ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ വിഷയത്തില്‍ അഭിപ്രായം പറഞ്ഞ മലാലയ്‌ക്ക് മറുപടിയുമായി ബിജെപി എംപി ശോഭ കരന്ത്‌ലജെ. മലാല ആദ്യം പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായി സംസാരിക്കൂ, ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിര്‍ബന്ധിത മതപരിവര്‍ത്തനവും ഉപദ്രവവും തുടരുകയാണെന്നും അതിനെതിരെ സംസാരിക്കണമെന്നും ശോഭ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
”കുറച്ച് സമയം നിങ്ങള്‍ പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളോട് സംസാരിക്കണം. ആ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കെതിരെയുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനത്തെയും അടിച്ചമര്‍ത്തലിനെതിരെയും നിങ്ങള്‍ സംസാരിക്കണം. വികസന പദ്ധതികള്‍ കശ്മീരിലേക്കു കൂടി വ്യാപിപ്പിക്കുകയാണ്. അടിച്ചമര്‍ത്തല്‍ ഒന്നും നടക്കുന്നില്ല”-ശോഭ കരന്ത്‌ലജെ

കശ്മീരിലെ സ്‌കൂള്‍ കുട്ടികളെ സഹായിക്കണമെന്ന ആവശ്യവുമായാണ് മലാല യൂസഫ് സായി രംഗത്തെത്തിയത്. ട്വിറ്ററിലൂടെ യുഎന്നിനോടാണ് മലാല സഹായാഭ്യര്‍ത്ഥന നടത്തിയത്. കശ്മീരിലെ കുട്ടികളെ കുറിച്ച് ആകുലപ്പെടുന്ന മലാല എന്തുകൊണ്ട് ബലൂചിസ്ഥാനിലെ കുട്ടികളെ കുറിച്ച് പഠിക്കാന്‍ കുറച്ച് സമയം കണ്ടെത്തുന്നില്ലെന്നാണ് മലാലയ്‌ക്കെതിരെ ഉയരുന്ന ആരോപണം. പാക്കിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം വേണം എന്ന ആവശ്യവുമായി പ്രക്ഷോഭത്തിലാണ് ബലൂചിസ്ഥാന്‍ ജനത. പാക്കിസ്ഥാന്റെ ഭാഗമെങ്കിലും ജനസേവനത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റെ ശ്രദ്ധ തീരെ പതിയാത്ത മേഖലയാണിത്. എന്നാല്‍ സൈനിക ശ്രദ്ധ ഇവിടെ ആവശ്യത്തില്‍ അധികമുണ്ട്. പത്തൊമ്പതിനായിരത്തോളം ബലൂചിസ്ഥാന്‍കാരെയാണ് അവരുടെ തന്നെ രാജ്യത്തെ സൈന്യം പിടിച്ചുകൊണ്ടുപോയിട്ടുള്ളത്. അവര്‍ എവിടെയാണെന്ന് പോലും ആര്‍ക്കും അറിയില്ല. ഇതിനെതിരെ മലാല സംസാരിക്കണമെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ആവശ്യം.
















