ബ്രഹ്മചര്യമെന്നത് ഭാരതത്തിന്റെ പ്രാചീന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ആത്മാവായിരുന്നു. ആധുനികവിദ്യാഭ്യാസ സമ്പ്രദായത്തില്‍ ബ്രഹ്മചര്യത്തിന് യാതൊരു സ്ഥാനവുമില്ലെന്ന് മാത്രമല്ല, ‘ബ്രഹ്മചര്യം’ എന്ന വാക്കുതന്നെ ഇന്നേറെ തെറ്റിദ്ധരിക്കപ്പെട്ട അവസ്ഥയിലാണുള്ളത്. ബ്രഹ്മചാരിയാകുക എന്നാല്‍ കല്യാണം കഴിക്കാതിരിക്കലാണ് എന്ന് കരുതുന്നവര്‍ ഒട്ടനവധിയാണ്. എന്നാല്‍ ബ്രഹ്മചര്യവ്രതം വിവാഹം ചെയ്ത് കുടുംബജീവിതം പുലര്‍ത്തുന്ന ഗൃഹസ്ഥനും ഒഴിച്ചുകൂടാനാകാത്തതാണെന്നാണ് വേദാദി ശാസ്ത്രങ്ങള്‍ പറയുന്നത്. ഏകപത്‌നീവ്രതക്കാരായ ശ്രീരാമനും ശ്രീകൃഷ്ണനും ഋഷിമാരില്‍ ഒട്ടുമിക്കവരും ഗൃഹസ്ഥരായിരുന്നുകൊണ്ടുതന്നെ ബ്രഹ്മചര്യവ്രതത്തെ പാലിച്ചവരാണ്. വാസ്തവത്തില്‍ നാല് ആശ്രമങ്ങള്‍ക്കും ഒഴിച്ചുകൂടാനാകാത്തതാണ് ബ്രഹ്മചര്യവ്രതം. എന്നാല്‍ ബ്രഹ്മചര്യവ്രതം സര്‍വപ്രാധാന്യത്തോടെ കടന്നുവരുന്നതിനാല്‍ ചതുരാശ്രമങ്ങളില്‍ ആദ്യത്തേതിന് ‘ബ്രഹ്മചര്യാശ്രമം’ എന്നുതന്നെ പേര് വന്നു.
എന്താണീ ബ്രഹ്മചര്യം എന്ന് യോഗദര്‍ശനത്തിന്റെ പ്രാചീന വ്യാഖ്യാനമായ ഭോജവൃത്തിയില്‍ നിര്‍വചിക്കുന്നുണ്ട്. ‘വീര്യനിരോധോ ഹി ബ്രഹ്മചര്യമ്’ – വീര്യത്തിന്റെ പുറത്തുപോകലിനെ തടഞ്ഞ് സ്വശരീരത്തില്‍ സംരക്ഷിച്ചു നിര്‍ത്തുന്നതാണ് ബ്രഹ്മചര്യം. സന്താനോല്പാദനം സാധ്യമാക്കുന്ന ധാതുവായ ‘വീര്യം’ കൗമാരകാലത്ത് തീര്‍ത്തും അനാവശ്യമായ കാമോദ്ദീപനങ്ങളാല്‍ ക്ഷയിച്ചുപോകാതെ സൂക്ഷിക്കേണ്ടതുണ്ട്. അതിനായി കാമോദ്ദീപനങ്ങളിലേക്ക് വഴിവെക്കുന്ന എല്ലാ പ്രവൃത്തികളില്‍ നിന്നും സാഹചര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക എന്നതാണ് ചെയ്യേണ്ടത്. കുമാരീ – കുമാരന്മാര്‍ക്കിടയില്‍ സംഭവിക്കാവുന്ന പ്രണയം മുതല്‍ കാമോദ്ദീപനത്തിന് കാരണമായേക്കാവുന്ന കാഴ്ചകളും ചിന്തകളും ഇടപഴകലും വരെ ഒഴിവാക്കേണ്ടതാണ്. രജോഗുണപ്രധാനമായ (മദ്യമാംസാദികളും, മറ്റ് തീക്ഷ്ണസ്വഭാവത്തോടുകൂടിയതുമായ) ആഹാരത്തിന്റെ വര്‍ജനവും ബ്രഹ്മചര്യപാലനത്തിന് അത്യന്താപേക്ഷിതമാണ്.
ഇപ്രകാരം വീര്യസംരക്ഷണം ചെയ്യുന്നതുകൊണ്ട് ആരോഗ്യവും ആയുസ്സും വര്‍ധിക്കുമെന്ന് ആയുര്‍വേദം ഉദ്‌ഘോഷിക്കുന്നു. ഇത് എല്ലാ മനുഷ്യര്‍ക്കും ബാധകമാണ്. എന്നാല്‍ ബ്രഹ്മചര്യ വ്രതപാലനംകൊണ്ട് വിദ്യാര്‍ഥി ജീവിതത്തിന് വിശേഷിച്ച് എന്തെങ്കിലും പ്രയോജനം ഉണ്ടോ എന്നാണിനി ചിന്തിക്കുന്നത്. ഇന്ന് കുട്ടികളുടെ ശ്രദ്ധ പഠനത്തില്‍നിന്നും വഴി തെറ്റിപ്പോകാനും അതുവഴി ഭാവിജീവിതംപോലും നിറംമങ്ങിപ്പോകുവാനുമുള്ള കാരണങ്ങളിലൊന്ന് കൗമാരകാലത്തെ ഇത്തരം ചാപല്യങ്ങളാണ്. അവയെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ബ്രഹ്മചര്യവ്രതംകൊണ്ട് സാധിക്കുമെന്നത് സുവ്യക്തമാണല്ലോ. എന്നാല്‍ ഇതിനുമപ്പുറം ബ്രഹ്മചര്യവ്രതത്തിന് അദൃഷ്ടഫലങ്ങളുണ്ടെന്നാണ് വേദാദിശാസ്ത്രങ്ങള്‍ പറയുന്നത്.
അഥര്‍വവേദത്തിലെ ഒരു മന്ത്രം കാണുക:
ഓം യേനേന്ദ്രായ സമഭരഃ
പയാംസ്യുത്തമേന
ബ്രഹ്മണാ ജാതവേദഃ.
തേന ത്വമഗ്‌ന ഇഹ വര്ധയേമം സജാതാനാം ശ്രൈഷ്ഠ്യ ആ ധേഹ്യേനമ്.
(അഥര്‍വവേദം 1.9.3)
പദം പിരിച്ചുള്ള അര്‍ഥം:
(ജാതവേദഃ=) സര്‍വജ്ഞനായ പ്രഭോ, (യേന=) യാതൊരു (ഉത്തമേന=) ഉത്തമമായ (ബ്രഹ്മണാ=) ജ്ഞാനത്താലാണോ (ഇന്ദ്രായ=) ജിതേന്ദ്രിയനായ അഥവാ ബ്രഹ്മചര്യപ്രതിഷ്ഠനേടിയ ഒരുവനായിക്കൊണ്ട് (പയാംസി സമഭര=) വീര്യശക്തികളെ പൂരിതമാക്കുന്നത്, (തേന=) ആ ജ്ഞാനത്താല്‍ (അഗ്‌നേ=) അല്ലയോ ജ്ഞാനപ്രകാശകനായ പ്രഭോ, (ത്വം=) അവിടുന്ന് (ഇഹ=) ഈ ലോകത്ത് (ഇമം=) ഇവനെ (വര്ധയ=) ഉന്നതനാക്കിയാലും. (ഏനം=) ഇവനെ (സജാതാനാം=) സമപ്രായക്കാരില്‍വെച്ച് (ശ്രേഷ്ഠ്യേ=) ശ്രേഷ്ഠസ്ഥാനത്ത് (ആധേഹി=) സ്ഥാപിച്ചാലും.
യോഗദര്‍ശനം പഠിക്കാത്തവര്‍ക്ക് ഈ മന്ത്രത്തിന്റെ അര്‍ഥം മനസ്സിലാക്കാന്‍ പ്രയാസമാണ്.
ബ്രഹ്മചര്യത്തിന്റെ പ്രയോജനമെന്തെന്ന് പതഞ്ജലിമുനി യോഗദര്‍ശനത്തില്‍ പറയുന്നുണ്ട്. ‘ബ്രഹ്മചര്യപ്രതിഷ്ഠായാം വീര്യലാഭഃ'(2.38) ‘ബ്രഹ്മചര്യത്തില്‍ നിലയുറച്ച യോഗിയില്‍ വീര്യലാഭം ഉണ്ടാകുന്നു.’ഈ സൂത്രത്തിന് വ്യാസമുനി രചിച്ച ഭാഷ്യം ശ്രദ്ധേയമാണ്. കാണുക:
‘യസ്യ ലാഭാദപ്രതിഘാന്‍ ഗുണാനുത്കര്ഷയതി, സിദ്ധശ്ച വിനയേഷു ജ്ഞാനമാധാതും സമര്ഥോ ഭവതീതി.’
അര്‍ഥം: യാതൊന്നിന്റെ പ്രാപ്തിയാലാണോ യോഗി യോഗവിഘ്‌നം വരുത്താത്ത ഗുണങ്ങളെ അഥവാ വിശേഷശക്തികളെ വര്‍ധിപ്പിക്കുന്നത്, അപ്രകാരം സിദ്ധി നേടിക്കൊണ്ട്, വിനയാന്വിതരായ ശിഷ്യരില്‍ ജ്ഞാനത്തെ സ്ഥാപിക്കാനും അവന്‍ സമര്‍ഥനാകുന്നു.
അതായത് ബ്രഹ്മചര്യപ്രതിഷ്ഠയിലൂടെ യോഗിക്ക് സ്വന്തം ശക്തികളെ വര്‍ദ്ധിപ്പിക്കാനാകുന്നു എന്ന് മാത്രമല്ല, വിനയാന്വിതനായ ശിഷ്യനില്‍ താന്‍ നേടിയെടുത്ത, അനുഭവത്തിലൂന്നിയ ഉത്തമജ്ഞാനത്തെ അതേപടി പകര്‍ന്നു നല്‍കാനും കഴിയും. ഇവിടെ ‘ബുദ്ധിമാനായ’ ശിഷ്യന്‍ എന്നല്ല ‘വിനയാന്വിതനായ’ ശിഷ്യന്‍ എന്നാണ് വ്യാസമുനി എഴുതിയത് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. കാരണം ‘ഇന്ദ്രിയജയസ്യ മൂലം വിനയഃ’ (ചാണക്യസൂത്രം 5) ബ്രഹ്മചര്യത്തിന്റെ അടിസ്ഥാനമിരിക്കുന്നത് വിനയത്തിലാണെന്നാണ് ആര്‍ഷമതം. വിനയമുള്ളവനേ ബ്രഹ്മചര്യം പാലിക്കാനാകൂ.
(തുടരും)
0495 2724700
പ്രതികരിക്കാൻ ഇവിടെ എഴുതുക: