എല്ലാ കുട്ടികളിലുമുണ്ട് എന്‍ജിനീയര്‍മാരും ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും ചിന്തകരുമൊക്കെ. അവരെ അതതുരംഗത്തെ വൈദഗ്ധ്യത്തിലേയ്ക്കു നയിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്ന എന്‍ജിനീയര്‍മാരാണ് അധ്യാപകര്‍. എന്‍ജിനീയേഴ്സ് ഡെയില്‍ അവരെക്കുറിച്ചൊരു ചിന്ത
ഞാന്‍ അധ്യാപകനല്ല, ഉണര്‍ത്തുപാട്ടുകാരനാണ് എന്നുപറഞ്ഞത് റോബര്‍ട്ട് ഫ്രോസ്റ്റ് ആണ്. ഒരു ചെറുകോശത്തില്‍ നിന്നാണ് മനുഷ്യന്റെ വളര്‍ച്ച സംഭവിക്കുന്നത്. ഏതുമേഖലയിലേയും മാസ്റ്റേഴ്സ് ഡിഗ്രിയിലേക്ക് ഒരു കോശം വളരുന്നത് കാല്‍നൂറ്റാണ്ടോ അതിലധികമോ ചെലവിട്ടാണ്. ആ ചെറുകോശത്തിന്റെ നൈസര്‍ഗികശേഷി അളന്നുതിട്ടപ്പെടുത്താനാകില്ല. സത്യത്തില്‍ വിദ്യാഭ്യാസലക്ഷ്യം ആ ചെറുകോശത്തിലെ അപാരമായ സാധ്യതകളെ ഉണര്‍ത്തിവിടുകയാണ്. വിവരശേഖരണത്തിനും വിവരസംസ്കരണത്തിനുമപ്പുറം ജീവിതമെന്ന ദിവ്യപ്രകാശത്തിലേക്ക് വിദ്യാര്‍ത്ഥികളെ ഉണര്‍ത്തുന്ന ഉണര്‍ത്തുപാട്ടുകാരാണ് അധ്യാപകര്‍. ജീവിതത്തിന്റെ എന്‍ജിനീയര്‍മാരാണവര്‍.
ഹെലന് കെല്ലര്‍ തന്റെ ജീവിതത്തില്‍, തന്റെ ടീച്ചറായ ആന്‍ സള്ളിവന് (ആനി മാന്‍സ് ഫീല്‍ഡ് സള്ളിവന്) വഹിച്ച പങ്കിനെക്കുറിച്ച് പറയുന്നു; ”തുടക്കത്തില്‍ ഞാന്‍ സാധ്യതകളുടെ ഒരു കൊച്ചു പിണ്ഡം മാത്രമായിരുന്നു. അവയെ കുരുക്കുകള്‍ അഴിച്ച് വികസിപ്പിച്ചെടുത്തത് എന്റെ അധ്യാപികയാണ്. അവര്‍ വന്നതോടെ എന്റെ ജീവിതത്തിന് അര്‍ത്ഥംകണ്ടുതുടങ്ങി. എന്റെ ജീവിതം മധുരതരവും ഉപകാരപ്രദവുമാക്കി തീര്‍ക്കുവാന്‍ ചിന്തകളിലൂടെയും പ്രവര്‍ത്തികളിലൂടെയും ഉദാഹരണങ്ങളിലൂടെയും അവര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു.” അന്ധയും ബധിരയുമായിരുന്ന ഹെലന് കെല്ലറെ ലോകപ്രശസ്ത എഴുത്തുകാരിയാക്കി മാറ്റിയത് അവരുടെ അധ്യാപികയാണ്. നമ്മുടെ മുന്നിലിരിക്കുന്ന കൊച്ചുപിണ്ഡങ്ങളെ മഹാന്മാരാക്കുവാനുള്ള ദൗത്യവാഹകരാണ് അധ്യാപകര്‍.
എല്ലാ കുട്ടികളും ജീനിയേഴ്സാണ് എന്നുപറഞ്ഞത് ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ആണ്. കുട്ടികളില്‍ ഒളിഞ്ഞിരിക്കുന്ന കഴിവുകള്‍ കണ്ടെത്തി, വളര്‍ത്തി അവരെ ജീനിയസ്സാക്കുക എന്നതാണ് അധ്യാപകദൗത്യം. ഒരുവനെ ഉത്തമമനുഷ്യനാക്കി മാറ്റുവാനും അധ്യാപകന് കഴിയണം. നമ്മുടെ നാട്ടില്‍ കുട്ടികളുടെ കഴിവുകള്‍ മിക്കപ്പോഴും വിലയിരുത്തുന്നത് അക്കാദമിക് പ്രകടനത്തെ മാത്രം വിലയിരുത്തിയാണ്. പല കഴിവുകള്‍ കുട്ടികള്‍ക്കുണ്ടെങ്കിലും മാര്‍ക്ക് കുറഞ്ഞാല്‍ മണ്ടനെന്ന് വിളിക്കുന്ന പ്രവണതയാണ് നമുക്കുള്ളത്. അത് ശരിയല്ല. ജീവിതത്തില്‍ വിജയിച്ച പലരും അക്കാദമിക് പെര്‍ഫോമന്‍സില്‍ മികവു കാട്ടാത്തവരായിരുന്നു. ഓരോ കുട്ടിയിലുമുള്ള അനന്തസാധ്യതകള്‍ കണ്ടെത്തി അവയെ ഉണര്‍ത്തി, വളര്‍ത്തി, ജ്വലിപ്പിക്കുക എന്ന കര്‍മ്മമാണ് അധ്യാപകര്‍ ചെയ്യേണ്ടത്. ചിന്തകനായ ഫ്രോബലിന്റെ അഭിപ്രായത്തില്‍ ശിശുവില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകളെ പ്രത്യക്ഷപ്പെടുത്തുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. അതിന് അധ്യാപകന് നല്ലൊരു ട്രെയ്നറും മെന്ററുമായി മാറണം.
1983ല്‍ ഹാര്‍വാഡ് സര്‍വകലാശാലയിലെ സൈക്കോളജിസ്റ്റും ന്യൂറോസയന്‍സ് പ്രൊഫസറുമായ ഹോവാര്‍ഡ് ഗാര്‍ഡനര്‍ ”മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ്” എന്ന ആശയം മുന്നോട്ടുവച്ചു. ഓരോ കുട്ടിയുടെയും ബുദ്ധിശക്തി, അഭിരുചി, അഭിഭാവങ്ങള്‍, മറ്റ് പ്രാവീണ്യങ്ങള്‍ എന്നിവ വ്യത്യസ്തമാണ്. പലതരം ബുദ്ധിശക്തിയുടെ മിശ്രണമാണ് ഓരോരുത്തരിലും ഉള്ളത്. ബുദ്ധിയുടെ ഘടന വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ അഭിരുചികളും വ്യത്യസ്തമായിരിക്കും. ചിലരില്‍ ചില ബുദ്ധിശക്തിക്ക് മുന്‍തൂക്കം കൂടും. അതനുസരിച്ചാണ് അവരുടെ കഴിവും താത്പര്യവും രൂപപ്പെടുന്നത്. താരതമ്യം ചെയ്യാതെ, അവഗണിക്കാതെ അവരുടെതായ അഭിരുചി തിരിച്ചറിഞ്ഞ് പരിപോഷിപ്പിച്ചാല്‍ എല്ലാ കുട്ടികളും ഉന്നതനിലയിലെത്തും. ഈ പരിപോഷണപ്രക്രിയയാണ് അധ്യാപകദൗത്യം.
ജീന്‍ സൈബിലസ് എന്ന തത്വചിന്തകന്‍ പറയുന്നു; ”അധ്യാപകര്‍ തലമുറകളുടെ ശില്പിയാണ്.” ശിലയില്‍നിന്ന് ശില്പി ശില്പം മെനഞ്ഞെടുക്കുന്നതുപോലെ ഓരോ വിദ്യാര്‍ത്ഥിയെയും ഉത്തമ ശില്പങ്ങളായി വാര്‍ത്തെടുക്കാന്‍ അധ്യാപകന് കഴിയണം. തങ്ങളിലെ കഴിവുകളെ രാകിയെടുക്കാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കണം. അവര്‍ക്ക് തത്പര്യമുള്ള പദ്ധതികളില്‍ സ്വയം മുഴുകി മസ്തിഷ്കവും മനസ്സും കൈകളും സ്വതന്ത്രമായി പ്രവര്‍ത്തിക്കുമ്പോഴാണ് സര്‍ഗ്ഗശേഷി ഉണരുക. സര്‍ഗാത്മകതയുടെ പ്രവാഹത്തെ അധ്യാപകന് ത്വരിതപ്പെടുത്തണം. അതിന് കുട്ടികളെ സ്നേഹിക്കണം. മാര്‍ഗ്ഗദര്‍ശനം നടത്തണം, പ്രേരിപ്പിക്കണം, ദിശാബോധം പകരണം, സൗഹൃദപൂര്‍ണമായ ആശയവിനിമയം നടത്തണം, ബോധ്യാവബോധങ്ങള്‍ ഊട്ടിയുറപ്പിക്കണം, വിദ്യാര്‍ത്ഥികളുടെ സഹസഞ്ചാരിയാകണം, സുഹൃത്താകണം. പ്രചോദിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും അഭിനന്ദിക്കാനും സമയം കണ്ടെത്തണം. വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങാകുവാനും അവരുടെ ജീവിതവഴികളില്‍ ദിശാസൂചകങ്ങളാകുവാനും കഴിയുമ്പോഴേ അധ്യാപനത്തിന്റെ വിശുദ്ധി പൂര്‍ണത കൈവരിക്കുകയുള്ളൂ. ഓര്‍ക്കുക; ഓരോ വിദ്യാര്‍ത്ഥിയും ഓരോ നിധിയാണ്.
(ഫോണ്‍: 9847034600)
പ്രതികരിക്കാൻ ഇവിടെ എഴുതുക: