വാഷിങ്ടണ്‍ : കശ്മീര്‍ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഇന്ത്യയിലേയും, പാക്കിസ്ഥാനിലേയും അംബാസിഡര്‍മാര്‍ക്ക് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ നിര്‍ദേശം. ലോക സമാധാനത്തിനും യുഎസിന്റെ ദേശീയസുരക്ഷയ്‌ക്കും ദോഷമായി ബാധിക്കുന്ന ഇന്ത്യ-പാക് സംഘര്‍ഷം ലഘൂകരിക്കാന്‍ ഇടപെടണമെന്ന ആവശ്യമാണ് കത്തില്‍ ഉന്നയിച്ചിരിക്കുന്നത്.
എന്നാല്‍ കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും മറ്റു രാജ്യങ്ങളുടെ ഇടപെടല്‍ ഇക്കാര്യത്തില്‍ ആവശ്യമില്ലെന്നും ഇന്ത്യ നേരത്തേ വ്യക്തമാക്കിയിരുന്നു. ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ നിരവധി രാജ്യങ്ങള്‍ ഇന്ത്യയുടെ ഈ നിലപാടില്‍ അനുകൂലിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയിലെ അംബാസഡര്‍ കെന്നത്ത് ജസ്റ്റര്‍, പാകിസ്താനിലെ അംബാസഡര്‍ പോള്‍ ഡബ്ല്യു. ജോണ്‍സ് എന്നിവര്‍ക്കാണ് ഏഴ് കോണ്‍ഗ്രസ് അംഗങ്ങള്‍ കത്തയച്ചത്. അഫ്ഗാന്‍ സമാധാനദൗത്യമുള്‍പ്പെടെ മേഖലയിലെ യുഎസിന്റെ താത്പര്യങ്ങളില്‍ നിര്‍ണായകസ്ഥാനമാണ് ഇരുരാജ്യങ്ങള്‍ക്കുമുള്ളതെന്നും കത്തില്‍പറയുന്നു.
തങ്ങളുടെ അധികാര പരിധിയില്‍നിന്നുകൊണ്ട് സംഘര്‍ഷ ലഘൂകരണത്തിന് സാധ്യമായതെല്ലാം ചെയ്യാനും കോണ്‍ഗ്രസ് അംഗങ്ങള്‍ ഇരുഅംബാസഡര്‍മാരോടും ആവശ്യപ്പെട്ടു. പാക്കിസ്ഥാന്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ അവസാനപ്പിച്ച ശേഷം മാത്രമേ ഇന്ത്യ ചര്‍ച്ചയിലൂടെ പ്രശ്‌ന പരിഹാരത്തിനുള്ളുവെന്നും ഇക്കാര്യത്തില്‍ മറ്റു രാജ്യങ്ങളുടെ മധ്യസ്ഥത ആവശ്യമില്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്.
















