വേദത്തിന് അറിവെന്നാണ് അര്‍ത്ഥം. ജീവിചൈതന്യത്തെക്കുറിച്ചുള്ള അറിവ് നല്‍കുന്നത് ഏതൊന്നാണോ അതാണ് വേദം. ഈ വേദത്തിന്റെ കര്‍ത്താവ് സ്വയംഭൂ വിശ്വകര്‍മാവാണെന്ന് വിശ്വസിക്കപ്പെടുന്നു. ജീവികള്‍ക്ക് സുഖം നല്കുവാനും, പാപവിമുക്തരായി ആത്യന്തിക ശാന്തി നേടാനുമുള്ള ഉപാധിയായിട്ടാണ് വേദസൃഷ്ടി ആദിയിലുണ്ടായത്.
പ്രപഞ്ചത്തില്‍ ഇന്നോളം ഉണ്ടായിട്ടുള്ള സര്‍വ്വചരാചര സൃഷ്ടികളുടെയും സര്‍വ്വ കണ്ടുപിടുത്തങ്ങളുടെയും പ്രജ്ഞാകേന്ദ്രമാണ് വിശ്വേശ്വരനായ വിശ്വകര്‍മ ദേവന്. ഋഗ്വേദത്തില്‍ പ്രപഞ്ച സൃഷ്ടാവായി വിശ്വകര്‍മ്മ ദേവന് പ്രകീര്‍ത്തിക്കപ്പെടുന്നു. വിശ്വകര്‍മാവിന്റെ വൈഭവത്തില്‍ പരാശക്തി വൈഭവം സമന്വയിച്ചിരിക്കുകയാല്‍ ലോകത്തില്‍ അനുസ്യൂതം സര്വസൃഷ്ടികളും തുടര്‍ന്നുകൊണ്ടിരിക്കുന്നു. വിശ്വകര്‍മാവിന്റെ അഞ്ചു ദിങ്മുഖങ്ങളില്നിന്നും പഞ്ചധാതുക്കള്‍ ഉണ്ടായി. പഞ്ചധാതു സമന്വയത്താല്‍ പഞ്ചഭൂതങ്ങളും നാഡീവ്യൂഹങ്ങളും പഞ്ചപ്രാണങ്ങളായ പ്രാണന്, അപാനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍ എന്നീ പ്രാണന്മാര് എന്നിവയും ഉണ്ടായി.
ഏഷ ദേവോ വിശ്വകര്‍മ്മ-
മഹാത്മാ
സദാജനനാം ഹൃദയേ-
സന്നിവിഷ്ഠ
ഹൃദാ മനീഷ മനസാഭിക്-
നുപ്തോ
യ ഏതദ് വിദുരമുതാസ്തേ- ഭവന്തി
അര്‍ത്ഥം: വിശ്വത്തിന്റെ സൃഷ്ടികര്‍ത്താവും പ്രകാശസ്വരൂപനുമായ വിശ്വകര്‍മാവ് ജനങ്ങളുടെ ഹൃദയത്തില്‍ സ്ഥിതിചെയ്ത് മനസ്സിനെ നിയന്ത്രിക്കുന്നതും, ഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന സമ്യഗ് ദര്‍ശനത്തെ മനനരൂപമായ ബുദ്ധികൊണ്ട് പ്രകാശിപ്പിക്കുകയും ചെയ്യുന്നു. ഇതറിയുന്നവര്‍ മരണരഹിതരായിത്തീരുന്നു.
നിത്യസത്യമായ വിശ്വകര്‍മാവിന്റെ കര്‍മമാണ് പ്രകൃതിയുടെ അഥവാ പ്രപഞ്ചത്തിന്റെ നിലനില്‍പ്പുതന്നെ. മൂലപ്രകൃതിയും വിശ്വകര്മാവില്നിന്നും ഉത്ഭവിച്ചു. വിശ്വകര്‍മാവിന്റെ പ്രജ്ഞയാണ് മൂല പ്രകൃതിയുടെ താളം. നിത്യവും സൂര്യതേജസ്സിലൂടെ മനുഷ്യരാശിയില്‍ മാത്രമല്ല സര്‍വ്വ ചരാചരങ്ങളിലും വിശ്വകര്മദേവന് അനുഗ്രഹം ചൊരിയുന്നു. സരസ്വതീദേവിയെ വിദ്യാദേവത എന്നപോലെ, തൊഴില്‍ ശക്തിയുടെ ആരാധ്യദേവനായി വിശ്വകര്‍മ ദേവനെ പുരാണങ്ങള്‍ പ്രകീര്‍ത്തിക്കുന്നു. വിശ്വകര്‍മാവിന്റെ അദ്ഭുത കര്‍മങ്ങള്‍ അവാച്യമാണ്. കരവഴിക്കും കടല്‍വഴിക്കും ആകാശം വഴിയും ഓടുന്ന വാഹനങ്ങള്‍, വെള്ളത്തിനുള്ളില്‍ നിര്‍മിച്ച സഭ, യമധര്മന് യമസഭ, അയോധ്യ നഗരം, ദ്വാരകാപുരി, ലങ്കാ നഗരം, പുഷ്പക വിമാനം എന്നിവയെല്ലാം വിശ്വകര്‍മാവിന്റെ സൃഷ്ടിയാണ്. ഇവ കൂടാതെ മായാ രഥം നിര്‍മിച്ച് അര്ജ്ജുനന് നല്കി. ഈ രഥത്തിലിരുന്നാണ് അര്ജ്ജുനന് വിരാടനുവേണ്ടി യുദ്ധം ചെയ്തത്. ത്രിപുര ദഹനത്തിനായി ശിവന് ദിവ്യ രഥം നിര്‍മിച്ചു നല്കി. കുതിരയുടെ മുഖം വെട്ടിയെടുത്ത് തലയറ്റു പോയ മഹാവിഷ്ണുവിന്റെ ശരീരത്തില്‍ ഘടിപ്പിച്ച് ഹയഗ്രീവനാക്കി മാറ്റി. അത്രേയ മുനിക്കുവേണ്ടി സ്വര്‍ഗം നിര്‍മിച്ചു. ഭൂമിയിലെ സകല വസ്തുക്കളുടേയും സൗന്ദര്യം കൂട്ടിക്കലര്‍ത്തി തിലോത്തമ എന്ന അപ്സരസ്സിനെ സൃഷ്ടിച്ചു. ഇഹലോകത്തെ സ്വര്ഗതുല്യമാക്കത്തക്ക തരത്തില്‍ മോടിപിടിപ്പിച്ചു.
സ്വയം ത്യജിച്ചും ലോക നന്മയ്ക്കുവേണ്ടി നിഷ്കാമകര്‍മം അനുഷ്ഠിച്ച വിശ്വകര്‍മ ദേവന് അദ്ഭുത പ്രതിഭാസമായി വിരാജിക്കുന്നു. വേദങ്ങളിലും ഇതിഹാസ പുരാണങ്ങളിലും പ്രപഞ്ചസ്രഷ്ടാവും തൊഴില്‍ ശക്തിയുടെ അധിപനായും നിറഞ്ഞുനില്ക്കുന്ന വിശ്വകര്മദേവന് സമസ്തചരാചരങ്ങളും പ്രണാമം അര്‍പ്പിച്ച് പ്രാചീന ഭാരതീയര്‍ ആചരിക്കുന്ന പുണ്യദിനമാണ് കന്നി സംക്രാന്തി ദിനമായ സപ്തംബര്‍ 17 വിശ്വകര്‍മ ദിനം. ഉത്തരഭാരതത്തില്‍ ഈ ദിനം വിശ്വകര്‍മപൂജ എന്നറിയപ്പെടുന്നു. അന്നേദിവസം ഫാക്ടറികള്‍ മുതല്‍ പണിശാലകള്‍വരെ യന്ത്രങ്ങളും പണിയായുധങ്ങളും പൂജയ്ക്കുവച്ച് വിശ്വകര്‍മ ദേവനെ പ്രണമിച്ചുകൊണ്ട് നദികളില്‍ വിശ്വകര്‍മ വിഗ്രഹങ്ങള്‍ ഭക്തിപൂര്‍വം നിമജ്ജനം ചെയ്യുന്നു.
വിശ്വകര്‍മദിനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് വിവിധ സംസ്ഥാനങ്ങള്‍ വിശ്വകര്‍മ ദിനത്തിന് പൊതു അവധി പ്രഖ്യാപിക്കുകയും, ഈ ദിനം സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍ ഉള്‍പ്പെടുത്തി ആചരിക്കുകയും ചെയ്തുവരുന്നു. ആര്‍ഷഭാരത സംസ്കാരത്തിന്റെ സ്രഷ്ടാക്കളായ വിശ്വകര്‍മജരെ അംഗീകരിച്ചുകൊണ്ട് പ്രൗഢമായ വിശ്വകര്‍മ സംസ്കൃതിയുടെ ഓര്‍മപുതുക്കലാണ് വിശ്വകര്‍മദിനം.
9746801436
പ്രതികരിക്കാൻ ഇവിടെ എഴുതുക: