ നിന്നും പിഴയിനത്തില്‍ 1.5 കോടി രൂപ ലഭിക്കുകയും, 97 ആശുപത്രികളെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ആശുപത്രി അധികൃതര്‍ക്കെതിരെ ക്രിമിനല്‍ നടപടികളുമുണ്ടാവും. പദ്ധതിയുടെ ഭാഗമായ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ഈ സൗകര്യം ഉണ്ടാവും.
പദ്ധതി വഴി ഒരു വര്‍ഷത്തിനിടെ 45 ലക്ഷം നിര്‍ധന രോഗികളെ ചികിത്സിച്ചു. 18073 ആശുപത്രികളാണ് ഇപ്പോള്‍ പദ്ധതിയിലുള്ളത്. 70500 കോടി രൂപയാണ് ഒരു വര്‍ഷത്തെ പദ്ധതി ചെലവ്. 2022 അവസാനത്തോടെ 1.5 ലക്ഷം സെന്ററുകളായി വര്‍ധിപ്പിക്കും. ആരോഗ്യസൗഖ്യ കേന്ദ്രങ്ങളുടെ എണ്ണം 21000 ആയി. ഈ സാമ്പത്തിക വര്‍ഷം തന്നെ ഇത് 40000 ആക്കും. കേരളത്തില്‍ 671 ആയുഷ്മാന്‍ ആരോഗ്യ സൗഖ്യ കേന്ദ്രങ്ങള്‍ ഇതുവരെ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എന്നാല്‍ ദല്‍ഹി ഇപ്പോഴും പദ്ധതിയില്‍ അംഗമായിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
അതേസമയം കശ്മീരിലും വിജയകരമായി പദ്ധതി നടപ്പാക്കി വരികയാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു. പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി റദ്ദാക്കിയിരുന്നെങ്കിലും അതൊന്നും ആശുപത്രികളെ ബാധിച്ചിട്ടില്ലെന്ന് ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. ആയുഷ്മാന്‍ ഭാരത് അടക്കമുള്ള ചികിത്സാ പദ്ധതികളില്‍ ഓണ്‍ലൈനിലുടെയാണ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. എന്നാല്‍ കശ്മീരിലെ പ്രത്യേക പശ്ചാത്തലം പരിഗണിച്ച് ഇക്കാര്യങ്ങള്‍ നോക്കാതെ തന്നെ രോഗികള്‍ക്കു ചികിത്സ ഉറപ്പാക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ടെന്നും ഹര്‍ഷ് വര്‍ധന്‍ കൂട്ടിച്ചേര്‍ത്തു.
















