കശ്മീര്‍: രാജ്യത്തൊട്ടാകെയുള്ള വന്‍കിട ആശുപത്രികളുടെ നിക്ഷേപക സഹായത്തോടെ ജമ്മുവിലും ശ്രീനഗറിലും മെഡി സിറ്റി ഉടന്‍ ആരംഭിക്കുമെന്ന് ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്. ജമ്മു കശ്മീരിലെ കതുവ ജില്ലയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണ്ണര്‍.ജമ്മു, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജമ്മു കശ്മീര്‍ ഇപ്പോള്‍ ദേശീയ തലസ്ഥാനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഇതൊരു സുവര്‍ണ്ണാവസരമാണ്. നിങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എന്തും ചോദിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇപ്പോള്‍ സ്ഥിതിഗതികള്‍. സഹായത്തിനായി അവര്‍ തയ്യാറാണ് -ഗവര്‍ണര്‍ പറഞ്ഞു.
പൊതുവെ ഗവര്‍ണര്‍ ഗോള്‍ഫ് കളിക്കുകയും പൊതുജനങ്ങള്‍ക്കായി ഒന്നും ചെയ്യാതിരിക്കുകയും വെറുതെ വിശ്രമിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയായിട്ടാണ് ആളുകള്‍ കാണുന്നത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഞങ്ങള്‍ ചെയ്ത ജോലിയുടെ അളവ്, ഒരു തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ പോലും ഇത്രയധികം പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ കരുതുന്നില്ലെന്നും സത്യപാല്‍ മാലിക് വ്യക്തമാക്കി.
















