ഒളിമങ്ങാത്ത ഒരു നാദധാരയാണ് എം.എസ് എന്ന മധുരൈ ഷണ്മുഖവടിവ് സുബ്ബലക്ഷ്മി. എം.എസ്. ഒരു ശബ്ദ സംസ്കാരമാണ്. അനുസ്യൂതമായ ഈ പ്രവാഹത്തിന് കാലദേശങ്ങളോ, ഭാഷയുടേയും വര്‍ണങ്ങളുടെയും അതിരുകളോ പ്രതിബന്ധമാകുന്നില്ല. ഭാവയാമിയും വെങ്കിടേശ്വര സുപ്രഭാതവും ഭജഗോവിന്ദവുമെല്ലാം പരസഹസ്രം മനസ്സുകളില്‍ കുടിയേറിയത് എംഎസിന്റെ നാദരഥത്തിലേറിയാണ്. കര്‍ണാടക സംഗീതത്തിന്റെ വിശുദ്ധതടങ്ങളില് പകരക്കാരില്ലാതെ ആ പ്രവാഹിനി ഏഴുപതിറ്റാണ്ടുകളുടെ സജീവതയായി. കൂടുവിട്ടു പറന്നിട്ടും ഹൃദയകുഞ്ജങ്ങളിലിപ്പോഴും ആ ഗാനനിര്‍ഝരി പ്രതിദ്ധ്വനിച്ചു കൊണ്ടേയിരിക്കുന്നു. സെപ്തംബര്‍ 16 എംഎസിന്റെ നൂറ്റിമൂന്നാം ജന്മദിനമാണ്.
എംഎസ് പാരമ്പര്യത്തിന്റെ ഉറവയില്‍ നിന്ന് ഒഴുകി പരക്കുകയായിരുന്നു. ദാരിദ്ര്യത്തിന്റെ വെയില് കുടിച്ചു വളര്‍ന്ന ബാല്യത്തില്‍നിന്ന് സമൃദ്ധിയുടെ ശാദ്വലതീരങ്ങളിലേക്കുള്ള പ്രയാണമായിരുന്നു ആ സംഗീതനദിയുടേത്. മധുരയിലെ ക്ഷേത്രനഗരിയില്‍ ഒരു ദേവദാസി കുടുംബത്തില്‍ പിറവി. അമ്മ ഷണ്മുഖവടിവ് വീണാവാദകയായിരുന്നു. മുതിര്‍ന്ന സഹോദരന് ശക്തിവേല്‍ മൃദംഗത്തിലും ഇളയസഹോദരി വീരാംബാള് വീണയിലും ചേക്കേറി. കുഞ്ഞമ്മ എന്ന സുബ്ബുവിന് ഒഴിച്ചിട്ട ലാവണം വായ്പാട്ടിന്റേതായിരുന്നു. കുറച്ചു വീണയും അതിനൊപ്പം വായ്പാട്ടുമായി അമ്മയെന്ന ആദ്യ ഗുരുവിന്റെ വിരല്‍പിടിച്ചു പദംവയ്ക്കാന് തുടങ്ങി. നാളുകള്‍ക്കുശേഷം ഷണ്മുഖവടിവ് മകള്‍ സുബ്ബലക്ഷ്മിയെ മധുരൈ ശ്രീനിവാസ അയ്യങ്കാരുടേയും സേതുര്‍ സുന്ദരേശ ഭട്ടരുടേയും മായാവരം കൃഷ്ണയ്യരുടെയും ശിക്ഷണത്തിനു കീഴില്‍ വിട്ടു.
സംഗീതവും നൃത്തവും പാരമ്പര്യത്തിന്റെ വര്‍ണ്ണക്കുട ചൂടിനിന്ന ഗൃഹാന്തരീക്ഷത്തില്‍ വളര്‍ന്ന എംഎസിന് ഗാനലോകവീഥികള് സമ്മോഹനതകളുടെ ഭൂമികയായിരുന്നു. ഒമ്പതാം വയസ്സില്‍ കൊച്ചു സുബ്ബു പങ്കെടുത്ത ഒരു സംഗീതപരിപാടി ശ്രവിച്ച ഗ്രാമഫോണ്‍ കമ്പനി, ആ സ്വരസഞ്ചാരത്തെ റെക്കോഡിലാക്കണമെന്നാഗ്രഹിച്ചു. ഷണ്മുഖവടിവിന്റെ സമ്മതത്തോടെ അവര്‍ എംഎസിനെ റെക്കോര്‍ഡു ചെയ്യുകയും, അടുത്ത വര്‍ഷം 78 ആര്‍പിഎം റെക്കോഡായി അതു പുറത്തിറങ്ങുകയും ചെയ്തു എന്നത് ചരിത്രം.
സ്വന്തം നാദവും ശ്രുതിയും തമ്മിലുള്ള ലയബാന്ധവത്തിനു എംഎസ് നടത്തിയ പരീക്ഷണങ്ങള്‍ കൗതുകകരങ്ങളാണ്. നാദരാഗതാളങ്ങളെ ഭാവതീവ്രതയോടെ പകരാനുള്ള എംഎസിന്റെ വൈഭവം പ്രശംസനീയമായിരുന്നു. ഒരിക്കല്‍ മഹാത്മജി എംഎസിന്റെ ആലാപനം കേള്‍ക്കാനിടയായി. ആ ശബ്ദത്തിന്റെ മാസ്മരികത അനുഭവിച്ചറിഞ്ഞ ഗാന്ധിജി, തനിക്കേറെ പ്രിയങ്കരമായ ഒരു ഭജന്‍ അവരോടു പാടിത്തരുവാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ശാരീരികാസ്വാസ്ഥ്യം നിമിത്തം തനിക്കതിനാകാത്ത സാഹചര്യമാണുള്ളതെന്ന എംഎസിന്റെ മറുപടിക്ക് ഗാന്ധിജി മറുമൊഴിയേകി. എംഎസിനു പാടാനാകില്ലെങ്കില് പറഞ്ഞാലും മതി. ഒടുവില്‍, എംഎസ് മഹാത്മജിയുടെ ഇച്ഛക്കനുസൃതമായി ഹരി തും ഹരോ എന്ന ഭജന്‍ പാടി റെക്കോഡു ചെയ്തു. ഗാന്ധിജിക്ക് അയച്ചുകൊടുത്തു. മാത്രമല്ല, ഗാന്ധിജിയുടെ പ്രാര്‍ത്ഥനാവേളയിലെ മറ്റു ചില ഭജനുകളും എംഎസ് പാടുകയുണ്ടായി.
പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്റു സുബ്ബലക്ഷ്മിയുടെ ആരാധകനായിരുന്നു. മൗണ്ട്ബാറ്റനൊപ്പം ഒരിക്കല്‍ എംഎസിന്റെ സംഗീതസദിര് ആസ്വദിച്ച നെഹ്റു പറയുകയുണ്ടായി. സംഗീതമാകുന്ന ദിവ്യസാമ്രാജ്യത്തിലെ ഈ അനശ്വര രാജ്ഞിക്കു മുന്പില് ഞാന്‍ തെരഞ്ഞെടുക്കപ്പെട്ട വെറുമൊരു പ്രധാനമന്ത്രി മാത്രം. മാതൃത്വത്തിന്റെ കൈപിടിച്ചാണ് എംഎസ് മധുരയില്‍നിന്ന് മദ്രാസിലേക്കെത്തിയത്. അതിവിശാലമായ സംഗീതരാജാങ്കണത്തിലേക്കുള്ള പ്രവേശമായിരുന്നു അത്. സാന്ദ്രമായ ആ സംഗീതലോകത്തിന്റെ ഇടവഴികളിലൂടെയും രാജരഥ്യകളിലൂടെയും എംഎസ് നടത്തിയ സഞ്ചാരങ്ങള്‍ അനേകം മനസ്സുകളെ കീഴടക്കി. അവിടെവച്ചാണ് എം.എസ്, കല്‍ക്കി സദാശിവവുമായി പരിചയത്തിലാകുന്നത്. ആ പരിചയം ക്രമേണ വളര്‍ന്നു തിടംവയ്ക്കുകയും സഹയാത്രികരായ ഇരുവരും വിവാഹിതരാകുകയും ചെയ്തു. സദാശിവം എംഎസിന്റെ വളര്‍ച്ചയില്‍ അതീവ ശ്രദ്ധപുലര്‍ത്തിയിരുന്നു.
ആ ശബ്ദമഹിമയ്ക്ക് വളരാനുള്ള ഇടങ്ങളൊരുക്കുന്നതില്‍ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ അവിസ്മരണീയങ്ങളാണ്. പല ഭാഷകളും അവയുടെ സംഗീതവുമായി അദ്ദേഹം എംഎസിനെ പരിചയപ്പെടുത്തി. വിവിധ ഭാഷകളിലെ കീര്‍ത്തനങ്ങളും ഭജനകളും പഠിച്ചെടുക്കുന്നതിനു കൂട്ടായി അദ്ദേഹം എന്നും എംഎസിനൊപ്പം നിന്നു. ഉറുദു, സംസ്കൃതം, തമിഴ്, തെലുങ്ക്, ഹിന്ദി, ബംഗാളി തുടങ്ങി പല ഭാഷകളിലും എംഎസ് പാടി. പാടിയതൊന്നും പാഴായതുമില്ല.
എംഎസ് എന്ന അപൂര്‍വ പ്രതിഭ തൊട്ടതെല്ലാം കനകമയമാക്കി. ശങ്കരാചാര്യരുടെ നിരവധി സ്തോത്ര കാവ്യങ്ങള്‍ അവര്‍ പാടിയിട്ടുണ്ട്. ബംഗാളില്‍ രവീന്ദ്രനാഥ ടാഗോറിന്റെ ശാന്തിനികേതനിലും വിശ്വഭാരതിയിലുമെത്തി രവീന്ദ്രസംഗീതമാലപിച്ചു. ജയദേവ കവിയുടെ അഷ്ടപദി തന്റെ ശബ്ദസൗകുമാര്യത്തില്‍ അവര്‍ പാടി. ഗസലില്‍ പരീശീലനം നേടി ഗസല്‍ പാടുകയുണ്ടായി. ദക്ഷിണേന്ത്യന്‍ സംഗീതത്തെ ഭാരതീയ സംഗീതവുമായി ഇണക്കിച്ചേര്‍ക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. സംഗീതത്തോടൊപ്പം എംഎസിന്റെ ഉച്ചാരണശുദ്ധി പ്രകീര്‍ത്തിക്കപ്പെടുന്നതാണ്. അത് ആ സംഗീതത്തിന് വ്യക്തതയും ഭാവസാന്ദ്രതയുമേകാന് സഹായകമായി. ഒരിക്കല്‍ (1970) പീറ്റര്‍ കലാറ്റിന് എന്നൊരു യൂറോപ്യന്‍ ബോംബെയിലെ ഷണ്മുഖാനന്ദ ഓഡിറ്റോറിയത്തിലെത്തി. ശബ്ദത്തെക്കുറിച്ച് പഠനം നടത്തുന്ന അദ്ദേഹമെത്തിയത് എംഎസിനെ കേള്‍ക്കാന്‍ വേണ്ടി മാത്രമായിരുന്നു. ചുരുക്കം ചില സിനിമകളിലും എംഎസ് അഭിനയിച്ചിട്ടുണ്ട്. മീര എന്ന ചിത്രത്തില്‍ ഭക്തമീരയായി സ്വയംപാടി അഭിനയിക്കുന്ന ഈ കലാകാരിയെ കലാസ്വാദകര്‍ നിറഞ്ഞ ഹൃദയത്തോടെ സ്വീകരിക്കുകയുണ്ടായി. എന്നാല്‍, സംഗീതമാണ് തന്റെ വഴി എന്നുറച്ചു വിശ്വസിച്ചിരുന്ന സുബ്ബലക്ഷ്മി അഭ്രപാളിയുടെ വ്യാമോഹങ്ങളില്‍ കുടുങ്ങിയില്ല.
മീരാഭജനുകള്‍, തൂക്കാറാം, ഗുരുനാനാക്ക്, ടാഗോര്‍ തുടങ്ങിയവരുടെ ഗാനങ്ങള്‍, കീര്‍ത്തനങ്ങള്‍, സബര്‍മതി ആശ്രമത്തിലെ പ്രാര്‍ത്ഥനാ ഗീതങ്ങള്‍ തുടങ്ങി എംഎസിന്റെ ഗാനലോകം വിശാലവും വൈവിധ്യപൂര്‍ണവുമാണ്. യൂറോപ്പിലെ സംഗീതവേദികളില്‍ ഭാരതീയ സംഗീതത്തിന്റെ അമൃതവര്‍ഷം പൊഴിച്ച ഈ കലാകാരി ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിലും സംഗീതവിരുന്നിനു ക്ഷണിക്കപ്പെട്ടിട്ടുണ്ട്. സി.രാജഗോപാലാചാരി രചിച്ച ഒരു ഇംഗ്ലീഷ് ഗാനവും പിയാനോയുടെ അകമ്പടിയോടെ അന്ന് എംഎസ് അവിടെ അവതരിപ്പിക്കുകയുണ്ടായി.
എംഎസിന്റെ ശബ്ദം ഇന്ത്യന്‍ ദേശീയോദ്ഗ്രഥനത്തിന്റെ ശബ്ദമായി പരിഗണിക്കപ്പെട്ടു. അതിനവര്‍ക്ക് ഇന്ദിരാഗാന്ധി ദേശീയ പുരസ്കാരം ലഭിക്കുകയുണ്ടായി. ഒരതീതമായ ആദ്ധ്യാത്മികതയുടെ അന്തര്‍ധാര ആ സംഗീതത്തിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാകണം ഭാരതത്തിന്റെ ആദ്ധ്യാത്മികതയുടെ അംബാസഡറായും അക്കാലത്ത് അവര്‍ വിശേഷിപ്പിക്കപ്പെട്ടത്. മധുരയുടെ ക്ഷേത്രനഗരിയില്‍ നിന്ന് മദ്രാസിലെത്തി മനസ്സുകളെ കീഴടക്കിയ എംഎസിനെ, സംഗീതത്തില്‍ ദക്ഷിണേന്ത്യയുടെ ഓസ്കര് എന്നു വിശേഷിപ്പിക്കാവുന്ന മദ്രാസ് മ്യൂസിക് അക്കാദമി സംഗീതകലാനിധി പുരസ്കാരം നല്കി ആദരിക്കുകയുണ്ടായി. എംഎസിനെ തേടിയെത്തിയ പുരസ്കാരങ്ങള്‍ എണ്ണമറ്റതാണ്. മാഗ്സസെ അവാര്‍ഡ് കരസ്ഥമാക്കിയ എംഎസിനെ ഭാരതം പരമോന്നത സിവിലിയന്‍ പുരസ്കാരമായ ഭാരതരത്ന സമര്‍പ്പിച്ച് ആദരിക്കുകയുണ്ടായി.
കല വളര്‍ത്തിയ വലിയൊരു കാരുണ്യത്തിന്റെ മനസ്സ് എംഎസിന് എന്നും സ്വന്തമായിരുന്നു. സാമൂഹ്യസേവനത്തിന്റെയും രാഷ്ട്രസേവനത്തിന്റെയു കലാസേവനത്തിന്റെയും ഭാഗമായുള്ള നിരവധി സംഗീതസദസ്സുകളില്‍ എംഎസ് പാടുകയുണ്ടായി. ബാല്യത്തില്‍ കടന്നുപോകേണ്ടിവന്ന ദാരിദ്ര്യത്തിന്റെ ചില ഓര്‍മ്മകള്‍ക്കെന്നും ജീവിതത്തില്‍ സ്ഥാനം നല്‍കിയിരുന്നു. അതിനാല്‍ തന്നിലൊരു അഹങ്കാരിയെ വളരാന്‍ അവരൊരിക്കലും അനുവദിച്ചിരുന്നില്ല. വിനയം ജീവിതവ്രതമാക്കി മുന്നോട്ടുനടന്നു. സത്യസന്ധവും ആര്ജവത്തോടുകൂടിയതുമായിരുന്നു സംഗീതത്തോട് എംഎസ് പുലര്‍ത്തിയ സമീപനം. കര്മകാണ്ഡത്തോട് ഭക്തിയായിരുന്നു എംഎസിന്. ത്യാഗരാജന് പാടിയതുപോലെ, സംഗീതജ്ഞാനമു ഭക്തിവിനാ സന്മാര്‍ഗ്ഗമു ഗലദേ…. എന്നതായിരുന്നു എംഎസിന്റെയും വീക്ഷണം. (ഭക്തിയില്ലാത്ത സംഗീതജ്ഞാനത്തിന് ശരിയായ പാതയിലേക്കു നയിക്കാനാകില്ല).
കാഞ്ചി കാമകോടി ശങ്കരാചാര്യരുടേയും സത്യസായിബാബയുടേയും ചരണങ്ങളില്‍ എംഎസിന്റെ ഭക്തി ആശ്രയം കണ്ടെത്തിയിരുന്നു. കരുത്തും കരുണയും കരുതലുമായി എന്നും കൂടെനിന്ന സദാശിവത്തിന്റെയും, അദ്ദേഹത്തിന്റെ മകളും തനിക്കു പുത്രീസമാനയുമായ രാധയുടെയും വേര്‍പാട് സുബ്ബലക്ഷ്മിക്ക് നല്കിയ ദുഃഖം കനത്തതായിരുന്നു. പ്രസന്നതയുടെയും ശാന്തിയുടെയും മുഖത്ത് അവ കരിനിഴല്‍ പരത്തി. അനേകം മാനവഹൃദയങ്ങളെ തന്റെ സംഗീതത്തിന്റെ മാസ്മരികതയില്‍ നിമഗ്നമാക്കിയ എംഎസ് ക്രമേണ തന്നിലേക്കു ഒതുങ്ങുകയായിരുന്നു. ഐതിഹാസികമായിരുന്നു ആ ജീവിതം. എന്നിട്ടും അവര്‍ പാടി. അനശ്വരമായ ഗാനങ്ങള്‍ ആത്മാവില്നിന്നുമുറന്നൊഴുകി. ഒടുവില്‍ 2004 ഡിസംബര്‍ 12-ന് ആ നാദദീപം നഭസ്ഥലിയിലെ അഖണ്ഡമായ പ്രകാശത്തില്‍ വിലയംകൊണ്ടു.
സമാനതകളില്ലാത്ത സംഗീതമായിരുന്നു എംഎസിന്റേത്. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ടിരുന്ന സരോജിനി നായിഡു ഒരിക്കല്‍ എംഎസിന്റെ സംഗീത ശ്രവണത്തിനുശേഷം പറഞ്ഞതിങ്ങനെയാണ്: എന്റെ വാനമ്പാടി പദം ഞാന്‍ എംഎസിനു സമര്‍പ്പിക്കുന്നു. ഏഴു പതിറ്റാണ്ടുകള്‍കൊണ്ട് എണ്ണിയാലൊടുങ്ങാത്ത ഹൃദയങ്ങളില്‍ ആ സംഗീതം ചേക്കേറി. ഭാരതീയ സംഗീത ചരിത്രത്തില്‍, പ്രത്യേകിച്ച് ദക്ഷിണേന്ത്യന്‍ സംഗീത ചരിത്രത്തില്‍ എംഎസ് തന്റേതായ ഒരു യുഗപ്പിറവി സമ്മാനിക്കുകയുണ്ടായി. ഭക്തിയായി, ലാവണ്യമായി, അനവദ്യമായ അനുഭൂതിയായി അന്നെന്നപോലെ ഇന്നും ആ സംഗീതം ഏവരേയും ആകര്‍ഷിക്കുന്നു. ദേവാലയങ്ങളില്‍, സാംസ്കാരിക കൂട്ടായ്മകളില്‍, ഭവനങ്ങളില്‍, അനുവാചക ഹൃദയങ്ങളില്‍ അനുദിനം മുഴങ്ങുന്നു ശ്രുതിമധുരമായ ആ ഗാനാലാപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: