പണം കൊടുത്തുപോയി എന്ന പാപമാണ് ഫ്ളാറ്റുകാര്‍ ചെയ്തത്. ഫ്ളാറ്റുകാര്‍ എന്നാല്‍ ഇപ്പോള്‍ മരടിലെ ഫ്ളാറ്റുകാരാണല്ലോ. എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോയി സ്ഥലം പൂര്‍വസ്ഥിതിയിലാക്കണമെന്നാണ് ഉത്തരവ്. എങ്ങനെയാണ് ഫ്ളാറ്റുണ്ടാക്കുക, സിമന്റ്, കമ്പി, മണല്‍ (എംസാന്‍ഡ്) എന്നിവയ്ക്ക് എന്താണ് വില എന്നൊന്നും അറിയാത്തവരാണ് അവിടെയുള്ളത്. എല്ലാവരും അതറിയണമെന്ന് വാശിപിടിക്കാനൊന്നും കഴിയില്ല. ഏതായാലും ഇത്തിരിയിത്തിരിയായി പണം സ്വരുക്കൂട്ടിയാണ് പ്രകൃതിസുന്ദരമായ സ്ഥലത്ത് ഒരു ഫ്ളാറ്റ് വാങ്ങിയത്. വാങ്ങിയവരൊന്നും ചെറിയ പുള്ളികളല്ല. ഫ്ളാറ്റിന്റെ അനുസാരികള്ക്ക് എത്ര വിലയുണ്ടെന്ന് അറിയില്ലെങ്കിലും മറ്റു കാര്യങ്ങളെക്കുറിച്ചെല്ലാം കൃത്യമായി അറിയുന്നവരാണ്. അവരാണിപ്പോള്‍ ഊരാക്കുടുക്കില്‍ കുടുങ്ങിയിരിക്കുന്നത്.
തീരപരിപാലന നിയമത്തെക്കുറിച്ച് എല്ലാവരും അറിയണമെന്നത് വാശിയല്ല. നാം ജീവിക്കുന്ന ഭൂമിയുടെ സ്ഥിതിഗതികള്‍ മനസ്സിലാക്കുകയെന്നത് പ്രഥമദൃഷ്ട്യാ വേണ്ടതു തന്നെ. സ്വന്തം വീട്ടില്‍ നിന്ന് പുഴയിലേക്കും തോട്ടിലേക്കും ചൂണ്ടയിട്ട് രസിക്കാന്‍ ഒരുവിധപ്പെട്ടവര്‍ക്കൊക്കെ ആഗ്രഹം തോന്നുക സ്വാഭാവികം. പക്ഷേ, അങ്ങനെ വരുമ്പോള്‍ പുഴയോ, കായലോ അധികകാലം അവിടെ ഉണ്ടായെന്നു വരില്ല എന്നതാണ് മറ്റൊരുകാര്യം. ഇവയൊക്കെ പ്രകൃതിയുടെ വരദാനമായി നിലനില്‍ക്കുന്നത് ഏതെങ്കിലും ഒരു തലമുറയ്ക്ക് മാത്രം വേണ്ടിയല്ല. ഭൂമി ഉള്ളിടത്തോളം ഇവിടെ ജനിച്ചുജീവിക്കുന്ന ഏതു തലമുറയ്ക്കും അനുഭവിക്കാനാണ്. അത്രമാത്രം മഹാമനസ്കതയാണ് പ്രകൃതി കാണിക്കുന്നത്. അങ്ങനെ തന്നെ കാണിച്ചില്ലെങ്കിലും അത്യാവശ്യം മര്യാദയുണ്ടാകുന്നത് നല്ലതല്ലേ?
ഇവിടെ ഫ്ളാറ്റ് കെട്ടുമ്പോള്‍ തീരദേശ പരിപാലന നിയമം പ്രാബല്യത്തിലായിരുന്നില്ലെന്നാണ് ഒരു വാദം. അങ്ങനെയെങ്കില്‍ അവിടത്തുകാരോട് കാണിക്കുന്നത് മനുഷ്യത്വമോ എന്ന ചോദ്യം നിലനില്ക്കുന്നു. പാര്‍പ്പിടം ഒരു മനുഷ്യന്റെ എക്കാലത്തെയും സ്വപ്നമാണ്. കഴിവനുസരിച്ച് ഓരോരുത്തരും അങ്ങനെയൊന്ന് കെട്ടിപ്പൊക്കുന്നു. വായു, വെള്ളം, വസ്ത്രം, ആലയം എന്നതാണല്ലോ മനുഷ്യന്റെ അടിസ്ഥാന കാര്യങ്ങള്‍. ആലയം എന്നാല്‍ വീട് എന്ന് വിവക്ഷ. ജീവിതത്തില്‍ എല്ലാം സ്വരുക്കൂട്ടി ഒറ്റ വീടുണ്ടാക്കുന്നവര്‍, വിഷമവും ബുദ്ധിമുട്ടും നൂലാമാലകളും വേണ്ടെന്നുവെച്ച് ഫ്ളാറ്റ് വാങ്ങുന്നവര്‍… അങ്ങനെ വിവിധ തരക്കാരുണ്ട്. ഏതായാലും മരടില്‍ ഫ്ളാറ്റു വാങ്ങിയവര്‍ തനി സാധാരണക്കാരല്ല. കാരണം വന്‍ വിലകൊടുക്കാന്‍ സാധിക്കുന്നവര്‍ മാത്രമാണ് വാങ്ങിയത്.
നിയമപരമായി എല്ലാ ബാദ്ധ്യതകളും തീര്‍ത്തെന്ന് ബോധ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു അവരൊക്കെ ഫ്ളാറ്റ് വാങ്ങിയത്. ജീവിതമങ്ങനെ മുന്നോട്ടുപോവുമ്പോഴാണ് ഇടിത്തീപോലെ നിയമത്തിന്റെ വാള് അവരുടെ കഴുത്തിന് നേരെ നീണ്ടുവന്നത്. ഇതില്‍ ആരാണ് തെറ്റുകാര്‍ എന്നാണ് ചോദ്യമെങ്കില്‍ സംശയമെന്ത്, ഫ്ളാറ്റു കെട്ടിപ്പൊക്കിയ വിദ്വാന്മാര് തന്നെ. എല്ലാ നിയമ ബാധ്യതകളും തീര്‍ക്കാന്‍ അവരല്ലാതെ മറ്റാരാണ് താത്പര്യമെടുക്കേണ്ടത്? ബന്ധപ്പെട്ട ഓഫീസുകളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ തുല്യം ചാര്‍ത്തിക്കൊടുത്ത സര്‍ട്ടിഫിക്കറ്റുകളുടെ ബലത്തിലാവുമല്ലോ അങ്ങനെയൊക്കെ നടന്നിരിക്കുക. ഇത്തരക്കാരെ വിശ്വസിച്ച് കൈയിലുള്ളതെല്ലാം മുടക്കി ഫ്ളാറ്റുവാങ്ങിയവരാണിപ്പോള് കുറ്റക്കാര്‍. നിര്‍മിച്ചവര്‍ ഫ്രീയായി, ഉദ്യോഗസ്ഥര്‍ ഫ്രീയായി, ഒത്താശക്കാര്‍ ഫ്രീയായി. ആകെ ആത്മഹത്യക്കും അന്ധകാരത്തിനും ഇടയില്‍ പാവം ഫ്ളാറ്റ് ഉടമകള്‍.
മാന്‍ മുന്പിലെത്തിയതിനാലാണ് സിഹം അതിനെ അകത്താക്കിയത്. മാനാണ് കുറ്റക്കാരന്‍ എന്ന് സിംഹം പറയുന്ന ന്യായമുണ്ടല്ലോ, അതാണിവിടെയും. എന്തിന് മാനിനെ തിന്നെന്ന് ചോദിച്ചപ്പോള്‍ ‘മാന്‍ മുന്പില് വന്നിട്ട്’ എന്ന മറുപടി പോലെയാണ് അധികാരകേന്ദ്രങ്ങള്‍ ഫ്ളാറ്റ് ഉടമകളോട് പറയുന്നത്. ”നിങ്ങള്‍ എല്ലാം നോക്കേണ്ടതായിരുന്നു. തെറ്റ് നിങ്ങളുടെ ഭാഗത്താണ്” എന്ന രീതിയില്‍. ഇതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഫ്ളാറ്റ് കെട്ടിപ്പൊക്കിയവര്‍ക്കും അവര്‍ക്ക് സകല ഒത്താശകളും ചെയ്ത ഉദ്യോഗസ്ഥര്‍ക്കും അവരെ ചുറ്റിപ്പറ്റി നിന്ന് വേണ്ടത് കൈക്കലാക്കിയ ചില രാഷ്ട്രീയ നേതാക്കള്‍ക്കുമാണ്. എന്നാല്‍ അവരെയൊക്കെ തികച്ചും സ്വതന്ത്രരാക്കി പണം മുടക്കിയ പാവങ്ങളെയാണ് ഇപ്പോള്‍ പിടികൂടിയിരിക്കുന്നത്. ഉന്നത ന്യായാലയത്തിന്റെ വിധിയുടെ പശ്ചാത്തലത്തിലാണ് തുടര്‍ നടപടികള്‍ക്ക് തദ്ദേശ ഭരണകൂടം തയാറായിരക്കുന്നത്.
കോടതിയെ സംബന്ധിച്ച് കൂടുതല്‍ ഒന്നും നോക്കേണ്ടതില്ല എന്നു വേണമെങ്കില്‍ പറയാം. അവിടെ നിയമവും തെളിവുമാണ് പ്രശ്നം. തീരപരിപാലന നിയമം നടപ്പിലാക്കിയപ്പോള്‍ ഇതുപോലെ ഒരുപാട് പാവങ്ങള്‍ തെരുവിലേക്ക് വലിച്ചെറിയപ്പെട്ടിട്ടുണ്ട്. അന്നൊന്നും പക്ഷേ, മരടിലെ പോലെ പ്രതികരണങ്ങളുണ്ടായിരുന്നില്ല. അതിന്റെ ന്യായാന്യായങ്ങളിലേക്ക് പോകുന്നില്ലെങ്കിലും മരടിലെ ഫ്ളാറ്റുടമകളോട് കാണിക്കുന്നത് അനീതിയാണ്. നിയമം മനുഷ്യനുവേണ്ടിയാണ്. നിയമത്തിന് വേണ്ടിയാണ് മനുഷ്യന് എന്നുവരുമ്പോള്‍ മനുഷ്യത്വം ഇല്ലാതാവുന്നു. എല്ലാ മേഖലകളില്‍ നിന്നും മനുഷ്യത്വം പടിയിറങ്ങുമ്പോള്‍ ഭൂമിയില്‍ നിയമം മാത്രം അവശേഷിക്കും. അപ്പോള്‍ ഈ നിയമം ആരോട് സംവദിക്കും? അങ്ങനെ സംവദിച്ചാല്‍ തന്നെ കിം ഫലം? ഓണം കണ്ണീരില്‍ കുതിര്‍ന്ന മരടിലെ ഫ്ളാറ്റുകാരും ഇങ്ങനെ തന്നെയാവില്ലേ ചോദിക്കുക? അതിന് വല്ല മറുപടിയുമുണ്ടോ? ഓരോ ഫയലിലും ജീവിതം കുരുങ്ങിക്കിടക്കുന്നു എന്നു പറഞ്ഞവരും ഇപ്പോള്‍ നിസ്സംഗതയിലാണ്. ആരും തുണയില്ലാത്തവര്‍ക്ക് ദൈവം തുണ എന്നാണല്ലോ. മരടിലെ ഫ്ളാറ്റുടമകള്‍ക്ക് അങ്ങനെ കരുതാനാവുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: