ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ വിഷയത്തില്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ ദേശീയതാല്‍പര്യങ്ങള്‍ സംരക്ഷിക്കണമെന്ന നിര്‍ദേശവുമായി സുപ്രീംകോടതി. എല്ലാ മാധ്യമപ്രവര്‍ത്തകരും ദേശീയ സുരക്ഷയെ മാനിക്കണം. ഇതു മനസില്‍ വെച്ചായിരിക്കണം മാധ്യമപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കേണ്ടത്. മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രത്യേക ഉത്തരവുകള്‍ ഇറക്കില്ലന്നും സുപ്രീംകോടതി വ്യക്തമാക്കി. കശ്മീരില്‍ സഞ്ചാരസ്വാതന്ത്രം ആവശ്യപ്പെട്ടുള്ള മാധ്യമപ്രവര്‍ത്തകരുടെ ഹര്‍ജി തള്ളിയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.
സംസ്ഥാനത്തെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കശ്മീര്‍ ഹൈക്കോടതി വഴി കൈകാര്യം ചെയ്യണമെന്നും കോടതി നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസ് എസ്.എ ബോബ്‌ഡെയും എസ്.എ നസീറുമാണ് കേസ് പരിഗണിച്ച ബെഞ്ചംഗങ്ങള്‍. കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന അനുച്ഛേധം 370 റദ്ദു ചെയ്യുകയും സംസ്ഥാനം വിഭജിക്കുകയും ചെയ്ത നടപടിയെ തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യത്തിലാണ് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതെന്നും അതുമായി ബന്ധപ്പെട്ട് ഒരു മരണം പോലും ഉണ്ടായിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതില്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ കാശ്മീരില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.
















