രണ്ടുവര്‍ഷംകൊണ്ട് പണിതീര്‍ത്ത് രണ്ടര വര്‍ഷംകൊണ്ട് അടച്ചിടേണ്ടിവന്ന കൊച്ചിയിലെ പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചുനീക്കാനും പുതുതായി പണിയാനുമുള്ള തീരുമാനം, പൊതുജീവിതത്തിലെ അഴിമതിയുടെ ആഴങ്ങളിലേയ്ക്കാണ് ചൂണ്ടുന്നത്. പണിയാന്‍വേണ്ടിമാത്രം പൊളിച്ചുപണിത്, ഉദ്ഘാടന ദിവസംതന്നെ ഒലിച്ചുപോയ പഞ്ചവടിപ്പാലത്തിന്റെ കഥയുണ്ട് മലയാള സാഹിത്യത്തില്‍. വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ നോവല്‍ കെ.ജി. ജോര്‍ജ് പിന്നീട് സിനിമയാക്കി. സാഹിത്യകാരന്മാരുടെ ദീര്‍ഘവീക്ഷണത്തെ നമിച്ചുപോകുന്നു ഈ പാലത്തിന്റെ കഥ കേള്‍ക്കുമ്പോള്‍. അഴിമതി പൊതുജീവിതത്തിന്റെ ഭാഗമായതായി മലയാളികള്‍ അംഗീകരിച്ചും അനുഭവിച്ചറിഞ്ഞും കഴിഞ്ഞതാണെങ്കിലും ഇതുകുറെ കടന്നകൈ ആയിപ്പോയെന്ന് ആരും പറഞ്ഞുപോകും. ദേശീയപാതാ അഥോറിട്ടി പണിയേണ്ടിയിരുന്ന പാലം, ടോള്‍പിരിവിനെ പേടിച്ച് എന്നപേരില്‍ സര്‍ക്കാര്‍ സ്വയം ഏറ്റെടുത്ത് പണിതതാണ്. ഫലത്തില്‍ ടോളിനേക്കാള്‍ വലിയ ദുരിതമാണിപ്പോള്‍ ജനത്തിന് കിട്ടിയത്. ഉദ്യോഗസ്ഥ അഴിമതിയോ സര്‍ക്കാര്‍ അഴിമതിയോ രാഷ്ട്രീയ അഴിമതിയോ ഏതാണ് പാലാരിവട്ടത്ത് അരങ്ങിലാടിയതെന്ന് അറിയില്ല. ഏതായാലും അത്തരം അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും നിര്‍മാണപ്പിഴവിന്റേയും സാക്ഷ്യമായി അവശേഷിക്കുകയാണ് ഇന്ന് ആ പാലം.
ആര്‍ക്കും കണ്ടെത്താനാവാത്ത അധോലോകമാണ് അഴിമതിയുടേത് എന്ന ചിലരുടെ അമിത ആത്മവിശ്വാസമാണ് പാലം പൊളിഞ്ഞുവീഴുന്നതോടെ തകരുന്നത്. അഴിമതി സംബന്ധിച്ച കേസില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ. സൂരജ് അടക്കം നാലുപേര്‍ അറസ്റ്റിലായിരുന്നു. കാരണക്കാര്‍ ആരായാലും പോയത് ജനത്തിനുമാത്രം. യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ തുറന്നുകൊടുത്തു. 2014 സപ്റ്റംബറിലാണ് പാലം പണിതുടങ്ങുന്നത്. 2016 ഒക്ടോബറില്‍ പൂര്‍ത്തിയായി. ഉദ്ഘാടനത്തിനുശേഷം പത്തുമാസത്തിനകംതന്നെ പാലത്തില്‍ കുഴികള്‍ രൂപപ്പെട്ടു. പിന്നാലെ അപകടങ്ങള്‍ തുടര്‍ക്കഥയായി. അറ്റകുറ്റപ്പണികള്‍കൊണ്ടു കാര്യമില്ലെന്നു തെളിഞ്ഞപ്പോള്‍ 2019 മെയില്‍ പാലം അടച്ചു. നിര്‍മാണക്കരാര്‍ ആര്‍ഡിഎസ് പ്രോജക്ട്സിനായിരുന്നു. മേല്‍നോട്ടത്തിന് കിറ്റ്കോ. 39 കോടിരൂപ ചെലവ്. മനുഷ്യാധ്വാനം അളന്നു തിട്ടപ്പെടുത്താനാവാത്തത്ര. പണിയുന്ന കാലത്തും പാലം അടച്ചശേഷവും ഇനി പുതിയപാലം വരുന്നതുവരെയും ജനം അനുഭവിച്ചതും അനുഭവിക്കേണ്ടതുമായ ബുദ്ധിമുട്ടുകള്‍. പാലത്തിലെ കുഴികളില്‍ വീണ് പരുക്കേറ്റവരുടേയും കേടായ വാഹനങ്ങളുടേയും ദൈന്യാവസ്ഥ. ഇതൊക്കെ ആരുടേയും കണക്കുകളില്‍പ്പെടാതെ പോകുന്നതാണ്. ഇതിനൊക്കെ ആര് കണക്കുപറയും, ആര് കണക്കുചോദിക്കും? ചോദിച്ചാലും ഇല്ലെങ്കിലും അനുഭവിച്ചവരുടെ കണക്കില്‍ത്തന്നെ വരും. നികുതിപ്പണത്തില്‍നിന്നെടുത്തു ചെലവാക്കി അഴിമതിയില്‍ മുക്കിയിട്ട് വീണ്ടും നികുതിപ്പണംകൊണ്ട് പരിഹാരം കാണുന്ന വിദ്യയില്‍ രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥവൃന്ദത്തിനും നഷ്ടം വരാനൊന്നുമില്ലല്ലോ. പൂര്‍ണമായി പണിയേണ്ട എന്നതിനാല്‍ പുതിയ പാലത്തിന്റ പണിക്ക് 18 കോടി രൂപ എന്നാണ് നിലവിലെ കണക്ക്. പൊളിക്കാനുള്ള ചെലവ് വേറെ. ആര് മുടക്കും ആ പണം?
യാതൊരുവിധ അറ്റകുറ്റപ്പണികളും ഫലവത്തല്ല എന്ന് ഇ. ശ്രീധരന് അടക്കമുള്ള വിദഗ്ധര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊളിക്കാനുള്ള തീരുമാനം. ഐഐടിയുടെ പരിശോധനാഫലവും അതുതന്നെയാണ് സൂചിപ്പിച്ചത്. പാലത്തിലും ഗര്‍ഡറുകളിലും തൂണുകളിലും അടക്കം വിള്ളല്‍വീണു.
പുതിയ പാലത്തിന്റെ നിര്‍മാണം അടുത്തമാസം ആദ്യം തുടങ്ങി ഒരുവര്‍ഷംകൊണ്ട് തീര്‍ക്കുമെന്ന് മേല്‍നോട്ടച്ചുമതലയുള്ള ഇ. ശ്രീധരന് പറയുന്നു. അത് വിശ്വസിക്കാം. രാഷ്ട്രീയ താത്പര്യങ്ങളില്ലാത്ത, കഴിവുതെളിയിച്ച വ്യക്തിയാണ് പറയുന്നത്. വ്യക്തവും ശക്തവും അചഞ്ചലവുമായ നിലപാടുകളുടെ പേരില്‍ ഇതേ സര്‍ക്കാരിലെതന്നെ ചിലമന്ത്രിമാരുടെ പരിഹാസവും പുലഭ്യവും അനുഭവിക്കേണ്ടിവന്ന ഈ വ്യക്തിയെത്തന്നെ സഹായത്തിന് വീണ്ടും സമീപിക്കേണ്ടിവന്നത് കാലത്തിന്റെ കാവ്യനീതിയായിരിക്കാം. വിവരവും വിവേചന ബുദ്ധിയുമുള്ളവരുടെ കാര്യം അങ്ങനെയാണ്. കാലം അവരെ തേടിവരും. അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്ത് ആ പാലത്തിന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: